Sorry, you need to enable JavaScript to visit this website.

ഉംറാൻ മാലിക് പക്വതയെത്താൻ സമയമെടുക്കും-മുഹമ്മദ് ഷമി

ന്യൂദൽഹി- ഈ ഐ.പി.എൽ സീസണിലെ കണ്ടെത്തൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉംറാൻ മാലിക് പേസ് ബൗളിംഗിൽ പക്വത കൈവരിക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് കരുതുന്നതെന്ന് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി. ഐ.പി.എലിന്റെ ഈ സീസണിൽ മണിക്കൂറിൽ 157 കിലോമീറ്റർ വരെ വേഗത്തിൽ ഉംറാൻ മാലിക് പന്തെറിഞ്ഞിരുന്നു. തന്റെ തീ പാറുന്ന പന്തു കൊണ്ട് ഐ.പി.എൽ പിച്ചിനെ ചുട്ടുപൊള്ളിച്ച പ്രകടനമാണ് മാലിക് പുറത്തെടുത്തത്. ഉംറാൻ മാലികിന് പേസ് ഉണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. എന്നിരുന്നാലും, വ്യക്തിപരമായി പറഞ്ഞാൽ, ഞാൻ പേസിന്റെ വലിയ ആരാധകനല്ല. നിങ്ങളുടെ പന്ത് 140 കിലോമീറ്റർ വേഗതയിൽ രണ്ട് വഴികളിലൂടെയും റിവേഴ്സ് ചെയ്താൽ, ഏതൊരു ബാറ്റ്സ്മാനെയും ബുദ്ധിമുട്ടിക്കാൻ ഇത് മതിയാകും. ഉംറാൻ മാലികിന് പേസുണ്ട. പക്ഷേ അദ്ദേഹം പക്വത പ്രാപിക്കാൻ സമയമെടുക്കും. കാരണം, പേസിനൊപ്പം പേസർമാർമാരും സ്വയം അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ടെന്നും ഷമി വ്യക്തമാക്കി. ഹൈദരാബാദ് സൺറൈസേഴ്‌സിന്റെ താരമാണ് ഉംറാൻ മാലിക്. ജമ്മു കശ്മീർ താരമായ ഉംറാൻ നിലവിൽ ഐ.പി.എല്ലിൽ 11 കളികളിൽ നിന്ന് 15 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുണ്ട്. 
അതേസമയം, ഉംറാൻ മാലിക്കിനെ പ്രശംസിച്ച് പാകിസ്താൻ താരം കമ്രാൻ അക്മൽ രംഗത്തെത്തി. പാകിസ്താനിൽ ആയിരുന്നുവെങ്കിൽ ഇതിനോടകം തന്നെ ഉംറാൻ ദേശീയ ടീമിൽ കളിച്ചിട്ടുണ്ടാകുമെന്ന് അക്മൽ പറഞ്ഞു. 
2008-ൽ ഐ.പി.എൽ കിരീടം നേടിയ രാജസ്ഥാൻ റോയൽസ് ടീം അംഗമായിരുന്നു കമ്രാൻ അക്മൽ. ഉംറാൻ മാലിക്കിന്റെ എക്കോണമി റേറ്റ് ഉയർന്നതാണെങ്കിലും അദ്ദേഹമൊരു യഥാർഥ സ്ട്രൈക്ക് ബൗളറാണെന്നും അക്മൽ പറഞ്ഞു. 
ഓരോ മത്സരത്തിന് ശേഷവും സ്പീഡ് ചാർട്ടിൽ അദ്ദേഹത്തിന്റെ പന്തുകൾ 155 കിലോമീറ്റർ വേഗത കൈവരിക്കുന്നു. അത് കുറയുന്നില്ല. ഇന്ത്യൻ ടീമിൽ നല്ല മത്സരമാണുള്ളത്. നേരത്തെ ഇന്ത്യൻ ക്രിക്കറ്റിൽ നിലവാരമുള്ള ഫാസ്റ്റ് ബൗളർമാർ കുറവായിരുന്നു. എന്നാൽ ഇപ്പോഴവർക്ക് നവദീപ് സൈനി, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ തുടങ്ങിയ പേസർമാരുടെ ബാഹുല്യമുണ്ട്. ഉമേഷ് യാദവ് പോലും മനോഹരമായാണ് പന്തെറിയുന്നത്. 10-12 പേസർമാരുള്ളതിനാൽ, ഇന്ത്യൻ സെലക്ടർമാർക്ക് തിരഞ്ഞെടുപ്പ് ബുദ്ധിമുട്ടാകുമെന്നും - അക്മൽ പറഞ്ഞു.
 

Latest News