ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളായിരുന്നു സാംസ്കാരിക മേളയുടെ മറ്റൊരു പ്രധാന ആകർഷണം. ഖത്തറിലെ ഒമ്പതോളം ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള 360 ഓളം വിദ്യാർഥികളാണ് മനോഹരങ്ങളായ കലാപരിപാടികളിലൂടെ സദസ്സിന്റെ കയ്യടി വാങ്ങിയത്. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ ദീർഘകാല പ്രവാസികളെ ആദരിച്ച ചടങ്ങായിരുന്നു പാസേജ് ടു ഇന്ത്യയെ ആകർഷകമാക്കിയ മറ്റൊരു പ്രധാന ഘടകം. 40 വർഷത്തിലേറെ കാലം ഖത്തറിന്റെ ഭൂമികയിൽ ധന്യമായ പ്രവാസ ജീവിതം നയിച്ച 40 പേരെയാണ് ചടങ്ങിൽ ആദരിച്ചത്.
ഖത്തറിലെ ഇസ്ലാമിക് മ്യൂസിയം പാർക്കിൽ ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസം നീണ്ടുനിന്ന പാസേജ് ടു ഇന്ത്യ സംഘാടകരുടെ തൊപ്പിയിൽ പുതിയ പൊൻതൂവലുകൾ തുന്നിച്ചേർക്കുന്നതായി.
കോവിഡാനന്തര ലോകത്ത് പ്രതീക്ഷയുടേയും പ്രത്യാശയുടേയും സന്ദേശങ്ങളോടെ സാംസ്കാരിക വിനിമയത്തിന്റെ സൗന്ദര്യം പകർന്ന പരിപാടിയിലേക്ക് ഓരോ ദിവസവും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സാംസ്കാരിക വൈവിധ്യത്തിന്റെ സൗന്ദര്യം അടയാളപ്പെടുത്തിയ പാസേജ് ടു ഇന്ത്യ സംഘാടകർക്കും പൊതുജനങ്ങൾക്കും ആസ്വാദനത്തിന്റെ പുതിയ തലങ്ങൾ സമ്മാനിക്കുന്നതായി. മിയ പാർക്കിനെ അക്ഷരാർഥത്തിൽ ഉൽസവ നഗരിയാക്കി മാറ്റിയ ആഘോഷപരിപാടികൾ മികച്ച നിലവാരം പുലർത്തുന്നവയായിരുന്നു.
ഇന്ത്യൻ സാംസ്കാരിക വിസ്മയമായ താജ്മഹലിന്റെ മാതൃക ഉൽസവ നഗരിയുടെ തിലകക്കുറിയായി സഹൃദയ ശ്രദ്ധയാകർഷിച്ചു. കലയും സംസ്കാരവും സംഗീതവും മനോഹരമായി കോർത്തിണക്കിയ ഇന്ത്യൻ കമ്യൂണിറ്റി ആഘോഷമായി മാറിയ പാസേജ് ടു ഇന്ത്യ രുചി മുകുളങ്ങളെ രസിപ്പിക്കുന്ന ഭക്ഷ്യ വിഭവങ്ങളാലും ജനസമൂഹത്തെ പിടിച്ചിരുത്തി. ഇന്ത്യയുടെ വൈവിധ്യത്തിന്റെ സൗന്ദര്യവും നാനാത്വത്തിലെ ഏകത്വവും അടയാളപ്പെടുത്തിയ മഹാമേള പങ്കെടുത്തവർക്കൊക്കെ അവിസ്മരണീയമായ വിരുന്നൊരുക്കിയപ്പോൾ ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡണ്ട് പി.എൻ. ബാബുരാജനും സംഘവും എല്ലാ വിഭാഗമാളുകളേയും ഉൾക്കൊളളിച്ച സവിശേഷമായൊരു സാംസ്കാരിക വിരുന്നൊരുക്കാനായതിന്റെ നിർവൃതിയിലായിരുന്നു. പാസേജ് ടു ഇന്ത്യയുടെ പത്താമത് പതിപ്പ് സംഘാടക മികവിലും പരിപാടികളുടെ വൈവിധ്യത്തിലും മികവ് പുലർത്തിയപ്പോൾ ഇന്തോ - ഖത്തർ സാംസ്കാരിക പാരമ്പര്യവും സ്നേഹവും കൂടുതൽ ഊഷ്മളമായി അനുഭവപ്പെട്ടു. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം മൂന്ന് ദിവസത്തെ ആഘോഷ പരിപാടികൾ അരങ്ങേറി.

ഇന്ത്യൻ എംബസി, മിയ പാർക്ക്, വിദേശ കാര്യ മന്ത്രാലയം, സാംസ്കാരിക മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, അസോസിയേറ്റഡ് സംഘടനകൾ, ഖത്തറിലെ കലാ സാംസ്കാരിക കേന്ദ്രങ്ങൾ മുതലായവയുടെ അകമഴിഞ്ഞ സഹകരണവും പിന്തുണയുമാണ് പാസേജ് ടു ഇന്ത്യയുടെ വിജയത്തിന് സഹായകമായതെന്ന് ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡണ്ട് പി.എൻ. ബാബുരാജൻ പറഞ്ഞു. കേവലം രണ്ടാഴ്ച കൊണ്ട് ഇന്ത്യൻ സമൂഹത്തിന് അഭിമാനകരമായ രീതിയിൽ പാസേജ് ടു ഇന്ത്യ നടത്താനായത് കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായാണ്. ഐ.സി.സി. മുൻ പ്രസിഡണ്ട് എ.പി. മണി കണ്ഠന്റെ നേതൃത്വത്തിലുള്ള മുന്നൂറിലധികം വരുന്ന സന്നദ്ധ പ്രവർത്തകരും ഇന്ത്യൻ കൾചറൽ സെന്റർ മാനേജിംഗ് കമ്മിറ്റിയുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ശ്വേത കോശി, കമല ഥാക്കൂർ, സുമ മഹേശ് ഗൗഡ എന്നിവർ വിവിധ ഇന്ത്യൻ സ്കൂളുകളുടേയും അസോസിയേറ്റഡ് ഓർഗനൈസേഷനുകളുടേയും മറ്റു സംഘടനകളുടേയും പങ്കാളിത്തം ഉറപ്പുവരുത്തിയപ്പോൾ ഖത്തറിലെ ഏറ്റവും വലിയ പ്രവാസി വിഭാഗമായ ഇന്ത്യൻ സമൂഹത്തിന്റെ സവിശേഷമായ ആഘോഷമായി പാസേജ് ടു ഇന്ത്യ മാറി. വിവിധ എംബസി പ്രതിനിധികളും അംബാസഡർമാരും അവരുടെ കുടുംബങ്ങളുമൊക്കെ മേളക്കെത്തിയത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ സജീവ പങ്കാളിത്തം പാസേജ് ടു ഇന്ത്യയിലെ എടുത്ത് പറയേണ്ട ഒന്നാണ്. ആഭ്യന്തര മന്ത്രാലയം പബ്ളിക് റിലേഷൻസ് ഡയറക്ടറുൾപ്പടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യവും പിന്തുണയും പ്രത്യേക പരാമർശമർഹിക്കുന്നു. ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച ഡോഗ് ഷോ കാണികളെ ഏറെ ആകർഷിച്ചു. മയക്കുമരുന്നുകളുടെ കടത്ത് തടയുന്നതിലും കുറ്റകൃത്യങ്ങളെ പിന്തുടരുന്നതിലും പരിശീലനം സിദ്ധിച്ച നായകളുടെ പ്രദർശനം കാണികളിൽ കൗതുകമുണർത്തി.175 ഇന്ത്യൻ വനിതകൾ പരമ്പരാഗത വേഷത്തിൽ അണിനിരന്ന തിരുവാതിരക്കളിയും ഗാർബ ഡാൻസും ഒപ്പനയും ലൈവ് ഓർക്കസ്ട്രയും നൃത്തനൃത്യങ്ങളുമൊക്കെ പരിപാടിയെ വർണാഭമാക്കിയപ്പോൾ സമൂഹത്തിലെ ആബാലവൃദ്ധം ജനങ്ങളും ആസ്വാദനത്തിന്റെ കൊടിമുടിയിലായിരുന്നു. അരങ്ങുണർത്തിയ കലാവിരുന്നുകളും സ്നേഹസൗഹൃദങ്ങളുടെ കുളിരൊരുക്കിയ കൂട്ടായ്മകളും ആഘോഷത്തിന്റെ ധന്യമായ മുഹൂർത്തങ്ങളാണ് ഓരോരുത്തർക്കും സമ്മാനിച്ചത്. ഹൃദ്യമായ വിഭവങ്ങളോടെ മനോഹരമായ ആഘോഷമൊരുക്കിയ സംഘാടകരെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പ്രത്യേകം അനുമോദിച്ചു.

ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളായിരുന്നു സാംസ്കാരിക മേളയുടെ മറ്റൊരു പ്രധാന ആകർഷണം. ഖത്തറിലെ ഒമ്പതോളം ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള 360 ഓളം വിദ്യാർഥികളാണ് മനോഹരങ്ങളായ കലാപരിപാടികളിലൂടെ സദസ്സിന്റെ കയ്യടി വാങ്ങിയത്. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ ദീർഘകാല പ്രവാസികളെ ആദരിച്ച ചടങ്ങായിരുന്നു പാസേജ് ടു ഇന്ത്യയെ ആകർഷകമാക്കിയ മറ്റൊരു പ്രധാന ഘടകം. 40 വർഷത്തിലേറെ കാലം ഖത്തറിന്റെ ഭൂമികയിൽ ധന്യമായ പ്രവാസ ജീവിതം നയിച്ച 40 പേരെയാണ് ചടങ്ങിൽ ആദരിച്ചത്. ഏറെ വൈകാരിക തലങ്ങളുള്ള ആദരിക്കൽ ചടങ്ങിന് സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വലിയ സ്വാധീനമാണുണ്ടായത്. പലർക്കും ജീവിതത്തിൽ ലഭിച്ച ആദ്യത്തെ ആദരവായിരുന്നു ദീർഘകാല പ്രവാസി പുരസ്കാരം.
സമൂഹത്തിലെ എല്ലാ വിഭാഗമാളുകളേയും ഉൾകൊള്ളുന്ന മികച്ച സാംസ്കാരിക പ്രവർത്തനങ്ങളുടെ മഹിതമാതൃകയുമായാണ് ഖത്തറിലെ ഇന്ത്യൻ കൾചറൽ സെന്റർ മുന്നോട്ടുപോകുന്നത്. ജനസേവനം മുഖമുദ്രയാക്കിയ പൊതുപ്രവർത്തനായ പി. എൻ. ബാബുരാജന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ കൾചറൽ സെന്റർ മാനേജ്മെന്റ് സെന്ററിനെ ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക കേന്ദ്രമാക്കുന്നതിനുള്ള പരിപാടികളാണ് നടപ്പാക്കുന്നത്. ഐ സി സി യിലെത്തുന്ന ഓരോ ഇന്ത്യക്കാരനും ആവശ്യമായ സഹായങ്ങൾ ചെയ്യാനും ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക പ്രവർത്തനങ്ങളുടെ ശരിയായ കേന്ദ്രമായി ഉയരാനുമാണ് ഐ.സി.സി. ആഗ്രഹിക്കുന്നതെന്നാണ് പ്രസിഡണ്ട് പി.എൻ. ബാബുരാജൻ തുടക്കം മുതൽ പറഞ്ഞുകൊണ്ടിരിക്കുന്നത്. ആ ലക്ഷ്യത്തിലേക്കുള്ള പ്രായോഗികമായ മുന്നേറ്റമാണ് പാസേജ് ടു ഇന്ത്യയിലുടനീളം കാണാനായത്.






