എഴുത്തിൽ മുഴങ്ങുന്ന രാഷ്ട്രീയം

വായനക്കാർക്ക് എങ്ങനെ വേണമെങ്കിലും ഒരു കൃതിയെ വായിക്കാം; വ്യാഖ്യാനിക്കാം. അത് അവരുടെ സ്വാതന്ത്ര്യമാണ്. എനിക്കതിനെ കുറിച്ച് ഒന്നും പറയാനില്ല. പക്ഷെ, എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ സൂചിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഒരു കാര്യം ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ എഴുത്തും വായനയും വളരെ സങ്കീർണമായ ഒരു വെല്ലുവിളി നേരിടുന്നു എന്നുള്ളതാണ്. സൈദ്ധാന്തികവും ദാർശനികവുമായ പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വരുന്ന എഴുത്തുകാരന് ജീവിതത്തെ അങ്ങനെ ലളിതമായി സമീപിക്കാൻ ഇനി കഴിയില്ല.

കാലത്തോട് കലഹിക്കാനും കലാപക്കൊടി ഉയർത്താനുമുള്ള കൃത്യമായ കർത്തവ്യ നിർവഹണോപാധി എന്ന നിലയിൽ കഥയെ കാണുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന എഴുത്തുകാരനാണ് ടി.ഡി. രാമകൃഷ്ണൻ. അതിന് അനുസൃതമായ പ്രമേയങ്ങളും ആഖ്യാന രീതികളും രചനകളിലേക്ക് സ്വീകരിക്കുന്നതിൽ അദ്ദേഹം ബദ്ധശ്രദ്ധനുമാണ്. ഏറെക്കുറെ പാരമ്പര്യ വായനയുടെ തടവുകാരായി തന്നെ നിലനിൽക്കുകയും ആ യാഥാസ്ഥിതിക മനോഭാവത്തിന് അപ്പുറത്തേക്ക് കടക്കാൻ മനസുകൊണ്ടും ബുദ്ധികൊണ്ടും ഏറെയൊന്നും പണിപ്പെടാതിരിക്കുകയും ചെയ്യുന്ന മലയാളികളുടെ പൊതുവായനാ ബോധത്തിന് നേരെയുള്ള കടന്നാക്രമണമായിട്ടു തന്നെ വേണം അദ്ദേഹത്തിന്റെ നോവലുകളെ കാണാനും പരിചരിക്കാനും. ടി.ഡി. രാമകൃഷ്ണന്റെ ആദ്യ നോവലായ ആൽഫയും തുടർന്നു വന്ന ഫ്രാൻസിസ് ഇട്ടിക്കോരയും സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയുമെല്ലാം അതിനെ അരക്കിട്ടുറപ്പിക്കുന്ന ഉദാഹരണങ്ങളാണ്.
തികച്ചും അൺകൺവെൻഷണൽ എന്നു തന്നെ വിളിക്കാവുന്ന വിഷയങ്ങൾ തന്റെ എഴുത്തിനുള്ള വിഭവമായി സ്വീകരിക്കുമ്പോൾ വായനക്കാർ അ തെങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക ഒരിക്കലും ഈ എഴുത്തുകാരനെ വിഷമിപ്പിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ തന്റെ കൃതികൾ വ്യാപകമായി വായിക്കപ്പെടണമെന്നോ സ്വീകരിക്കപ്പെടണമെന്നോ ഉള്ള വിശ്വാസത്തിന് ഈ എ ഴുത്തുകാരൻ വിധേയനുമല്ല. വായനക്കാരന്റെ അഭിരുചികളിൽ അട്ടിമറി സൃഷ്ടിച്ചു കൊണ്ട് അവന്റെ വായനാശീലങ്ങളെ പുതുക്കിപ്പണിയാനുള്ള പുതുതന്ത്രം എന്ന നിലയിൽ എഴുത്തിനെ സമീപിക്കാനാണ് അദ്ദേഹത്തിന് താൽ പര്യം. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ എഴുത്ത്, എഴുത്തുകാരെ സംബന്ധിച്ചിടത്തോളം ഒരു ഒഴിവു സമയ വിനോദമല്ല എന്നദ്ദേഹം ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. 2017 ലെ വയലാർ അവാർഡും അടുത്തീയിടെ പ്രഖ്യാപിച്ച കേരള സാഹിത്യ അക്കാദമി അവാർഡും തന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകിക്ക് കിട്ടിയതിന്റെ നിറവിൽ നിൽക്കുന്ന ടി.ഡി. രാമകൃഷ ണൻ, തന്നെ അതിനു പ്രാപ്തനാക്കിയ ആ നോവലിനെ കുറിച്ചും എഴുത്തിനെ കുറിച്ചും മനസ് തുറക്കുന്നു:-
നോവലെഴുത്തിൽ വൈകിയെത്തിയ ആളാണ് താങ്കൾ. 43-ാം വയസിലാണ് ആദ്യ നോവലായ ആൽഫ എഴുതുന്നത്. എങ്കിലും വളരെ വേഗത്തി ൽ മലയാളത്തിലെ മഹത്തായ അംഗീകാരങ്ങളിലൊന്നായ വയലാർ അവാർ ഡും തുടർന്ന് സാഹിത്യ അക്കാദമി അവാർഡും താങ്കളെ തേടിയെത്തി. അവാർഡുകൾ കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നോ?
ഇല്ല, ഒരിക്കലുമില്ല. അംഗീകാരങ്ങൾ മുന്നിൽ കണ്ടു കൊണ്ടല്ല ഞാൻ എഴുതുന്നത്. എഴുതുന്ന സമയത്ത് അത്തരം കാര്യങ്ങളൊന്നും നമ്മുടെ മനസിലേക്ക് കടന്നു വരുന്നില്ല. അതു കൊണ്ടു തന്നെ ഈ അവാർഡുകൾ തി കച്ചും അപ്രതീക്ഷിതമായിരുന്നു. മലയാളത്തിന്റെ ഒരു നടപ്പ് വായനാ രീതിയുടെ ഉള്ളിൽ നിൽക്കാത്ത കൃതിയായതു കൊണ്ടും ഒപ്പം അതിൽ തമിഴിന്റെ ഒരു വലിയ സ്വാധീനം കടന്നു വരുന്നതു കൊണ്ടും ഈ നോവൽ എങ്ങനെ സ്വീകരിക്കപ്പെടും എന്നതിനെ കുറിച്ച് നേരിയൊരു ആകാംക്ഷ ഉണ്ടായിരുന്നു. ചിലപ്പോൾ ഒരു ചെറു ന്യൂനപക്ഷം വായനക്കാരുടെ മാത്രം ശ്രദ്ധയിൽ നോവൽ പെട്ടേക്കും എന്നാണ് കരുതിയിരുന്നത്. പക്ഷെ, ആ ധാരണ തെറ്റി ച്ചു കൊണ്ട് വലിയൊരു കൂട്ടം വായനക്കാർ ആ നോവൽ ഏറ്റെടുത്തു. ഇ പ്പോൾ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി വായിക്കുന്നവരുടെ എണ്ണം വല്ലാതെ കൂടിയിട്ടുണ്ട്. ഈ അവാർഡുകൾ അതിനൊരു നിമിത്തമായി എ ന്നു വേണം കരുതാൻ. അതെന്തായാലും അവാർഡുകളെ ഞാൻ ബഹുമാനിക്കുന്നു. അവ ലഭിച്ചതിൽ അതിയായ സന്തോഷവുമുണ്ട്.
അംഗീകാരങ്ങൾ ഇതിനുമുമ്പും താങ്കൾക്ക് കിട്ടിയിട്ടുണ്ട്. വിവർത്തനത്തിനുള്ള ദിവാകരൻ പോറ്റി അവാർഡ്, ഉള്ളൂർ എസ്. പരമേശ്വരയ്യർ അവാർഡ്, നല്ലി ദിശൈ എട്ടും അവാർഡ്, ഫ്രാൻസിസ് ഇട്ടിക്കോരയ്ക്ക് ഭാഷാ ഇൻസ്റ്റിറ്റിയൂട്ടിന്റെ 2010-ലെ ബഷീർ അവാർഡ്, കോവിലൻ അവാർഡ്, മുണ്ടൂർ കൃഷ്ണൻകുട്ടി അവാർഡ്, പ്രവാസി കൈരളി അവാർഡ്, ഇപ്പോൾ വയലാർ അവാർഡും. അംഗീകാരങ്ങൾ എഴുത്തുകാരൻ എന്ന നിലയിൽ താങ്കളുടെ ഉത്തരവാദിത്തങ്ങൾ വർധിപ്പിച്ചു എന്നു തോന്നുന്നുണ്ടോ?
എഴുത്ത് തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ തന്നെ കൈകാര്യം ചെയ്യുന്ന ഒരാളാണ് ഞാൻ. അംഗീകാരങ്ങൾ കിട്ടിയാലും ഇല്ലെങ്കിലും അത് അങ്ങനെ തന്നെയാണ്. എഴുത്ത,് എനിക്കൊരു വിനോദോപാധിയല്ല. അത് വളരെയേറെ ഗൗരവപ്പെട്ട ഒരു കാര്യമായിട്ടാണ് ഞാൻ കരുതുന്നത്. ഓരോ കൃ തിയും ഏറെ സമയമെടുത്തും തയ്യാറെടുത്തുമാണ് ഞാൻ എഴുതിയിട്ടുള്ളത്. അതേസമയം അംഗീകാരം ലഭിക്കുമ്പോൾ എഴുത്തുകാരൻ എന്ന നിലയിൽ അതെന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്. സ്വാഭാവികമായും അതിന്റെ ഗുണപരമായ മേൻമ എന്റെ ഇനിയുള്ള കൃതികളിൽ പ്രതിഫലിക്കും എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. എഴുത്ത് രംഗത്ത് തുടരാനും നിലനി ൽക്കാനുമുള്ള ഊർജം കൂടി അതെനിക്ക് നൽകുന്നുണ്ട്.
ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി-മൂന്നു വ്യത്യസ്ത വിഷയങ്ങളെ ആധാരമാക്കിയെഴുതിയ മൂന്നു നോവലുകൾ. എന്നാൽ ഈ മൂന്നു നോവലുകളും ഒരു കാര്യത്തിൽ ഏകതാനത പുലർത്തുന്നുണ്ട്. അത് മലയാളത്തിന്റെ പാരമ്പര്യ എഴുത്തു രീതിയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള പ്രമേയ സ്വീകരണത്തിലും ആഖ്യാനത്തിലും കൈക്കൊണ്ട വൈജാത്യമാണ്. ഇത് ഒരു ശാഠ്യം പോലെ സ്വീകരിച്ചതാണോ അതോ സ്വാഭാവികമായി ഉരുത്തിരിഞ്ഞു വന്നതാണോ?
ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ അമ്മയുടെ പ്രോത്സാഹനത്തിൽ നന്നായി വായിച്ചിരുന്നു. ആലുവ യു.സി കോളജിൽ ചേർന്നപ്പോൾ ആ വായന വളർന്നു. കോളജ് മാഗസിനിൽ കവിതകൾ എഴുതിക്കൊണ്ടായിരുന്നു എഴുത്തിൽ എന്റെ തുടക്കം. ആദ്യകാല ബംഗാളി നോവലുകളും റഷ്യൻ നോവലുകളും എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അന്ന് യൂണിയൻ ചെയർമാനായിരുന്ന ഫാദർ എം.ടി. ജോസഫ് എന്ന സുഹൃത്ത് എന്റെ വായനയെ ക്രിയാത്മകമായി പരുവപ്പെടുത്തിയ ആളാണ്. ജോർജ് ഓർവെല്ലിന്റെ ആനിമൽ ഫാം പോലുള്ള കൃതികൾ അദ്ദേഹത്തിന്റെ പുസ്തക ശേഖരത്തിൽ നി ന്നുമാണ് ഞാൻ എടുത്തു വായിക്കുന്നത്.
പിന്നീട് 1981-ലാണ് ഇന്ത്യൻ റെയിൽവെയിൽ ഞാൻ ഉദ്യോഗസ്ഥനാകുന്നത്. ആദ്യം തമിഴ്‌നാട്ടിലെ സേലത്തായിരുന്നു പോസ്റ്റിംഗ്. ഇക്കാലത്ത് എങ്ങനെയോ പിടിപെട്ട ഒരു ഇന്റലക്ച്വൽ കൺഫ്യൂഷൻ എന്റെ വായനയെ ത കിടം മറിച്ചു. സാഹിത്യത്തിൽ താൽപര്യമില്ലാതായി. അത്തരത്തിലുള്ള വായ ന തന്നെ നിലച്ചു. രാഷ്ട്രീയ-സാമ്പത്തിക വിഷയങ്ങളെ കേന്ദ്രീകരിച്ചായിരു ന്നു പിന്നത്തെ വായന മുഴുവൻ. ആ വായനയും അതിന്റെ ഫലമായി കിട്ടിയ കുറേ ദാർശനിക സമസ്യകളും സങ്കടങ്ങളുമാണ് എനിക്ക് സാഹിത്യത്തിലിറങ്ങാനുള്ള പ്രചോദനമായി തീരുന്നത്. അങ്ങനെയാണ് ആദ്യ നോവലായ ആ ൽഫ എഴുതുന്നത്. എന്നാൽ സാഹിത്യം അക്കാഡമിക്കായി പഠിച്ച ഒരാളല്ല ഞാൻ. സാമ്പത്തിക ശാസ്ത്രമായിരുന്നു എന്റെ വിഷയം. എഴുതുന്ന പ്രമേയങ്ങൾക്കനുസരിച്ചുള്ള ഭാഷയും ആഖ്യാനവും സ്വീകരിച്ചപ്പോൾ എന്റെ നോവലുകൾ മലയാളത്തിന്റെ പാരമ്പര്യ നോവൽ സങ്കൽപ്പത്തിന് ഒരു വഴി മാറ്റം നൽകി എന്നത് ശരിയായിരിക്കാം. അത് പക്ഷെ, സ്വാഭാവികമായി സംഭവിച്ചതാണ്.  
താങ്കൾ എന്തിനെഴുതുന്നു?


എഴുത്തിനെ ഒരു രാഷ്ട്രീയ പ്രവർത്തനമായി കാണുന്ന ആളാണു ഞാ ൻ. അഥവാ എന്റെ എഴുത്തിലൂടെ തെളിയുന്നത് എന്റെ രാഷ്ട്രീയ ചിന്താ പ ദ്ധതികൾ തന്നെയാണ്. എന്നാൽ അതിന് ഇന്നത്തെ പൊതു രാഷ്ട്രീയ വ്യവഹാരവുമായി ബന്ധമൊന്നുമില്ല. സമൂഹത്തിൽ സൂഷ്മമായ തലത്തിലും അ ല്ലാതെയുമായി നിലനിൽക്കുന്ന അധികാര ഘടനകളോടുള്ള നിരന്തരമായ ക ലഹവും അവ പുനഃർനവീകരിക്കാനുള്ള എളീയ ശ്രമങ്ങളുമാണ് എഴുത്തിലൂ ടെ ഞാൻ നടത്തുന്നത്. എഴുത്ത് എന്റെ ആത്മാവിഷ്‌കാരമല്ല. നമുക്കു ചുറ്റുമുള്ള അറിയുന്നതും അറിയാത്തതുമായ ജീവിതത്തെയും സമൂഹത്തെയും വായനക്കാരുടെ ഇടയിലേക്കെത്തിച്ച് അവരിൽ സംവാദത്തിനുള്ള സാധ്യത സൃഷ്ടിക്കാനാണ് എന്റെ ശ്രമം. ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്നീ മൂന്നു നോവലുകളിലൂടെ മൂന്നു തരത്തിലായി അതു തന്നെയാണ് ഞാൻ ലക്ഷ്യമിടുന്നത്. 
ശ്രീലങ്കയിലെ സർക്കാർ സൈന്യവും തമിഴ്പുലികളും തമ്മിൽ ദശകങ്ങളായി നടന്നു വന്ന അതിരൂക്ഷമായ ആഭ്യന്തരയുദ്ധങ്ങളുടെയും അതിന്റെ പേരിൽ അവരിരുവരും നടത്തിയ ക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങളു ടെയും അതിനിടയിൽ സമാധാനം ആഗ്രഹിക്കുന്നവർ പലതരത്തിലും പീഡിപ്പിക്കപ്പെട്ടതിന്റെയും ഒക്കെ കഥയും രാഷ്ട്രീയവും ചരിത്രവുമാണ് താങ്കൾ സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയിൽ അവതരിപ്പിക്കുന്നത്. ശ്രീലങ്കയിൽ നടക്കുന്ന സംഭവങ്ങളിലേക്ക് എങ്ങനെയാണ് താങ്കളുടെ ശ്രദ്ധ തിരിഞ്ഞത്?
ആൽഫ എഴുതിയതിന് ശേഷം 2002 മുതൽ 2006 വരെയുള്ള കാലത്ത് ഞാൻ കുറേ തമിഴ് കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താൻ ശ്രമി ക്കുകയുണ്ടായി. കൂടാതെ പല തമിഴ്, തമിഴ്-ശ്രീലങ്കൻ എഴുത്തുകാർ, രാഷ് ട്രീയക്കാർ, സിനിമാക്കാർ തുടങ്ങിയവരുമായി നടത്തിയ അഭിമുഖങ്ങളും മലയാളത്തിലെ വിവിധ മാഗസിനുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമിഴ് ഈഴ എ ഴുത്തുകാരായ ഷോഭാ ശക്തി, വി ഐ എസ് ജയപാലൻ, ഫാഹിമാ ജഹാൻ എന്നിവരുമായി ഒരിടയ്ക്ക് അടുത്ത ബന്ധം പുലർത്തിയിരുന്നു. ശ്രീലങ്കൻ വിഷയത്തിലേക്ക് എന്റെ ശ്രദ്ധ പതിയുന്നത് അവരിലൂടെയാണ്. ഒരിക്കൽ ചെന്നൈ ബുക്ക് ഫെയറിൽ വച്ച് കണ്ടപ്പോൾ ഷോഭാ ശക്തി അദ്ദേഹത്തിന്റെ മ് എന്ന നോവൽ എനിക്ക് വായിക്കാൻ തന്നു. ശ്രീലങ്കൻ പ്രശ്‌നങ്ങൾ വിവി ധ തലങ്ങളിലായി ആഴത്തിൽ അവലോകനം ചെയ്യുന്ന ആ കൃതി എന്നെ വ ല്ലാതെ അസ്വസ്ഥനാക്കി. അതു കൊണ്ടു തന്നെയാണ് ഞാനത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ആ പുസ്തക വായനയും വിവർത്തനത്തിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളും ശീലങ്കൻ പ്രശ്‌നത്തെ കുറിച്ച് ഒരു പാട് അറിവും കാഴ്ചപ്പാടുകളും എനിക്ക് സമ്മാനിച്ചു.
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി പിറവിയെടുക്കുന്നത് അങ്ങനെയാണോ?
അല്ല. അപ്പൊഴൊന്നും ആ പശ്ചാത്തലത്തിൽ ഒരു നോവൽ എന്ന ചി ന്ത മനസിലുണ്ടായിരുന്നില്ല. നോവൽ എന്നതൊക്കെ കുറച്ചു കൂടി കഴിഞ്ഞ് യാദൃച്ഛികമായി സംഭവിച്ചതാണ്. ഒരിക്കൽ തൃശൂരിൽ വെച്ചു നടന്ന ഒരു സാ ഹിത്യ ചർച്ചയിൽ ശ്രീലങ്കയും അവിടുത്തെ വിമോചന സമരങ്ങളും വംശീയ പ്രശ്‌നവുമൊക്കെ കടന്നു വന്നു. 2009-ലെ പുലിപ്രഭാകരന്റെ പതനത്തിനു ശേഷം ഷോഭാ ശക്തിയെ പോലുള്ള പല തമിഴ് ഈഴം എഴുത്തുകാർക്കും ശ്രീലങ്ക വിട്ടോടി പോകേണ്ടി വന്നതിനെ കുറിച്ചും പലർക്കും ജീവൻ തന്നെ നഷ്ടപ്പെട്ടതിനെ കുറിച്ചുമൊക്കെ സംസാരിച്ചു. അപ്പോൾ അവിടെ ഉണ്ടായിരുന്ന സിവിക് ചന്ദ്രൻ ഈ കാര്യങ്ങളൊക്കെ ഒന്നു കുറിച്ചു തന്നാൽ അവരു ടെ പാഠഭേദം മാസികയിൽ കൊടുക്കാമെന്നു പറഞ്ഞു. സിവിക്കിന്റെ നിർബന്ധം മുറുകിയപ്പോഴാണ് അത് ആദ്യം ലേഖന രൂപത്തിൽ എഴുതിയത്. അ ങ്ങനെ എഴുതി വരുമ്പോൾ അതിൽ ഒരു കഥയ്ക്കുള്ള സാധ്യത ഉണ്ടെന്ന് മനസിലായി.
ആയിടയ്ക്കാണ് എഴുത്തുകാരനായ എൻ എസ് മാധവൻ സാറിനെ ഒ ന്നു രണ്ടു പ്രാവശ്യം കാണാനിടയായത്. അപ്പൊഴൊക്കെ അദ്ദേഹം അടുത്ത നോവൽ എന്താണ് എന്നെന്നോട് ചോദിക്കുകയുണ്ടായി. നോവലൊന്നും അ പ്പോൾ മനസിൽ ഉണ്ടായിരുന്നില്ലെങ്കിലും ഒരു നോവൽ രചനയിലാണെന്ന്  
വെറുതെ അദ്ദേഹത്തോട് പറഞ്ഞു. പറഞ്ഞത് അബദ്ധമായി എന്ന് താമസിയാതെ മനസിലായി. ആ സമയത്ത് ഔട്ട് ലുക്ക് മാഗസിൻ ഒരു മലയാളം ഓണപ്പതിപ്പ് ഇറക്കാൻ പദ്ധതിയിട്ടിരുന്നു. എൻ എസ് മാധവനായിരുന്നു അതി ന്റെ ഗസ്റ്റ് എഡിറ്റർ. എഴുതുന്ന നോവലിന്റെ ചിലഭാഗങ്ങൾ അതിൽ കൊടുക്കാൻ തരണമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ പിന്നെ എഴുതുകയല്ലാതെ വേറെ വഴിയില്ലെന്നായി. സുഗന്ധിയുടെ ആദ്യ അധ്യായത്തിന്റെ കുറച്ചു ഭാഗം ഔട്ട് ലുക്ക് ഓണപ്പതിപ്പിൽ വരുന്നത് അങ്ങനെയാണ്. 
അപ്പൊഴും, ഇപ്പോൾ കാണുന്നതു പോലെയുള്ള ഒരു നോവലായി അതെന്റെ മനസിൽ രൂപപ്പെട്ടിരുന്നില്ല. ഒരു നോവലെറ്റായി എഴുതാം എന്നാണ് വിചാരിച്ചിരുന്നത്. ആ സമയത്താണ് മാധ്യമം ആഴ്ചപ്പതിപ്പിൽ നിന്നും പി കെ പാറക്കടവ് വിളിച്ച് ഒരു നോവലെറ്റ് വേണമെന്ന് പറയുന്നത്. പ്രമുഖരായ എഴുത്തുകാരുടെ ഒരു നോവലെറ്റ് പരമ്പര കൊടുക്കുന്നതിന്റെ കൂട്ടത്തിൽ വാരികയിൽ ഉൾപ്പെടുത്താനാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു. അങ്ങനെ നോവലെറ്റ് എഴുതി തുടങ്ങി. എഴുതി വരുമ്പൊഴാണ് മനസിലായത് ഇത് ഒരു നോവലായി തന്നെ വിപുലപ്പെടുത്താൻ കഴിയുമെന്ന്. പാറക്കടവിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു നോവലായാലും അത് ഞങ്ങൾക്ക് തന്നെ തരണമെന്ന്. സുഗന്ധി എന്ന ആണ്ടാൾ ദേവനായകി നോവലായി അങ്ങനെ മാധ്യമം ആഴ്ചപ്പതിപ്പിലൂടെ വെളിച്ചം കണ്ടു.
നമ്മുടെ നാടിനപ്പുറത്ത്, ദേശത്തിനപ്പുറത്ത് മറ്റൊരു ദേശത്ത്, മറ്റൊരു ഭാഷയിൽ നടക്കുന്ന സംഭവങ്ങളാണ് താങ്കളുടെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി പറയുന്നത്. നമ്മുടെ നാടിന്റെ, ദേശത്തിന്റെ അടയാളപ്പെടുത്തലുകളിൽ നിന്നുള്ള ഒരു ഒഴിഞ്ഞുമാറ്റമായി ഇതിനെ വ്യാഖ്യാനിച്ചാൽ?
വായനക്കാർക്ക് എങ്ങനെ വേണമെങ്കിലും ഒരു കൃതിയെ വായിക്കാം; വ്യാഖ്യാനിക്കാം. അത് അവരുടെ സ്വാതന്ത്ര്യമാണ്. എനിക്കതിനെ കുറിച്ച് ഒന്നും പറയാനില്ല. പക്ഷെ, എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ സൂചിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഒരു കാര്യം ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ എഴുത്തും വായനയും വളരെ സങ്കീർണമായ ഒരു വെല്ലുവിളി നേരിടുന്നു എന്നുള്ളതാണ്. സൈദ്ധാന്തികവും ദാർശനികവുമായ പ്രതിസന്ധികളിലൂടെ കടന്നു പോ കേണ്ടി വരുന്ന എഴുത്തുകാരന് ജീവിതത്തെ അങ്ങനെ ലളിതമായി സമീപിക്കാൻ ഇനി കഴിയില്ല. ടെക്ക്‌നോളജിയുടെ അവിശ്വസനീയമായ കുതിച്ചുചാ ട്ടം എഴുത്തിന്റെ ഇടം പുനഃർനിർവചിക്കാൻ ഇന്ന് ഓരോ എഴുത്തുകാരനെ യും വല്ലാതെ നിർബന്ധിക്കുന്നുണ്ട്. സ്വാഭാവികമായും എഴുത്തുകാരും എഴു ത്തു രീതിയും മാറിയേ തീരൂ. തിങ്ക് ഗ്ലോബൽ ആന്റ് ആക്ട് ഗ്ലോബൽ എന്ന തലത്തിലേക്കാണ് ഇന്ന് കാര്യങ്ങൾ മാറുന്നത്. അല്ലാത്ത ശാഠ്യങ്ങൾക്കൊ ന്നും പ്രസക്തി ഇല്ലാതായി തീർന്നിട്ടുണ്ട്.
വിവരസാങ്കേതിക വിദ്യ ഇന്നെത്തി നിൽക്കുന്ന വളർച്ചയുടെ പശ്ചാത്തിലത്തിൽ പഴയ കാലത്തെന്ന പോലെ ഒരു ചെറിയ കള്ളിയിൽ മാത്രം ഒ തുങ്ങി നിന്ന് കൊണ്ട് നമുക്ക് കാര്യങ്ങൾ ചിന്തിക്കാനും വിലയിരുത്താനും പറ്റില്ല. ആഗോളീകരണത്തിന്റെ പുതിയ കാലത്ത് അതിന് അനുസൃതമായ മാറ്റങ്ങൾ എഴുത്തിലും നാം കൈക്കൊള്ളേണ്ടതുണ്ട്. ഏതൊരിടത്തും മനുഷ്യർക്ക് സംഭവിക്കുന്ന പ്രശ്‌നങ്ങൾ അത് നമ്മുടേത് കൂടിയാണ് എന്ന് തിരിച്ചറിയാൻ നമുക്കു കഴിയണം. മനസിന്റെ സങ്കുചിതത്വം വെടിയണം. വെടി ഞ്ഞേ തീരൂ. അല്ലെങ്കിൽ എഴുത്ത് ഒരടി കൂടി മുന്നോട്ട് കൊണ്ടു പോകാൻ കഴിയില്ല. നോവൽ എന്ന സാഹിത്യ രൂപം തന്നെ ഒരു ആഗോള കാഴ്ചപ്പാടിലേക്ക് മാറുന്ന വർത്തമാന കാലത്ത് നമ്മുടെ ദേശം അവരുടെ ദേശം അഥ വാ ഇന്ത്യ-ശ്രീലങ്ക എന്ന ദേശീയ സങ്കുചിതത്ത്വം പറഞ്ഞു കൊണ്ടിരിക്കുന്നതിൽ ഒരർഥവുമില്ല എന്നാണ് എനിക്ക് തോന്നുന്നത്.
കേരളീയമായ ചില സ്പർശം ചിലയിടങ്ങളിൽ കടന്നു വരുന്നുണ്ടെങ്കി ലും സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയുടെ ഒരു പൊതുകഥാ പശ്ചാത്തലം ശ്രീലങ്കയാണ്. അതായത് മറ്റൊരു ദേശത്ത് നടക്കുന്ന കഥ. ഒരു എഴു ത്തു മുറിയിൽ ഇരുന്നു കൊണ്ട് സാധാരണ ഗതിയിൽ എഴുതി ഫലിപ്പിക്കാനാവാത്ത ഒരു കഥാതന്തു. ഈ നോവലെഴുത്തിന് ഏതൊക്കെ തരത്തിലുള്ള തയ്യാറെടുപ്പുകളാണ് നടത്തിയത്?
മുമ്പ് മൂന്നു തവണ പല കാലങ്ങളിലായി ഞാൻ ശ്രീലങ്കയിൽ പോയിരുന്നു. പക്ഷെ, അന്നൊന്നും ശ്രീലങ്കൻ പശ്ചാത്തലത്തിൽ ഒരു കൃതി മനസിലുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ സുഗന്ധിയുടെ എഴുത്തിനു വേണ്ടി ഒന്ന് ഒരുങ്ങാനായി ഞാൻ ഒരിക്കൽ കൂടി ശ്രീലങ്ക സന്ദർശിക്കുകയുണ്ടായി. ആഭ്യന്തര കലാപം തകർത്തു തരിപ്പണമാക്കിയ പുതുകുടിയിരിപ്പു പോലുള്ള നിരവധി സ്ഥലങ്ങളിലൂടെ അലഞ്ഞു. ഒരു ജനതയുടെ ജീവിതവും സ്വപ്‌നങ്ങളും കത്തിക്കരിഞ്ഞു പോയതിന്റെ മർമഭേദകമായ അനേകം കാഴ്ചകൾ ആ യാത്രയിൽ കാണാനിടയായി. സുസാന സുപിന എന്നൊരു സാങ്കൽപിക ഗ്രന്ഥത്തെ കുറിച്ച് നോവലിൽ പറയുന്നുണ്ട്. സ്വപ്‌നങ്ങളുടെ ശ്മശാനം എന്നാണ് ഈ പാലി വാക്കിന്റെ അർഥം. ഈ കാഴ്ചകളാണ് അത്തരം ഒരു പേരിലേക്ക് എന്നെ എത്തിച്ചത്.
നോവലിലെ പ്രധാന കഥാ പാത്രങ്ങളിലൊരാളായ രജനി തിരണഗാമയെ കുറിച്ചുള്ള നോ മോർ ടിയേഴ്‌സ് സിസ്റ്റർ എന്ന ഡോക്യുമെന്ററി വിശദമായി കണ്ടു. അതിൽ പറയുന്ന ദി ബ്രോക്കൺ പാൽമിറ എന്ന പുസ്തകം മനസിരുത്തി വായിച്ചു. ശ്രീലങ്കയുടെ ചരിത്രം അവലോകനം ചെയ്തു. ആണ്ടാളിന്റെ തിരുപ്പാവൈ വായിച്ചു. വിഴിഞ്ഞം കോട്ട, കാന്തളൂർ ശാല എന്നിവയെ കുറിച്ചുള്ള ചരിത്രം കേരള യൂണിവേഴ്‌സിറ്റിയിലെ ഒരു അജിത് കുമാറിന്റെ ഹിന്ദുവിൽ വന്ന കുറിപ്പിൽ നിന്നുമാണ് മനസിലാകുന്നത്. മദ്രാസ് യൂണിവേഴ്‌സിറ്റി ആർക്കിയോളജിക്കൽ വകുപ്പിലെ ഇളങ്കോ എന്നയാളുടെ ചില പഠനങ്ങളും എനിക്ക് സഹായകമായിട്ടുണ്ട്. കവി സച്ചിദാനന്ദന്റെ ആണ്ടാൾ പ്രണയത്തെ കുറിച്ച് സംസാരിക്കുന്നു എന്ന കവിതയുടെ സ്വാധീനവും ആണ്ടാൾ ദേവനായകി എന്ന കഥാപാത്രത്തെ രൂപപ്പെടുത്താൻ ഏറെ തുണയായി. അങ്ങനെയൊക്കെ ഒന്നൊന്നര വർഷക്കാലം നടത്തിയ കഠിനമായ പരിശ്രമങ്ങളുടെ അനന്തരഫലമാണ് ആ നോവൽ.
ചരിത്രം ആഴത്തിൽ പ്രതിഫലിച്ചു കാണുന്ന ഒരു കൃതിയാണിത്. ഒരു ചരിത്ര നോവൽ എന്ന് സുഗന്ധിയെ വിശേഷിപ്പിച്ചാൽ?
നേരത്തെ പറഞ്ഞതുപോലെ അത് വായനക്കാരന്റെ സ്വാതന്ത്ര്യം. പക്ഷെ, ഇതൊരു ചരിത്ര കൃതിയല്ല എന്നാണ് എനിക്ക് വ്യക്തമാക്കാനുള്ളത്. ചരിത്രം അറിയേണ്ടവരും പഠിക്കേണ്ടവരും ഈ കൃതി വായിക്കണമെന്നില്ല. കാരണം അതവരെ നിരാശപ്പെടുത്തും. അവർക്ക് കേശവൻ വെളുത്താട്ടിന്റെയോ എം ജി എസിന്റെയോ ചരിത്രഗ്രന്ഥങ്ങൾ വായിക്കാമല്ലോ. ഈ നോവലിനകത്ത് ചരിത്രം ഉൾപ്പെടുത്തിയത് അത് കഥയെ സമർഥമായി മുന്നോട്ടു കൊണ്ടു പോകാനുള്ള ഫലപ്രദമായ ഒരു ഉപാധി എന്ന നിലയിലാണ്. അത് അങ്ങനെ മാത്രമേ കാണേണ്ടതുമുള്ളൂ.
ചരിത്രം പോലെ തന്നെ മിത്തും താങ്കൾ ഈ നോവലിൽ ശക്തമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒരർഥത്തിൽ ദേവനായകി എന്ന മിത്തിൽ നിന്നു തന്നെയാണ് ഈ നോവൽ വളർന്നു വികസിക്കുന്നത്. എന്നാൽ ഫാന്റസിയുടെ തലത്തിൽ നിൽക്കുന്ന മിത്തുകളെ പ്രായോഗിക ജീവിതത്തിന്റെ പ്രയോക്താക്കളായ ഒരു പുതിയ തലമുറയുടെ കാലത്തേക്ക് കൊണ്ടു വരുന്നതിലെ സാംഗത്യമെന്താണ്?
ഒരു കഥ പറയാൻ കഥാകാരൻ പല വഴികളും ആലോചിക്കും. താൻ പറയാൻ പോകുന്ന കഥ വായനക്കാരോട് പറഞ്ഞ് ഫലിപ്പിക്കാനുള്ള പലതരം സാധ്യതകൾ ആരായുകയാണ് അതിലൂടെ അയാൾ ചെയ്യുന്നത്. സുഗ ന്ധി എന്ന ആണ്ടാൾ ദേവനായകിയിൽ ഞാൻ മിത്തിനെ കൂട്ടു പിടിച്ചതും അതിനു വേണ്ടി മാത്രമാണ്. ആദ്യം ഒരു ലേഖനമായി എഴുതി പിന്നെ ഒരു നോവലെറ്റായി ആലോചിച്ച് അവസാനം വലിയൊരു നോവലായി പരിണമിച്ചതാണ് ഈ കൃതി എന്ന് മുമ്പേ സൂചിപ്പിച്ചിട്ടുണ്ടല്ലൊ. അങ്ങനെ നോവലായി എഴുതി തുടങ്ങിയപ്പോൾ ശ്രീലങ്കൻ വംശീയ കലാപത്തിന്റെയും അതി ന്റെ വൈവിധ്യങ്ങളായ സംഭവ വികാസങ്ങളെയും കുറിച്ച് പറയാൻ ഒരു മി ത്ത് ആവശ്യമാണെന്ന് തോന്നി. അതിനകത്ത് നിന്നു കൊണ്ട് കഥ പറയുക യാണെങ്കിൽ അത് എനിക്ക് കുറേക്കൂടി എളുപ്പവും അതേ സമയം വായിക്കുന്നവർക്ക് വിശ്വാസയോഗ്യവുമായിരിക്കും എന്നു ഞാൻ കണക്കുകൂട്ടി. അ തിനായി ദേവനായകിയെ കുറിച്ചുള്ള ഒരു മിത്ത് ഞാൻ തന്നെ സ്വയം മെനഞ്ഞുണ്ടാക്കി എന്നേയുള്ളു. അതെന്തായാലും പുതുകാലത്തെ വായനക്കാർ ആ മിത്ത് ഉൾക്കൊണ്ട നോവൽ ഏറ്റെടുത്ത് ഇപ്പോൾ ആഘോഷമാക്കുകയാണ്. പൊതുവെ ഫാന്റസിയുടെ തലമുള്ളവയാണ് മിത്തുകളെങ്കിലും അതിലൂ ടെ മനുഷ്യ ജീവിതത്തിന്റെ ആരും കാണാത്ത വൈവിധ്യമാണ് നാം സത്യസ ന്ധമായി പറയുന്നതെങ്കിൽ അതിലൊരു സാംഗത്യമുണ്ടെന്ന് വായനക്കാർ ദർശിക്കും എന്നു തന്നെയാണ് ഇത് തെളിയിക്കുന്നത്. 

Latest News