Sorry, you need to enable JavaScript to visit this website.

ലാസ്റ്റ് ഓവര്‍ വെടിക്കെട്ട്, ടൈറ്റന്‍സ് ഫൈനലില്‍

കൊല്‍ക്കത്ത - അവസാന ഓവറില്‍ ഡേവിഡ് മില്ലര്‍ തുടരെ മൂന്നു സിക്‌സറുകള്‍ പായിച്ചതോടെ ഗുജറാത്ത് ടൈറ്റന്‍സ് കന്നി ഐ.പി.എല്‍ സീസണില്‍ ഫൈനലുറപ്പിച്ചു. അവസാന ഓവറില്‍ 16 റണ്‍സ് വേണമെന്നിരിക്കെ രാജസ്ഥാന്‍ റോയല്‍സ് പെയ്‌സര്‍ പ്രസിദ്ധ് കൃഷ്ണയെ ഡേവിഡ് മില്ലര്‍ തുടര്‍ച്ചയായി മൂന്നു സിക്‌സറുകള്‍ക്ക് പായിക്കുകയായിരുന്നു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് ജയിച്ചു. രാജസ്ഥാന് ഫൈനലിലെത്താന്‍ ഒരവസരം കൂടി ലഭിക്കും. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സും തമ്മിലുള്ള എലിമിനേറ്ററിലെ വിജയികളുമായി അവര്‍ക്ക് ഏറ്റുമുട്ടാം. സ്‌കോര്‍: രാജസ്ഥാന്‍ ആറിന് 188, ഗുജറാത്ത് 19.3 ഓവറില്‍ മൂന്നിന് 191.
സാവധാനം തുടങ്ങി ഇടിച്ചുകയറിയ ഓപണര്‍ ജോസ് ബട്‌ലറും (56 പന്തില്‍ 88) മൂന്നു സിക്‌സറോടെ ക്യാപ്റ്റന്‍ സഞ്ജു സാംസണുമാണ് (26 പന്തില്‍ 47) രാജസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. സഞ്ജു ആദ്യ പത്ത് പന്തില്‍ മൂന്നു ബൗണ്ടറിയും രണ്ട് സിക്‌സറുമടിച്ചു. റാഷിദ് ഖാനാണ് (4-0-15-0) റണ്ണൊഴുക്ക് തടഞ്ഞത്. പന്ത്രണ്ടോവറോളം ബട്‌ലര്‍ക്ക് ഒരു ബൗണ്ടറി പോലും നേടാനായില്ല. എന്നാല്‍ അവസാന അഞ്ചോവറില്‍ ബട്‌ലര്‍ ഫോമിലെത്തി. ഈ ഘട്ടത്തില്‍ നേടിയ 64 റണ്‍സില്‍ 52 റണ്‍സ് ബട്‌ലറുടെ ബാറ്റില്‍ നിന്നായിരുന്നു. ബട്‌ലറെയും സഞ്ജുവിനെയും കൂടാതെ മികച്ച സ്‌കോര്‍ നേടിയത് ദേവദത്ത് പടിക്കല്‍ മാത്രം (20 പന്തില്‍ 28). റിതുരാജ് ഗെയ്കവാദിനെ രണ്ടാം ഓവറില്‍ രാജസ്ഥാന് നഷ്ടപ്പെട്ടിരുന്നു.
അതേ രീതിയില്‍ രാജസ്ഥാന്‍ തിരിച്ചടിച്ചു. രണ്ടാമത്തെ പന്തില്‍ വൃദ്ധിമാന്‍ സാഹ (0) പുറത്തായി. എന്നാല്‍ ശുഭ്മാന്‍ ഗില്ലും (21 പന്തില്‍ 35) മാത്യു വെയ്ഡും (30 പന്തില്‍ 35) അടിത്തറയിട്ടു. പവര്‌പ്ലേയില്‍ ഒന്നിന് 64 ലെത്തിയ ഗുജറാത്ത് തിരിഞ്ഞുനോക്കിയില്ല. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും (27 പന്തില്‍ 40 നോട്ടൗട്ട്) മില്ലറും (38 പന്തില്‍ 68 നോട്ടൗട്ട്) കടിഞ്ഞാണേറ്റെടുത്തു. അവസാന അഞ്ചോവറില്‍ 50 റണ്‍സ് വേണമെന്നിരിക്കെ രാജസ്ഥാന്‍ ബൗളര്‍മാര്‍ അച്ചടക്കം പാലിച്ചിരുന്നു. എന്നാല്‍ അവസാന ഓവറിലെ ആദ്യ മൂന്നു പന്തും മില്ലര്‍ മാനത്തേക്ക് പറത്തി. 
 

Latest News