ഉരുവിന്റെ പെരുന്തച്ചൻ

കായലിൽ നിന്നും പുഴയിൽ നിന്നും പുറപ്പെട്ട് കടലിൽ പോയി തിരിച്ചുവരുന്ന പത്തേമാരികൾ തയാറാക്കിയാൽ കേരളാ ടൂറിസത്തിന് അത് വലിയ മുതൽക്കൂട്ടാവുമെന്ന സദാശിവൻ പറയുന്നു. കടൽയാത്രകളെ സ്‌നേഹിക്കുന്ന അറബികൾ ഉൾപ്പെടെയുള്ളവരെ ആകർഷിക്കാൻ അത് സഹായിക്കും. മാത്രമല്ല, പൊന്നാനി മുതൽ കാസർകോട് വരെയും മലബാർ തീരങ്ങളിൽനിന്ന് ലക്ഷദ്വീപിലേക്കും യാത്രക്ക് പുതിയ മാർഗമാവും ഈ നൗകകൾ. കേരളത്തിലും പുറത്തും ചരക്കുനീക്കത്തിന് ഏറ്റവും ഉചിതമായ മാർഗമായി പത്തേമാരികളെ ഉപയോഗിക്കാമെന്ന് സദാശിവൻ പറയുന്നു.

ഞാൻ ചിറയിൽ സദാശിവൻ, വയസ്സ് 60...സദാശിവൻ സ്വപ്‌നങ്ങൾക്കു പിറകെയാണ്. കൈയിലൊരു ബാഗ്, അതിൽ കെട്ടുകണക്കിന് നിവേദനങ്ങൾ. അതിൽ പലതും തുടങ്ങുന്നത് ഇങ്ങനെയാണ്. ഞാൻ സദാശിവൻ, വയസ്സ് 60. കൈയിലെപ്പോഴും ഒരു പത്തേമാരിയുടെ കൊച്ചു രൂപം. മനസ്സിലെപ്പോഴും പത്തേമാരികളുടെ കോലും കണക്കും. ഒന്നേ വേണ്ടൂ സദാശിവന്. കണ്ണൂരിൽ പത്തേമാരി നിർമിക്കാൻ കടലോരത്ത് ഇത്തിരി സ്ഥലം. അത് കേരളാ ടൂറിസത്തെ സ്വപ്‌നങ്ങളുടെ മറുകര കടത്തുമെന്നാണ് സദാശിവൻ പറയുന്നത്. 
പലതവണ സർക്കാരുകൾ സമ്മതം മൂളിയതാണ്. പല പദ്ധതികളും പ്രഖ്യാപിച്ചതാണ്. ഒന്നും പ്രാബല്യത്തിൽ വന്നിട്ടില്ലെന്നു മാത്രം. സദാശിവൻ മുട്ടാത്ത വാതിലുകളില്ല. വലിയ സ്വപ്‌നങ്ങളുടെ ഓളങ്ങളിലാണ് സദാശിവൻ. പിണറായി വിജയൻ സർക്കാരിന്റെ അധികാരാരോഹണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് കണ്ണൂരിൽ സംഘടിപ്പിച്ച 'എന്റെ കേരളം' പരിപാടിയുടെ പവിലിയൻ കൂറ്റൻ പത്തേമാരി കൊണ്ട് അലങ്കരിച്ചത് സദാശിവനായിരുന്നു.  
ഉരു എന്നു കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിലെത്തുന്നത് ബേപ്പൂരാണ്. എന്നാൽ ബേപ്പൂരിനോളം ഉരു നിർമാണത്തിന്റെ പാരമ്പര്യം കണ്ണൂരിനുണ്ടെന്നാണ് പാലക്കാട് ജനിച്ച സദാശിവൻ പറയുന്നത്. പത്തേമാരികൾക്ക് നാവികചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്. ആശാരിമാരുടെ നൈപുണ്യവും ഖലാസികളുടെ കരുത്തുമാണ് കേരളത്തെ ഉരു നിർമാണത്തിന്റെ കേന്ദ്രമാക്കി മാറ്റിയത്. മുൻകാലത്ത് ഖലാസികൾ വർഷങ്ങളോളം പണിതാണ് ഉരു നിർമിച്ചിരുന്നത്. തേക്കു മരമാണ് നിർമാണത്തിന് ഉപയോഗിച്ചിരുന്നത്. ആധുനിക എഞ്ചിനിയറിംഗ് വൈദഗ്ധ്യം ഉരു നിർമാണത്തിലും മാറ്റങ്ങളുണ്ടാക്കി. പക്ഷെ സദാശിവന്റെ കൈമുതൽ എഞ്ചിനിയറിംഗ് വൈദഗ്ധ്യമല്ല. നാലാം ക്ലാസിൽ പഠനം നിർത്തിയ ഈ പെരുന്തച്ചന് പിൻബലം വർഷങ്ങൾ നീണ്ട അനുഭവസമ്പത്താണ്. മംഗലാപുരത്തും കണ്ണൂർ അഴീക്കോടും ഗൾഫിലുമൊക്കെയായി നിരവധി പത്തേമാരികൾ സദാശിവൻ രൂപകൽപന ചെയ്യുകയും നിർമിക്കുകയും ചെയ്തിട്ടുണ്ട്. പത്തിലേറെ പത്തേമാരികൾ സദാശിവന്റെ നേതൃത്വത്തിൽ നിർമിച്ചിട്ടുണ്ട്. ഒട്ടനവധി പത്തേമാരികളുടെ രൂപരേഖകൾ സദാശിവന്റെ ബാഗിലുണ്ട്. ആവശ്യക്കാർ പണം മുടക്കിയാൽ മതി. രൂപരേഖ റെഡി, രൂപകൽപനയും നിർമാണവും സദാശിവൻ ചെയ്തു തരും. 
സദാശിവൻ വിശ്വകർമജനാണ്. ആശാരിപ്പണി ചെയ്യുന്നവൻ. നാലാം ക്ലാസിൽ പഠനം നിർത്തി. പന്ത്രണ്ടാം വയസ്സിൽ ഉളി കൈയിലെടുത്തിട്ടുണ്ട്. പതിനാറാം വയസ്സിൽ ആശാരിപ്പണിക്കായി മംഗലാപുരത്തെത്തിയപ്പോഴാണ് ഉരു നിർമാണം കാണുന്നത്. അത് സദാശിവന്റെ ജീവിതം മാറ്റിമറിച്ചു. പത്തേമാരി സ്വന്തം കൈ കൊണ്ട് നിർമിക്കണമെന്ന മോഹമുദിച്ചു. 1981 ൽ കാസർകോട് തളങ്കരയിലെ ടെക് സൺസ് മറൈൻ കമ്പനിയിൽ ഉരു നിർമാണ ജോലിക്ക് ചേർന്നു. തളങ്കര അബ്ദുല്ലക്കുഞ്ഞി എന്നയാളുടെ ഈ കമ്പനിയിൽ പുതിയ രീതിയിൽ ഒരു ഉരു നിർമാണം തുടങ്ങിയിരുന്നു. ഉരുവിന്റെ ചെറിയ മാതൃകയുണ്ടാക്കി അതിൽനിന്ന് അളവുകൾ മനസ്സിലാക്കി അതിന്റെ ഗുണിതം വെച്ച് വലിയ ഉരു നിർമിക്കുന്നതായിരുന്നു ഈ രീതി. അവിടെനിന്ന് കാസർകോട്ടെ ഇവാഒ കമ്പനിയിൽ ചേർന്നു. അവിടെ ഏറ്റവും കൂലി കിട്ടിയ ഉരുപ്പണിക്കാരനായി സദാശിവൻ. 
പത്തേമാരികളുടെ നിർമാണത്തിൽ സദാശിവന്റെ കൈപ്പുണ്യം കണ്ടാണ് തളങ്കര അബ്ദുല്ലക്കുഞ്ഞിയുടെ മകൻ അബ്ദുൽ ഹക്കീം കണ്ണൂരിലെ അഴീക്കോട് കപ്പക്കടവിനടുത്ത് സുൽക്ക ഷിപ്പ്‌യാഡ് തുടങ്ങിയപ്പോൾ അവിടേക്ക് ക്ഷണിച്ചത്. അവിടെ ചീഫ് ഫോർമാനായിരുന്നു. സുൽക്കയിലായിരിക്കെയാണ് ഖത്തറിലെ ഒരു ഷെയ്ഖിനു വേണ്ടി നാലു നിലകളും ഹെലിപ്പാഡുമൊക്കെയുള്ള ഉരു നിർമിച്ചത്. കേരളത്തിൽ നിർമിക്കുന്ന ആഡംബര പത്തേമാരികളിലധികവും ഖത്തറിലെ സമ്പന്ന കുടുംബങ്ങൾക്കു വേണ്ടിയാണ്. സദാനന്ദൻ പിന്നീട് ഖത്തറിൽ പോയി ഉരു നിർമിച്ചു. ഖത്തറിലെ നാവിഗേഷൻ ഡിപ്പാർട്‌മെന്റിനു വേണ്ടി. രണ്ടു വർഷത്തോളം അവിടെയുണ്ടായിരുന്നു. 2016 ൽ യു.എ.ഇയിലേക്ക് ഉരു നിർമാണത്തിന് സദാശിവനെ മുഹമ്മദ് അബ്ദുല്ല ബഹാജി എന്ന വർക്ക് ഷോപ്പിലെ ഉടമകൾ ക്ഷണിച്ചു കൊണ്ടുപോയി. അവിടെ 27 അടിയോളം ഉയരമുള്ള ഭീമൻ ഉരുവാണ് സദാശിവൻ നിർമിച്ചത്. വലിയ പ്രത്യേകതയുണ്ട് ആ ഉരുവിന്. സദാശിവനും സദാശിവൻ പണി പഠിപ്പിച്ച ഒമ്പതു പേരും മാത്രമാണ് ആ നിർമാണത്തിൽ പങ്കെടുത്തത്. അതിൽ മകൻ ശിബിലുമുണ്ട്. 
ഉരു പലരീതിയിൽ നിർമിക്കാറുണ്ട്. എല്ലാ നിർമിതിയുടെയും അടിസ്ഥാനമൊന്നാണ്. ചേർത്തു വെക്കുന്ന മരങ്ങൾക്കിടയിലൂടെ വെള്ളം കയറരുത്. പലകകൾ ചേർത്തു വെച്ചാണ് അഴീക്കോട് കപ്പക്കടവിൽ ഉരു നിർമിച്ചിരുന്നത്. ഒരു പത്തേമാരി മനസ്സിലെ കോലിന്റെ കണക്കുകളിൽനിന്ന് യാഥാർഥ്യമാവാൻ ഒരു വർഷത്തിലേറെയെടുക്കും. അപ്പോഴേക്കും മുട്ടിച്ചുവെച്ച  പലകകളിൽ പലതിലും വിള്ളൽ വന്നിട്ടുണ്ടാവും. പരുത്തി കൊണ്ടാണ് ഈ വിടവ് അടക്കുക. മഹാഗണി മരമാണ് ഉരു നിർമാണത്തിന് മികച്ചതെന്ന് സദാശിവൻ അനുഭവത്തിൽ നിന്ന് പറയുന്നു. 
ബേപ്പൂരിലെ ഉരു നിർമാണ രീതികളും സദാശിവന് മനഃപാഠമാണ്. ബേപ്പൂരുകാരനായ വി.കെ നാരായണൻ മേസ്തിരിയുടെ കീഴിൽ മംഗലാപുരത്ത് ജോലി ചെയ്തിരുന്നു. മൂന്നു പലകകൾ വീതം മുട്ടിച്ചു വെച്ചും ശേഷം ചെറിയ വിടവുകൾ വെച്ചുമാണ് നാരായണൻ മേസ്തിരി ഉരു നിർമിക്കുന്നത്. 
2008 ലാണ് സദാശിവന്റെ ഉരു നിർമാണ നൈപുണി കടൽ കടക്കുന്നത്. ഖത്തറിൽ ഉരു നിർമാണത്തിനായി സദാശിവനെ ഒരു കമ്പനി ക്ഷണിച്ചു കൊണ്ടുപോവുകയായിരുന്നു. ഖത്തറിലായിരിക്കെ ഫൈബർ ബോട്ടുകളുടെ നിർമാണത്തിലും വൈദഗ്ധ്യം നേടി. ബോട്ടുകൾ ഫൈബറിലാണ് നിർമിക്കുന്നതെങ്കിലും  മരം കൊണ്ട് അതിന്റെ ചെറിയ മോഡൽ ആദ്യം തയാറാക്കും. ലോകത്തിലെ ഏതു വസ്തുവും ആദ്യം മരത്തിലാണ് രൂപം കൊള്ളുന്നതെന്നാണ് സദാശിവന്റെ വിശ്വാസം. ഖത്തറിൽ കരാർ അവസാനിച്ച ശേഷം വീണ്ടും അഴീക്കോട് കപ്പക്കടവിൽ സുൽക്കയിൽ തിരിച്ചെത്തി.
2014 ൽ റാസൽഖൈമയിലെ ഉരു നിർമാണമാണ് സദാശിവന്റെ ജീവിതത്തിലെ അവിസ്മരണീയ അനുഭവമായത്. അഞ്ചു പേരുമായാണ് നിർമാണം തുടങ്ങിയത്. അതിൽ ഉരു നിർമാണം പഠിച്ചത് സദാശിവൻ മാത്രം. ആറു മാസം കഴിഞ്ഞപ്പോൾ അഞ്ചു പേർ കൂടി വന്നു. എഴുപതടി നീളവും ഇരുപത്താറരയടി വീതിയും പതിനാലരയടി ഉയരവുമുള്ള ഭീമൻ പത്തേമാരിയായിരുന്നു അത്. പല ഗുരുക്കൻമാരിൽ നിന്ന് അഭ്യസിച്ച പുതിയ രീതിയാണ് സദാശിവൻ ഈ പത്തേമാരിയിൽ പരീക്ഷിച്ചത്. കയറുകൊണ്ട് പലകകൾ ബന്ധിക്കുന്നതിനു പകരം പശയാണ് ഇതിൽ ഉപയോഗിച്ചത്. അൽകൊബാർ വുഡ് ഇൻഡസ്ട്രീസിലെ മുഹമ്മദ് അബ്ദുല്ല വഹബിക്കു വേണ്ടിയാണ് 20 കോടി രൂപ ചെലവിൽ ഈ കൂറ്റൻ പത്തേമാരി നിർമിച്ചത്. 
യു.എ.ഇയിൽനിന്ന് തിരിച്ചെത്തിയ ശേഷം കായൽ ഗതാഗതത്തെക്കുറിച്ച ചിന്തയിലാണ് സദാശിവൻ. നിരവധി പദ്ധതികൾ അധികൃതർക്കു മുന്നിൽ സമർപ്പിച്ചു. മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് പദ്ധതികളുടെ പ്രായോഗികത ബോധ്യപ്പെടുത്തി. 10 മുതൽ 200 പേർക്ക് വരെ സഞ്ചരിക്കാവുന്ന പത്തേമാരികളുടെയും ഹൗസ് ബോട്ടുകളുടെയും തോണികളുടെയും നിർമാണ രീതികളാണ് സദാശിവൻ സമർപ്പിച്ചത്. കായലിൽ നിന്നും പുഴയിൽ നിന്നും പുറപ്പെട്ട് കടലിൽ പോയി തിരിച്ചുവരുന്ന പത്തേമാരികൾ തയാറാക്കിയാൽ കേരളാ ടൂറിസത്തിന് അത് വലിയ മുതൽക്കൂട്ടാവുമെന്ന സദാശിവൻ പറയുന്നു. കടൽയാത്രകളെ സ്‌നേഹിക്കുന്ന അറബികൾ ഉൾപ്പെടെയുള്ളവരെ ആകർഷിക്കാൻ അത് സഹായിക്കും. മാത്രമല്ല, പൊന്നാനി മുതൽ കാസർകോട് വരെയും മലബാർ തീരങ്ങളിൽ നിന്ന് ലക്ഷദ്വീപിലേക്കും യാത്രക്ക് പുതിയ മാർഗമാവും ഈ നൗകകൾ. കേരളത്തിലും പുറത്തും ചരക്കുനീക്കത്തിന് ഏറ്റവും ഉചിതമായ മാർഗമായി പത്തേമാരികളെ ഉപയോഗിക്കാമെന്ന് സദാശിവൻ പറയുന്നു. കേരളത്തിലെ റോഡ് ഗതാഗതത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കടൽമാർഗമുള്ള സഞ്ചാരം പലതവണ ചർച്ച ചെയ്യപ്പെട്ടെങ്കിലും അതൊക്കെ ഏട്ടിലൊതുങ്ങുകയായിരുന്നു. പത്തേമാരി നിർമിക്കാൻ വൈദഗ്ധ്യമുള്ളവർ കേരളത്തിൽ വിരലിലെണ്ണാവുന്നവരേയുള്ളൂ. കേരളത്തിലെ പരമ്പരാഗതമായ തൊഴിലായിരുന്നു ഇത്. ഈ മേഖല സർക്കാർ അവഗണിച്ചാൽ സമീപഭാവിയിൽ അത് അന്യംനിന്നു പോവും. 
പാലക്കാട് ജില്ലക്കാരനാണ് സദാശിവൻ. ഒറ്റപ്പാലം-ചെർപ്പുളശേരി റൂട്ടിൽ അനങ്ങനടി മലയിൽ റോഡിൽനിന്ന് കാണുന്നവിധം മോശയുടെ പേടകത്തെ അനുസ്മരിപ്പിക്കുന്ന രൂപത്തിൽ പത്തേമാരി നിർമിച്ചു  വെക്കുന്ന പദ്ധതി ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനു മുന്നിൽ സദാശിവൻ സമർപ്പിച്ചിട്ടുണ്ട്. പാഴായിപ്പോകുന്ന മരങ്ങൾ ഉപയോഗിച്ച് ചിരട്ടക്കയിലും കപ്പും പ്ലേറ്റുമുൾപ്പെടെ എട്ടോളം ഉൽപന്നങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ നിർമിക്കുന്ന പദ്ധതി സദാശിവൻ നടപ്പാക്കുന്നുണ്ട്.  
കേരളത്തിലേക്ക് ഇപ്പോൾ ഉരു നിർമാണത്തിന് പ്രധാനമായും ഓർഡർ ലഭിക്കുന്നത് ഖത്തറിൽനിന്നാണ്. ഉല്ലാസ നൗകകളായാണ് അവ പലപ്പോഴും ഉപയോഗിക്കുന്നത്. മോട്ടോർ ഘടിപ്പിച്ചാൽ എത്ര ദൂരവും ഈ നൗകകൾക്ക് സഞ്ചരിക്കാനാവും. 
വിശാലമായ കടൽതീരമുള്ള കേരളം അതിന്റെ സാധ്യതകൾ ഇതുവരെ ടൂറിസത്തിനായി ഉപയോഗിച്ചിട്ടില്ല. കേരളത്തിൽ കെട്ടുവള്ളങ്ങളാണ് ഹൗസ് ബോട്ടുകളായി മാറ്റുന്നത്. ഇവക്ക് കായലിൽനിന്ന് കടലിലേക്ക് പോകാൻ സാധിക്കില്ല. കായലിലും പുഴയിലും കടലിലും സഞ്ചരിക്കാവുന്ന ഹൗസ്‌ബോട്ടുകളാണ് സദാശിവന്റെ സ്വപ്‌നത്തിലുള്ളത്. തന്റെ സ്വപ്‌നങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ സദാശിവൻ നേരിട്ട് കണ്ട് വിവരിച്ചിരുന്നു. 
2019 ൽ പൊന്നാനി പോർട് കൺസർവേറ്റർ സദാശിവന് എഴുതി. പൊന്നാനി തുറമുഖം സന്ദർശിച്ച് ഉരു നിർമാണത്തിന് ആവശ്യമായ സ്ഥലം കണ്ടെത്താനും അതിന്റെ സൈറ്റ് പ്ലാൻ സഹിതം വിശദമായ അപേക്ഷ സമർപ്പിക്കാനും നിർദേശിച്ചു. പ്ലാൻ സമർപ്പിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. 2020 അവസാനം പ്രിൻസിപ്പൽ സെക്രട്ടറിയിൽനിന്ന് സദാശിവന് നേരിട്ട് അറിയിപ്പ് വന്നു. തലശ്ശേരി താലൂക്ക് വ്യവസായ ഓഫീസുമായി ബന്ധപ്പെടാനായിരുന്നു ഇത്. കടൽ വഴിയുള്ള ചരക്കുനീക്കം നിയന്ത്രിക്കുന്നത് ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷനാണെന്നു പറഞ്ഞ് പിന്നീട് തുറമുഖ വകുപ്പ് ഒഴിഞ്ഞുമാറി. 
'എന്റെ കേരളം' പരിപാടിയിൽ പവിലിയനു മുന്നിൽ സ്ഥാപിച്ച ഉരു ഒരുപാട് പേരെ ആകർഷിച്ചിരുന്നു. ഭാഗങ്ങളായി നിർമിച്ചു കൊണ്ടുവന്നത് ഏതാനും ദിവസം കൊണ്ട് അവിടെ വെച്ച് നിർമാണം പൂർത്തിയാക്കുകയായിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ ചെലവിൽ  പത്തേമാരി നിർമിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് എന്റെ കേരളം പദ്ധതിയിൽ ഉരുവിന്റെ മാതൃക നിർമിച്ചത്. അഞ്ചു ദിവസം കൊണ്ടാണ് അത് പവിലിയനു മുന്നിൽ സ്ഥാപിച്ചത്. 
പാലക്കാട് പട്ടാമ്പിയിൽ ജനിച്ചുവളർന്ന സദാശിവൻ ഇപ്പോൾ കണ്ണൂർ അഞ്ചരക്കണ്ടിയിലെ 'ഗുരുവന്ദന'ത്തിലാണ് താമസം. 1985 ൽ കണ്ണൂർ മട്ടന്നൂരിൽ വിവാഹം ചെയ്തു. കാഞ്ചനയാണ് ഭാര്യ. മൂന്നു മക്കളാണ് സദാശിവന്. രണ്ട് ആൺമക്കളും ഉരു നിർമാണ രംഗത്തുണ്ട്. രണ്ടു പേരും അഴീക്കോട് സുൽക്കയിൽ ജോലി ചെയ്തിരുന്നു. മകൾ ബ്യൂട്ടിഷൻ കോഴ്‌സ് കഴിഞ്ഞതാണ്. കംപ്യൂട്ടർ എൻജിനിയറാണ് മരുമകൻ. ദുബായിലാണ് മകളും ഭർത്താവും. 
മരവും മരപ്പണിക്കാരുമില്ലാത്ത മണലാരണ്യം പത്തേമാരികളോട് കാണിക്കുന്ന താൽപര്യമെങ്കിലും നദികളുടെയും മരപ്പണിക്കാരുടെയും നാടായ കേരളം കാണിക്കണമെന്നാണ് സദാശിവന്റെ വിനീതമായ ആവശ്യം. 

Latest News