കുട്ടിക്കാലംതൊട്ടേ പ്രകൃതിയോടിണങ്ങിയ ജീവിതമായിരുന്നു പ്രമീളയുടേത്. തൃശൂർ ജില്ലയിലെ കല്ലൂർ എന്ന കൊച്ചുഗ്രാമത്തിൽ രണ്ടു ചെറുകുന്നുകൾക്കിടയിൽ നെൽവയലുകളോടു ചേർന്നുനിൽക്കുന്ന വിശാലമായ പുരയിടം. അവിടത്തെ മരങ്ങളോടും ചെടികളോടും പൂവിനോടും പൂക്കളോടുമെല്ലാം കിന്നാരം ചൊല്ലിയുള്ള ബാല്യം. ആദ്യവർഷ ബിരുദ ക്ലാസിൽ പഠിക്കാനുണ്ടായിരുന്ന രവീന്ദ്രനാഥ ടാഗോറിന്റെ ശുഭ എന്ന വിശ്വപ്രസിദ്ധമായ കഥയാണ് പ്രമീളയുടെ ജീവിതം മാറ്റിമറിച്ചത്.
ഭൂമി എന്നത് അൽപം മണ്ണ് മാത്രമല്ല, മനുഷ്യജീവൻ സാധ്യമാക്കിയെടുക്കുന്ന ഒരു പരിപൂർണ ആവാസ വ്യവസ്ഥയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ശ്രദ്ധയോടെ ഇടപെടുന്ന എത്ര പേരുണ്ട്. ചോദ്യം ഡോ. പ്രമീള നന്ദകുമാറിന്റേതാണ്. പരിസ്ഥിതിയുടെ നേർക്കുള്ള ഓരോ കടന്നുകയറ്റവും മനുഷ്യജീവൻ കൂടുതൽ അപകടത്തിലേയ്ക്കാണ് നയിക്കുന്നതെന്ന് അവർ അടിവരയിടുന്നു. ഓരോ മരവും വെട്ടിവീഴ്ത്തുമ്പോൾ അതിൽ അന്തിയുറങ്ങിയിരുന്ന എത്രയെത്ര പക്ഷിക്കുഞ്ഞുങ്ങളെയും മറ്റു ജീവികളെയുമാണ് നാം അനാഥത്വത്തിലേയ്ക്കും മരണത്തിലേയ്ക്കും തള്ളിവിടുന്നത്. പ്രകൃതിസ്നേഹിയും പരിസ്ഥിതി പ്രവർത്തകയും എഴുത്തുകാരിയും അധ്യാപികയുമായ പ്രമീള ചോദിക്കുന്നു.
പ്രകൃതിയുടെ ഓരോ താളവും ഹൃദയത്തിലേറ്റുവാങ്ങിയാണ് ഈ ഗുരുനാഥയുടെ സഞ്ചാരം. പ്രകൃതിസംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച പ്രമീള ഒരുക്കിയ നാനി എന്ന പരിസ്ഥിതി ചിത്രത്തിലൂടെ വിളംബരം ചെയ്യുന്നതും പ്രകൃതിസംരക്ഷണം തന്നെയാണ്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മൂന്നെണ്ണം നാനി നേടിയെടുത്തതും അവർ ഉന്നയിക്കുന്ന ചോദ്യങ്ങളുടെ ആഴം നമ്മെ ബോധ്യപ്പെടുത്തുന്നതാണ്.
കുട്ടിക്കാലംതൊട്ടേ പ്രകൃതിയോടിണങ്ങിയ ജീവിതമായിരുന്നു പ്രമീളയുടേത്. തൃശൂർ ജില്ലയിലെ കല്ലൂർ എന്ന കൊച്ചുഗ്രാമത്തിൽ രണ്ടു ചെറുകുന്നുകൾക്കിടയിൽ നെൽവയലുകളോടു ചേർന്നുനിൽക്കുന്ന വിശാലമായ പുരയിടം. അവിടത്തെ മരങ്ങളോടും ചെടികളോടും പൂവിനോടും പൂക്കളോടുമെല്ലാം കിന്നാരം ചൊല്ലിയുള്ള ബാല്യം. ആദ്യവർഷ ബിരുദ ക്ലാസിൽ പഠിക്കാനുണ്ടായിരുന്ന രവീന്ദ്രനാഥ ടാഗോറിന്റെ ശുഭ എന്ന വിശ്വപ്രസിദ്ധമായ കഥയാണ് പ്രമീളയുടെ ജീവിതം മാറ്റിമറിച്ചത്. ഒരു അരുവിയും നിരവധി വൃക്ഷങ്ങളും മുളകൊണ്ടു വേലികെട്ടിയ പറമ്പിലെ വീടുമായിരുന്നു ശുഭയുടെ അഭയകേന്ദ്രം. അമ്മയില്ലാത്ത അവളുടെ കണ്ണുകൾ നിറയുമ്പോൾ അവൾ ആ ഭൂമിയിൽ കമിഴ്ന്നുകിടന്ന് തന്റെ ദുഃഖങ്ങൾ അമ്മയോടു പറയുമായിരുന്നു. സംസാരശേഷിയില്ലാത്ത അവൾക്ക് കൂട്ടായുണ്ടായിരുന്നത് രണ്ടു പശുക്കളായിരുന്നു. സർബസിയും പാംഗുലിയും. വാക്കുകൾ ഉച്ചരിക്കാനായില്ലെങ്കിലും മൂകമായി അവർ തങ്ങളുടെ വിശേഷങ്ങൾ പരസ്പരം പങ്കുവച്ചു. വീട്ടുജോലിക്കിടയിൽ കിട്ടുന്ന ഇടവേളകൾ അവൾ കൂട്ടുകാരായ പശുക്കൾക്കൊപ്പം ചെലവഴിച്ചു. അവളുടെ സാമീപ്യത്തിനായി, വാത്സല്യത്തോടെയുള്ള തലോടലിനായി അവ തൊഴുത്തിൽ അവളെയും കാത്തുനിൽക്കുമായിരുന്നു.
ശുഭയുടെ ചാന്ദിപ്പൂരിലെ ഗ്രാമത്തിന്റെ തനിപകർപ്പാണ് തൃശൂരിലെ തന്റെ ഗ്രാമവുമെന്ന് അവർ പറയുന്നു. മണ്ണിനെയും പുഴയെയും പശുക്കളെയും ശുഭ സനേഹിച്ചപോലെ ഞാനും സ്നേഹിക്കുന്നു. പ്രകൃതിയുടെ ആധികൾ നേരിട്ടറിയാൻ ഞാനും പറമ്പിലെ മണ്ണിൽ കമിഴ്ന്നുകിടന്നിട്ടുണ്ട്. ഭൂമിയുടെ ആവലാതികളും പരിഭവങ്ങളും നേരിട്ടു കേൾക്കാൻ. ഭൂമിയുടെ വിങ്ങിപ്പൊട്ടലുകൾ എനിക്ക് നേരിട്ട് കേൾക്കാമായിരുന്നു. ജൈവസമൂഹവും പരിസ്ഥിതിയും തമ്മിലുള്ള സന്തുലനം ദുർബലമായിക്കൊണ്ടിരിക്കുകയാണെന്ന് ഭൂമി മന്ത്രിച്ചുകൊണ്ടിരിക്കുന്നു- ഡോ. പ്രമീള പറയുന്നു.
എറണാകുളം ജില്ലയിലെ പാറക്കടവ് എൻ.എസ്. എസ്.ഹയർ സെക്കണ്ടറി സ്കൂളിലെ സംസ്കൃതം അധ്യാപികയായ ഡോ. പ്രമീള തന്റെ വിദ്യാർഥികളെയും പ്രകൃതിയുടെ സ്പന്ദനം അറിഞ്ഞു പ്രവർത്തിക്കാനാണ് പരിശീലിപ്പിക്കുന്നത്. വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനും പരിപാലിക്കാനും അവർ ഓരോ വിദ്യാർഥിക്കും പരിശീലനം നൽകുന്നു. വൃക്ഷങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യം ഓരോ പൗരനും കുട്ടിക്കാലംതൊട്ടേ തിരിച്ചറിയേണ്ടതുണ്ടെന്ന് ഡോ. പ്രമീള കൂട്ടിച്ചേർക്കുന്നു. അതിന് ഫലവുമുണ്ടായി. ഒരു മാസം ശരാശരി നൂറ് പുതിയ വൃക്ഷത്തൈകൾ വിദ്യാർഥികൾ നട്ടുപിടിപ്പിക്കുന്നു. അവയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഫോട്ടയെടുത്ത് എനിക്ക്
അയച്ചുതരികയും ചെയ്യുന്നു. വളരെ ആസ്വദിച്ചാണ് അവർ ഈ ജോലി ചെയ്യുന്നത്. പതിനെട്ടുവർഷം മുൻപ് ഈ വിദ്യാലയത്തിൽ അധ്യാപികയായി ചേർന്നതുമുതൽ പരിസ്ഥിതി പ്രവർത്തനങ്ങളും മുൻപന്തിയിലാണ് ഇവിടത്തെ അധ്യാപകരും വിദ്യാർഥികളുമെന്നത് ടീച്ചറുടെ കർമ്മമണ്ഡലത്തെ കൂടുതൽ ശോഭനമാക്കുന്നു.
2018ൽ കേരളമാകെ പിടിച്ചുകുലുക്കിയ പ്രളയകാലത്തും സന്നദ്ധസേവന പ്രവർത്തനങ്ങളിൽ ഡോ. പ്രമീള മുൻപന്തിയിലുണ്ടായിരുന്നു. പ്രളയത്താൽ ചുറ്റപ്പെട്ട പ്രദേശത്ത് ഏക അഭയകേന്ദ്രമായിരുന്നു പാറക്കടവ് എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ. മൂവായിരത്തിലേറെ ആളുകളാണ് ഇവിടെ അഭയാർഥികളായി കഴിഞ്ഞിരുന്നത്. അവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനായി ആറു ഹെലികോപ്റ്ററാണ് രക്ഷാദൗത്യസംഘം ഏർപ്പെടുത്തിയിരുന്നത്. ഇതിനെല്ലാം ചുക്കാൻ പിടിച്ചതും ഈ അധ്യാപികയായിരുന്നു. സ്വന്തം മക്കളെ ഭർത്താവിനെ ഏല്പിച്ച് ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിലും അവർ മുൻപന്തിയിലുണ്ടായിരുന്നു.
സംസ്്കൃത സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടിയ ഡോ. പ്രമീളയ്ക്ക് മനുഷ്യനും പരിസ്്ഥിതിയും അർഥശാസ്ത്രത്തിൽ എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഒട്ടേറെ കവിതകളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. പ്രകൃതിസംരക്ഷണം തന്നെയായിരുന്നു പല രചനകൾക്കും ആധാരമായത്.
മനം നിറയെ മരം വേണം
മരം നൽകും മഴ വേണം... എന്ന ടീച്ചറുടെ കവിത പ്രകൃതിസ്നേഹികൾ ആവേശത്തോടെയാണ് ഏറ്റുപാടിയത്. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട പല ചിത്രങ്ങൾക്കുവേണ്ടിയും വരികൾ എഴുതിയും സംഗീത സംവിധാനം നിർവ്വഹിച്ചും ടീച്ചർ ഭാഗഭാക്കായിട്ടുണ്ട്. ഒടുവിലായാണ് കഥയും സംഭാഷണവും ഗാനങ്ങളുമൊരുക്കിയ നാനി പുറത്തിറങ്ങിയത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളും ഈ പരിസ്ഥിതി ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.
മനുഷ്യൻ വെട്ടിവീഴ്ത്തിയ ഒരു മരത്തിന്റെ ആത്മാവ് അമ്മു എന്ന ബാലികയുടെ രൂപത്തിലെത്തി തന്റെ വേദനകൾ കരുണയില്ലാത്ത ഈ ലോകത്തെ അറിയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ആമസോൺ വനാന്തരങ്ങളിലെ മഴമരങ്ങൾ കത്തിയമരുന്നത് ടെലിവിഷനിൽ കാണുമ്പോൾ തേങ്ങിക്കരയുകയായിരുന്നു അമ്മു. തന്റെ തന്നെ പ്രതിരൂപമാണ് അമ്മുവെന്ന് പ്രേക്ഷകർ തിരിച്ചറിയുമ്പോൾ ഈ ഗുരുനാഥയുടെ ലക്ഷ്യം സാർഥകമാവുകയാണ്.
വർഷം തോറും കേരളത്തിലെമ്പാടും നടത്തിവരാറുള്ള കാർഷിക പ്രദർശനങ്ങളുടെയും മഴമഹോത്സവങ്ങളുടെയും മഴയോർമ്മകളുടെയും നിളാനദി സംരക്ഷണത്തിന്റെയും മലിന്യമുക്ത നദീബോധവൽക്കരണ പ്രസ്ഥാനങ്ങളുടെയെല്ലാം സജീവ പ്രവർത്തകയും കൂടിയാണ് ഡോ. പ്രമീള. ഭർത്താവ് നന്ദകുമാറും മക്കളായ ബാലഭാസ്കറും ശിവഭാസ്കറും അമ്മയുടെ പ്രകൃതിസംരക്ഷണ യജ്ഞത്തിൽ താങ്ങും തണലുമായി വർത്തിക്കുന്നു.






