'എമിറേറ്റ്സ് സ്ട്രോംഗസ്റ്റ് മാൻ' മത്സരത്തിൽ അന്ത്രാരാഷ്ട്ര താരങ്ങളോടൊപ്പം മലയാളി യുവാവും. പ്രവാസിയുടെ മകനും ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥിയുമായ ഷഹ്സാദ് ഷാജഹാനാണ് ഓപ്പൺ കാറ്റഗറി വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മാറ്റുരക്കുന്നത്. എമിറേറ്റ്സിലെ മത്സരാർഥികൾക്കു പുറമെ ജർമനി, ലബനോൻ, ഇറാൻ, ബഹ്റൈൻ തുങ്ങിയ രാജ്യങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര മത്സരാർഥികളും പങ്കെടുക്കുന്നുണ്ട്. ഇന്ന് (മെയ് 29) ദുബായിലാണ് മത്സരം. സ്ട്രോങ്ങസ്റ്റ് മാൻ മത്സരത്തിലെ ഏറ്റവും ഉയർന്ന കാറ്റഗറിയാണ് ഓപ്പൺ കാറ്റഗറി. എത്രമാത്രം ഭാരം ഉയർത്താനും വലിച്ചു നീക്കാനും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാനും കഴിയും എന്നതിന്റെ ശേഷി വിലയിരുത്തിയാണ് ഏറ്റവും ശക്തിമാനെ തെരഞ്ഞെടുക്കുന്നത്. നൂറിലേറെ കിലോ ഭാരമുള്ള സ്റ്റോൺ ഉയർത്തിയും 13 ടൺ ഭാരമുള്ള ബസ് നിശ്ചിത സമയത്തിനകം പത്തു മീറ്റർ വലിച്ചും നിസാൻ ജൂക്, ഫോർഡ് എഫ്150 തുടങ്ങിയ വാഹനങ്ങൾ ഉയർത്തിയുമെല്ലാം ഷഹ്സാദ് തന്റെ ഈ രംഗത്തെ കഴിവ് തെളിയിച്ചിരുന്നു. ദീർഘകാലത്തെ പരിശീലനവും ചിട്ടയായ ജീവിതചര്യയും പ്രത്യേക രീതിയിലുള്ള ഭക്ഷണക്രമവുമെല്ലാം ഇതിന് അനിവാര്യമാണ്. മലയാളികൾ അധികപേർ കടന്നു വരാത്ത ഒരു രംഗം കൂടിയാണിത്. അതുകൊണ്ടുതന്നെ ഒട്ടേറെ വെല്ലുവിളികൾ നേരിട്ടു കൊണ്ടാണ് കഴിഞ്ഞ ഏതാനും വർഷമായി ഷഹ്സാദ് അബുദാബിയിൽ നിന്നു കൊണ്ട് ഈ രംഗത്ത് പരിശീലനം തുടരുന്നത്.
ഇതിനകം നിരവധി മത്സരങ്ങളിൽ ഷഹ്സാദ് പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. ചെന്നൈയിൽ എസ്.ആർ.എം കോളേജ് വിദ്യാർഥിയായിരിക്കുമ്പോഴാണ് ഷഹ്സാദ് ഈ രംഗത്തക്കു കടന്നുവന്നത്. കോളേജ് തലത്തിൽ നിരവധി മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. ബി.ബി.എക്കു ശേഷം അബുദാബിയിലെത്തിയ ഷഹ്സാദ് എമിറേറ്റ്സിൽ നടന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും, പരിശീലനം നടത്തിയും വരികയാണ്. കൂടാതെ പരിശീലന കേന്ദ്രങ്ങളിൽ പരിശീലകനായും പോകുന്നുണ്ട്. കേരളത്തിലെ ഏറ്റവും ജനസ്വാധീനമുള്ള ഫിറ്റ്നസ് സംരംഭമായ വിജോ ഫിറ്റ്നസ് കേരളത്തിലെ ശക്തിമാൻ എന്ന പദവി ഷഹ്സാദിനു സമ്മാനിക്കുകയും അവരുടെ ഇൻസ്റ്റഗ്രാമിൽ ഷഹ്സാദിന്റെ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
2020 ൽ യു.എ.ഇയിൽ നടന്ന അമേച്വർ സ്ട്രോങ്ങസ്റ്റ്മാൻ മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. അടുത്തിടെ യു.എ.ഇയിൽ നടന്ന അണ്ടർ 105 കിലോഗ്രാം കാറ്റഗറിയിൽ യു.എ.ഇ തലത്തിൽ രണ്ടും ഓവറോൾ തലത്തിൽ ഏഴും സ്ഥാനം ഷഹ്സാദ് നേടിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ ഒട്ടേറെ പ്രമുഖർ ഈ മത്സരത്തിന്റെ ഭാഗമായിരുന്നു. തുടർന്നാണ് അതിന്റെ ഉയർന്ന ലവൽ മത്സരമായ ഓപ്പൺ വിഭാഗത്തിലേക്കുള്ള മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മെയ് 31ന് ഉക്രെയിനിൽ നടത്താൻ നിശ്ചയിച്ചിരുന്ന അന്താരാഷ്ട്രതല സ്ട്രോങ്ങസ്റ്റ്മാൻ മത്സരത്തിലേക്കും ഷഹ്സാദിന് ക്ഷണം ലഭിച്ചിരുന്നു. ഓഗസ്റ്റിൽ നടക്കുന്ന മിഡിൽ ഈസ്റ്റ് സ്ട്രോങ്ങസ്റ്റ് മത്സരത്തിൽ പങ്കെടുക്കകയാണ് അടുത്ത ലക്ഷ്യം. ലോകത്തെ ഏറ്റവും ശക്തിമാൻ എന്ന പദവി കരസ്ഥമാക്കുകയാണ് ഷഹ്സാദിന്റെ അഭിലാഷം. ജിദ്ദ ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായിരിക്കെ കലാ, കായിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. സ്കൂൾ തല പരിപാടികൾക്കു പുറമെ കേരള കലാസാഹിതി തുടങ്ങി വിവിധ സംഘടനകളുടെ പരിപാടികളിൽ ഷഹ്സാദ് പങ്കെടുത്തിട്ടുണ്ട്.
ജിദ്ദ അബ്ദുൽ ലത്തീഫ് ജമീൽ കമ്പനിയിലെ ഉദ്യോഗസ്ഥനായ തൃശൂർ സ്വദേശി ഷാജഹാൻ വലിയകത്തിന്റെയും സെറിന്റെയും മകനാണ് ഷഹ്സാദ്. സാഹിൽ, സാറ എന്നിവർ സഹോദരങ്ങളാണ്.






