പത്ത് നാൽപത് കൊല്ലം മുമ്പ് നോമ്പു കാലത്ത് രാവിലെ വടക്കോട്ടുള്ള ട്രെയിൻ യാത്രയിൽ കാണുന്ന പതിവു കാഴ്ചയാണ്. ഒരു ഉമ്മാമയും (മുത്തശ്ശി) പേരക്കുട്ടിയും വടകരയിൽനിന്ന് ലോക്കൽ ട്രെയിനിൽ കയറും. മംഗലാപുരം ലോക്കലിൽ കണ്ണൂർ-പഴയങ്ങാടി വരെ നീളുന്നതാവും ഇവരുടെ യാത്ര. ടിക്കറ്റെടുത്ത് യാത്ര ചെയ്യാനൊന്നും ഇവരെ കിട്ടില്ല. ഒപ്പമുള്ള പയ്യനെ കണ്ടാൽ എല്ലാവർക്കും സഹതാപം തോന്നും. തലശ്ശേരി, കണ്ണൂർ, വളപട്ടണം, പാപ്പിനിശ്ശേരി, പഴയങ്ങാടി സ്റ്റേഷനുകളിലിറങ്ങി ഇടത്തരം- സമ്പന്ന ഗൃഹങ്ങളിൽ ചെന്ന് സക്കാത്ത്് സമാഹരിക്കുകയാണ് ലക്ഷ്യം. കോഴിക്കോട്-മംഗലാപുരം പാസഞ്ചർ ട്രെയിനിലാണ് ഇവരുടെ യാത്ര. കണ്ണൂർ കലക്ടറേറ്റിലേക്ക് പോകുന്ന ഉദ്യോഗസ്ഥരും തലശ്ശേരി കോടതിയിലേക്കുള്ളവരും ബിസിനസുകാരും വിദ്യാർഥികളുമായിരിക്കും ട്രെയിനിലുണ്ടാവുക.
ടാർഗറ്റ് തികയ്ക്കാനുള്ള റെയിൽവേ ടി.ടി ഇമാരുടെ സ്‌ക്വാഡ് ഒരു നാൾ ഈ തീവണ്ടിയിൽ പ്രത്യക്ഷപ്പെട്ടു.
*** *** ***
സിനിമയിലെ പാവം പെൺകുട്ടികളെ ഇങ്ങനെ പറഞ്ഞു പറ്റിക്കേണ്ട കാര്യമുണ്ടോ? ചലച്ചിത്ര മേഖലയിൽ ആഭ്യന്തര പരാതിപരിഹാര സെൽ ഇല്ലാത്തത് വലിയ പ്രശ്‌നം തന്നെയാണ്. ഇത് പലരും മുതലെടുക്കുന്നു. തെറ്റായ കാര്യത്തിനെതിരെ സംസാരിച്ചാൽ സിനിമയിൽ അവസരം ഇല്ലാതാകുന്നതാണ് അവസ്ഥ. 2017ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്ന് മലയാള ചലച്ചിത്ര രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് ചർച്ചകൾ ഉയർന്നു വന്നിരുന്നു. ഇതേ തുടർന്നാണ് 2017 ജൂലൈയിൽ മുൻ ഹൈക്കോടതി ജഡ്ജി കെ ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്. 2019 ഡിസംബർ 31നാണ് കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് 300 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത്. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിട്ടാൽ പല വിഗ്രഹങ്ങളും ഉടയുമെന്ന് നടി പാർവ്വതി തിരുവോത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാലതങ്ങ് ഉടയുന്നത് കാണാനാണ് നാട്ടുകാർക്കിഷ്ടം. ചലച്ചിത്ര രംഗത്തുനിന്നുള്ള നിരവധി പേരുമായി കമ്മിറ്റി അഭിമുഖം നടത്തി. നിരവധി വനിതാ അഭിനേതാക്കൾ അവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കണമെന്ന വ്യവസ്ഥയിൽ സിനിമാ സെറ്റുകളിൽ നേരിടേണ്ടി വന്ന പീഡനത്തിന്റെ കഥകൾ കമ്മീഷനോട് വിവരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് നടി റിമ കല്ലിങ്കലും ആവശ്യപ്പെട്ടു. ജനങ്ങളുടെ നികുതി പണം ചെലവാക്കിയാണ് കമ്മിഷൻ രൂപീകരിച്ചത്. സിനിമയിൽ ആഭ്യന്തരപ്രശ്‌ന പരിഹാര സെൽ രൂപീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതിൽ അഭിമാനമുണ്ടെന്നും റിമ പറയുന്നു. തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് സർക്കാർ സ്ത്രീ സൗഹൃദമാകുന്നതെന്നും പാർവതി തിരുവോത്ത് തുറന്നടിച്ചിരുന്നു. പാർവതിയുടെ പ്രതികരണം സർക്കാരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.
*** *** ***
ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രത്തിലെ നൃത്തോൽസവത്തിൽ അവസരം നിഷേധിച്ചുവെന്ന ആരോപണവുമായി നർത്തകി മൻസിയ.
അഹിന്ദു ആയതിനാൽ അവസരം നിഷേധിച്ചുവെന്നാണ് ആരോപണം. ഈ മാസം 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാൻ നോട്ടീസിൽ പേര് അച്ചടിച്ചതിന് ശേഷമാണ് ക്ഷേത്ര ഭാരവാഹികളിൽ ഒരാൾ ഇക്കാര്യം അറിയിച്ചതെന്നാണ് മൻസിയ ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കിയത്. വിവാഹത്തിന് പിന്നാലെ മതം മാറിയോ എന്ന ചോദ്യം ചോദിച്ചുവെന്നും മൻസിയ പറയുന്നു. സമാന കാരണത്താൽ ഗുരുവായൂരിലും അവസരം നിഷേധിക്കപ്പെട്ട വിവരവും മൻസിയ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രമെന്ന് വിശദമാക്കിയാണ് മൻസിയ കുറിപ്പ് അവസാനിപ്പിക്കുന്നത്. മദ്രാസ് സർവകലാശാലയിൽ നിന്ന് എം എ ഭരതനാട്യത്തിന് ഒന്നാം റാങ്കോടെയാണ് മൻസിയ പാസായത്.അവസരം നിഷേധിക്കപ്പെട്ട നർത്തകി മൻസിയയ്ക്ക് ഐക്യദാർഢ്യവുമായി നർത്തകി ദേവിക സജീവനും അഞ്ജു അരവിന്ദും രംഗത്തെത്തിയിട്ടുണ്ട്. ദൗർഭാഗ്യകരമായ സംഭവങ്ങൾ നേരിടേണ്ടിവന്ന സഹ കലാകാരന്മാർക്കൊപ്പം നിന്നുകൊണ്ട് തന്റെ പ്രകടനത്തിൽ വിട്ടുനിൽക്കുന്നുവെന്നാണ് ദേവിക അറിയിച്ചത്.
മാതൃഭൂമി ന്യൂസിൽ രണ്ടു ദിവസം മുമ്പ് ഇക്കാര്യം ചർച്ചാ വിഷയമായി. ഹൈന്ദവരായ കലാകാരന്മാർക്കാണ് പരിപാടി അവതരിപ്പിക്കാൻ അവസരം എന്ന് വ്യക്തമാക്കിയാണ് പത്രപരസ്യം എന്നായിരുന്നു കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പറഞ്ഞത്. പരിപാടിക്കായി കരാർ ഉണ്ടാക്കുന്ന സമയത്താണ് നർത്തകി തന്റെ പശ്ചാത്തലം വെളിപ്പെടുത്തുന്നതും മതമില്ലാതെയാണ് ജീവിക്കുന്നത് എന്ന് അറിയിക്കുന്നതും. ക്ഷേത്ര മതിലിനകത്തെ കൂത്തമ്പലത്തിലാണ് പരിപാടി നടക്കുന്നത്. നിലനിൽക്കുന്ന ആചാരനുഷ്ഠാനങ്ങൾ പ്രകാരം ക്ഷേത്രത്തിനകത്ത് അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. കേരളം അതിവേഗം പിന്നോട്ടേക്ക്് കുതിക്കുന്നുണ്ട്.
*** *** ***
അമൽ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ചിത്രമാണ് ഭീഷ്മപർവ്വം. സിനിമയിൽ നടൻ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഫോട്ടോഷൂട്ട് സീനും ബിജിഎമ്മും സമൂഹ മാധ്യമങ്ങളിൽ വൈറലായി. ബിജിഎമ്മിനെ അനുകരിച്ച്് പലരും രംഗത്ത് എത്തി. കുറ്റിയാടിയിലെ മുൻ എം.എൽ.എയും ഗൾഫ് ബിസിനസുകാരനുമായ പാറക്കൽ അബ്ദുല്ല മുതൽ കണ്ണൂരിന്റെ ചെന്താരകം പി. ജയരാജൻ വരെ ചാമ്പാനെത്തി. സിപിഎം നേതാവ് പി ജയരാജനും ഭീഷ്മ ശൈലിയിൽ സ്‌റ്റൈൽ ലുക്കിൽ രംഗത്തെത്തി. പി ജയരാജനും പാർട്ടി സഖാക്കളുമാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ജയരാജനെ ഇഷ്ടപ്പെടുന്ന നേതാക്കളും അനുകൂലിക്കുന്ന മറ്റ് പാർട്ടിക്കാർ പോലും ഈ വീഡിയോ വൈറൽ ആക്കി. വീഡിയോയ്ക്ക് നിരവധി ലൈക്കുകളും ഷെയറും ലഭിച്ചിരുന്നു. കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിന്റെ ചരിത്ര പ്രദർശനത്തിൽ ചുമതല ഉള്ള യുവ പാർട്ടി പ്രവർത്തകർക്കൊപ്പമാണ് സിപിഎം നേതാവ് പി ജയരാജൻ വീഡിയോ ചിത്രീകരിച്ചത്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും ഇപ്പോൾ ട്രെൻഡിനൊപ്പം നീങ്ങിയിരിക്കുകയാണ്. മന്ത്രി ഔദ്യോഗിക ഫേ്‌സ്ബുക്കിലൂടെ ആണ് ഫോട്ടോ ഷൂട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ട്രെൻഡിനൊപ്പം ചാമ്പിക്കോ ' എന്ന അടിക്കുറിപ്പോടെ ആയിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചത്.
*** *** ***
ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിച്ച ബിഗ് ബോസ് മലയാളം സീസൺ 4ന് മറ്റു ചാനലുകളുടേയും പിന്തുണ ലഭിക്കുന്നു. പരസ്യ വരുമാനമാണല്ലോ എല്ലാവർക്കും പ്രധാനം. കഴിഞ്ഞ തവണത്തെ പോലെ തന്നെ തികച്ചും വ്യത്യസ്തരായ പതിനേഴ് മത്സരാർത്ഥികളാണ് ഇത്തവണയുമുള്ളത്. ആദ്യ ദിവസങ്ങളിൽ പതിവ് പരിചയപ്പെടലുമൊക്കെയായി സൗഹാർദ്ദപരമായ അന്തരീക്ഷത്തിലൂടെയായിരുന്നു ബിഗ് ബോസ് പോയിക്കൊണ്ടിരിക്കുന്നത്. 'എന്തേ ഇവിടെ ഒരു അടി പൊട്ടാത്തത്' എന്ന ചിന്തിച്ചിരുന്ന പ്രേക്ഷകർക്കും തൃപ്തിയായി. സാവകാശം ചില പൊട്ടലുകളും ചീറ്റലുകളും ബിഗ് ബോസ് വീടിനുള്ളിൽ നിന്നും പുറത്ത് വരാൻ തുടങ്ങി. ജാസ്മിനായിരുന്നു ഈ ഉരസലുകളുടെ പ്രഭവ കേന്ദ്രം. ഡോക്ടർ റോബിനും ലക്ഷ്മി പ്രിയക്കും മുന്നിലുമൊക്കെ തന്റെ നിലപാട് അവർ ഉറക്കെ വ്യക്തമാക്കി. ഇതോടെ ജാസ്മിൻ എന്ന താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ നിരവധി പേരാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. ജാസ്മിൻ ഡോക്ടറോട് ഉച്ചത്തിൽ സംസാരിച്ചതിന്റെ കാരണം മറ്റൊരു സ്ത്രീക്ക് പെട്ടെന്ന് മനസ്സിലാകും. അതിലെ തെറ്റ് മനസ്സിലാക്കി പിന്നിട് സോറി പറയണോ എന്ന് ചോദിക്കുകയും ചെയ്തു. പിന്നെ തെറി പറയുന്ന കാര്യത്തിൽ ജാസ്മിനല്ല, ആരായാലും അംഗീകരിക്കാൻ പറ്റില്ല. പക്ഷെ ദൈനംദിന ജീവിതത്തിൽ എത്രപേർ തെറിപറയാതെ ജീവിക്കുന്നുണ്ട്.?






