ഇന്ത്യൻ സിനിമാരംഗത്തെ മഹാരഥനായ വിശാൽ ഭരദ്വാജിന്റെ 'കുഫിയ' എന്ന സിനിമയിൽ അഭിനയിച്ച് , വെള്ളിവെളിച്ചത്തിൽ ഉന്നതങ്ങളിൽ നിൽക്കുമ്പോഴും അവരിൽനിന്ന് കേൾക്കുന്ന ശബ്ദം ഒരു അഭിനേത്രിയുടേതല്ല, മറിച്ച് അവർ അനുഭവിച്ച ദുരന്തങ്ങൾ ഊർജമാക്കി മാറ്റിയ, തന്റെ മക്കൾക്കോ തന്റെ രാഷ്ട്രത്തിലെ മറ്റു വനിതകൾക്കോ തന്റെ അനുഭവങ്ങൾ ഉണ്ടാകരുത് എന്ന് തീരുമാനിച്ച ഒരു ആക്ടിവിസ്റ്റിന്റെ സ്വരമാണ്.
തിരുവനന്തപുരത്ത്് സമാപിച്ച ഐ.എഫ്.എഫ്.കെയുടെ ആദ്യപ്രദർശന സിനിമ, 'രഹാന മറിയം നൂർ' എന്ന ബംഗ്ലാദേശി ഫിലിമായിരുന്നു. പ്രസിദ്ധമായ കാനെ ഫെസ്റ്റിവലിലെ റെഡ് കാർപെറ്റിലൂടെ നടക്കാൻ ഭാഗ്യം ലഭിച്ച ആദ്യത്തെ ബംഗ്ലാദേശ് നടിയായ അസ്മെരി ഹഖ് ബദോൺ ആയിരുന്നു ഈ പടത്തിലെ നായിക. ടാഗോർ തിയേറ്ററിന്റെ വേദിയിൽ ബീനാ പോളുമായുള്ള സംവാദത്തിനിടയ്ക്കാണ്, ജീവിതത്തിന്റെ നഷ്ടാവശിഷ്ടങ്ങളിൽ നിന്ന്്് ഫിനിക്സിനെപ്പോലെ ചിറകടിച്ചുയർന്ന അസ്മരിയെ ശ്രദ്ധിച്ചത്്. അതൊരു ആഴമുള്ള സൗഹൃദത്തിലേക്കുള്ള ജാലകവുമായി.
തിരുവനന്തപുരത്തെ ഹൈസിന്ത്്് ഹോട്ടലിൽ വെച്ചാണ്, വംഗവീര്യത്തോടെ ആ അതിജീവനത്തിന്റെ കഥ അസ്മെരിയെന്ന കലാകാരി പങ്ക്്് വെച്ചു.
1986 ഒക്ടോബർ 16 ന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലായിരുന്നു അവരുടെ ജനനം. നൃത്തവും അഭിനയവുമെല്ലാം നിഷിദ്ധമായ അന്തരീക്ഷത്തിൽ വളർന്ന ഈ പ്രതിഭ, അവിടെ സ്വതന്ത്ര ചിന്തകളോട് കൂടി വ്യത്യസ്തയായി വളർന്നു, വഴികാട്ടാൻ ആരുമില്ലാതിരുന്നിട്ടും.
പത്തൊമ്പതാമത്തെ വയസ്സിൽ ലക്സ് സൗന്ദര്യ മത്സര കിരീടം അണിയുമ്പോഴും, അതിനെ തുടർന്ന് പരസ്യ ചിത്രങ്ങളിലും നാടകങ്ങളിലും സീരിയലുകളിലും അഭിനയിക്കുമ്പോഴും, താൻ വളർന്ന സമൂഹത്തിൽ നിന്നും, കുടുംബത്തിൽ നിന്ന് പോലും അപമാനം മാത്രമേ അസ്്്മെരിക്ക്്് തിരികെ ലഭിച്ചിരുന്നുള്ളു. പണമുണ്ടാക്കാൻ മാത്രമായ ഒരു യന്ത്രമായിട്ടാണ് വീട്ടുകാർ പോലും അവരെ കണ്ടത്. ആദ്യ വിവാഹം തകർന്നു നിൽക്കുന്ന സമയത്താണ് അവർ ബംഗ്ലാ ചലച്ചിത്ര സംവിധായകനായ അബ്ദുല്ല മുഹമ്മദ് സാദിനെ പരിചയപ്പെടുന്നതും തിളച്ചുമറിയുന്ന സ്വന്തം ജീവിത കഥ, നിരാശാരോഗത്തിലേക്ക് തള്ളിവിട്ട അവരുടെ ദുരന്ത അനുഭവങ്ങൾ അദ്ദേഹവുമായി പങ്കുവയ്ക്കുന്നതും. ഈ രണ്ടു വ്യക്തികൾക്കുമിടയിലെ പരസ്പര വിശ്വാസത്തിന്റെ അടിത്തറയിൽ നിന്നും ജനിച്ച, ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ അഭിമാനമായി മാറിയ ലോകോത്തര ചലച്ചിത്രാവിഷ്കാരമായ 'രഹാന മറിയം നൂർ' എന്ന ചലച്ചിത്രത്തിന്റെ പിറവി കൂടിയായി ആ സംഗമം.

ഇന്ത്യൻ സിനിമാരംഗത്തെ മഹാരഥനായ വിശാൽ ഭരദ്വാജിന്റെ 'കുഫിയ' എന്ന സിനിമയിൽ അഭിനയിച്ച് , വെള്ളിവെളിച്ചത്തിൽ ഉന്നതങ്ങളിൽ നിൽക്കുമ്പോഴും അവരിൽനിന്ന് കേൾക്കുന്ന ശബ്ദം ഒരു അഭിനേത്രിയുടേതല്ല, മറിച്ച് അവർ അനുഭവിച്ച ദുരന്തങ്ങൾ ഊർജമാക്കി മാറ്റിയ, തന്റെ മക്കൾക്കോ തന്റെ രാഷ്ട്രത്തിലെ മറ്റു വനിതകൾക്കോ തന്റെ അനുഭവങ്ങൾ ഉണ്ടാകരുത് എന്ന് തീരുമാനിച്ച ഒരു ആക്ടിവിസ്റ്റിന്റെ സ്വരമാണ്. രെഹാനയിലെ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസറുടെ റോളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി, ആ കഥാപാത്രമായി മാറാനും തന്റെ അഭിനയത്തെ, തന്റെ കലാജീവിത നേട്ടങ്ങളെ സമൂഹത്തിന്റെ മാറ്റത്തിന് വേണ്ടി ഉപയോഗിക്കാനും അസ്മേരിക്ക് സാധിക്കുന്നത് 'രഹാന' എന്ന കഥാപാത്രത്തിന്റെ ദുരന്ത അനുഭവങ്ങളിലൂടെ അവർ കടന്നുവന്നതുകൊണ്ട് മാത്രമാണ്.
ഇനിയങ്ങോട്ട് ഔന്നത്യത്തിന്റെ പടവുകൾ ചവിട്ടിക്കയറുമ്പോൾ ഏതെങ്കിലും ഒരു നിമിഷത്തിൽ ഒരു ഒത്തുതീർപ്പിനു തയ്യാറാകുമോ എന്ന എന്റെ ചോദ്യത്തിന് മറുപടിയായി 'ഒരിക്കലുമില്ല', എന്ന് പറഞ്ഞ നിമിഷത്തിലാണ് , അസ്മെരി എന്ന അഭിനേത്രിയെ ഏറ്റവും മനോഹരിയാക്കി മാറ്റിയ അവരുടെ നിശ്ചയദാർഢ്യത്തിന്റെ സൗന്ദര്യം അനാവൃതമാക്കപ്പെട്ടത്്.
'രഹാന മറിയം നൂർ' എന്ന, കാനെ ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ വാരിക്കൂട്ടിയ, ഐ.എഫ്്്.എഫ്്്.കെ യുടെ ഓപ്പണിങ് ഫിലിം കണ്ടു മടങ്ങുമ്പോൾ കാഴ്ചക്കാരുടെ മനസ്സിൽ പതിയുന്നത് 'രഹാന' എന്ന കഥാപാത്രം മാത്രമല്ല, ദുരന്തങ്ങളുടെ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ, ആ കഥാപാത്രത്തിന് ജീവൻ നൽകിയ, ഒരു യാഥാസ്ഥിതിക സമൂഹത്തിൽ വളർന്ന അസ്മേരി ഹഖ് ബദോൺ എന്ന അഭിനേത്രിയുടെ ജീവിത പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്.






