Sorry, you need to enable JavaScript to visit this website.

കഥ - പെയ്‌തൊഴിയാതെ...

പുറത്ത് മഴ നിർത്താതെ ചാറിക്കൊണ്ടിരുന്നു. മഴ തോർന്നിട്ട് വേണം പുറത്തിറങ്ങാൻ എന്ന് കരുതി ഡ്രസ്സ് മാറ്റിയിരിക്കാൻ തുടങ്ങിയിട്ട് നേരം ഏറെയായി. അങ്ങാടിയിലേക്ക്  കുറച്ചു ദൂരമുണ്ട് നടക്കാൻ. മഴയായത് കൊണ്ടാവണം റോഡിൽ വാഹനങ്ങളും വളരെ കുറവ്. തണുപ്പ് ശരീരത്തിലൂടരിച്ചു കയറാൻ തുടങ്ങിയിരിക്കുന്നു. ഇരുന്ന ഇരുപ്പിൽ തന്നെ ഇന്നത്തെ പത്രം മുഴുവനും വായിച്ചു തീർത്തു. പരസ്യങ്ങൾ മാത്രമല്ലാതെ വായിക്കാൻ പുതുമയേറിയ വാർത്തകൾ ഒന്നുമുണ്ടായിരുന്നില്ല. അകത്ത് പാത്രങ്ങളുടെ തട്ടും മുട്ടും കേൾക്കുന്നുണ്ട്. ഒപ്പം പൂച്ചയുടെ നിർത്താതെയുള്ള കരച്ചിലും. അവൾ മീൻ മുറിക്കാനുള്ള ഒരുക്കത്തിലാണെന്നു തോന്നുന്നു. മൂക്കിനെ ത്രസിപ്പിക്കുന്ന വെളിച്ചെണ്ണയിൽ കടുക് പൊട്ടിക്കുന്നതിന്റെ മണം കറിക്കു തൂമിച്ചതാണോ അതോ കപ്പ പുഴുങ്ങിയതിനു വറവിട്ടതാണോ എന്നൊരു ശങ്ക അൽപ സമയം മനസ്സിൽ തങ്ങി നിന്നു. 
ഇപ്പോൾ തന്നെ ചായ രണ്ടെണ്ണം കുടിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയും ചായ ചോദിച്ചാൽ ഒരുപക്ഷേ അവളുടെ ശകാരം കേൾക്കേണ്ടി വരും. വൈകുന്നേരം പുറത്തിറങ്ങുന്നത് തന്നെ അവൾക്ക് തീരെ ഇഷ്ടമല്ല. കൂട്ടുകാരുടെയൊപ്പം തിരിച്ചു വരാൻ വൈകിയാൽ പറയുകയും വേണ്ടാ. മൂന്നു മാസത്തെ ലീവിന് നാട്ടിൽ വന്നിട്ട് മാസം ഒന്ന് കഴിഞ്ഞിരിക്കുന്നു. വന്നിറങ്ങിയതു മുതൽ മഴക്കാലം തുടങ്ങിയിരുന്നു. വല്ലാത്തൊരു അനുഭൂതിയാണ് മഴ.
മരുഭൂമിയിലെ ചൂടിൽ വെന്തുരുകുമ്പോൾ വർഷങ്ങളായി മനസ്സിൽ കൊണ്ടു നടക്കുന്ന ആഗ്രഹമാണ് മതിവരുവോളം മഴ നനയുക, കുത്തിയൊലിച്ചൊഴുകുന്ന പുഴയിൽ നീന്തിക്കയറുക, കൂട്ടുകാരോടൊപ്പം കൂടി വലയെറിഞ്ഞു മീൻ പിടിക്കുക എന്നതൊക്കെ. 
എന്തിനു പറയാൻ, മഴ കുറച്ചൊന്നു നനഞ്ഞപ്പോഴേ പിടിച്ചു പനി. അതോടെ മഴ നനയുകയെന്നുള്ളത് ഉമ്മയുടെ മുൻപിൽ വെറും പൂതിയായി മാത്രം അവശേഷിച്ചു. എന്നിരുന്നാലും മഴ അധികമായാൽ വല്ലാത്തൊരു വീർപ്പുമുട്ടലും അലോസരവുമാണെന്ന് ഇടയ്ക്ക് തോന്നാതിരുന്നില്ല. ചിലപ്പോഴൊക്കെ ആർത്തലച്ചു പൊട്ടിക്കരയുന്ന ഭ്രാന്തിയെ പോലെയും കുണുങ്ങിച്ചിരിക്കുന്ന നവവധുവിനെ പോലെയും മഴയുടെ സംഗീതം ജനലഴികളിലൂടെ കൗതുകത്തോടെ നോക്കി നിൽക്കാറുണ്ട്.
പുറത്തിറങ്ങാൻ പോലുമാവാത്ത വിധം പെയ്തു തുടങ്ങിയ മഴ ചിലപ്പോൾ ദിവസങ്ങളോളം വാശി പിടിച്ചു കരയുന്ന കൊച്ചു കുട്ടിയെ പോലെ ചിണുങ്ങിച്ചിണുങ്ങി പെയ്തു കൊണ്ടിരുന്നു. കൂട്ടുകാർ തന്നുവിട്ട പൊതികളൊക്കെ വീട്ടിൽ കൊണ്ടുപോയി കൊടുക്കാനാവാതെ പെട്ടിയിൽ തന്നെയിരിപ്പുണ്ട്. മഴയൊന്നു തോർന്നിട്ടു വേണ്ടേ എങ്ങോട്ടെങ്കിലും ഒന്നിറങ്ങാൻ.മാസാമാസം വീട്ടിലേക്കയച്ചു കൊടുക്കുന്ന ഒരു നിശ്ചിത സംഖ്യ കൊണ്ട് കാര്യങ്ങൾ എങ്ങനെ മുന്നോട്ടു പോയിരുന്നെന്നു അന്വേഷിക്കാൻ മെനക്കെട്ടിരുന്നില്ല എന്നതാണ് സത്യം. അവൾ പരാതികളും പരിഭവങ്ങളും പറയുമ്പോൾ എല്ലാം ശരിയാകും എന്ന് പറഞ്ഞു സമാധാനിപ്പിക്കമ്പോഴും മനസ്സിൽ അറിയാതെ ഉയർന്നു വരുന്ന ഒരു ചോദ്യമുണ്ട്: എല്ലാം എന്ന് നേരെയാകും എന്ന്. 
ഒന്നും നേരെയാവില്ല എന്ന തിരിച്ചറിവ് സ്വയം മനസിനെ വല്ലാതെ മുറിവേൽപ്പിക്കുമ്പോഴും പ്രതീക്ഷ എന്ന ഇത്തിരി വെട്ടം മാത്രമാണ് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുവാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നത്.
നാട്ടിലെത്തിയതോടെ കുടുംബഭാരം തലയിൽ വന്നു വീണു. 'ഇനി തിരിച്ചു പോകുന്നതു വരെ കാര്യങ്ങളൊക്കെ നീ തന്നെ നോക്കി നടത്തൂ' എന്ന ഉപ്പയുടെ വാക്കുകൾ അനുസരിച്ചു മുന്നോട്ട് പോകാൻ തീരുമാനിച്ചെങ്കിലും   കൂട്ടുകുടുംബത്തിലെ അസ്വാരസ്യം, ഭാര്യയേയും മക്കളെയും കൂട്ടി മാറിത്താമസിക്കാനുള്ള സാഹചര്യം നിർബന്ധിതനാക്കി.
ഒന്നും തുറന്നു പറയാനാവാതെ തനിച്ചിരിക്കുമ്പോഴൊക്കെ കണ്ണു നിറയുന്ന അവളുടെ വേദനകൾക്ക് പിറകിൽ അവളുടെ കുടുംബത്തിന്റെ അകൽച്ചയും ഒറ്റപ്പെടലുമായിരുന്നു എന്ന എന്റെ കണക്കു കൂട്ടലുകൾക്കപ്പുറത്തായിരുന്നു അവൾ എന്റെ വീട്ടിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസിക പീഡനങ്ങൾ. ഒടുവിൽ ഇട്ടുടുത്ത വസ്ത്രങ്ങളല്ലാതെ വീട് വിട്ടിറങ്ങാൻ നേരം കൂടെയെടുക്കാൻ ഒന്നുമുണ്ടായിരുന്നില്ല, കുട്ടികളുടെ പുസ്തകവും സ്‌കൂൾ ബാഗുമല്ലാതെ. 
ജനിച്ചു വളർന്ന വീട് വിട്ടിറങ്ങുമ്പോൾ തിരിച്ചു വിളിക്കാൻ പിറകിൽ ആരുമുണ്ടായിരുന്നില്ല. ബന്ധങ്ങളുടെ വില ഇത്രയേറെ നിസ്സാരമായിരുന്നെന്നു കണ്ണ് നിറഞ്ഞു തുളുമ്പി കാഴ്ച മറയ്ക്കുമ്പോഴും വിശ്വസിക്കാനാവുമായിരുന്നില്ല. നെഞ്ചോടടുക്കി ചേർത്തു വെച്ച ബന്ധങ്ങളൊക്കെ മുൾമുനകളായി  നെഞ്ചകം തുളഞ്ഞു കയറിയപ്പോഴും, എന്നെ താങ്ങി നിർത്തിയിരുന്നത് എന്റെ വീട്ടുകാരുടെ വാക്കുകൾ കേട്ട് ഞാൻ അവിശ്വസിച്ച എന്റെ ഭാര്യ മാത്രമായിരുന്നു.
വർഷങ്ങളുടെ പ്രയത്‌നം കൊണ്ടൊരുക്കൂട്ടിയ ഒരു വീട്, അതായിരുന്നു ആകെയുണ്ടായിരുന്ന ഒരു സമാധാനം. അതിനു വേണ്ടി ഉണ്ടാക്കി വെച്ച കടങ്ങളും, പലവിധം അസുഖങ്ങളുമായിരുന്നു പ്രവാസ ജീവിതം കൊണ്ടുള്ള ആകെയുള്ള സമ്പാദ്യം എന്ന് പറയാം. ഒരു തരത്തിലും എനിക്കും ഭാര്യക്കും മക്കൾക്കും ആ വീട്ടിൽ മുന്നോട്ടു ജീവിച്ചു പോകാനാവില്ലെന്ന സത്യം തിരിച്ചറിഞ്ഞപ്പോൾ എല്ലാം ഉപേക്ഷിച്ചിറങ്ങാൻ നേരത്തെങ്കിലും ആരെങ്കിലും 'നീ പോവരുതെ'ന്നു ഒരു തിരിച്ചു വിളി ആത്മാർഥമായി ഞാനാഗ്രഹിച്ചു പോയി. 'പൊന്നുമോനേ നീ പോകരുതെടാ' എന്ന ഉമ്മയുടെ നിലവിളിയെങ്കിലും പിറകിൽ നിന്നു കേൾക്കും എന്ന് ഞാൻ പ്രതീക്ഷിച്ചു. ഞാൻ ആഗ്രഹിച്ചത് പോലെ ഒന്നും തന്നെ ഉണ്ടായില്ല. മക്കളുടെ കൈപ്പിടിച്ച് ഭാര്യയേയും കൂട്ടി പുറത്തിറങ്ങുമ്പോൾ എങ്ങോട്ട് പോകണം എന്ന ചിന്ത തലയ്ക്കുള്ളിൽ വിസ്‌ഫോടനം നടത്തിക്കൊണ്ടിരുന്നു.
കാറ്റടിച്ചു കറണ്ടു പോയ ഇരുൾ പരന്ന വഴിയിലേക്കിറങ്ങിയപ്പോൾ, മുൻപ് പെയ്ത മഴയിൽ കുത്തിയൊലിച്ച മണ്ണും ചളിയും ചവറുകളും റോഡിൽ കുഴികൾ തീർത്തിരിക്കുന്നു. മാറ് പിളർന്ന പോലെ വിണ്ടുകീറിയ റോഡായത് കൊണ്ടാകാം വണ്ടികൾ ഒന്നും തന്നെ കാണാതിരിക്കുന്നത്. മഴ വീണ്ടും ചാറി തുടങ്ങിയിരുന്നു. കുട്ടികളെ ചാറ്റൽമഴ കൊള്ളാതിരിക്കാൻ അവൾ സാരിത്തലപ്പ് കൊണ്ട് കുട്ടികളുടെ തല മറച്ചു പിടിച്ചു കൊണ്ട് എന്റെ പിറകെ നടന്നു. 
മഴ പുറത്തല്ല, എന്റെ മനസിന്റെ ഉള്ളിലാണ് പെയ്തിരുന്നത്. തകർത്തു പെയ്യുന്ന മഴയുടെ ഹുങ്കാരവും ഇടിമിന്നലിന്റെ കാതടപ്പിക്കുന്ന ശബ്ദവും നെഞ്ചിൽ മുഴങ്ങിക്കൊണ്ടിരുന്നു. അറിയാതെയാണെങ്കിലും ഒന്ന് പിന്തിരിഞ്ഞു നോക്കിപ്പോയി. ജനാലയ്ക്കൽ നിസ്സഹായതയോടെ നോക്കി നിൽക്കുന്ന ഉമ്മ, നെഞ്ചകം പൊട്ടി പിളർന്നു പോയ വേദനയോടെ ഞാൻ നോട്ടം പിൻവലിച്ചു. 
ആ വഴി വന്ന ഓട്ടോയിൽ   കയറി എവിടേക്കെന്നറിയാതെ യാത്ര തുടർന്നു. പരസ്പരം ഒന്നും ചോദിക്കാനോ പറയാനോ ഉണ്ടായിരുന്നില്ല രണ്ടു പേർക്കും. അവളുടെ മനസിൽ വന്നടിച്ചു ചിതറുന്ന തിരമാലകളുടെ ഹുങ്കാരം എന്റെ നെഞ്ചകം ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു. കയറിച്ചെല്ലുവാൻ മറ്റൊരിടം വേറെ ഉണ്ടായിരുന്നില്ല. സ്‌നേഹിച്ച പുരുഷന്റെ കൂടെ വീട് വീട്ടിറങ്ങിയതോടെ അവളുടെ വീട്ടുകാരും അവളെ കൈയൊഴിഞ്ഞിരുന്നു. രണ്ടു കുട്ടികൾ ആയിട്ടു വരെ ഒന്ന് വന്നു കാണുക പോലും ചെയ്യാത്ത വീട്ടുകാരെ കുറിച്ചുള്ള അവളുടെ പ്രതീക്ഷയും കാത്തിരിപ്പും അസ്ഥാനത്തായിരുന്നു. അതുപോലെ തന്നെയായിരുന്നു എന്റെ വീട്ടുകാരുടെയും അവസ്ഥ. വീട്ടുകാർക്കിഷ്ടമില്ലാത്തൊരു കല്യാണം കഴിച്ചതിന്റെ പേരിലുള്ള ദേഷ്യവും കുറ്റപ്പെടുത്തലുകളും എപ്പോഴും അവളിലും നിലനിന്നിരുന്നു. അത് തന്നെയായിരുന്നു എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള കാരണവും. മഴ തകർത്ത് പെയ്യുന്നുണ്ടായിരുന്നു. 
ഓട്ടോയുടെ സൈഡ് ഷീറ്റ് അഴിച്ചിട്ടതോടെ വണ്ടിയുടെ ഉള്ളിൽ ഇരുട്ട് പരന്നു. കണ്ണാടിയുടെ മുകളിൽ കാണുന്ന പ്രതിബിംബങ്ങളെ മഴ മായ്ച്ചു കൊണ്ടിരുന്നു. ഓട്ടോ ടൗണിൽ എത്തിയിരുന്നു. നല്ലൊരു ഹോട്ടലിലേക്ക് വണ്ടി വിടാൻ പറഞ്ഞു. തൽക്കാലം നല്ലൊരു വാടക വീട് കിട്ടുന്നതു വരെ റൂമെടുത്തു താമസിക്കാം എന്ന് തീരുമാനിച്ചു. കുട്ടികൾ രണ്ടു പേരും ഉറങ്ങിയിരുന്നു.
നല്ല വിശാലമായ ഡബിൾ റൂം. കുട്ടികളെ ബെഡിൽ കിടത്തി പുതച്ചു കൊടുത്തു. പുറത്തു നല്ല തണുപ്പാണ്. രണ്ടു പേരും നല്ല ഉറക്കമായിരിക്കുന്നു. അവൾ ജനാലയ്ക്കൽ നിന്ന് താഴെ ഒഴുകുന്ന വാഹനങ്ങളെ നോക്കി നിൽക്കുകയാണ്. ഉയരത്തിൽ നിന്നു മഴത്തുള്ളികൾ ജനലിൽ തട്ടി ചിതറുന്നു. താഴെ നിയോൺ ബൾബിന്റെ വെളിച്ചത്തിൽ മഴ സ്വർണനൂലു പോലെ തിളങ്ങുന്നു. മനസ് വല്ലാതെ കലുഷിതമാണ്. തിളച്ചു മറിയുന്ന ഉച്ചസൂര്യന്റെ ചുവട്ടിൽ നിൽക്കുന്ന പോലെ ശരീരം വിയർക്കുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായി നടുക്കടലിൽ ഒറ്റപ്പെട്ടതു പോലെ ദിക്കറിയാതെ, ദിശയറിയാതെ പകച്ചു നിന്നുപോയി. ഞാനും കുട്ടികൾക്കടുത്തായി കിടന്നു. ഒന്നുമറിയാതെ അവരുറങ്ങുന്നു. നാളെ അവരുണരുമ്പോൾ ഉമ്മമ്മയെ കാണാതെ അവർ ചോദിച്ചേക്കാം. ഓർക്കുന്തോറും നെഞ്ച് പൊട്ടി പിളരുന്ന പോലെ തോന്നുന്നു. കണ്ണിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീരിന്റെ നനവിലൂടെ ഞാൻ അവളെ തന്നെ നോക്കി കിടന്നു. പാവം എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതോടെ അവൾ അനുഭവിക്കാത്ത യാതനകളില്ല. എല്ലാം ശരിയാകുമെന്ന വക്കുകളിലായിരുന്നു അവളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്. 
അറിയാതെ ഞാനും ഉറക്കത്തിലേക്ക് വഴുതിവീണു. എത്ര നേരം ഉറങ്ങിയെന്നറിയില്ല. കണ്ണു തുറന്നു നോക്കിയപ്പോൾ അപ്പോഴും അവൾ ജനാലയ്ക്കലരികിൽ കമ്പിയും പിടിച്ചു താഴോട്ട് നോക്കി നിൽക്കുന്നുണ്ടായിരുന്നു. എന്റെ കൂടെ ഇറങ്ങി വന്നപ്പോഴും അവൾ ഇങ്ങനെ ആയിരുന്നു, കുറച്ചു ദിവസങ്ങൾ എല്ലാം നഷ്ടപ്പെട്ടവളെ പോലെ.ഞാനും കുറേ സമയം അവൾക്കരികിൽ പോയി നിന്നു. ഒന്ന് സമധാനിപ്പിച്ചാൽ പൊട്ടിക്കരഞ്ഞു എന്റെ നെഞ്ചിലേക്ക് വീഴാനെന്നോണം മുഖവും കണ്ണും കലങ്ങി ചുവന്നിട്ടുണ്ടായിരുന്നു. പരസ്പരം ഒന്നും പറയാനോ സമാധാനിപ്പിക്കാനോ ആശ്വസിപ്പിക്കാനോ കഴിയുമായിരുന്നില്ല. രണ്ടു പേരും അത്രയേറെ മനസ്സ് കൊണ്ട് തളർന്നിരുന്നു.
കുറച്ചു ദിവസം വേണ്ടി വന്നു നല്ലൊരു വാടക വീട് ശരിയായിക്കിട്ടുവാൻ. അപ്പോഴേക്കും കീശയുടെ ഭാരം കുറഞ്ഞു വന്നിരുന്നു. വാടക വീടെടുത്തു മാറിയതോടെ കീശ പൂർണമായും കാലിയാവുകയും ചെയ്തു.
പുതിയൊരു വീടെടുത്തു താമസിക്കുന്ന പോലെ തന്നെ ആയിരുന്നു വാടക വീട്ടിലേക്കുള്ള മാറിത്താമസവും. മാനം തെളിഞ്ഞു, ഒപ്പം മനസ്സും. കയ്പുള്ള ഓർമകൾ മാറി ജീവിതം സുഖവും സന്തോഷവും നിറഞ്ഞതായി. കുട്ടികൾ സ്‌കൂളിൽ പോയി തുടങ്ങി.പുറത്തു മഴ കുറഞ്ഞു തുടങ്ങിയിരുന്നു. ഞാൻ അവളെയും കൂട്ടി  അങ്ങാടിയിലേക്കിറങ്ങി. തിരിച്ചു പോകുമ്പോൾ കൊണ്ടുപോകാനുള്ള സാധനങ്ങളും കുറച്ചു ഡ്രസ്സുകളും വാങ്ങി. ഒപ്പം ഉപ്പാക്കും ഉമ്മയ്ക്കും ഉള്ളത് കൂടി അവൾ എന്നെക്കൊണ്ട് വാങ്ങിപ്പിച്ചു. തിരിച്ചു വീട്ടിലെത്തിയപ്പോൾ ഉമ്മയുണ്ട് വരാന്തയിലിരിക്കുന്നു. ഉപ്പ കാണാതെ വന്നതാണെന്ന് മനസിലായി. അറിയാതെ ഒരു തേങ്ങൽ നെഞ്ചിൽ വന്നു തടഞ്ഞു. അപ്പോഴേക്കും മക്കളും
സ്‌കൂൾ വിട്ട് എത്തിയിരുന്നു വീട്ടിൽ. ഒത്തിരി കരയുകയും പറയുകയും ചെയ്യുന്ന കൂട്ടത്തിൽ ഉമ്മ പറയുന്നുണ്ടായിരുന്നു 'ഇനിയെങ്കിലും നീ നിന്നെക്കുറിച്ച് ചിന്തിക്ക് മോനേ... നിനക്കും ഒരു കുടുംബമായില്ലേ കുട്ട്യേ...' അതെ, ഞാൻ മറന്നതും അതായിരുന്നു. 
എന്നെക്കുറിച്ചു മാത്രം ഞാൻ ചിന്തിച്ചില്ല. ഞാൻ മാത്രമല്ല എന്നെ പോലെ കുടുംബത്തെ സ്‌നേഹിക്കുന്നവരാരും സ്വയം മറന്നു പോകുന്നവരാണ്.തിരിച്ചു ഞാൻ ഉമ്മയെ വീട്ടിൽ കൊണ്ടുവിടാൻ പോയപ്പോൾ ദൂരെ നിന്നെങ്കിലും ഞാൻ ഉപ്പയെയും ഒരു നോക്ക് കണ്ടു. മനസ്സിൽ കൊണ്ടുനടന്ന ഒരു ഭാരം പെയ്‌തൊഴിഞ്ഞ ആകാശം പോലെ തെളിഞ്ഞു വന്നു. മടക്കയാത്രയ്ക്കുള്ള ഒരുക്കമായി.. അപ്പോഴും മഴ പെയ്തു കൊണ്ടിരിക്കുകയായിരുന്നു, നെഞ്ചിലെ വിങ്ങൽ പോലെ.

Latest News