കേരളത്തിൽ ഒരു ഉപ തെരഞ്ഞെടുപ്പ് ഇതാദ്യമായൊന്നുമല്ല. എന്നാൽ നഗരമണ്ഡലമായ തൃക്കാക്കരയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന കോലാഹലങ്ങൾ കാണുമ്പോൾ ഇതൊന്ന് വേഗം തീർന്നു കിട്ടിയാൽ മതിയെന്ന്് ആരും കൊതിച്ചുപോകും. മുസ്്‌ലിം കച്ചവടക്കാർ ചായക്കൊപ്പം നൽകുന്ന വന്ധ്യത വരുത്തുന്ന സാധനം മുതൽ തിരുത ഫിഷിന്റെ ചേരിമാറ്റം വരെ എന്തെന്ത് ബഹളം? ചീറ്റിയ വിഷയത്തിന്റെ വിളവെടുപ്പ്് കൂടിയാണല്ലോ. മുഖ്യമന്ത്രിയും ഭരണസംവിധാനം ക്യാമ്പ് ചെയ്ത് കാമ്പയിൻ നയിക്കുന്നു. വിവാദമായ കെ-റെയിലിന്റെ ലിറ്റ്്മസ് ടെസ്റ്റാവും ഈ ഫലമെന്നൊന്നും പറയാനാവില്ലെങ്കിലും കലാശക്കൊട്ടായപ്പോൾ ചിത്രം അവ്യക്തമാണ്. സൂര്യോദയത്തിന് മുമ്പെത്തിയ അരുണോദയം പോലൊരു സ്ഥാനാർഥിയുമായാണ് എൽ.ഡി.എഫ് ആദ്യം ചുവരെഴുത്ത്് തുടങ്ങിയത്. സഭയുടെ സ്വാധീനം തിരിച്ചറിഞ്ഞ് ഞങ്ങളിലുള്ളത് മാനവ രക്തം മുദ്രാവാക്യം മുഴക്കി ജോറാക്കുകയായിരുന്നു. 99 എം.എൽ.എമാരുടെ പിന്തുണയോടെയാണ് എൽ.ഡി.എഫ് കേരളം ഭരിക്കുന്നത്. പിണറായി സർക്കാർ സെഞ്ച്വറി അടിക്കുമെന്ന്് ഭരണകക്ഷി. നൂറിലെത്തിയത് തക്കാളിയാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ പരിഹാസം. ജനാധിപത്യ സംവിധാനത്തിൽ ഇത്തരം വിമർശനങ്ങൾ ആരോഗ്യകരവും സ്വാഭാവികവുമാണ്. അതേസമയം, സ്ഥാനാർഥിയെ വ്യക്തിഹത്യ ചെയ്യുന്നത് പോലുള്ള പരിപാടികളോട് ആർക്കും യോജിക്കാനാവില്ല. അതിക്രൂരമായ സൈബർ ആക്രമണം നേരിടുന്നുവെന്നാണ് തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ ഭാര്യ ഡോ.ദയ പാസ്‌കൽ പറയുന്നത്്. വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നുമുണ്ട്. ആരോഗ്യകരമായി സംവാദങ്ങൾ നടത്തുവാൻ ആശയ ദാരിദ്ര്യം ഉള്ളത് കൊണ്ടാണ് മറുഭാഗം അപവാദങ്ങൾ പ്രചരിപ്പിക്കുന്നത്. കുടുംബത്തിനെതിരെ അപവാദപ്രചാരണം നടത്തുന്നു. തങ്ങളുടെ കുട്ടികൾക്ക് സ്‌കൂളിൽ പോവണമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞും ജോലി ചെയ്ത് ജീവിക്കണമെന്നും ദയ പാസ്‌കൽ മാധ്യങ്ങളോട് പറഞ്ഞു. വ്യക്തിപരമായി മറുപടി പറയണമെന്ന് ഞങ്ങൾ കരുതിയിട്ടില്ല. അപവാദ പ്രചാരണം എല്ലാ പരിധിയും വിട്ടത് കൊണ്ടാണ് പ്രതികരിക്കേണ്ടിവന്നത്. പാർട്ടി നിയമ നടപടി സ്വീകരിച്ചതിനാൽ കേസ് കൊടുക്കുന്നില്ലെന്നും ദയ പറഞ്ഞു.
**** **** ****
സിനിമ ചിത്രീകരണത്തിനിടെ തെന്നിന്ത്യൻ താരങ്ങളായ നടി സാമന്ത റൂത്തിനും വിജയ് ദേവരകൊണ്ടയ്ക്കും പരിക്കേറ്റു. കശ്മീരിൽ 'ഖുഷി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്. കഠിനമായ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ അവർ സഞ്ചരിച്ച കാർ ആഴമുള്ള ജലാശയത്തിൽ പതിക്കുകയായിരുന്നു. രംഗം വളരെ കഠിനമായിരുന്നു. രണ്ട് അഭിനേതാക്കളും ലിഡർ നദിയുടെ ഇരുവശത്തും കെട്ടിയിരിക്കുന്ന കയറിനു മുകളിലൂടെ വാഹനം ഓടിക്കേണ്ടി വന്നു. നിർഭാഗ്യവശാൽ, വാഹനം ആഴത്തിലുള്ള വെള്ളത്തിൽ വീഴുകയും ഇരുവരുടെയും മുതുകിന് പരിക്കേൽക്കുകയും ചെയ്തു, ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഒരു ക്രൂ അംഗത്തെ ഉദ്ധരിച്ചാണ് പ്രമുഖ പത്രമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തത്. കേട്ട പാതി, കേൾക്കാത്ത പാതി ഓൺലൈൻ മാധ്യമങ്ങൾ ഇത് നാട്ടിലെങ്ങും പാട്ടാക്കി.
അതേസമയം, സിനിമ ചിത്രീകരണത്തിനിടെ നടി സാമന്തയും നടൻ വിജയ് ദേവരകോണ്ടയും അപകടത്തിൽ പെട്ടു എന്നുള്ള വാർത്ത വ്യാജമാണെന്ന് ഖുഷി സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. വാർത്ത നിഷേധിച്ചുകൊണ്ട് ഖുഷി സിനിമയുടെ സംവിധായകൻ ശിവ നിർവാണ രംഗത്തെത്തുകയും ചെയ്തു. റിപ്പോർട്ടുകളിൽ പറയുന്നത് പോലെ അങ്ങനെ ഒരു അപകടമുണ്ടായിട്ടില്ലയെന്നും ഇരു താരങ്ങളും സുരക്ഷിതരാണെന്നും അറിയിച്ചുകൊണ്ടാണ് സംവിധായകൻ ശിവ നിർവാണ രംഗത്തെത്തിയത്. വ്യാജ റിപ്പോർട്ടിന്റെ സ്‌ക്രീൻഷോട്ട് ഫേക്ക് ന്യൂസ് എന്ന തലക്കെട്ടോടെ ട്വിറ്ററിൽ സംവിധായകൻ പങ്കുവെക്കുകയും ചെയ്തു, അങ്ങനെ ഒരു അപകടമുണ്ടായിട്ടില്ലായെന്നും. കശ്മീരിലെ 30 ദിവസത്തെ ചിത്രീകരണം കഴിഞ്ഞ് ചിത്രത്തിന്റെ നിർമാണ സംഘം ഹൈദരാബാദിൽ തിരിച്ചെത്തി.
ഇത് ഹൈദരാബാദിലെ കാര്യം. ഇവിടെ കേരളത്തിൽ യൂനിഫോമിടാതെ മത വേഷത്തിൽ ഡ്രൈവർ ബസ് ഓടിച്ചു എന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വലിയ രീതിയിൽ ഈ ചിത്രവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടക്കുന്നു.
ചിത്രത്തിൽ കാണുന്ന ഡ്രൈവർ തങ്ങളുടെ ഡിപ്പോയിലെ ജീവനക്കാരനാണെന്നും ഇപ്പോൾ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഡിപ്പോ അധികൃതർ വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി ഡ്രൈവർ യൂണിഫോം തന്നെയാണ് ഇയാൾ ധരിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സി ഡ്രൈവറായ പി.എച്ച്.അഷ്‌റഫ് ആണ് ചിത്രത്തിലുള്ളത്. വർഷങ്ങളായി ഇങ്ങനെ തന്നെയാണ് അഷ്‌റഫ് കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്യുന്നത്. സംഘപരിവാർ പ്രൊഫൈലുകളാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മതവസ്ത്രങ്ങൾ ധരിച്ച് വാഹനം ഓടിക്കുന്നു എന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നത്. ഇതേ ഡ്രൈവർ നിരവധി ശബരിമല ട്രിപ്പുകൾക്കും പരുമല പള്ളി തീർഥാടന യാത്രയ്ക്കും സാരഥിയായിരുന്നുവെന്നത് സ്മരണീയമാണ്. കെ.എസ്.ആർ.ടി.സി വിജിലൻസ് സെല്ലും മാതൃഭൂമിയുടെ ഫാക്റ്റ് ചെക്കിംഗ് ടീമും ഇക്കാര്യം സ്ഥിരീകരിച്ചു. ദേശീയ മാധ്യമങ്ങൾക്കും വസ്തുത തിരിച്ചറിയാനുള്ള സൗകര്യമുണ്ടായിരുന്നെങ്കിൽ ഇന്ത്യ ഇപ്പോൾ അഭിമുഖീകരിക്കുന്ന പാതി പ്രശ്‌നവും തീർന്നേനെ.
**** **** ****
രാത്രി ഓട്ടോയിൽ യാത്ര ചെയ്യവേ പോലീസിൽനിന്നുണ്ടായ മോശം അനുഭവം സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ച് നടി അർച്ചന കവി. കൊച്ചിയിൽ സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഓട്ടോയിൽ വീട്ടിലേക്കു പോകുമ്പോൾ തടഞ്ഞുനിർത്തിയ പോലീസ് മോശമായി പെരുമാറിയെന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സ്ത്രീകൾമാത്രമുള്ള വാഹനം തടഞ്ഞുനിർത്തിയ പോലീസ്, വീട്ടിലേക്കു പോകുകയാണെന്ന് പറഞ്ഞപ്പോൾ എന്തിനാണ് വീട്ടിലേക്ക് പോകുന്നതെന്ന് ചോദിച്ചു. പരുക്കൻ ഭാഷയിലാണ് പോലീസ് ഇടപെട്ടത്.
രാത്രി കാര്യങ്ങൾ തിരക്കുന്നതിൽ തനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ, അതിനൊരു രീതിയുണ്ട്. എന്നാൽ, ഉണ്ടായത് അസ്വസ്ഥതപ്പെടുത്തുന്ന അനുഭവമാണെന്ന് അവർ കുറിച്ചു. കേരളാ പോലീസ്, ഫോർട്ട്‌കൊച്ചി എന്നീ ഹാഷ് ടാഗുകളിലാണ് പോസ്റ്റ് പങ്കുവെച്ചത്. പോലീസിന്റെ ഭാഗത്തുനിന്ന് നടപടിയുമുണ്ടായി. എന്നാൽ ഇതിനൊരു മറുവശമുണ്ട്. കേരളം കഴിഞ്ഞ അഞ്ച് വർഷമായി ചർച്ച ചെയ്യുന്ന അതിജീവിത വിഷയമുണ്ടായതും ഇതേ കൊച്ചിയിൽ. മോഡലുകളായ മുൻ മിസ് കേരളയും മിസ് കേരള റണ്ണർ അപ്പും വാഹനാപകടത്തിൽ മരിച്ചതും പശ്ചിമ കൊച്ചിയിൽ ആളൊഴിഞ്ഞ ഒരു പാതിരാത്രിയിൽ.
**** **** ****
അടുത്ത കാലത്തായി ട്രോളുകളിൽ ഏറ്റവും നിറഞ്ഞ് നിൽക്കുന്ന സിനിമാ താരമാണ് ഗായത്രി സുരേഷ്. കാറപകടത്തിന് ശേഷം ഗായത്രിക്കെതിരെ വ്യാപക സൈബറാക്രമണവും നടന്നിരുന്നു. ട്രോളുകൾ നിരോധിക്കണമെന്ന് വരെ നടി പറഞ്ഞിരുന്നു. എന്നാൽ അതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് പറയുകയാണ് ഗായത്രി. നേരത്തെ പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞും ഗായത്രി ട്രോളിൽ വീണിരുന്നു. ഇതിന് പിന്നാലെയാണ് ഗായത്രി സുരേഷ് ട്രോളന്മാരുടെ പ്രിയ ഇരയായി മാറിയത്. അതേസമയം കാറപകടത്തിന് ശേഷം തന്റെ റീച്ച് കൂടിയെന്ന് നടി പറയുന്നു. തന്റെ അഭിമുഖങ്ങളുടെ റീച്ച് വലിയ തോതിലാണ് കൂടിയതെന്നും ഗായത്രി വ്യക്തമാക്കി.
തന്റെ കരിയറിൽ തന്നെ വന്ന അഭിമുഖങ്ങൾ പലർക്കും പലപ്പോഴായി നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ അന്നൊന്നും ആ അഭിമുഖങ്ങൾ ആരും കാണാറില്ലായിരുന്നു. കാറപകടം ഉണ്ടായതിന് ശേഷം എന്ത് ചെയ്യുന്ന കാര്യങ്ങളും ട്രോളാനും വൈറലാവാനും തുടങ്ങി. ഇതോടെ അഭിമുഖങ്ങൾക്ക് കാഴ്ചക്കാർ വർധിക്കാൻ തുടങ്ങിയെന്നും ഗായത്രി പറയുന്നു. അപകടം ഉണ്ടായതിന് ശേഷം ട്രോൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്ത് വൈറലായതായും ഗായത്രി പറഞ്ഞിരുന്നു. ഞാൻ ഭയങ്കര ഫാന്റസിയിൽ ജീവിക്കുന്നയാളാണ്. അങ്ങനെ സിനിമയിൽ നായകനും നായികയും പോരാടുന്നതൊക്കെ കണ്ട് അതുപോലെയാവണമെന്നും തോന്നി. അങ്ങനെയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചതെന്നും ഗായത്രി വ്യക്തമാക്കി.
**** **** ****
താരസംഘടനയായ ഐസിസിയിൽനിന്ന് രാജിവെച്ചത് അടക്കം അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു നടി മാലാ പാർവതി. തന്നെ സെറ്റിൽ വെച്ച് മോശമായി ഒരു നടൻ സ്പർശിച്ചു എന്നെല്ലാം അവർ കഴിഞ്ഞ ദിവസങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ നടിമാർക്കിടയിൽ വലിയൊരു ട്രാപ്പുണ്ടെന്ന് പറയുകയാണ് അവർ. ഉദ്ദേശിച്ച ഉയരങ്ങളിലെത്താൻ പല നടിമാർക്കും സമ്മർദങ്ങളുണ്ടാവും. കാരണം ആ രീതിയിൽ ഇൻഡസ്ട്രിയിൽ കാര്യങ്ങൾ നടക്കുന്നുണ്ട്. അപ്പോൾ അതിന് വഴങ്ങി പോകുമെന്ന് മാലാ പാർവതി പറയുന്നു. ഇതിനെയൊക്കെ തടയാനായിരുന്നു മാറ്റങ്ങളും നിയമങ്ങളും വേണമെന്ന് പറഞ്ഞതെന്ന് അവർ പറയുന്നു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ചിലരെങ്കിലും മുകളിലേക്ക് പോകാനായി വളഞ്ഞ വഴികൾ സ്വീകരിച്ചിരിക്കാമെന്ന് നടി പറയുന്നു. ഒരു സിനിമയിൽ നായികയായി വന്നിട്ട്, അവരെ ചാനലും സിനിമയുമെല്ലാം സെലിബ്രേറ്റ് ചെയ്ത് കഴിഞ്ഞാലും പ്രശ്‌നമുണ്ടാവും. രണ്ടാമത്തെയും മൂന്നാമത്തെയും സിനിമ ഇവർക്ക് ശരിക്കും പ്രശ്‌നമാകും. കാരണം ആദ്യ സിനിമ പോലെ വീണ്ടും സിനിമ കിട്ടാതാവുമ്പോൾ ഇതൊക്കെ സംഭവിച്ചേക്കാം. അത് ഓരോ നടിമാരുടെയും മനോഭാവം പോലെയിരിക്കും. പല നടിമാർക്കും ഇതൊരു ട്രാപ്പ് പോലെ അനുഭവപ്പെട്ടേക്കാം. ഇതൊക്കെ ശരിക്കും നായികമാർക്ക് മാത്രമേ അറിയൂ. അവരോടാണ് ഇക്കാര്യങ്ങൾ ചോദിച്ചറിയേണ്ടതെന്നും മാലാ പാർവതി വ്യക്തമാക്കി.
**** **** ****
അങ്ങ്് യൂറോപ്പിൽ അഭയാർഥിയ്ക്ക് താമസിക്കാൻ ഇടം കൊടുത്ത കുടുംബം തലയില്ലാത്ത തെങ്ങ്് പോലെയായി. അതിസുന്ദരികളാണ് ഉക്രൈനിൽ നിന്ന് തനിച്ച് പലായനം ചെയ്‌തെത്തുന്നത്. ഇങ്ങനെ എത്തിയ 22 കാരി സോഫിയയ്ക്ക് തല ചായ്ക്കാൻ ഇടം കൊടുത്തതാണ് പ്രശ്‌നമായത്. റഷ്യ-ഉക്രൈൻ യുദ്ധത്തിൽ അഭയാർഥിയായി വീട്ടിൽ വന്ന യുവതിയുമായി ഗൃഹനാഥൻ ഒളിച്ചോടിയത് ഏവരെയും ഞെട്ടിച്ചു. 22കാരിയായ ഉക്രൈൻ സ്വദേശി സോഫിയ കർക്കാഡിമും ടോണി ഗാർനെറ്റുമാണ് ഒളിച്ചോടിയത്. ടോണിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. സോഫിയ വീട്ടിലെത്തി പത്താം ദിവസമാണ് ഇവർ വിവാഹിതരാകാനായി വീടുവിട്ട് പോകുന്നത്.
ഐടി കമ്പനിയിൽ മാനേജരായി ജോലി ചെയ്തിരുന്ന സോഫിയ, യുകെ വിസ ലഭിക്കുന്നതിനായി ആഴ്ചകളോളം ബെർലിനിൽ കാത്തിരുന്ന ശേഷമാണ് മാഞ്ചസ്റ്ററിൽ വിമാനമിറങ്ങിയത്. പിന്നീട് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ടോണിയും അദ്ദേഹത്തിന്റെ ഭാര്യ ലോർണയും സോഫിയയ്ക്ക് അവരുടെ വീട്ടിൽ അഭയം നൽകിയത്. വളരെ പെട്ടെന്ന് തന്നെ ടോണിയും സോഫിയയും തമ്മിൽ അടുപ്പത്തിലായി. ടോണിയും സോഫിയയും തമ്മിലുള്ള ബന്ധം ലോർണയ്ക്ക് താൽപ്പര്യമില്ലായിരുന്നു. എന്നാൽ ഇവരുടെ രണ്ട് പെൺമക്കൾക്കും സോഫിയയെ ഇഷ്ടമായിരുന്നു. ശേഷം ലോർണയും സോഫിയയും തമ്മിൽ തർക്കമുണ്ടാവുകയും വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറയുകയുമായിരുന്നു. തുടർന്ന് സോഫിയയും ടോണിയും വീടുവിട്ടിറങ്ങി. ഞങ്ങൾ വളരെ പെട്ടെന്നാണ് ഇഷ്ടത്തിലായത്. ഞങ്ങളുടെ പ്രണയകഥ കേൾക്കുന്നവർ എന്നെ കുറ്റപ്പെടുത്തിയേക്കാം. പക്ഷെ ഞങ്ങൾ ഒരുപാട് സന്തോഷത്തിലാണ്- സോഫിയ പറഞ്ഞു. ഇപ്പോൾ ഇരുവരും ടോണിയുടെ മാതാപിതാക്കളോടൊപ്പമാണ് താമസം. പ്രേമത്തിന് കണ്ണില്ലെന്ന് പണ്ടുള്ളവർ പറഞ്ഞു വെച്ചത് വെറുതെയല്ല.
**** **** ****
വരാൻ പോകുന്ന കെ-റെയിലിന്റെ ട്രെയിലറായാണ് കെ-സ്വിഫ്റ്റ്് ബസുകളെത്തിയത്. വന്നിട്ട് അധികമായില്ലെങ്കിലും റോഡിലിറങ്ങിയപ്പോഴൊക്കെ വാർത്ത സൃഷ്ടിച്ചു കാൽനടയാത്രക്കാരെ കൊന്നും മറ്റു വാഹനങ്ങളെ ഇടിച്ചും അഭിമാന സ്തംഭമായി. ഏറ്റവുമൊടുവിലിതാ കോഴിക്കോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ തൂണുകൾക്കിടയിൽ ഒരു ദിവസം മുഴുവൻ കുടുങ്ങി. തൂണ് മുറിച്ചോ, ഗ്ലാസ് പൊളിച്ചോ പുറത്തെടുക്കാവുന്ന വിധത്തിലായി. ഈ ടെർമിനൽ അപകടകരമാണെന്ന് ചെന്നൈ ഐ.ഐ.ടി റിപ്പോർട്ട് തന്നത് ആരും ഗൗനിച്ചില്ല. പട്ടാപ്പകലും ഇത്രയും കൂരിരുട്ട് അനുഭവപ്പെടുന്ന ഒരു സമുച്ചയം ലോകത്തെവിടെയും കാണില്ല. വാസ്തവത്തിൽ ഇതിന്റെ ഡിസൈൻ തയാറാക്കിയ ആർക്കിടെക്റ്റുകളെ പരമോന്നത ബഹുമതി നൽകി ആദരിക്കുകയാണ് വേണ്ടത്. വല്ല അറബി നാട്ടിലായിരുന്നുവെങ്കിൽ എൻജിനീയർമാർ ഗോതമ്പുണ്ട തിന്നുന്നുണ്ടാവും.






