റമദാനിലെ ആത്മീയോത്സവത്തിന്റെ പരിസമാപ്തിയാണ് ഈദുൽ ഫിത്വർ ആഘോഷം. കാത്തിരുന്ന് ലഭിച്ച ഒരു ആഘോഷമായതിനാലാണ് പെരുന്നാളിന്റെ ആഹ്ലാദങ്ങൾക്ക് തീവ്രതയേറെയുളളത്. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന വിധത്തിൽ രാപകലുകൾ സുന്ദരമായ ജീവിതാനുഭവങ്ങളാണ് വിശ്വാസികൾക്ക് നൽകിയത്. ഒരു മാസക്കാലം ആസക്തികളും കണ്ണും കാതും നാവും അടക്കി നിയന്ത്രിക്കാൻ പരിശീലിച്ചവർ ഐഹിക ക്ഷേമത്തിനും പാരത്രിക മോക്ഷത്തിനുമുള്ള ആകാംക്ഷയുമായി സാധാരണ ജിവിതത്തിലേക്ക് ആഘോഷത്തോടെ പ്രവേശിക്കുകയാണ്. ആത്മ വിശുദ്ധിയുടെ ആ നാളുകൾക്കായി അടുത്ത റമദാനിന്റെ മാസപ്പിറവി ദർശിക്കുന്നത് വരെ കാത്തിരിക്കാം.
പ്രാർഥനകളിലലിഞ്ഞ ആത്മനിർവൃതിയുമായി പുണ്യ റമദാൻ മാസം ശവ്വാലിന്റെ പൊൻപുലരിയുടെ ആഹ്ലാദത്തിലേക്ക് വിശ്വാസിയെ ആനയിച്ച് വിടവാങ്ങുകയായി. ആത്മനിയന്ത്രണത്തിലൂടെ മനസ്സും ശരീരവും ധന്യമാക്കിയ ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം വിശ്വാസി സമൂഹം ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ) ആഘോഷിക്കുകയാണ്. വ്രതചൈതന്യത്തിന്റെ ഊർജ പ്രവാഹത്തിൽ തക്ബീർ ധ്വനികൾ ഉരുവിട്ടും പരസ്പരം ആശ്ലേഷിച്ചും ആശംസകൾ നേർന്നും ഈദുൽ ഫിത്വറിന്റെ ആത്മഹർഷത്തിലാണ് മുസ്‌ലിം സമൂഹം.
ബലി പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹയും ചെറിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽഫിത്വറുമാണ് മുസ്ലിം സമൂഹത്തിന്റെ രണ്ട് ആഘോഷങ്ങൾ. നിർബന്ധദാനത്തിന്റെ ദിനമായത് കൊണ്ടാണ് ഈദുൽഫിത്വർ എന്ന നാമകരണം. പെരുന്നാൾ ദിനത്തിലെ വസ്ത്രം, ഭക്ഷണം എന്നിവക്ക് ആവശ്യമായ ധനത്തിന് പുറമെ എന്തെങ്കിലും ബാക്കിയുള്ളവരെല്ലാം ശവ്വാൽ മാസപ്പിറവി പ്രഖ്യാപനം മുതൽ ഫിത്വർ സക്കാത്ത് എന്ന നിർബന്ധ ദാനം നൽകേണ്ടതുണ്ട്. താൻ വസിക്കുന്ന നാട്ടിലെ ദരിദ്രർ, പാവപ്പെട്ടവർ തുടങ്ങിയ അവകാശികൾക്ക് പ്രധാന ആഹാരസാധനത്തിൽ നിന്ന് ഏകദേശം രണ്ടര കിലോ എന്ന കണക്കിൽ കൊടുക്കേണ്ട ദാനമാണിത്. നിസ്‌കാരത്തിന് മുമ്പ് കൊടുത്തുവീട്ടലാണ് ഉത്തമം. കാരണമില്ലാതെ പെരുന്നാൾ ദിവസത്തേക്കാൾ പിന്തിപ്പിക്കൽ നിഷിദ്ധവുമാണ്. റമദാൻ വ്രതാനുഷ്ഠാനങ്ങളിൽ വന്ന അപാകതകൾ സകാത്ത് വഴി പരിഹരിക്കപ്പെടുമെന്നാണ് പണ്ഡിത മതം. അഥവാ നോമ്പുകളിൽ വന്ന പിഴവുകൾ ഫിത്വർ സക്കാത്തിലൂടെ പരിഹരിച്ചാണ് വിശ്വാസികൾ പെരുന്നാളാഘോഷത്തിലേക്ക് പ്രവേശിക്കുന്നത്. അതോടൊപ്പം ആഘോഷദിനത്തിൽ ഒരാളും പട്ടിണി കിടക്കരുതെന്ന ഇസ്ലാമിന്റെ സാമൂഹിക പ്രതിബദ്ധത ഉയർത്തുന്ന സന്ദേശവും ഇതിലുണ്ട്.

ആഘോഷം എന്നതിലുപരി ആരാധന കൂടിയാണ് ഈദുൽ ഫിത്വർ. അല്ലാഹു മലക്കുകളെ വിളിച്ചു പറയും. നിങ്ങൾ എന്റെ അടിമകളെ നോക്കുക. അവരോട് ഞാൻ ഒരു മാസക്കാലം വ്രതമനുഷ്ഠിക്കാൻ പറഞ്ഞു. അവർ വ്രതമനുഷ്ഠിച്ചു. ഇന്ന് വ്രതം അരുതെന്നും മസ്ജിദുകളിലെത്തി നിസ്‌കാരം നിർവഹിക്കണമെന്നും പറഞ്ഞു. അവർ അത് ചെയ്തു. അത് കൊണ്ട് ഞാൻ അവർക്ക് അവരുടെ പാപങ്ങൾ പൊറുത്തുകൊടുത്തിരിക്കുന്നു. റമദാനിന്റെ സൂര്യാസ്തമയം മുതൽ പെരുന്നാൾ നിസ്‌കാരത്തിന് ഇമാം തക്ബീറതുൽ ഇഹ്‌റാം ഉച്ചരിക്കുന്നത് വരെ തക്ബീർ ചൊല്ലിക്കൊണ്ടിരിക്കൽ പവിത്രമായ കാര്യമാണ്. ഖുർആനിലെ രണ്ടാം അധ്യായമായ അൽ ബഖറയിൽ 185ാം സൂക്തത്തിന്റെ ആശയത്തിൽ ഇമാം ശാഫി(റ) ഇങ്ങനെ പറയുന്നുണ്ട്. റമദാൻ പൂർത്തീകരിക്കാനും അല്ലാഹുവിനെ അനുസരിക്കാനും നിങ്ങൾക്ക് ലഭിച്ച അവസരത്തെ മാനിച്ച് റമദാൻ സമാപന സന്ദർഭത്തിൽ അല്ലാഹുവിന് നിങ്ങൾ തക്ബീർ ചൊല്ലുക. അതുവഴി നിങ്ങൾ കൃതജ്ഞതയുള്ളവരായിത്തീരും.'
സൂര്യോദയത്തിനും മധ്യാഹ്നത്തിനുമിടയിൽ നിർവഹിച്ചിരിക്കേണ്ട പ്രധാന കർമമാണ് പെരുന്നാൾ നിസ്‌കാരം. സൂര്യോദയം കഴിഞ്ഞ് 15 മിനുട്ട് കഴിഞ്ഞ് നിസ്‌കരിക്കലാണ് ഉത്തമം. മുസ്ലിം സമൂഹത്തിന്റെ സവിശേഷതയാണ് പെരുന്നാൾ നിസ്‌കാരം. ഹിജ്‌റ രണ്ടാം വർഷം പ്രവാചകൻ മുഹമ്മദ് (സ) ചെറിയ പെരുന്നാൾ നിസ്‌കാരം നിർവഹിച്ചുകൊണ്ടാണ് പെരുന്നാൾ നിസ്‌കാരത്തിന് തുടക്കം കുറിച്ചത്.
പെരുന്നാൾ ദിനത്തിൽ ആശംസകൾ കൈമാറൽ സുന്നത്താണെന്ന് കർമശാസ്ത്രം വിശദീകരിക്കുന്നുണ്ട്. പ്രവാചകാനുചരന്മാർ പെരുന്നാൾ നിസ്‌കാര ശേഷം അല്ലാഹു നമ്മിൽ നിന്ന് സ്വീകരിക്കട്ടെ എന്നർഥം വരുന്ന 'തഖബ്ബലല്ലാഹു മിന്നാ വമിൻകും' എന്ന് ആശംസിക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകളിലുണ്ട്. അറബ് രാജ്യങ്ങളിൽ ഭരണാധികാരികൾ പൊതുജനങ്ങളെ നേരിട്ട് കണ്ട് ആശംസകൾ സ്വീകരിക്കുന്ന പതിവ് ഇന്നും തുടർന്നു വരുന്നു.
കുളിച്ച് നല്ല വസ്ത്രങ്ങളണിഞ്ഞ് സുഗന്ധം ഉപയോഗിച്ച് നല്ല ഭക്ഷണം കഴിച്ച് കുടുംബ സന്ദർശനം നടത്തിയുമൊക്കെയാണ് പെരുന്നാൾ ആഘോഷിക്കേണ്ടത്. അന്ന് ഒരാൾക്ക് പോലും ഭക്ഷണം കിട്ടാതിരിക്കരുത്. മുപ്പത് ദിവസം പകൽ അന്ന പാനീയങ്ങൾ വെടിഞ്ഞ് ശീലിച്ചെങ്കിലും പെരുന്നാൾ ദിനത്തിൽ നോമ്പെടുക്കുന്നത് ശരീഅത്ത് വിലക്കിയിട്ടുണ്ട്. സുഹൃദ്ബന്ധങ്ങൾ ശക്തിപ്പെടുത്തിയും കുടുംബ ബന്ധങ്ങൾ സ്ഥാപിച്ചും ആഘോഷത്തെ ഫലവത്താക്കണം. ബഹുകാര്യവ്യഗ്രതക്കിടയിൽ നിന്നും അലോസരങ്ങളിൽ നിന്നുമൊഴിഞ്ഞ് ആഘോഷിക്കാനെടുക്കുന്ന ഈ ദിനം ആഹ്ലാദാരവങ്ങളിൽ മുഴുകുന്നതിനേക്കാൾ കുടുംബ, സുഹൃദ് ബന്ധങ്ങളുടെ കണ്ണികൾ വിളക്കിച്ചേർക്കാനുള്ള അവസരമായാണ് മാറ്റേണ്ടത്. സ്വന്തം സഹോദരനോട് പുഞ്ചിരിക്കാൻ പോലും സമയം കിട്ടാത്തവരും കുടുംബങ്ങളെ ഓർക്കാൻ മറന്നുപോയവരും ഈ ദിനം അതിനുപയോഗിക്കണം. അങ്ങനെ മനുഷ്യഹൃദയങ്ങൾ തമ്മിൽ നന്മകൾ കൈമാറി സാമൂഹിക ബന്ധങ്ങൾ സുശക്തമാകുന്ന അവസരങ്ങളുണ്ടാകാൻ ആഘോഷങ്ങൾ നിമിത്തമാകണം.

വ്രതം കൊണ്ട് പവിത്രമായ മനസ്സുമായാണ് ഇനിയുള്ള സാധാരണ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠാനം വിശ്വാസികൾക്ക് മുമ്പോട്ടുള്ള ജീവിതത്തിന് ഉജ്വലമായ കരുത്താണ് സമ്മാനിച്ചിരിക്കുന്നത്. ശാരീരിക മാനസിക നിയന്ത്രണങ്ങൾ പരിശീലിക്കപ്പെടുന്ന മനുഷ്യൻ അഞ്ചു നേരത്തെ നിർബന്ധ നിസ്‌കാരങ്ങൾക്ക് പുറമെ അതോടൊപ്പമുള്ള സുന്നത്ത് നിസ്‌കാരങ്ങളിലൂടെയും രാത്രി നിസ്‌കാരങ്ങളിലൂടെയും ഖുർആൻ പാരായണത്തിലൂടെയും പരിശുദ്ധിയുടെ ആർജ്ജവം വീണ്ടെടുക്കുന്നു. ഭക്ഷണത്തോടുള്ള ആസക്തി കുറക്കാനും ക്ഷമാശീലം വർധിപ്പിക്കാനും റമദാൻ സഹായകമായി. പശ്ചാത്തപിച്ചും പ്രാശ്ചിത്തം ചെയ്തും നോമ്പ് വഴി നേടിയെടുത്ത ചൈതന്യം അടുത്ത 11 മാസം കൂടി നിലനിർത്തുമെന്ന പ്രതിജ്ഞയോടെയാണ് ഓരോ വിശ്വാസിയും നോമ്പിനെ യാത്രയാക്കുന്നത്.
എത്രയെത്ര വ്രതമനുഷ്ഠിക്കുന്നവരാണ്. അവർക്ക് പക്ഷേ അവരുടെ വിശപ്പും ദാഹവുമേയുള്ളൂവെന്ന് ഒരിക്കൽ പ്രവാചകൻ പറഞ്ഞു. അഥവാ റമദാൻ ചിലർക്ക് ഒന്നും നേടിക്കൊടുത്തുണ്ടാവില്ല. അതിന്റെ ആത്മാവ് അറിയാനുള്ള സംവേദനക്ഷമത അവർക്കില്ലാതെ പോയി. വ്രതാനുഷ്ഠാനത്തിന്റെ സാർഥകമായ ലക്ഷ്യമായ ആത്മസംസ്‌കരണവും ചിന്തകളുടെ വികാസവും തിന്മകളോടുള്ള അകൽച്ചയും അവർക്ക് നേടിയെടുക്കാനായിട്ടുണ്ടാവില്ല. അതിനാൽ തുടർന്നുള്ള ജീവിത യാത്രയിൽ അവർ സ്വന്തം ആത്മാവിനെ സാർഥകമായ ലക്ഷ്യങ്ങളിലേക്ക് നടത്തുകയാണ് വേണ്ടത്.
റമദാനിലെ ആത്മീയോത്സവത്തിന്റെ പരിസമാപ്തിയാണ് ഈദുൽ ഫിത്വർ ആഘോഷം. 30 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് ഈദുൽ ഫിത്വറെത്തുന്നത്. കാത്തിരുന്ന് ലഭിച്ച ഒരു ആഘോഷമായതിനാലാണ് പെരുന്നാളിന്റെ ആഹ്ലാദങ്ങൾക്ക് തീവ്രതയേറെയുളളത്. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന വിധത്തിൽ രാപകലുകൾ സുന്ദരമായ ജീവിതാനുഭവങ്ങളാണ് വിശ്വാസികൾക്ക് നൽകിയത്. ഒരു മാസക്കാലം ആസക്തികളും കണ്ണും കാതും നാവും അടക്കി നിയന്ത്രിക്കാൻ പരിശീലിച്ചവർ ഐഹിക ക്ഷേമത്തിനും പാരത്രിക മോക്ഷത്തിനുമുള്ള ആകാംക്ഷയുമായി സാധാരണ ജിവിതത്തിലേക്ക് ആഘോഷത്തോടെ പ്രവേശിക്കുകയാണ്. ആത്മ വിശുദ്ധിയുടെ ആ നാളുകൾക്കായി അടുത്ത റമദാനിന്റെ മാസപ്പിറവി ദർശിക്കുന്നത് വരെ കാത്തിരിക്കാം.






