Sorry, you need to enable JavaScript to visit this website.

പഠനം സഫിയക്ക് തപസ്യ

പന്ത്രണ്ടാം വയസ്സിൽ സ്‌കൂളിന്റെ പടികളിറങ്ങിയ സഫിയ പത്തുവർഷത്തിനു ശേഷം പഠനം പുനരാരംഭിച്ചപ്പോൾ അയൽക്കാരെല്ലാം അവളെ ഒരു വിചിത്ര ജീവി എന്ന നിലയിലാണ് കണ്ടത്. ചിലർക്ക് പുഛമായിരുന്നു. മറ്റു ചിലർക്കാകട്ടെ ഇനി പഠിച്ചിട്ട് എന്താ കാര്യം എന്ന മനോഭാവമായിരുന്നു. പക്ഷേ, തോറ്റുകൊടുക്കാൻ സഫിയ തയാറായിരുന്നില്ല. ഓരോ കടമ്പകൾ മറികടന്ന് അവർ ബിരുദം നേടി. അപ്പോഴാണ് അവർ പഠനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മനസ്സിലായത്. സോഷ്യോളജി, ചരിത്രം, വിദ്യാഭ്യാസം എന്നിവയിൽ മാസ്റ്റർ ബിരുദം നേടിയ സഫിയ ടീച്ചർ കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്തുള്ള പേരോട് എം.ഐ.എം ഹയർ സെക്കണ്ടറി സ്‌കൂളിലെ സോഷ്യോളജി അധ്യാപികയാണ്.

ഒരമ്മയുടെ പോരാട്ട വീര്യത്തിന്റെ കഥയാണിത്. പന്ത്രണ്ടാം വയസ്സിൽ വിവാഹം. പതിനഞ്ചാം വയസ്സിൽ ഇരട്ടക്കുട്ടികളുടെ അമ്മ. പത്തൊൻപതാം വയസ്സിൽ മൂന്നാമതൊരു കുട്ടി കൂടി. അവിടെനിന്നും തുടങ്ങിയതാണ് സഫിയ ടീച്ചറുടെ പുസ്തകങ്ങളുമായുള്ള ചങ്ങാത്തം. പാഠപുസ്തകങ്ങൾ മാറോടു ചേർത്തുപിടിച്ചായിരുന്നു പിന്നീടുളള സഞ്ചാരം. ഇന്നിപ്പോൾ മൂന്നു വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും എം.എഡും സെറ്റും നേടി ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപികയുമായി. അവിടെയും തീർന്നില്ല. ഇന്നും പഠനവഴിയിൽ സഞ്ചാരം തുടരുകയാണ് ഈ ഗുരുനാഥ.
വിവാഹവും മാതൃത്വവും പഠനത്തിന് തടസ്സമല്ലെന്ന് ടീച്ചർ പറയുന്നു. പഠിക്കണമെന്ന് നിങ്ങൾക്ക് ശരിക്കും ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള സമയവും സാഹചര്യവും രൂപപ്പെടുക തന്നെ ചെയ്യും. ഏതു പ്രതിസന്ധിയും അതിജീവിച്ച് വിദ്യാഭ്യാസം പൂർത്തിയാക്കാനും തൊഴിൽ നേടാനും കഴിയും. തന്റെ ശിഷ്യകളോട് ടീച്ചർ എപ്പോഴും പറയുന്നതും ഇതു തന്നെയാണ്.
മൂന്നു മക്കളുടെ അമ്മയായ സഫിയ ഒതയച്ചാണ്ടിയിൽ എസ്.എസ്. എസ്. എൽ.സി പരീക്ഷ എഴുതാൻ പോകുമ്പോൾ ഭയപ്പെട്ടിരുന്നത് തന്റെ മുന്നിലെത്തുന്ന ചോദ്യശരങ്ങളെ ആയിരുന്നില്ല. പരീക്ഷാ ഹാളിലേയ്ക്കു നടക്കുമ്പോൾ സംശയത്തോടെ തന്നെ വീക്ഷിച്ചിരുന്ന കണ്ണുകളെയായിരുന്നു. പന്ത്രണ്ടാം വയസ്സിൽ സ്‌കൂളിന്റെ പടികളിറങ്ങിയ സഫിയ പത്തു വർഷത്തിനുശേഷം പഠനം പുനരാരംഭിച്ചപ്പോൾ അയൽക്കാരെല്ലാം അവളെ ഒരു വിചിത്ര ജീവി എന്ന നിലയിലാണ് കണ്ടത്. ചിലർക്ക് പുഛമായിരുന്നു. മറ്റു ചിലർക്കാകട്ടെ, ഇനി പഠിച്ചിട്ട് എന്താ കാര്യം എന്ന മനോഭാവമായിരുന്നു. പക്ഷേ, തോറ്റുകൊടുക്കാൻ സഫിയ തയാറായിരുന്നില്ല. ഓരോ കടമ്പകൾ മറികടന്ന് അവർ ബിരുദം നേടി. അപ്പോഴാണ് അവർ പഠനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മനസ്സിലായത്. സോഷ്യോളജി, ചരിത്രം, വിദ്യാഭ്യാസം എന്നിവയിൽ മാസ്റ്റർ ബിരുദം നേടിയ സഫിയ ടീച്ചർ കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്തുള്ള പേരോട് എം.ഐ.എം ഹയർ സെക്കണ്ടറി സ്‌കൂളിലെ സോഷ്യോളജി അധ്യാപികയാണ്.
തിരിഞ്ഞുനോക്കുമ്പോൾ തന്റെ ജീവിതം ഒരു ജാലവിദ്യക്കാരന്റെ കൺകെട്ടു പോലെയാണ് സഫിയ ടീച്ചർക്ക് തോന്നുന്നത്. പുറമേരിയിലെ പുറക്കാളി മൊയ്തുവിന്റെയും ബിയ്യാത്തുവിന്റെയും നാലു മക്കളിൽ രണ്ടാമത്തെ മകളായിരുന്നു സഫിയ. പെൺകുട്ടികളെ നേരത്തെ വിവാഹം കഴിച്ചുകൊടുക്കുന്നതായിരുന്നു അക്കാലത്തെ നാട്ടുനടപ്പ്. അങ്ങനെയാണ് പന്ത്രണ്ടാം വയസ്സിൽ സഫിയക്കും നറുക്കു വീണത്. ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബലത്തിൽ ജനിച്ചതിനാൽ വിവാഹ ശേഷം പഠനം അവസാനിപ്പിക്കേണ്ടിവന്നു. കുടുംബത്തിൽ സർക്കാർ ജീവനക്കാരോ അധ്യാപകരോ ഉന്നത ബിരുദം നേടിയവരോ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ വിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കുറിച്ച് ആരും ഉപദേശിക്കാനുണ്ടായിരുന്നില്ല. എങ്കിലും കുട്ടിക്കാലം തൊട്ടെ നന്നായി വായിക്കുമായിരുന്നു. ബാലമാസികകളായിരുന്നു വായിച്ചുതുടങ്ങിയതെങ്കിലും പിന്നീട് കിട്ടുന്നതെല്ലാം വായിക്കുമായിരുന്നു. സ്വതന്ത്രമായി സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹം കുട്ടിക്കാലംതൊട്ടേ മനസ്സിലുണ്ടായിരുന്നു. ക്‌ളാസിൽ നന്നായി പഠിച്ചിരുന്ന, പഠനത്തിലൂടെ ഉന്നതങ്ങളിലെത്തണമെന്ന് ആഗ്രഹിച്ചിരുന്ന അവൾ വിവാഹം ഉറപ്പിച്ചപ്പോൾ പിതാവിനോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ. വിവാഹ ശേഷവും പഠനം തുടരാൻ അനുവദിക്കണമെന്നു മാത്രം.
അക്കാര്യം ഭർത്തൃവീട്ടുകാരുമായി പങ്കുവെച്ചോ എന്ന് ടീച്ചർക്ക് ഇന്നുമറിയില്ല. എന്നാൽ കൂടുതൽ പഠിക്കണമെന്ന അവളുടെ മോഹങ്ങൾക്ക് ഭർത്താവായ മജീദ് ഒരിക്കലും തടസ്സമായില്ല. എല്ലാ പിന്തുണയും നൽകുകയും ചെയ്തു. 1985 ലാണ് ഗൾഫുകാരനായ അബ്ദുൾ മജീദിനെ വിവാഹം കഴിച്ച് മൂന്നു കിലോമീറ്റർ അകലെയുള്ള തലായി എന്ന സ്ഥലത്തുള്ള വീട്ടിലേയ്ക്കു താമസം മാറുന്നത്. പതിനഞ്ചാം വയസ്സിൽ ഇരട്ടക്കുട്ടികളുടെ അമ്മയായി. നാലു വർഷത്തിനു ശേഷം വീണ്ടും ഒരു മകൻ കൂടി ജനിച്ചു. പത്തുവർഷത്തിനു ശേഷം 1995 ലാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.
ഭർത്താവ് ഗൾഫിലായതിനാൽ സ്വന്തം വീട്ടിലായിരുന്നു താമസം. എന്നാൽ കുട്ടികൾക്ക് രണ്ടു വയസ്സായതോടെ അദ്ദേഹം ഗൾഫിൽനിന്നും മടങ്ങിയെത്തി. തുടർന്ന് ഭർതൃവീട്ടിലേയ്ക്കു താമസം മാറി. പഠിക്കണമെന്ന് അതിയായ ആഗ്രഹമുള്ളതിനാൽ ആരുമറിയാതെയാണ് എസ്.എസ്.എൽ.സിക്ക് രജിസ്റ്റർ ചെയ്തത്. എങ്ങനെയെങ്കിലും എസ്.എസ്.എൽ.സി കടന്നുകിട്ടണം എന്നതു മാത്രമായിരുന്നു ചിന്ത. കുട്ടികളെ നോക്കി വീട്ടുപണികളെല്ലാം ചെയ്തുകഴിഞ്ഞ ശേഷമായിരുന്നു പഠനം. ക്ലാസോ പുസ്തകങ്ങളോ ഒന്നുമില്ല. ആകെയുള്ളത് ലേബർ ഇന്ത്യ മാഗസിൻ മാത്രം. രാത്രി പന്ത്രണ്ടു മണിക്ക് ശേഷമാണ് പഠനം. കുട്ടികൾ ഉണരുന്നതു വരെ പഠനം തുടരും. ഇതിനിടയിൽ അനിയത്തിക്ക് ട്യൂഷൻ എടുക്കാനെത്തിയ അനിത എന്ന യുവതിയുടെ സഹായത്തോടെ കണക്ക് പഠിച്ചു. വായിക്കാനുള്ള പലതരം പുസ്തകങ്ങളും അവർ എത്തിച്ചുകൊടുക്കുമായിരുന്നു. കൂടുതൽ മാർക്ക് നേടാനായില്ലെങ്കിലും ഇരുപത്തിരണ്ടാം വയസ്സിൽ എസ്.എസ്.എൽ.സി പാസായി. പ്രീഡിഗ്രിയും ഡിഗ്രിയും വീട്ടിൽനിന്നും വിദൂര വിദ്യാഭ്യാസത്തിലൂടെയാണ് പൂർത്തിയാക്കിയത്. പുസ്തകങ്ങളെല്ലാം ഭർത്താവ് തന്നെ വാങ്ങിത്തന്നു. ഡിഗ്രി പഠനകാലത്ത് ഭർതൃമാതാവും കൂട്ടിനുണ്ടായിരുന്നു. പാചകമെല്ലാം അവർ ഏറ്റെടുത്തു എന്നെ സഹായിച്ചു.
കുട്ടികളും ഞാനുമെല്ലാം വിദ്യാർഥികളായിരുന്ന കാലം. പരീക്ഷ വരുമ്പോൾ ഒരുമിച്ചായിരിക്കും. ആദ്യം അവരെ പഠിപ്പിക്കും. അതുകഴിഞ്ഞാണ് എന്റെ ഊഴം. എല്ലാവരും നന്നായി പഠിച്ചിരുന്ന കാലം. ചരിത്രത്തിൽ ബിരുദം നേടിയപ്പോൾ എം.എക്കു ചേർന്നു. ഒരു വർഷം കഴിഞ്ഞപ്പോഴാണ് ബി.എഡിന് ചേർന്നത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ വടകരയിലെ സെന്ററിലാണ് പഠിച്ചത്. ആദ്യമായി കോളേജിലെത്തിയതിന്റെ സന്തോഷമായിരുന്നു അന്ന്. മക്കളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ വീട്ടിൽ ഒരാളെ താമസിപ്പിച്ചു. പതിവായി കോളേജിൽ പോയിത്തുടങ്ങി. നന്നായി അധ്വാനിച്ചതിനാൽ ബി.എഡും പാസായി. തുടർന്ന് വടകരയിലെ ഒരു പാരലൽ കോളേജിൽ അധ്യാപികയായി. രണ്ടു വർഷം അവിടെ പഠിപ്പിച്ചു. പാതിവഴിയിൽ നിർത്തിയ എം.എ ഹിസ്റ്ററി എഴുതിയെടുത്തു. ഡിഗ്രി പഠനത്തിനായി മക്കൾ കോയമ്പത്തൂരിലേയ്ക്ക് പോയപ്പോൾ അവരോടൊപ്പം പോയി താമസിച്ചു. ഇക്കാലത്താണ് മധുര കാമരാജ് യൂനിവേഴ്‌സിറ്റിയിൽനിന്നും എം.എ. സോഷ്യോളജി പാസായത്. സെറ്റും എഴുതിയെടുത്തു.
ഇതിനിടയിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപികയായി പ്രവർത്തിച്ചു. 2010 ൽ മുപ്പത്തിയേഴാം വയസ്സിൽ എം.എഡും പൂർത്തിയാക്കി. കൂടാതെ ഹിസ്റ്ററിയിലും സോഷ്യോളജിയിലും സെറ്റും എഴുതിയെടുത്തു. 2014 ൽ നാൽപതാം വയസ്സിൽ ഹയർ സെക്കണ്ടറി അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.
ഇതിനിടയിൽ മക്കളും വളർന്നു. മൂത്ത ഇരട്ടക്കുട്ടികളിൽ മകനായ അബ്ദുസമദ് കംപ്യൂട്ടർ എൻജിനീയറിംഗ് പൂർത്തിയാക്കി ഖത്തറിൽ ജോലി നേടി. മകൾ ഷമീമ ബി.ഡി.എസ് കഴിഞ്ഞ് പി.ജി. ചെയ്യുമ്പോഴായിരുന്നു വിവാഹം. തുടർന്ന് ഭർത്താവിനൊപ്പം ഒമാനിലേയ്ക്കു പോയി. കുട്ടികളെ വളർത്തുന്നതിനിടയിൽ പഠനം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണവൾ. ഇളയ മകൻ ഷഫീഖ് ബി.സി.എക്കു ശേഷം എം.ബി.എയും പാസായി. അവനും ഖത്തറിൽ ജോലി നോക്കുന്നു. എല്ലാവരും വിവാഹിതരായി കുടുംബവുമൊത്ത് കഴിയുന്നു. ആറ് പേരക്കുട്ടികളാണ് ഞങ്ങൾക്കുള്ളത്. ഭർത്താവ് മജീദും ഖത്തറിൽ ബിസിനസുകാരനാണ്.
തിരിഞ്ഞുനോക്കുമ്പോൾ സംതൃപ്തി മാത്രം. തന്റെ കാലത്തുണ്ടായിരുന്നതുപോലെ ബാല്യവിവാഹം ഇന്ന്് കേട്ടുകേൾവി മാത്രം. ഉന്നത വിദ്യാഭ്യാസ രംഗത്ത്  പെൺകുട്ടികൾ ഇന്ന് ഏറെ മുൻപന്തിയിലാണ്്. ജോലി നേടി സ്വന്തമായ ഒരു വ്യക്തിത്വം കെട്ടിപ്പടുക്കണമെന്നാണ് എന്റെ വിദ്യാർഥികളോട് എപ്പോഴും പറയാറുളളത്. വിവാഹശേഷം പഠനത്തിനുള്ള എന്റെ താൽപര്യം മനസ്സിലാക്കി എല്ലാ പിന്തുണയും നൽകിയത് ഭർത്താവാണ്. മറിച്ചായിരുന്നെങ്കിൽ എന്തായിരുന്നു അവസ്ഥ. പഠനം അവിടെ അവസാനിക്കുമായിരുന്നു. ഏറെ പഠിച്ചില്ലെങ്കിലും കാര്യഗൗരവവും മനുഷ്യസ്‌നേഹവുമുള്ള മനുഷ്യനാണ് അദ്ദേഹം. ഇതാണ് എന്റെ എല്ലാ മാറ്റത്തിനും കാരണമായത്. അതാണ് എനിക്കു ലഭിച്ച പുണ്യം.
ഇന്നത്തെ പെൺകുട്ടികൾ അനുഭവിക്കുന്ന മറ്റൊരു ദുരവസ്ഥ കൂടിയുണ്ട്. മാതാപിതാക്കൾ പെൺകുട്ടികളെ നന്നായി പഠിപ്പിക്കും. പ്രൊഫഷണൽ കോഴ്‌സുകൾ കഴിഞ്ഞ് ജോലിയും ലഭിക്കും. എന്നാൽ വിവാഹം കഴിഞ്ഞ് കുട്ടികളാകുന്നതോടെ ജോലി ഉപേക്ഷിക്കും. കുട്ടികളെ നോക്കി വീട്ടിൽ ഇരുന്നാൽ മതി എന്ന തീരുമാനത്തിലെത്തും. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും വീട്ടുപണിയെടുത്ത് കുട്ടികളെയും നോക്കി വീട്ടിൽ ഒതുങ്ങിക്കൂടുന്ന എത്രയോ കുട്ടികളെ എനിക്കറിയാം. ഈ അവസ്ഥ മാറണം -ഒട്ടേറെ വിദ്യാർത്ഥികൾക്ക് ജീവിതപാഠം പകർന്നുനൽകിയ ടീച്ചർ സങ്കടം ഉള്ളിലൊതുക്കി പറയുന്നു.
അറിവിന്റെ ശക്തിസൗന്ദര്യം അടുത്തറിഞ്ഞ ടീച്ചർ തന്റെ പഠനം ഇപ്പോഴും തുടരുകയാണ്. ഓൺലൈൻ വഴി നിരവധി കോഴ്‌സുകൾ പഠിച്ചുകൊണ്ടിരിക്കുന്നു. സൈക്കോളജിയാണ് അതിലൊന്ന്. അതുവഴി കൗൺസലിംഗും അഭ്യസിക്കുന്നുണ്ട്. കൂടാതെ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സും പരിശീലിക്കുന്നു.

Latest News