Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഹാകാലത്തിന്റെ പാദമുദ്രകൾ

ഡോ. പുതുശ്ശേരി രാമചന്ദ്രൻ

വായന

ഒരു കാലത്തെ തൊട്ടനുഭവപ്പിക്കുന്ന കൃതിയാണിത്. രാഷ്ട്രീയവും സാമൂഹികവും ഭാഷാപരവും സാംസ്‌കാരികവുമായ നിരവധി സുപ്രധാന സംഭവങ്ങളുടെ ഒരോർത്തെടുക്കലാണിത്. കേരള മണ്ണിനെ ചൂടുപിടിപ്പിച്ച പരിവർത്തന, സ്വാതന്ത്ര്യ സമര, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ രേഖാചിത്രമാണിത്. 

 

അധ്യാപകൻ, കവി, ഭാഷാ ഗവേഷകൻ, രാഷ്ട്രീയ പ്രവർത്തകൻ തുടങ്ങിയ നിലകളിലെല്ലാം ശ്രദ്ധേയനായ ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥയാണ് തിളച്ച മണ്ണിൽ കാൽനടയായി. സാംസ്‌കാരിക രംഗത്ത് ഇപ്പോഴും നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം. നവതിയിലെത്തിയ പുതുശ്ശേരി രാമചന്ദ്രന്റെ ഓർമ്മകൾ അതുകൊണ്ടു തന്നെ ഒരു കാലഘട്ടത്തിന്റെ ചരിത്ര രേഖകളാണ്. തന്റെ ആത്മകഥയെക്കുറിച്ച് പുതുശ്ശേരി രാമചന്ദ്രൻ എഴുതുന്നതിങ്ങനെ:
'ഇളകിമറിഞ്ഞ് ഇരമ്പിയ ഒരു കാലത്തിന്റെ കടൽ തീരത്തെ തിളച്ച മണ്ണിലൂടെയായിരുന്നു എന്റെ യാത്ര. വീണും എഴുന്നേറ്റും വേച്ചും വിറങ്ങലിച്ചും പിച്ചെവച്ചും പിടിച്ചുനിന്നും എങ്ങനെയോ ഞാൻ മുന്നോട്ട് മുന്നോട്ട് നടന്നുനീങ്ങി. സാഹസികമായ ആ കാൽനട യാത്രയുടെ പാദമുദ്രകളാണിത്.  പദയാത്രയിൽ എന്റെ കാൽപാടുകളേക്കാൾ ആ മഹാകാലത്തിന്റെ പാദമുദ്രകൾ കാണാനുള്ള കൗതുകത്തോടെയാണ് ഞാൻ തിരിഞ്ഞുനോക്കുന്നതും തിരയുന്നതും'
തിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കു വഹിച്ച പുതുപ്പള്ളി രാഘവന്റെയും തോപ്പിൽ ഭാസിയുടെയും രാഷ്ട്രീയ തട്ടകമായിരുന്ന വള്ളിക്കുന്നത്താണ് പുതുശ്ശേരി രാമചന്ദ്രന്റെ ജനനം. പുതുശ്ശേരി ഇരുവരുടെയും അടുത്ത ബന്ധു കൂടിയാണ്. ശൂരനാട് സംഭവമൊക്കെ നടന്നയിടമാണിത്. പോലീസ് വേട്ടകൊണ്ട് കമ്യൂണിസ്റ്റുകൾ മാത്രമല്ല. സംശയത്തിന്റെ നിഴലിലുള്ള ആരും ക്രൂരമായി മർദ്ദിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്തിരുന്ന പ്രദേശം. കേരളത്തിലെ രാഷ്ട്രീയ ഭൂപടത്തിൽ ശൂരനാടും വള്ളിക്കുന്നവും കായംകുളവുമൊക്കെ ഉൾപ്പെടുന്ന ഭൂമികയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ഒരു കാലത്ത് രാഷ്ട്രീയം ഇവിടെ തിളച്ചുമറിയുകയായിരുന്നുവെന്ന് പറയാം. 
തോപ്പിൽ ഭാസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയെന്ന നാടകമൊക്കെ ഈ നാടിന്റെ കഥയാണ്. കോൺഗ്രസുകാരായിരുന്ന തോപ്പിൽ ഭാസിയേയും അദ്ദേഹത്തിന്റെ അച്ഛനെയുമൊക്കെ കമ്യൂണസിറ്റാക്കിയത് പുതുപ്പള്ളി രാഘവനായിരുന്നു. 
കോൺഗ്രസുകാരനായി രാഷ്ട്രീയ രംഗത്ത് തുടങ്ങിയ പുതുശ്ശേരി രാമചന്ദ്രനും അമ്മാവൻ കൂടിയായ പുതുപ്പള്ളി രാഘവന്റെ സ്വാധീനത്താൽ കമ്യൂണിസ്റ്റായിത്തീർന്നു. 1951 - 53 കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ വള്ളിക്കുന്നം-ശൂരനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായി. ത്യാഗനിർഭരമായ ജീവിതം കൊണ്ട് ആരെയും സ്വാധീനിക്കുന്ന വ്യക്തിത്വമായിരുന്നു പുതുപ്പള്ളി രാഘവന്റേതെന്ന് വ്യക്തമാണ്. ഇതേക്കുറിച്ച് തിളച്ച മണ്ണിൽ കാൽനടയായി എന്ന പുസ്തകത്തിന്റെ ആമുഖമായി ചേർത്തിരിക്കുന്ന പുതുശ്ശേരി രാമചന്ദ്രന്റെ അമ്മ പുതുശ്ശേരിയിൽ ജാനകിയമ്മയുടെ കുറുപ്പിൽ പറയുന്നതിങ്ങനെ: 
കമ്യൂണിസ്റ്റുകാരനായിട്ടായിരുന്നു രാഘവന്റെ വരവ്. ഇടയ്ക്കിടെ ഇവിടെ തങ്ങിക്കൊണ്ടാണ് രാഘവൻ വള്ളിക്കുന്നത്തും ശൂരനാട്ടുമെല്ലാം കമ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിച്ചത്.  ഗാന്ധിജിയെ വിമർശിക്കുമ്പോൾ ചന്ദ്രൻ അമ്മാവനുമായി പിണങ്ങുന്നതും എതിർത്ത് സംസാരിക്കുന്നതും പതിവായിരുന്നു. ഇവിടുത്തെ തലമുതിർന്ന കോൺഗ്രസുകാരെയെല്ലാം എത്ര പെട്ടെന്നാണ് രാഘവൻ മാറ്റിയെടുത്തത്. തോപ്പിൽ ഭാസ്‌കരപിള്ള, കാമ്പിശ്ശേരി, പോറ്റിസാർ, കെ.എൻ.ഗോപാലൻ, പനത്താഴ രാഘവൻ, കുഞ്ഞച്ചൻ, തേവൻ, ചന്ദ്രൻ (പുതുശ്ശേരി രാമചന്ദ്രൻ) ഇവരെയെല്ലാം കമ്യൂണിസ്റ്റുകാരാക്കിയത് രാഘവനാണ്.'


കഥ പോലെ വായിച്ചുപോകാൻ കഴിയുന്നതാണ് ഈ ഗ്രന്ഥം. ലളിതമായി പദങ്ങൾകൊണ്ട് വികാരം ചോരാതെയുള്ള രചനാ ശൈലി പ്രത്യേകം എടുത്തുപറയേണ്ടതാണ്. 
സ്വന്തം ഗ്രാമത്തെക്കുറിച്ചും ബാല്യത്തെക്കുറിച്ചുമൊക്കെ പറയുന്നിടത്ത് ഈ സ്വഭാവം അതിന്റെ പൂർണതയിൽ കാണാം. രാമചന്ദ്രൻ എന്ന തന്റെ പേരിന്റെ പിന്നിലെ കഥ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നതിങ്ങനെ: 
ഒരു വൈകുന്നേരമാണ് അമ്മയ്ക്ക് പ്രസവ വേദന ആരംഭിച്ചത്. മകൾക്ക് പ്രസവ വേദന ആരംഭിച്ചതറിഞ്ഞപ്പോൾ ഭക്തശിരോമണിയായ അപ്പൂപ്പൻ ആര്യത്തു ഗോവിന്ദപിള്ള പുമൂഖത്ത് നിലവിളക്ക് കൊളുത്തിവെയ്ക്കാൻ പറഞ്ഞു. നിലവിളക്കിന്റെ മുമ്പിൽ ചമ്രം പടിഞ്ഞിരുന്ന് അദ്ദേഹം ഭക്തിപൂർവ്വം എഴുത്തച്ഛന്റെ രാമായണം എടുത്ത് പകുത്ത് വായന തുടങ്ങി. കുറെ നേരം വായന തുടർന്നു. രാമചന്ദ്രാ എന്നവസാനിക്കുന്ന ഒരു ഭാഗമെത്തിയപ്പോൾ അദ്ദേഹം ഭക്തിനിർഭരമായി രാമചന്ദ്രാ, രാമചന്ദ്രാ എന്നാവർത്തിച്ചുവിളിച്ചു.  അപ്പോഴാണ് അകത്തുനിന്ന് പെണ്ണുങ്ങളുടെ കുരവയുയർന്നത്.  ആൺകുട്ടി ജനിച്ചാൽ ഉടനെ ഉച്ചത്തിൽ കുരയിടുന്ന പതിവ് അന്നുണ്ടായിരുന്നു. വീട്ടിലെ പുരുഷന്മാരും അയൽക്കാരുമൊക്കെ ആൺകുട്ടി ജനിച്ച വിവരം അറിയുന്നത് അങ്ങനെയായിരുന്നു. പലപ്പോഴും കരക്കാർ മുഴുവൻ അറിയത്തക്ക വിധമായിരിക്കും ഉച്ചത്തിലുള്ള കുരവയിടൽ.
 കുഞ്ഞിനെ കൊണ്ടുവന്നു കാണിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. ഇവനിനി വേറെ പേരൊന്നും വേണ്ട.  രാമചന്ദ്രൻ എന്നു മതി. ഭഗവാന്റെ പേര് വിളിച്ചപ്പോൾ ജനിച്ചവനാണിവൻ. അങ്ങനെയാണ് എനിക്ക് രാമചന്ദ്രൻ എന്നു പേരു കിട്ടിയത്.'
ഈ രാമായണ ബന്ധം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി പിന്നീട് മാറിയെന്നുകാണാം. എഴുത്തച്ഛനും മുമ്പ് രാമായണ കഥ പറഞ്ഞ കണ്ണശ്ശ രാമായണം സാമാന്യ ജനത്തിന് ഏതാണ്ട് ഇരുട്ടിൽ തന്നെയായിരുന്നു. കണ്ണശ്ശ രാമായണത്തെക്കുറിച്ച് ഗവേഷണം നടത്തി കണ്ണശ്ശ രാമായണത്തിന്റെ മഹിമ പൊതുജനത്തെ ബോധ്യപ്പെടുത്തിയത് പുതുശ്ശേരി രാമചന്ദ്രനായിരുന്നു. കണ്ണശ്ശ രാമായണത്തിന്റെ യുദ്ധകാണ്ഡം താളിയോലകളിൽനിന്ന് പകർത്തി പ്രസിദ്ധീകരിച്ചത് പുതുശ്ശേരിയാണ്. അങ്ങനെ കണ്ണശ്ശ രാമായണത്തിന് മേൽ അദ്ദേഹത്തിന്റെ കൂടി കൈയൊപ്പ് പതിഞ്ഞു.
ഇങ്ങനെ ഒരു കാലത്തെ തൊട്ടനുഭവപ്പിക്കുന്ന കൃതിയാണിത്. രാഷ്ട്രീയവും സാമൂഹികവും ഭാഷാപരവും സാംസ്‌കാരികവുമായ നിരവധി സുപ്രധാന സംഭവങ്ങളുടെ ഒരോർത്തെടുക്കലാണിത്. കേരള മണ്ണിനെ ചൂടുപിടിപ്പിച്ച പരിവർത്തന, സ്വാതന്ത്ര്യ സമര, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ രേഖാ ചിത്രമാണിത്. 

 

തിളച്ച മണ്ണിൽ കാൽനടയായി

ഡോ. പുതുശ്ശേരി രാമചന്ദ്രൻ
ചിന്ത പബ്ലിക്കേഴ്‌സ്
തിരുവനന്തപുരം 
വില - 370 രൂപ

 

Latest News