Sorry, you need to enable JavaScript to visit this website.

മുമ്പേ പറക്കുന്ന പക്ഷികൾ

മാധ്യമ പ്രവർത്തനമെന്നത് കളി തമാശയല്ല. ജീവൻ പണയം വെച്ചുള്ള കളിയാണ്. നാട്ടിലെ സാമൂഹിക വിരുദ്ധർ മുതൽ സാമ്രാജ്യത്വ ശക്തികൾ വരെ നോട്ടമിടും. ഗ്ലാമറിനപ്പുറം റിസ്‌ക് നിറഞ്ഞ ജോലിയാണിത്. ഉക്രൈനിൽ അന്താരാഷ്ട്ര വാർത്താ ഏജൻസികളുടെ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. ഇതിന്റെ  നടുക്കം മാറുന്നതിന് മുമ്പിതാ ഫലസ്തീനിലെ മാധ്യമ പ്രവർത്തകയെ ഇസ്രായിൽ സൈന്യം ക്രൂരമായി വക വരുത്തിയിരിക്കുന്നു. ഇസ്രായലിന്റെ ചെയ്തിയിൽ ആർക്കും കാര്യമായ പരിഭവമില്ല. ഏത് ബൈഡൻ ഭരിച്ചാലും വെള്ളപ്പൊരയിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് തെൽഅവീവിൽ നിന്നാണല്ലോ. തലയ്ക്ക് വെടിയേറ്റാണ് അൽജസീറയുടെ മാധ്യമപ്രവർത്തക ഷിറീൻ അബു അഖിലേ കൊല്ലപ്പെട്ടത്.  വെസ്റ്റ് ബാങ്കിൽ വെച്ചാണ് ഫലസ്തീൻ സ്വദേശിനിയായ മാധ്യമ പ്രവർത്തകയ്ക്ക് വെടിയേറ്റത്. മാധ്യമ പ്രവർത്തകരുടെ ജാക്കറ്റ് ധരിച്ചെത്തിയിട്ടും സൈന്യം അഖിലേക്കെതിരെ വെടി ഉതിർക്കുകയായിരുന്നു. ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായിൽ നടത്തുന്ന ആക്രമണം റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു  ഷിറീൻ. അൽ ജസീറ അറബിക് ന്യൂസ് സർവീസിലെ  പ്രശസ്തയായ മാധ്യമ പ്രവർത്തകയാണ് ഷിറീൻ. ബെത്‌ലഹേമിൽ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് അമേരിക്കൻ പൗരത്വം നേടിയ വിദ്യാസമ്പന്നയായ ഷിറീൻ ഫലസ്തീനികളുടെ പോരാട്ടത്തിന്റെ നേർചിത്രം ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചിരുന്നു.  ഇവർ കൊല്ലപ്പെടുമ്പോൾ പ്രസ് ജാക്കറ്റ് ധരിച്ചിരുന്നതായി സമീപമുണ്ടായിരുന്ന എ.എഫ.്പി ഫോട്ടോഗ്രഫർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായിൽ  സൈന്യത്തെ ഈ കൊലപാതകത്തിന് ഉത്തരവാദികളാക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അൽ ജസീറ ആവശ്യപ്പെട്ടിട്ടുണ്ട്.  മനപ്പൂർവം ടാർഗറ്റ് ചെയ്താണ് ഷിരീനെ  സൈന്യം കൊലപ്പെടുത്തിയതെന്ന് അൽ ജസീറ ആരോപിച്ചു. ക്രൂരമായ കൊലപാതകം അന്താരാഷ്ട്ര നിയമങ്ങളെല്ലാം  കാറ്റിൽ പറത്തിയാണ് നടത്തിയത്. ഇവരുടെ മാതൃക പിൻപറ്റി മാധ്യമ പ്രവർത്തകരെത്തുമെന്ന് ഇസ്രായിൽ തിരിച്ചറിയാത്തതെന്ത്? 
*** *** ***
അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരനായ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖിയെ തേടി വീണ്ടും പുലിറ്റ്‌സർ പുരസ്‌കാരം എത്തി. ഫീച്ചർ ഫോട്ടോഗ്രഫി എന്ന വിഭാഗത്തിലാണ് ഡാനിഷ് സിദ്ദീഖിക്ക് അവാർഡ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ കോവിഡ് കേസുകളും മരണങ്ങളും ഉയർന്നപ്പോൾ ഡാനിഷ് സിദ്ദീഖി എടുത്ത ചിത്രങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു. ഡാനിഷ് സിദ്ദീഖിക്ക് ഒപ്പം അദ്‌നാൻ അബിദി, സന്നാ ഇർഷാദ് മാട്ടൂ, അമിത് ദവേ എന്നിവർക്കും ഇതേ വിഭാഗത്തിൽ പുലിറ്റ്‌സർ അവാർഡ് ലഭിച്ചു.  കോവിഡുമായി ബന്ധപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ചിത്രങ്ങൾക്ക് തന്നെയാണ് എല്ലാവർക്കും ഫീച്ചർ ഫോട്ടോഗ്രഫി വിഭാഗത്തിൽ അവാർഡ് ലഭിച്ചിരിക്കുന്നത്. 
 കോവിഡ് ഉയർന്നു നിന്ന കഴിഞ്ഞ വർഷം ദൽഹിയിൽ കൂട്ടമായി മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിന്റെ ഫോട്ടോ ഡാനിഷ് സിദ്ദീഖി എടുത്തിരുന്നു. ദൽഹിയിലെ കോവിഡ് ഭീതിയും സാഹചര്യവും എത്രമാത്രമാണെന്ന് തെളിയിച്ച് കാട്ടുന്ന ചിത്രമായിരുന്നു ഇത്. ചില കോണുകളിൽ നിന്നുള്ള വിമർശനങ്ങൾക്കും ചിത്രം കാരണമായി. റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയിൽ ഫോട്ടോഗ്രഫറായി ജോലി ചെയ്തിരുന്ന ഡാനിഷ് സിദ്ദീഖി 2021 ജൂലൈ 16 നാണ് കൊല്ലപ്പെട്ടത്. താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാൻ ഭരണം പിടിച്ചടക്കുന്നതിന്റെ ഭാഗമായി നടത്തിയ നീക്കം റിപ്പോർട്ട് ചെയ്യാനെത്തിയ രാജ്യാന്തര വാർത്ത ഏജൻസിയിലെ അംഗമായിരുന്നു ഡാനിഷ് സിദ്ദീഖി. കാണ്ഡഹാറിലെ സ്പിൻ ബോൾഡക്കിൽ വെച്ചാണ് സിദ്ദീഖിയെ താലിബാൻ ഭീകരർ പിടികൂടിയത്. അവിടെ സമീപത്തുള്ള  പള്ളിയിലേക്ക് കൊണ്ടുപോയ സിദ്ദീഖിക്ക് പിന്നീട് എന്ത് സംഭവിച്ചെന്ന കാര്യം റോയിട്ടേഴ്‌സിന് പോലും വ്യക്തമായി അറിയില്ല. 
പരിക്കേറ്റ സിദ്ദീഖിയെ അവിടെ ചികിത്സിക്കാൻ വേണ്ടിയാണ് പള്ളിയിലേക്ക് മാറ്റിയതെന്ന് ആദ്യം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഡാനിഷിനെ കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ മൃതശരീരത്തോടും ക്രൂരമായ രീതിയിലാണ് താലിബാൻ ഭീകരർ പെരുമാറിയത്. 12 വെടിയുണ്ടകൾ തറച്ച പാടുകൾ അദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു. മൃതദേഹത്തിലൂടെ വലിയ വാഹനം കയറ്റിയിറക്കിയെന്നും പിന്നീട് വ്യക്തമായി. 
ഡാനിഷ് സിദ്ദീഖിയുടെ മരണത്തിന് ഉത്തരവാദികളായ താലിബാൻ അംഗങ്ങളെ ശിക്ഷിക്കണമെന്ന് കാട്ടി അദ്ദേഹത്തിന്റെ മാതാപിതാക്കളായ ഷാഹിദ അക്തറും പ്രൊഫ. അക്തർ സിദ്ദീഖിയും രാജ്യാന്തര കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.  ഇതിന് മുമ്പും ഡാനിഷ് സിദ്ദീഖിയുടെ ഫോട്ടോകൾക്ക് പുലിറ്റ്‌സർ അവാർഡ് ലഭിച്ചിട്ടുണ്ട്.
*** *** ***
ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തെ ചൊല്ലി കോൺഗ്രസ് എംപി ശശി തരൂരും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും തമ്മിൽ ട്വിറ്ററിൽ വാക്ക് തർക്കം. 
ചിത്രം സിംഗപ്പൂരിൽ നിരോധിച്ചതായി തരൂർ ഇട്ട ട്വീറ്റിനെ തുടർന്നാണ് ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്‌നിഹോത്രിയും നടൻ അനുപം ഖേറും തരൂരിനെതിരെ രംഗത്ത് വന്നത്. തരൂരിന്റെ പരേതയായ ഭാര്യ സുനന്ദ പുഷ്‌കറിന്റെ കശ്മീരി വംശജരെയാണ് അദ്ദേഹം ആക്രമിക്കുന്നത് എന്ന് ഇവർ പറയുന്നു. ഇതിന് മറുപടിയായി പരേതയായ ഭാര്യ സുനന്ദയെ വിഷയത്തിലേക്ക് വലിച്ചിഴച്ചത് അനാവശ്യവും നിന്ദ്യവുമാണെന്ന് തരൂർ പറഞ്ഞു.
 'ഇന്ത്യ ഭരിക്കുന്ന പാർട്ടി പ്രൊമോട്ട് ചെയ്ത ചിത്രം കശ്മീർ ഫയൽസ് സിംഗപ്പൂരിൽ നിരോധിച്ചു' ഇതാണ് തർക്കത്തിന് തുടക്കമിട്ട തരൂരിന്റെ ട്വീറ്റ്. ലോകത്തിലെ ഏറ്റവും പിന്തിരിപ്പൻ സെൻസറിംഗ് ആണ് സിംഗപ്പൂരിലേത് എന്ന് അഗ്‌നിഹോത്രി ഇതിന് മറുപടി നൽകി. ദി ലീല ഹോട്ടൽ ഫയൽസ് എന്ന റൊമാന്റിക് സിനിമ പോലും ഇവർ നിരോധിക്കും. ദയവായി കശ്മീരി ഹിന്ദു വംശഹത്യയെ കളിയാക്കുന്നത് നിർത്തൂ', സുനന്ദ പുഷ്‌കറിനെ 2014 ൽ ദൽഹിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെ പരാമർശിച്ച് അഗ്‌നിഹോത്രി ട്വീറ്റ് ചെയ്തു. സിംഗപ്പൂർ പോലൊരു ബഹുസ്വര സമൂഹത്തിൽ ഭിന്നതയുണ്ടാക്കും ഈ സിനിമ എന്നു കാട്ടിയാണ് അവിടത്തെ ഭരണകൂടം ഇത് നിരോധിച്ചത്.
*** *** ***
മീ ടു മൂവ്‌മെന്റിനെ അധിക്ഷേപിക്കുന്ന തരത്തിൽ നടൻ ധ്യാൻ ശ്രീനിവാസൻ നടത്തിയ പരാമർശം വിവാദമായി.  പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ധ്യാൻ മീ ടുവിനെതിരെ പറഞ്ഞത്. പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേൽ താൻ പെട്ടു പോയേനേ എന്നും തന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വർഷം മുൻപ് ആയിരുന്നെന്നുമാണ് ഒരു തമാശ പറയുംവിധം ധ്യാൻ അഭിമുഖത്തിൽ പറഞ്ഞത്. ഫിൽമിബീറ്റ്‌സ് മലയാളത്തിനു നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്.
 'പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേൽ ഞാൻ പെട്ടു, ഇപ്പോൾ പുറത്തിറങ്ങില്ലായിരുന്നു. മീ ടൂ ഇപ്പോഴല്ലേ വരുന്നത്. എന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വർഷം മുൻപേയാണ്. അല്ലെങ്കിൽ ഒരു 15 വർഷം എന്നെ കാണാൻ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ട്രെൻഡ് വന്നത്,'' എന്നാണ് അഭിമുഖത്തിൽ ധ്യാൻ പറയുന്നത്.
തൊഴിലിടങ്ങളിലും മറ്റ് സ്ഥലങ്ങളിലും വർഷങ്ങൾക്ക് മുൻപേ നേരിട്ട ലൈംഗിക അതിക്രമങ്ങൾ തുറന്നുപറഞ്ഞ് മുൻപോട്ടു വരാൻ സ്ത്രീകൾക്ക് പ്രചോദനം നൽകിയ മുന്നേറ്റമാണ് മീ ടു. 
ഇൻസെക്യൂരിറ്റി കൊണ്ട് അക്കാലത്ത് തുറന്നുപറയാൻ സാധിക്കാത്ത പല ഗൗരവമുള്ള കാര്യങ്ങളും വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്താൻ മീ ടു മൂവ്‌മെന്റിലൂടെ സ്ത്രീകൾക്ക് ധൈര്യം ലഭിച്ചു. അങ്ങനെയൊരു മുന്നേറ്റത്തെയാണ് ധ്യാൻ തമാശയായി അവതരിപ്പിച്ചത്. ധ്യാനിന്റെ അതേ മാനസികാവസ്ഥയുള്ള പുരുഷൻമാർ ഈ സമൂഹത്തിൽ ധാരാളമുണ്ട് എന്നതും ശ്രദ്ധേയം.കൊച്ചിയിൽ അടുത്തിടെ പീഡിപ്പിക്കപ്പെട്ട പുതുമുഖ താരം തുറന്നു പറഞ്ഞതിനെ മല്ലിക സുകുമാരൻ വിമർശിച്ചതും കാണാതിരുന്നുകൂടാ. പല തവണ നടന്റെ കൂടെ ഹോട്ടലിൽ ചെന്ന മോഡൽ മീ ടൂ എന്നു പറയുന്നത് അപഹാസ്യമാണെന്നായിരുന്നു മുൻകാല നായികയുടെ പ്രതികരണം. 
*** *** ***
കോൺഗ്രസ് വിട്ടതിന് ശേഷം തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ തന്റെ നിരപരാധിത്വം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ മുൻ ലോക്‌സഭ എംപിയും നടിയുമായ ദിവ്യ സ്പന്ദന (രമ്യ). എഐസിസി ജനറൽ സെക്രട്ടറിയും കർണാടകയുടെ പ്രത്യേക ചുമതലയുമുളള കെ സി വേണുഗോപാലിനോടാണ് നടി ട്വിറ്ററിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്. എട്ട് രൂപ തട്ടി കോൺഗ്രസിനെ കബളിപ്പിച്ചുവെന്നാണ് ആരോപണം. അതിന് ശേഷമാണ് രമ്യ കോൺഗ്രസ് വിട്ടത് എന്ന് ചില മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താൻ കോൺഗ്രസ് വിട്ടതെന്നാണ് രമ്യ പറയുന്നത്. "അടുത്ത തവണ നിങ്ങൾ കർണാടകയിൽ വരുമ്പോൾ മാധ്യമങ്ങൾക്ക് മുമ്പിൽ എന്റെ നിരപരാധിത്വം വ്യക്തമാക്കണം. വേണുഗോപാൽ ജി, എനിക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും ചെറിയ കാര്യമാണിത്. 
എന്നാൽ ജീവിതകാലം മുഴുവൻ എനിക്ക് ഈ ട്രോളുകളുമായി കഴിയേണ്ടി വരില്ല.' എന്ന് കെസി വേണുഗോപാലിനെ ടാഗ് ചെയ്തുകൊണ്ട് രമ്യ ട്വിറ്ററിൽ കുറിച്ചു. രാഹുൽ ഗാന്ധിയുടെ ഏറ്റവും വിശ്വസ്തനായ പ്രവീൺ ചക്രവർത്തിയും രമ്യയും 2019 ലെ പൊതുതെരഞ്ഞെടുപ്പ് സമയത്ത് റിസർച്ചിന്റെ പേര് പറഞ്ഞ് പണം തട്ടിയെന്നാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ തന്റെ ഗവേഷണത്തിനും സോഷ്യൽ മീഡിയ ഡ്രൈവിനുമായി സ്പന്ദനയ്ക്ക് എട്ട് കോടി രൂപ ലഭിച്ചതായും പറയപ്പെടുന്നു. 2019 ലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം രാഷ്ട്രീയത്തിൽ നിന്നുമൊരു ഇടവേള എന്ന ട്വീറ്റും ഇൻസ്റ്റാഗ്രാം പോസ്റ്റും രമ്യ ഡിലീറ്റ് ആക്കിയിരുന്നു. 2012 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യുവജന വിഭാഗത്തിൽ അംഗമായ രമ്യ 2013 ൽ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും 2014 ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയായിരുന്നു.

Latest News