നിഖിലാചന്ദ്രന്റെ അരങ്ങനുഭവങ്ങൾ

നാടകം ജീവിതത്തോട് ചേർത്തത് 
എപ്പോൾ മുതൽ?

കുട്ടിക്കാലത്ത് ഒരു പാട് നാടകങ്ങൾ കാണാൻ അവസരം ലഭിച്ചിട്ടുള്ള ആളല്ല ഞാൻ.പക്ഷേ കണ്ട നാടകങ്ങൾ അരങ്ങിന്റെ ആനന്ദത്തെ മനസ്സിലാക്കി തന്നു.
കുട്ടിക്കാല കളികൾക്കിടെ ഉണ്ടാക്കിയ കുഞ്ഞു കുഞ്ഞവതരണങ്ങൾ.അത് ഞങ്ങൾ കുട്ടികളുടേത് മാത്രമായിരുന്ന ഭാവനലോകമായിരുന്നു. അതിനെ നിയന്ത്രിക്കാൻ മുതിർന്നവർ വല്ലാതെ ശ്രമിച്ചിരുന്നില്ല.ഒരു പക്ഷേ ഒരു പാട് നാടകങ്ങൾ കണ്ടതും പഠിച്ചതുമായ അനുഭവങ്ങൾ കുറവാണെങ്കിലും അരങ്ങിന്റെ സാധ്യതകൾ മനസ്സിൽ മുതിർന്നപ്പോഴും പച്ചപ്പിടിച്ചു കിടന്നത് അങ്ങനെയാവാം.

എത്ര നാടകങ്ങൾ രചന/ വേഷം?

പലയിടങ്ങളിലായി അവതരിപ്പിച്ച ഏഴ് നാടകങ്ങളാണ് പുസ്തകത്തിൽ ഉള്ളത്. പ്രശസ്ത നാടക സംവിധായകനായ ബ്രഹ്ത് പറയുന്ന പോലെ യാഥാർത്ഥ്യത്തിന് നേരെ പിടിച്ച കണ്ണാടിയല്ല കല, അതിനെ രൂപപ്പെടുത്തുന്ന ചുറ്റികയാണ്.

നാടകങ്ങളെ ഇത്രമേൽ സ്‌നേഹിക്കാൻ 
 നാടകം എന്താണ് നൽകിയത്.?

നാടകത്തെ  പൂർണമായ അനുഭവമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന തുടക്കക്കാരിയാണ്. നാടകങ്ങളുടെ അതിവിപുലമായ ലോകത്ത് ഇന്നും ഒരു പഠിതാവ് മാത്രമാണ്. അത്രമേൽ വിശാലമാണ് അരങ്ങിലെ അനുഭവങ്ങൾ.അരങ്ങ് നിരന്തരം പുതുക്കപ്പെടുകയും വിനിമയത്തിന്റെ പുതു സാധ്യതകൾ അന്വേഷിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലത്ത് അപ്‌ഡേറ്റാവുക  എന്നത് പ്രധാനമാണ്. പ്രൊഫഷണലി മുഴുവൻ സമയ നാടക പ്രവർത്തക അല്ലാത്തിടത്തോളം എന്നെ സംബന്ധിച്ച് പരിമിതികൾ ഉണ്ട്. എങ്കിലും ശ്രമിക്കുന്നു.

സംഘടിതമായ  നാടകപ്രവർത്തനം 
ആയുർവേദത്തോടൊപ്പം 
എങ്ങനെ കൊണ്ടു പോകുന്നു?

ആസ്വാദനത്തിനും പ്രചാരണത്തിനും ഉന്നമനത്തിനും സഹായകമായ ഒരു കല എന്ന നിലയിലാണ് നാടകം എനിക്ക് പ്രിയങ്കരമാകുന്നത്.
മനുഷ്യ ജീവിതത്തെ അതിന്റെ മുഴുവൻ വർണവിസ്മയങ്ങളോടെയും കാണാൻ ശ്രമിക്കുന്ന ഒരാൾ എന്ന നിലയിലാണ് ഞാൻ ഏതൊരു കലാസംരംഭത്തെയും ചേർത്ത് നിർത്തുന്നത്. പക്ഷേ അതിനോടൊപ്പം തന്നെ സമൂഹത്തിന്റെ നിലപാടുകൾ രൂപീകരിക്കുന്നതിൽ വഹിക്കേണ്ടുന്ന പങ്കിനെ കുറിച്ചു വ്യക്തമായ നിലപാടുണ്ട്.

സ്ത്രീകൾ നാടകത്തിലേക്ക് 
വരുന്നത്  ഇപ്പോൾ ആരും 
ഭയത്തോടെ കാണുന്നില്ല. 
ഒറ്റയ്ക്ക് അരങ്ങിലേത്തിയപ്പോൾ 
പ്രതിസന്ധികൾ ഉണ്ടായിരുന്നോ?

സ്ത്രീകൾ അരങ്ങിലെത്തിയതും അരങ്ങിനെ കീഴടക്കിയതിലും നിലനിൽക്കുന്നതിലുമൊക്കെ നിരവധി പോരാട്ടങ്ങൾ ഉണ്ട്.
നിലമ്പൂർ ആയിഷത്തായുടെ ഒക്കെ ജീവിതം കേൾക്കുമ്പോൾ ,കലയോടുള്ള ആത്മസമർപ്പണ വഴികൾ അറിയാം.അടുത്ത് മരിച്ച കെ.പി.എ.സി ലളിത ചേച്ചിയുടെ കലാജീവിതവും മറ്റൊന്നല്ല. എന്നെ സംബന്ധിച്ച് ഞാനെഴുതിയ മിക്ക നാടകങ്ങളും സംവിധാനം ചെയ്തിരിക്കുന്നത് എന്റെ ജീവിതപങ്കാളി പ്രമോദ് ബാലകൃഷ്ണനാണ്.ഓരോ നാടകവും ഒരു പാട് മനുഷ്യരുടെ ആഗ്രഹവും കൂട്ടായ്മയുമായിരുന്നു.മറ്റൊരു പ്രൊഫഷൻ കൈകാര്യം ചെയ്യുന്ന ആളെന്ന നിലയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്ന് മാത്രം.സ്ത്രീ എത്ര പ്രിവിലേജ്ഡ് ആയ ഇടങ്ങളിലാണെങ്കിലും അവളുടെ കയ്യൊപ്പു ചാർത്താൻ നിരവധി തടസ്സങ്ങളെ തരണം ചെയ്യേണ്ടി വരാറുണ്ട്. അതിൽ നിന്ന് ഞാനും ഭിന്നയല്ല.

സാധാരണയായി എന്തൊക്കെ 
തയാറെടുപ്പുകളാണ് 
നാടകത്തിനുവേണ്ടി നടത്തുന്നത്?

നാടകങ്ങൾക്ക് മറ്റ് കലകളെ  അപേക്ഷിച്ച് റീടേക്കിനുള്ള സാധ്യത അൽപം പോലുമില്ല.അരങ്ങിന് മുമ്പിലെ ആൾക്കൂട്ടമാണ് പ്രേക്ഷകർ. അവിടെ നല്ല രംഗബോധമുണ്ടായിരിക്കണം.

നാടകത്തിന്റെ രചന, എന്നതിനപ്പുറം 
അഭിനേത്രി എന്ന നിലയിൽ 
നാടകങ്ങളെ എങ്ങനെ  
വിലയിരുത്തുന്നു?

ജീവിതത്തിന്റെ  ആവിഷ്‌ക്കാരമാണ് സിനിമ നാടകാദികലകൾ.
വേദിയുടെ രൂപകല്പന,നടീ നടന്മാരുടെ ശരീരഭാഷ, ഉപയോഗിക്കുന്ന ടെക്സ്റ്റ്, ലൈറ്റിംഗ്,വേഷവിധാനങ്ങൾ തുടങ്ങിയവയൊക്കെ പ്രാധാന്യമർഹിക്കുന്നതാണ്.

നാടകങ്ങൾ ഇനി സ്വതന്ത്ര 
പാതയാവില്ല, അവ 
അരങ്ങുണർത്തില്ല 
എന്ന്  കരുതുന്നുണ്ടോ?

നാടകങ്ങൾക്ക് ഇനിയും  പുനരുജ്ജീവനം സാധ്യമാണ്.
സംവേദനത്തിന്റെ പുതുകാഴ്ചകളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകാൻ ഈ ഡിജിറ്റൽ യുഗത്തിൽ അവക്ക് തീർച്ചയായും കഴിയും.

പുതിയ  നാടകങ്ങളും 
പഴയ നാടകങ്ങളും താരതമ്യം 
ചെയ്യുമ്പോൾ  പ്രമേയത്തിൽ  
ഏറെ മാറ്റങ്ങൾ ഉണ്ടോ?

പഴയ നാടകങ്ങൾ സാമൂഹ്യ പ്രശ്‌നങ്ങൾ പ്രമേയമാക്കിയവ ആയിരുന്നു. മനുഷ്യാനുഭവമുള്ളതും മൂല്യവത്തായതും ചുറ്റുമുള്ള ജീവിതത്തിന്റെ നേർകാഴ്ചകളും സമൂഹത്തെ മാറ്റി മറിച്ചതുമായിരുന്നു.
പുതിയ നാടകങ്ങൾ സാങ്കേതികമായി മികവ് പുലർത്തുകയും,ആ വിഷ്‌ക്കാരത്തിന്റെ നൂതന സാധ്യതകൾ ആരായുകയും ചെയ്യുന്നു.പുതിയതോ പഴയതോ എന്നൊന്നുമല്ല, ആത്യന്തികമായി കണ്ടു നിൽക്കുന്നവരോട് സംവേദനം ചെയ്യാൻ  കഴിയുന്ന ആവിഷ്‌ക്കാരങ്ങളായിരിക്കണം എന്നതാണ് എന്റെ പക്ഷം.

സിനിമയിലെ ഒരു നടന് കിട്ടുന്ന 
താര പരിവേഷം നാടക 
കലാകാരന്മാർക്ക് കിട്ടുന്നില്ലല്ലോ. 
കാരണമെന്തായിരിക്കും?

നാടകത്തിൽനിന്നും പലരും സിനിമയിലേക്ക്  വരുന്നുണ്ടല്ലോ.പുതിയ കാലത്ത് അംഗീകാരങ്ങൾ കിട്ടുന്നില്ല എന്ന കാഴ്ചപ്പാട് ശരിയല്ല.പക്ഷേ കൂടുതൽ ആൾക്കാരിലേക്ക് എത്തിപ്പെടുന്നതും വല്യ ബജറ്റിന്റെ ലോകം എന്ന നിലയിലും,സിനിമയിൽ വരുമ്പോൾ കലാകാരൻമാർക്ക് കിട്ടുന്ന താര പരിവേഷത്തിൽ, പ്രതിഫലത്തിൽ,ഒക്കെ വ്യത്യാസമുണ്ട്.എന്നാൽ സിനിമാ നടനായതു കൊണ്ട് മാത്രം,കൂടുതൽ താരപരിവേഷം ഉള്ളതുകൊണ്ട് മാത്രം,മികച്ച ഒരു നാടകകലാകാരനെക്കാൾ കഴിവുള്ള ആളാണ് അങ്ങനൊന്നും താരതമ്യം പറയാൻ പറ്റില്ല എന്നാണ് ഞാൻ കരുതുന്നത്.

നാടകങ്ങളുടെ സ്വീകാര്യതക്ക്  
സർക്കാരുകൾ ചെയ്യേണ്ടത്?

നാടകങ്ങൾ വളരുന്നതിന് അനുകൂല സാഹചര്യങ്ങൾ ഒരുക്കണം.
കോവിഡ് കാലം ഏറ്റവും പ്രതിസന്ധിയിലാക്കിയ വിഭാഗങ്ങളിലൊന്നാണ്.അതിനെ അതിജീവിക്കാനാവശ്യമായ സഹായങ്ങൾ ആവശ്യമാണ്. എന്തായാലും ഇപ്പോൾ അത്തരത്തിലുള്ള ഇടപെടലുകൾ കാണുന്നത് ആശാവഹമാണ്.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പരിശീലന കേന്ദ്രങ്ങളും എല്ലാ സൗകര്യങ്ങളോട് കൂടിയ രംഗവേദികളും  ഇനിയും ഉണ്ടാകണം.ഏറ്റവും നൂതന ആവിഷ്‌ക്കാരങ്ങളെ പറ്റി പഠിക്കാനും അറിയാനുമുള്ള ഇടങ്ങൾ ഉണ്ടാവണം. ഗ്രാമീണ നാടകവേദികളെ സജീവമാക്കാൻ വേണ്ട പ്രവർത്തനങ്ങൾ വേണം.

വയനാടൻ കഥകളൊക്കെ 
കേൾക്കുകയും അറിയുകയും 
ചെയ്തിട്ടുള്ള ആളല്ലേ.കരുത്തുറ്റ  
സ്ത്രീകൾ ആരെങ്കിലും 
പ്രചോദനമായിട്ടുണ്ടോ?

ഞാൻ വയനാട്ടിൽ ജനിച്ചു വളർന്നയാളാണ്.വയനാടിന്റെ ചരിത്രവും മോഹിപ്പിക്കുന്ന പ്രകൃതിഭംഗിയും കൗതുകകരമായ ഐതിഹ്യങ്ങളും എന്റെ  മനസ്സിനെ സ്വാധീനിച്ചിട്ടുണ്ട്. വാമൊഴിവഴക്കങ്ങളിലൂടെ തലമുറകൾ കൈമാറി വന്ന കഥകൾ വയനാടിനുണ്ട്.
നമ്മെ ആകർഷിക്കുന്നതിൽ നാം കണ്ടതും കേട്ടതുമായ വ്യക്തിത്വങ്ങൾക്ക് ഉള്ള സ്ഥാനം അത്ര ചെറുതൊന്നുമല്ലല്ലോ. അങ്ങനെ എന്നെ സ്വാധീനിച്ച നിരവധി സാധാരണക്കാരായ സ്ത്രീകളുണ്ട്.കേവലമൊരാൾ എന്ന് പറയാൻ പറ്റില്ല.

കോവിഡാനന്തര കാലഘട്ടത്തിലെ 
നാടക രൂപത്തെക്കുറിച്ച്?

കോവിഡാനന്തര കാലഘട്ടത്തിലെ ഓരോ ദിനവും പ്രതീക്ഷ നൽകുന്നു എന്ന് പറയാം.പലരെയും മരണം കൊണ്ടുപോയല്ലോ.നമ്മൾ ജീവിച്ചിരിക്കുന്നു എന്നത് തന്നെ നമുക്ക് കിട്ടിയ ബോണസ്സാണ്.
കോവിഡ് കാലത്ത്  അനേകം നാടക കലാകാരന്മാർ ജീവിതത്തിനു മുമ്പിൽ സ്തബ്ധരായിട്ടുണ്ട്.
നാടകം കളിക്കാൻ അവർക്ക് പണമില്ലാതായി.അതിജീവനത്തിന് പുതുവഴി തേടിയ  കലാകാരൻമാർ ഉണ്ട്.
എന്തായാലും ഇപ്പോൾ നടന്നുവരുന്ന ഇടപെടലുകൾ നാടകത്തിന്റെ നല്ല നാളെകളെ സ്വപ്‌നം കാണാൻ പ്രേരിപ്പിക്കുന്നു. 
നാടക വസന്തത്തിന്റെ യവനിക താഴരുത്. പകർന്നാടാൻ അരങ്ങുകൾ വേണം. കലാകേരളത്തിന്റെ സാംസ്‌കാരിക നഭസ്സിലെ പൊന്നമ്പിളിയാണ് നാടകങ്ങൾ.പ്രത്യാശയോടെ തന്നെയാണ് ഭാവിയെ നോക്കുന്നത്.

Latest News