Sorry, you need to enable JavaScript to visit this website.

കാള്‍ പോയത് മരിച്ചയാളുടെ ഫോണിലേക്ക്, മനസ്സ് പിടഞ്ഞു

തൃക്കാക്കര വോട്ടെണ്ണല്‍ വാര്‍ത്തകള്‍ക്കിടയിലേക്കായിരുന്നു ആ ഫോണ്‍. ഏഴു മണിയായിക്കാണും. അപരിചിത നമ്പറില്‍നിന്നായിരുന്നു അത്.
സി.പി.എം തന്ത്രങ്ങളും എന്‍ജിനീയറിംഗും കര പിടിക്കാത്തതിലുള്ള ആഹ്ലാദം പങ്കുവെച്ച സുഹൃത്ത് തന്നെ ആയിരിക്കുമെന്നാണ് കരുതിയത്.
പക്ഷേ, ചോദ്യം വേറൊന്നായിരുന്നു. മദീന റോഡിലെ കണ്ണടക്കടയില്‍ ജോലി ചെയ്യുന്ന മാനുവിനെ അറിയില്ലേ എന്നായിരുന്നു അന്വേഷണം. കണ്ണടക്കട വേഗം പിടി കിട്ടിയെങ്കിലും മാനുവിനെ മനസ്സിലായില്ല. ബശാവരി എന്ന കണ്ണടക്കടയില്‍ ജോലി ചെയ്യുന്ന രണ്ടുമൂന്ന് പേരെ അറിയാം. പക്ഷേ മാനു എന്നു പേരുള്ള ആരേയുമറിയില്ല. രണ്ടു പേരുള്ള ഒരാളായിരിക്കുമെന്ന കാര്യം പെട്ടെന്ന് മനസ്സിലേക്കുവന്നു. മലപ്പുറത്തുകാരായ  സുഹൃത്തുക്കളില്‍ രണ്ടു പേരില്ലാത്തവര്‍ അപൂര്‍വമാണ്.
മനസ്സിലേക്കു വന്നത് ഹംസക്കയുടെ രൂപമാണ്.
അവിടെ ജോലി ചെയ്യുന്ന, ജിദ്ദ ഫൈസലിയയില്‍ താമസിക്കുന്നവരെ അറിയാമെന്നു വിളിച്ചയാളോട് പറഞ്ഞു. കാര്യമറിയാനുള്ള ആകാംക്ഷ കാരണം ഞാന്‍ തിരക്കുകൂട്ടി. വിളിച്ചയാളാകട്ടെ ഞാനും മാനുവും തമ്മിലുള്ള ബന്ധമാണ് അന്വേഷിക്കുന്നത്.
മാനുവിനെ ആശുപത്രിയില്‍ കൊണ്ടുവന്നിരിക്കയാണെന്ന് വിളിച്ചയാള്‍ പറഞ്ഞു. നിങ്ങള്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ റൂമിനടത്ത് താമസിക്കുന്നയാളാണെന്നും മാനു ഇര്‍ഫാന്‍ ആശുപത്രിയിലാണെന്നും മറുപടി.
ഞാന്‍ മാനുവിന്റെ ബന്ധുവല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വിളിച്ചയാള്‍ സംഗതി കുറച്ചെങ്കിലും തെളിച്ചുപറഞ്ഞത്.
മാനുവിന്റെ കഫീലിനെ ബന്ധപ്പെടാനുള്ള നമ്പര്‍ വേണം, കഫീലിനെ എങ്ങനെ ഇവിടെ എത്തിക്കാന്‍ പറ്റും എന്നൊക്കെയായി ചോദ്യങ്ങള്‍. ബശാവരിയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ഖാദറുമായി നല്ല പരിചയമുള്ളതിനാല്‍ അതിനൊക്കെ വഴിയുണ്ടാക്കാമെന്ന് ഞാന്‍ ഉറപ്പുനല്‍കി.
മാനുവിന് എന്തെങ്കിലും അപകടം പറ്റിയതാണോ എന്ന ചോദ്യത്തിന് നെഞ്ചുവേദന ആയിരുന്നുവെന്നും ആശുപത്രിയിലെത്തിച്ച് സി.പി.ആര്‍ നല്‍കിയെങ്കിലും വെന്റിലേറ്ററിലാണെന്നും വലിയ പ്രതീക്ഷയില്ലെന്നും മറുപടി.
ഞാന്‍ അബ്ദുല്‍ ഖാദറിനെ വിളിച്ച ശേഷം ഉടന്‍ തന്നെ തിരിച്ചുവിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.
ഫോണില്‍ ഖാദറിന്റെ രണ്ട് നമ്പറുണ്ടായിരുന്നു. ഒന്ന് നിലവിലില്ല. രണ്ടാമത്തെ നമ്പറില്‍ രണ്ടു മൂന്ന് തവണ റിംഗ് ചെയ്തതേയുള്ളൂ. പക്ഷേ ശബ്ദത്തില്‍ വ്യത്യാസം. ഖാദറല്ല. ആരാണ് ഖാദറില്ലേ എന്ന ചോദ്യത്തിന് ,ഇക്കാ ഇത് ഞാനാണ് നേരത്തെ വിളിച്ചയാളാണ്. ഈ ഫോണില്‍നിന്ന് നമ്പറെടുത്താണ് ഞാന്‍ നിങ്ങളെ വിളിച്ചിരുന്നത്.
ഈ ഫോണിന്റെ ആളാണോ ആശുപത്രിയിലുള്ളത് ?
അതെ എന്നതിനോടൊപ്പം നേരത്തെ അയാള്‍ മുഴുമിക്കാതിരുന്ന കാര്യവും പറഞ്ഞു. ആള് പോയി.
എപ്പോഴും കാണാറുണ്ടായിരുന്ന ഖാദറിന്റെ രൂപം മനസ്സിലേക്കുവന്നു.
ബശാവരി ഒപ്റ്റിക്കല്‍സില്‍ ജോലി ചെയ്യുന്ന മറ്റാരുടേയും നമ്പര്‍ ഫോണിലില്ല. നേരത്തെ ഖാദറിന്റെ ബാച്ചിലേഴ്‌സ് ഫ് ളാറ്റില്‍ താമസിച്ചിരുന്ന നാണിയുടെ കാര്യം ഓര്‍മ വന്നു. അദ്ദേഹത്തിനുമുണ്ട് രണ്ടു പേര്.  ശരിയായ പേര് അബ്ദുറഹ്മാന്‍. രണ്ടു പേരുകളും ഫോണില്‍ സേവ് ചെയ്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പേ നാട്ടിലേക്ക് മടങ്ങിയ അദ്ദേഹത്തെ വിളിച്ചപ്പോള്‍ ജിദ്ദയില്‍ തന്നെയുള്ള പഴയ സഹ താമസക്കാരന്‍ അസീസ് ഭായിയുടെ നമ്പര്‍ കിട്ടി.
അസീസ് ഭായിയെ വിളിച്ചപ്പോള്‍ കഫീലിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും കഫീലിന്റെ മകന്റെ നമ്പര്‍ ഖാദറിന്റെ മറ്റൊരു റൂംമേറ്റിന് നല്‍കിയിട്ടുണ്ടെന്നും മനസ്സിലായി.
ഈ വിവരങ്ങള്‍ ആദ്യം വിളിച്ചിരുന്നയാള്‍ക്ക് നല്‍കിയപ്പോള്‍ അദ്ദേഹത്തിനും ആശ്വാസമായി. ഖാദറെന്ന മാനുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കൂടെ പോയിരുന്ന അടുത്ത മുറിയില്‍ താമസിക്കുന്ന റെജിമോനായിരുന്നു അത്.
അധികം വൈകതെ തന്നെ കഫീല്‍ ആശുപത്രിയിലെത്തുകയും മൃതദേഹം ജിദ്ദയില്‍ മറവു ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് കെ.എം.സി.സി വളണ്ടിയര്‍മാര്‍ തുടക്കമിടുകയും ചെയ്തു. റെജിമോന്റെ സന്ദേശമെത്തി. ഇക്കാ.. കഫീല്‍ വന്നു, കാര്യങ്ങളൊക്കെ ശരിയായി.
വര്‍ഷങ്ങളായി പരിചയമുള്ളയാളാണ് ഖാദര്‍. ബശാവരിയിലേക്കുള്ള വണ്ടിയില്‍ കയറാന്‍ മെയിന്‍ റോഡിലേക്ക് നടന്നു പോകുമ്പോഴും തിരിച്ചുവരുമ്പോഴും മിക്കവാറും കാണാറുളള മെലിഞ്ഞ മനുഷ്യന്‍. മലയാളം ന്യൂസ് ഓഫീസില്‍ കണ്ണട ഉപയോഗിച്ചു തുടങ്ങിയ എല്ലാവര്‍ക്കും സുപരിചിതനാണ് ഇദ്ദേഹം. കണ്ണട വാങ്ങുന്ന കാര്യം പറയുമ്പള്‍ പലരോടും പറയാറുള്ളതായിരുന്നു ബശാവരിയിലെ ഖാദര്‍.
സൗമ്യനായ അദ്ദേഹത്തിന്റെ മുഖം മനസ്സില്‍നിന്ന് പോകുന്നില്ല. പ്രര്‍ഥനകള്‍ മാത്രം.

തിരൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി

Latest News