കളി ജയിക്കാന്‍ പന്തില്‍ കൃത്രിമം; ഓസീസ് നായകന്‍ രാജിവെച്ചു 

ബാന്‍ക്രോഫ്റ്റും (ഇടത്ത്) ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും.

മെല്‍ബണ്‍- കളി ജയിക്കാന്‍ പന്തില്‍ കൃത്രിമം കാട്ടിയതിനെ തുടര്‍ന്ന് വിവാദത്തിലായ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും രാജിവെച്ചിട്ടുണ്ട്. രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയ സ്മിത്തിനെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് രാജിപ്രഖ്യാപനം. ചര്‍ച്ചയില്‍ ഇരുവരും രാജിസന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് ടീം ഓസീസ് സി.ഇ.ഒ ജെയിംസ് സുതര്‍ലാന്റ് പറഞ്ഞു. 
കൃത്രിമം നടത്തുന്നതിന് കൂട്ടുനിന്ന താരങ്ങള്‍ക്കും ഹെഡ് കോച്ചിനുമെതിരെ കടുത്ത നടപടിയുണ്ടാകും. ഞെട്ടിക്കുന്നതും നിരാശയുണ്ടാക്കുന്നതുമായ സംഭവമെന്നാണ് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബില്‍ ഇതിനെ വിശേഷിപ്പിച്ചത്. കളി ജയിക്കാന്‍ ഓസീസ് ടീം ചതിയില്‍ ഏര്‍പ്പെട്ടുവെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 
ടീമംഗങ്ങളുടെ ചെയ്തിയെക്കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം ആരംഭിച്ചിരുന്നു. ഓപ്പണിങ് ബാറ്റ്സ്മാന്‍ കൂടിയായ ബാന്‍ക്രോഫ്റ്റ് ഫീല്‍ഡിങ്ങിനിടെ പന്തില്‍ മഞ്ഞനിറമുള്ള വസ്തു ഉപയോഗിച്ച് പന്തിന്റെ ഘടനമാറ്റുന്നതിനായി ശ്രശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിന്റെ 43 ാം ഓവറിലാണ് വിവാദ സംഭവം. തുടര്‍ന്ന് അമ്പയര്‍മാരായ നൈജല്‍ ലോങ്ങും റിച്ചാഡ് ഇലിങ്വര്‍ത്തും ബാന്‍ക്രോഫ്റ്റുമായി സംസാരിച്ചു. പക്ഷേ, മഞ്ഞ വസ്തുവിന് പകരം സണ്‍ഗ്ലാസ് ഇടുന്ന മൃദുലമായ പൗച്ചാണ് ബാന്‍ക്രോഫ്റ്റ് കാണിച്ചത്. യഥാര്‍ഥത്തില്‍ മഞ്ഞനിറമുള്ള, ഒട്ടിപ്പിടിക്കുന്ന ടേപ്പാണ് ബാന്‍ക്രോഫ്റ്റ് ഉപയോഗിച്ചത്. വിവാദം കൊഴുത്തതോടെ എന്താണ് സംഭവിച്ചതെന്ന് വിശദമാക്കാന്‍ സ്മിത്ത് നിര്‍ബന്ധിതനാവുകയായിരുന്നു.
മത്സരത്തിനിടെ ചതിയിലൂടെ മത്സരം ജയിക്കാന്‍ ഇതിനുമുമ്പും ക്രിക്കറ്റ് താരങ്ങള്‍ ശ്രമിച്ചത് വിവാദമായിട്ടുണ്ട്.
 

Latest News