Sorry, you need to enable JavaScript to visit this website.

ഫൈനലിലെത്താന്‍  രാജസ്ഥാന് രണ്ടവസരം

മുംബൈ - ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഈ സീസണിലെ പത്താമത്തെ തോല്‍വി സമ്മാനിച്ച് രാജസ്ഥാന്‍ റോയല്‍സ് രാജകീയമായി പ്ലേഓഫില്‍. ആദ്യ ക്വാളിഫയറില്‍ അവര്‍ ഗുജറാത്ത് ടൈറ്റന്‍സുമായി ഏറ്റുമുട്ടും. രണ്ടാം സ്ഥാനത്തെത്തിയതോടെ ഫൈനലിലെത്താന്‍ രാജസ്ഥാന് രണ്ട് അവസരം ലഭിക്കും. ലഖ്‌നൊ സൂപ്പര്‍ ജയന്റ്‌സ് എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയോ ദല്‍ഹി കാപിറ്റല്‍സിനെയോ നേരിടും. ഒമ്പതാം ജയത്തോടെ രാജസ്ഥാന് 18 പോയന്റായി. റണ്‍റെയ്റ്റില്‍ ലഖ്‌നൊ സൂപ്പര്‍ജയന്റ്‌സിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. സ്‌കോര്‍: ചെന്നൈ ആറിന് 150, 19.4 ഓവറില്‍ രാജസ്ഥാന്‍ അഞ്ചിന് 151.
വിജയം അനിവാര്യമായ മത്സരത്തില്‍ ചെന്നൈയെ ചെറിയ സ്‌കോറിലൊതുക്കിയ ബൗളര്‍മാരാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. മുഈന്‍അലിയുടെ സൂപ്പര്‍ ഓള്‍റൗണ്ട് പ്രകടനം മുതലാക്കാന്‍ ചെന്നൈക്കു സാധിച്ചില്ല. മുഈന്‍ (57 പന്തില്‍ 93) അടിച്ചു തകര്‍ത്ത ആറോവര്‍ പവര്‍പ്ലേയില്‍ ഒന്നിന് 75 ലെത്തിയിരുന്നു ചെന്നൈ. എന്നാല്‍ അവശേഷിച്ച പതിനാലോവറില്‍ 75 റണ്‍സ് കൂടി നേടാനേ സാധിച്ചുള്ളൂ. മുഈനെ കൂടാതെ രണ്ടക്കത്തിലെത്തിയത് ഡെവോണ്‍ കോണ്‍വേയും (16) എം.എസ് ധോണിയും (26) മാത്രം. 
യശസ്വി ജയ്‌സ്വാളും (44 പന്തില്‍ 59) ആര്‍. അശ്വിനുമാണ് (23 പന്തില്‍ 40 നോട്ടൗട്ട്) രാജസ്ഥാന് വിജയം സമ്മാനിച്ചത്. മുഈന്‍ (4-0-21-1) ബൗളിംഗിലും തിളങ്ങി. 
മുഈന്‍അലിയുടെ വെടിക്കെട്ടോടെയാണ് ചെന്നൈ തുടങ്ങിയത്. ട്രെന്റ് ബൗള്‍ട് എറിഞ്ഞ ആറാം ഓവറിലെ ആറ് പന്തും മുഈന്‍ അതിര്‍ത്തി കടത്തി. ബൗള്‍ടിന്റെ ആദ്യ പന്ത് ബാക്‌വേഡ് സ്‌ക്വയറിലൂടെ അതിര്‍ത്തി കടത്തിയ മുഈന്‍ തുടര്‍ന്നുള്ള അഞ്ചു പന്തുകളും ബൗണ്ടറിക്ക് പായിച്ചു. 19 പന്തില്‍ അര്‍ധ ശതകം തികച്ചു. പവര്‍പ്ലേ പിന്നിടുമ്പോഴേക്കും 24 പന്തില്‍ മുഈന്‍ 65ലെത്തി. മൂന്നു സിക്‌സറും 10 ബൗണ്ടറിയും പറത്തിയായിരുന്നു ഓള്‍റൗണ്ടറുടെ കുതിപ്പ്. പിന്നീട് തുടരെ വിക്കറ്റ് നഷ്ടപ്പെട്ടതോടെ മുഈനും പ്രതിരോധത്തിലായി. 

 

Latest News