ജിദ്ദ - സമീപകാലത്തെ ഏറ്റവും വലിയ പ്രൊഫഷനൽ ഗുസ്തി പോരാട്ടങ്ങൾക്ക് ജിദ്ദ ഒരുങ്ങുന്നു. ഏപ്രിൽ 27 ന് ജിദ്ദ കിംഗ് അബ്ദുല്ല സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ഗുസ്തി മഹാമഹത്തിന്റെ ഏറ്റവും വലിയ ആകർഷണം ജോൺ സീനയും ട്രിപ്പിൾ എച്ചും തമ്മിലുള്ള മല്ല യുദ്ധമായിരിക്കും. എട്ടു വർഷത്തിനു ശേഷമാണ് ഇരുവരും മുഖാമുഖം വരുന്നത്. 2010 നു ശേഷമുള്ള ഏറ്റവും വലിയ ഡബ്ല്യു.ഡബ്ല്യു.ഇ റംബിളിനാണ് ജിദ്ദ സാക്ഷ്യം വഹിക്കുക. 20 ഭാഷകളിൽ 80 കോടി വീടുകളിലേക്ക് തൽസമയം സംപ്രേഷണം ചെയ്യപ്പെടുന്നതാണ് ഡബ്ല്യു.ഡബ്ല്യു.ഇ റംബിൾ.
20 റിയാൽ മുതലാണ് മത്സരത്തിന്റെ ടിക്കറ്റ് നിരക്ക്. ശനിയാഴ്ച രാത്രി 12 മുതൽ ശേരസലശേിഴയീീസീെളളശരല.രീാ ൽ ടിക്കറ്റ് ലഭ്യമായിരിക്കും. വിർജിൻ സ്റ്റോഴ്സിന്റെ സൗദിയിലെ ഔട്ലെറ്റുകളിലും ടിക്കറ്റ് കിട്ടും.
വേൾഡ് റസിലിംഗ് എന്റർടെയ്ൻമെന്റാണ് ഡബ്ല്യു.ഡബ്ല്യു.ഇ. 1982 ലാണ് ഇത് ആരംഭിച്ചത്. ഡബ്ല്യു.ഡബ്ല്യു.ഇയിലെ ഏറ്റവും വലിയ പോരാളികളാണ് ജോൺ സീനയും ട്രിപ്പിൾ എച്ചും. ഏപ്രിൽ 27 രാത്രി ഏഴിന് ആരംഭിക്കുന്ന റോയൽ റമ്പിളിൽ അമ്പതോളം താരങ്ങളാണ് മാറ്റുരക്കുന്നത്. വിവിധ വിഭാഗങ്ങളിലായി ഏഴോളം കിരീടങ്ങൾ നിർണയിക്കപ്പെടും. എ.ജെ സ്റ്റൈൽസ്, ബ്രൗൺ സ്ട്രോമാൻ, റാൻഡി ഓർടൻ, ഷിൻസുകെ നകാമുറ തുടങ്ങിയ താരങ്ങളും പങ്കെടുക്കും. ഡബ്ല്യു.ഡബ്ല്യു.ഇയും സൗദി ജനറൽ സ്പോർട്സ് അതോറിറ്റിയുമായി 2030 വരെ നീണ്ടുനിൽക്കുന്ന കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്.