പ്രസാർ ഭാരതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി, രാജീവ് രത്ന ഷായുടെ ഇലക്ട്രോണിക്സ്, ഐടി വകുപ്പിന്റെ സെക്രട്ടറിയായി മാറിയതിനുശേഷം വന്നത്, ഇപ്പോഴത്തെ ഡൽഹി ലഫ്.ഗവർണറായ അനിൽ ബൈജാലായിരുന്നു. 2001 ജനുവരിയിൽ അദ്ദേഹം അന്തമാൻ നിക്കോബാർ ദ്വീപുകളുടെ ചീഫ് സെക്രട്ടറിയായിരുന്നു. അതിനു മുമ്പ് ഇന്ത്യൻ എയർലൈൻസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു. മന്ത്രിയായിരുന്ന സുഷമാ സ്വരാജ് ടെലിഫോണിൽ വിളിച്ചുവരുത്തിയായിരുന്നു പ്രസാർഭാരതിയുടെ ചുമതല ഏൽപിക്കുന്നത്. അദ്ദേഹം വളരെ നല്ല വ്യക്തിയും ഉദ്യോഗസ്ഥനുമായിരുന്നു; ആദ്യത്തെ രണ്ടോ മൂന്നോ ആഴ്ച അദ്ദേഹം വളരെ കരുതലോടെയായിരുന്നു എന്നോട് പെരുമാറിയിരുന്നത്; പിന്നീട് ടെലിവിഷൻ എന്ന മാധ്യമസംബന്ധിയായ എല്ലാ കാര്യങ്ങളിലും എന്റെ സഹായം ആവശ്യപ്പെടുകയും, എന്റെ ചുമതലകൾ വർദ്ധിക്കുകയും ചെയ്തു. പ്രസാർ ഭാരതി കോർപറേഷൻ നിലവിൽ വന്നതിനുശേഷം അതിന് പ്രത്യേകമായി ഒരു ഓഫീസുണ്ടായിരുന്നില്ല. കോർപറേഷന്റെ ഉദ്യോഗസ്ഥരെല്ലാം ദൂരദർശൻ ആസ്ഥാനമായ മണ്ഡി ഹൗസിൽ തന്നെയായിരുന്നു; കോർപറേഷന്റെ ബോർഡ് മീറ്റിംഗുകളും അവിടെത്തന്നെയായിരുന്നു നടന്നത്. ബൈജാൽ ചുമതലയേറ്റെടുത്ത് ഒരു കൊല്ലത്തിനുളളിൽ സൻസദ്മാർഗിലെ ആകാശവാണി ഭവനെതിരെയുളള പി.ടി.ഐ ബിൽഡിംഗിലെ രണ്ട് നിലകൾ പ്രസാർ ഭാരതിയുടെ കോർപറേറ്റ് ഓഫീസാക്കി മാറ്റുകയും കോർപറേഷൻ ഉദ്യോഗസ്ഥന്മാരെല്ലാം അവിടേക്ക് മാറുകയും ചെയ്തു. അദ്ദേഹവും ദൂരദർശന്റെ പരസ്യവരുമാനം കൂട്ടുന്നതിൽ ശ്രദ്ധാലുവായിരുന്നു. സ്വകാര്യമേഖലയിൽനിന്ന് അതിനുളള സാധ്യതകൾ കുറവായിരുന്നതിനാൽ ഒരു പുതിയ മേഖല കണ്ടെത്തി. ദൂരദർശൻ പല ഗവണ്മെന്റ് ഡിപ്പാർട്ടുമെന്റുകളുടെയും പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നുണ്ടായിരുന്നു. അവയുടെ നിർമ്മാണത്തിന് ആ ഡിപ്പാർട്ട്മെന്റുകൾ ധാരാളം പണം ചെലവാക്കുകയും ചെയ്തിരുന്നു. ആ പണം ദൂരദർശനിൽ ചെലവാക്കിയാൽ ദൂരദർശനിലെ പ്രതിഭാധനരായ, പരിശീലനവും അനുഭവജ്ഞാനവുമുളളവർ, അവ നിർമിച്ച് കൊടുക്കുകയും പ്രക്ഷേപണം നടത്തുകയും ചെയ്യാമെന്ന് അദ്ദേഹം ഒരു പദ്ധതിയുണ്ടാക്കി. ഗവണ്മെന്റ് ബിസിനസ് സെൽ എന്ന പുതിയ ഒരു വിഭാഗം നിലവിൽ വന്നു. അതിന്റെ ചുമതല എന്നെയാണ് ഏല്പിച്ചത്. അദ്ദേഹത്തിന്റെ കൂടെ വിവിധ മന്ത്രി കാര്യാലയങ്ങളിൽ ചെന്ന് മുതിർന്ന ഉദ്യോഗസ്ഥന്മാരുടെ മുമ്പിൽ ഞങ്ങൾ പവർപോയിന്റ് അവതരണം നടത്തി. എന്നെ സഹായിക്കാൻ കൺട്രോളർ ആയി ഉഷാ ഭാസിൻ എന്ന മിടുക്കിയായ കൺട്രോളറും രവി രാമകൃഷ്ണ തുടങ്ങിയ ഉത്സാഹശാലികളായ ഡെപ്യൂട്ടി കൺട്രോളർമാരും ഉണ്ടായിരുന്നു. ഗവണ്മെന്റ് ബിസിനസ് സെൽ പ്രാദേശിക ദൂരദർശൻ കേന്ദ്രങ്ങളിൽ തുടങ്ങാനും സംസ്ഥാന ഗവൺമെന്റിന്റെ പരസ്യങ്ങളും പരിപാടികളും നിർമ്മിക്കാനും പ്രക്ഷേപണം ചെയ്യാനുമുളള മാർഗ്ഗദർശകരേഖകളും കൂടിയാലോചനകളും നടത്തുകയും ചെയ്തു.
സ്ഥാനമേറ്റെടുത്ത് ഏതാനും ആഴ്ചകൾ കഴിഞ്ഞ് ഒരു ദിവസം ബൈജാൽ എന്നെ വിളിച്ച് സിബിഐ അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചന്വേഷിച്ചു. ലോധി റോഡിലുളള അവരുടെ ാേഫീസിൽ വിശദീകരണമെന്ന പേരിൽ വിളിപ്പിക്കുന്ന ചോദ്യം ചെയ്യലുകളെക്കുറിച്ച് ഞാനദ്ദേഹത്തോട് സംസാരിച്ചു. സിബിഐയുടെ സ്പെഷ്യൽ ഡയറക്ടർ ശർമയും താനും വളരെ അടുത്ത സുഹൃത്തുക്കളാണെന്നും വിശ്വാസ്യതയും സത്യസന്ധതയും ചോദ്യം ചെയ്യാനാവില്ലെന്ന് അദ്ദേഹത്തിന് പൂർണ്ണവിശ്വാസമുണ്ടെന്നും അതിനാൽ അത് അവസാനിപ്പിക്കാൻ സംസാരിക്കാമോ എന്നദ്ദേഹം ചോദിച്ചു. എനിക്ക് സത്യം തെളിയുമെന്ന ദൃഢവിശ്വാസമുണ്ടെന്നും മേലെ നിന്ന് നിർദ്ദേശം വന്നാൽ എന്റെ ധാരണയനുസരിച്ച് അന്വേഷണേദ്യോഗസ്ഥന്മാർ കൂടുതൽ ക്രൂരമായി പെരുമാറുകയേ ഉളളുവെന്നും ഞാനദ്ദേഹത്തെ ബോധിപ്പിച്ചു. എങ്കിൽ പിന്നെ താങ്കളുടെ ബോദ്ധ്യത്തിൽ ഞാനിടപെടുന്നില്ല എന്നദ്ദേഹം പറഞ്ഞു.
എസ്.എസ്.ഗിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കാലത്ത് ഡയറക്ടർ ജനറൽ ഇല്ലാതിരുന്നതിനാൽ (അദ്ദേഹം ചുമതലയേറ്റ ഉടനെ മന്ത്രികാര്യാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരുന്ന കെ.എസ്.ശർമ്മ ഡയറക്ടർ ജനറലിന്റെ അധികച്ചുമതല വഹിക്കുകയായിരുന്നു: തനിക്ക് രണ്ട് തോണിയിൽ കാൽവെക്കുന്ന ഒരാളെക്കൊണ്ട് കാര്യങ്ങൾ നടത്താൻ പറ്റില്ലെന്ന് കരുതി അദ്ദേഹം ശർമ്മയെ മന്ത്രികാര്യാലയത്തിലേക്ക് തിരിച്ചയച്ചിരുന്നു! ശർമ്മയ്ക്ക് അതിന്റെ പേരിൽ അദ്ദേഹത്തോട് അനിഷ്ടമുണ്ടായിരുന്നു. എല്ലാ ഡെപ്യൂട്ടി ഡയറക്ടർ ജനറൽമാരും തങ്ങളുടെ ചുമതലയുളള കാര്യങ്ങളിൽ ഡയറക്ടർ ജനറലിന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റണമെന്ന് ഒരു ഓർഡർ ഇറക്കിയിരുന്നു. (ഡെപ്യൂട്ടി ഡയറക്ടർ ജനറൽമാരെല്ലാം പേരുമാറ്റി അഡീഷണൽ ഡയറക്ടർ ജനറൽമാരും ഡയറക്ടർമാരും കൺട്രോളർമാരും ഡെപ്യൂട്ടി ഡയറക്ടർ ജനറൽമാരായതും പിന്നീടാണ്!)ബൈജാൽ ഒരു ഡയറക്ടർ ജനറലിനെ നിയമിക്കാനുളള നടപടികളാരംഭിച്ചു. പ്രസാർ ഭാരതി നിയമമനുസരിച്ച് ഒരു റിക്രൂട്ട്മെന്റ് ബോർഡ് വേണ്ടതായിരുന്നു. അതുണ്ടായിരുന്നില്ല. പ്രസാർ ഭാരതി കോർപറേഷൻ നിലവിൽ വരുന്നതിന് മുൻപ് ഡയറക്ടർ ജനറലിനെ നിയമിക്കാൻ യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ പരസ്യം ചെയ്തിരുന്നു. ഞാൻ അപേക്ഷ അയച്ചിരുന്നു. അവർ എന്നെ ഇന്റർവ്യൂവിന് വിളിച്ചു; അത് കോർപറേഷൻ നിലവിൽ വന്ന്, ശർമ മന്ത്രികാര്യാലയത്തിലേക്ക് തിരിച്ചുപോയതിനുശേഷമായിരുന്നു. അവിടെ ഒരു മീറ്റീംഗിന് ചെന്നപ്പോൾ ഞാൻ ഇന്റർവ്യൂവിന് വിളിച്ച കാര്യം ശർമ്മയോട് സംഭാഷണത്തിനിടയിൽ പറഞ്ഞു. അദ്ദേഹം പെട്ടെന്ന് പകച്ചു. എന്നോട് കത്തിന്റെ കോപ്പി ആവശ്യപ്പെട്ടു. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷന്, പ്രസാർ ഭാരതി നിലവിൽ വന്നതിനാൽ നിയമനം നടത്താൻ അധികാരമില്ലെന്നും അതിനാൽ ഇന്റർവ്യൂ നടത്താൻ അനുവദിക്കുകയില്ലെന്നും എന്നോട് പറഞ്ഞു. ഇന്റർവ്യൂ നടക്കേണ്ടിയിരുന്നതിന്റെ രണ്ട് ദിവസം മുൻപ് അത് റദ്ദുചെയ്തതായി യു.പി.എസ്. സി അറിയിച്ചു.
ഇന്ത്യൻ ബഹിരാകാശ സംഘടനയുടെ ചെയർമാനായിരുന്ന ശാസ്ത്രജ്ഞൻ ഡോ.യു.ആർ.റാവുവായിരുന്നു പ്രസാർ ഭാരതിയുടെ ചെയർമാൻ. രാജീവ് രത്ന ഷാ സി.ഇ.ഒ ആയിരുന്നപ്പോൾ, ബി.സി.സി.ഐയിൽ നിന്ന് ഇന്ത്യയിലെ ക്രിക്കറ്റ് മാച്ചുകളുടെ സംപ്രേഷണാവകാശങ്ങൾ വാങ്ങുന്നതിനായി പല തവണയും ബോർഡ് യോഗങ്ങൾ ചേർന്നിരുന്നപ്പോൾ ഞാൻ ആ യോഗങ്ങളിലെല്ലാം പങ്കെടുത്തിരുന്നു. കൂടാതെ, ഇന്ത്യൻ സാഹിത്യത്തിലെ ക്ലാസിക്കുകളെ ആധാരമാക്കി വിവിധ ഭാഷകളിൽ ദൃശ്യവത്ക്കരണം നടത്തുന്നതിന്റെ ചർച്ചകളിലും പ്രത്യേകിച്ച് വിഖ്യാതനായ വിക്രം സേത്തിന്റെ 'സ്യൂട്ടബിൾ ബോയ്' എന്ന നോവലിന്റെ കാര്യത്തിൽ പല തവണ നടന്ന മാരത്തൺ ചർച്ചകളിലും ഞാൻ ഭാഗഭാക്കായിരുന്നു. എട്ട് മണി മുതൽ രാത്രിവരെ നീളുന്ന ചർച്ചകൾക്ക് വേണ്ട നോട്ടുകൾ തയ്യാറാക്കേണ്ടിയിരുന്നു. എന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന സുരേഷിനെ അർദ്ധരാത്രി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നായിരുന്നു നോട്ടുകൾ തയ്യാറാക്കിയിരുന്നത്. വിദ്യാനിവാസ് മിശ്ര, ആബിദ് ഹുസൈൻ എന്നിവർ എന്നെ ബോർഡ് യോഗങ്ങളിൽ തന്നെ പുകഴ്ത്തുകയും ചെയ്തിരുന്നു.
മലയാളത്തിൽ ആദ്യമായി ഒരു സ്വകാര്യ ചാനലായ ഏഷ്യാനെറ്റിന് വേണ്ടി പണം മുടക്കിയ ഡോ..റെജി മേനോനും അനന്തിരവൻ ശശികുമാറും തമ്മിൽ (ശശി മദ്രാസ് ദൂരദർശനിൽ ഞാൻ ജോലി ചെയ്തിരുന്ന കാലത്ത് അവിടെ ഇംഗ്ലീഷ് വാർത്താവതാരകനായിരുന്നു; അടുത്ത സുഹൃത്തായിരുന്നു) 1999ൽ സാരമായ അസ്വാരസ്യങ്ങളുണ്ടായപ്പോൾ അതിന്റെ ചുമതലയേൽക്കാൻ എന്നെ പല തവണയും വിളിച്ചിരുന്നു. ആദ്യം ഇപ്പോൾ സ്റ്റാർ ടിവിയുടെ ഇന്ത്യൻ മേധാവിയായ കെ. മാധവനായിരുന്നു ചർച്ചകൾക്കായി വന്നിരുന്നത്. പിന്നീട് ഡോ. റെജി മേനോൻ തന്നെ ഡൽഹിയിൽ ഞങ്ങളുടെ വീട്ടിൽ വരികയും അദ്ദേഹം കൊടുങ്ങല്ലൂരിൽ നിർമിച്ച മനോഹരമായ തറവാട് വീട്ടിൽ എന്നെ വിളിച്ചുകൊണ്ടുപോവുകയും ചെയ്തിരുന്നു. ഇതിന് പുറമെ 2000 ആദ്യ മാസങ്ങളിലൊന്നിൽ പിണറായി വിജയനും (അന്ന് പാർട്ടി സെക്രട്ടറി) എം.എ.ബേബിയും കൂടി ഡൽഹി കേരള ഹൗസിൽ വെച്ച് ചർച്ചകൾ നടത്തി, അവർ പുതുതായി തുടങ്ങിയ കൈരളി ചാനലിന്റെ ചുമതലയേൽക്കാമോ എന്നന്വേഷിച്ചിരുന്നു: ഒരു തവണ ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ച് ഞാൻ തിരുവനന്തപുരത്ത് വന്നപ്പോൾ ചാനലിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. അതിനും പുറമെ മാതാ അമൃതാനന്ദമയി പുതുതായി തുടങ്ങുന്ന അമൃത ചാനലിൽ നിന്നും ഒരു ഓഫർ ഉണ്ടായിരുന്നു. ഒടുവിൽ ഏഷ്യാനെറ്റിന്റെ കാര്യത്തിൽ റെജി മേനോനുമായി നേരിട്ടുളള ബന്ധവും കൂടിയായപ്പോൾ, അർദ്ധമനസ്സോടെ ഞാൻ ദൂരദർശൻ വിടാമെന്ന് കരുതി. 2000 സെപ്തംബർ ആദ്യം ഞാൻ എന്റെ മേലുദ്യോഗസ്ഥനായ രാജീവ് രത്ന ഷായോട് സംസാരിച്ചു. എന്റെ ആഗ്രഹം അതാണെങ്കിൽ താൻ തടസ്സം നിൽക്കുകയില്ലെന്നും പക്ഷേ, മന്ത്രി അരുൺ ജെയ്്റ്റ്ലി സമ്മതിക്കുമോ എന്ന് സംശയമാണെന്നും ഏതായാലും അദ്ദേഹത്തോട് കാര്യം പറയാനും ഷാ നിർദ്ദേശിച്ചു. രാവിലെ പത്തര മണി മുതൽ പതിനൊന്നര വരെ മന്ത്രിയുടെ മുറിയിൽ നടന്ന ഒരു യോഗം കഴിഞ്ഞ്, അദ്ദേഹത്തോട് സംസാരിക്കാൻ ഞാൻ കാത്തുനിന്നപ്പോൾ സന്ദർശകർ ഉളളിൽ കയറിവരികയും ചെയ്തു. പിന്നീട് ഞാൻ ഓഫീസിൽ തിരിച്ചുചെന്ന് അദ്ദേഹത്തിന്റെ സ്റ്റാഫിലെ ഭാട്ടിയയെ വിളിച്ച് അന്നുതന്നെ കാണാൻ സമയം വേണമെന്ന് പറഞ്ഞപ്പോൾ ജെയ്റ്റ്ലിയെ നേരിട്ട് കണക്ട് ചെയ്തു:''മീറ്റിംഗ് കഴിഞ്ഞ് പോയതല്ലേയുളളൂ. കാര്യം ഫോണിൽ പറയാം'' എന്നദ്ദേഹം പറഞ്ഞു. അതല്ല, നേരിട്ട് പറയേണ്ട കാര്യമാണ് എന്ന് പറഞ്ഞപ്പോൾ വൈകുന്നേരം 5.10ന് നേരെ മുറിയിലേക്ക് വന്നോളൂ എന്നദ്ദേഹം പറഞ്ഞു.
5.10ന് ഞാൻ മുറിയിലേക്ക് കയറിയപ്പോൾ ഒരു വലിയ രാഷ്ട്രീയനേതാവ് അദ്ദേഹത്തോട് സംസാരിച്ചുകൊണ്ടിരിക്കുന്നു. മുറിയിലെ സോഫയിലിരിക്കാൻ അദ്ദേഹം ആംഗ്യം കാണിച്ചു. സന്ദർശകൻ പോയപ്പോൾ അദ്ദേഹം എന്റെയടുത്തേക്ക് വന്നു. ഞാൻ വിവരങ്ങൾ അദ്ദേഹത്തോട് പറഞ്ഞു, എന്നെ ദൂരദർശൻ വിടാൻ അനുവദിക്കണമെന്നപേക്ഷിച്ചു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു, നിങ്ങൾക്ക് ദൂരദർശൻ ഡയറക്ടർ ജനറലാവണ്ടേ? ''സർ, അതെന്റെ സ്വപ്നമാണ്.'' അദ്ദേഹം തുടർന്നു,''അതു നടക്കും. നിങ്ങൾ സിഡ്നിയിൽ പോയി, ഒളിമ്പിക്സ് കഴിഞ്ഞ് മടങ്ങിവരൂ.'' സന്തോഷം കൊണ്ട് ഞാൻ വീർപ്പുമുട്ടി. അദ്ദേഹത്തിന്റെ മുറിയിൽനിന്ന് പുറത്തിറങ്ങിയ ഉടനെ ഞാൻ ഭാര്യയെ വിളിച്ച് വിവരം പറഞ്ഞു. കേരളത്തിലേക്ക് മടങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചു. പക്ഷേ, ഞാൻ സിഡ്നിയിൽ നിന്ന് മടങ്ങുമ്പോഴേക്ക് അരുൺ ജയ്റ്റ്ലി വാർത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രിസ്ഥാനത്തുനിന്ന് മാറിയിരുന്നു. സുഷമ സ്വരാജായിരുന്നു പകരം വന്ന മന്ത്രി. അവരാണ് രാജീവ് രത്ന ഷായെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തുനിന്ന് മാറ്റിയത്, അമിതാഭ് ബച്ചൻ ദൂരദർശൻ ആസ്ഥാനത്ത് പത്രസമ്മേളനം നടത്തിയെന്നതിന്റെ പേരിൽ.
ദൂരദർശൻ ഡയറക്ടർ ജനറൽ നിയമനത്തിന് പ്രസാർ ഭാരതി 2001 ജൂലായ്-ആഗസ്റ്റ് കാലഘട്ടത്തിൽ അപേക്ഷകൾ ക്ഷണിച്ചു. ഞാനും അപേക്ഷ അയച്ചു. അപേക്ഷകളുടെ ക്രോഡീകരണവും പരിശോധനയും നടത്തുന്ന മുതിർന്ന ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞു, ''സർ, താങ്കളുടെ രണ്ട് കൊല്ലത്തെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ ഇതുവരെ ഷാ സാബ്് അയച്ചുതന്നിട്ടില്ല. സെലക്ഷന്് പകുതി മാർക്ക് റിപ്പോർട്ടിനാണ്. പകുതിയേ ഇന്റർവ്യൂവിനുളളു.'' ഞാൻ പിറ്റേദിവസം തന്നെ ഇലക്ട്രോണിക്സ് ഭവനിൽ ചെന്ന് ഷായെ കണ്ട് കാര്യം ധരിപ്പിച്ചു. അദ്ദേഹത്തിന്റെ സെക്രട്ടറി ശർമ്മയെ പിറ്റേദിവസം വിളിച്ചോർമ്മിപ്പിച്ചാൽ എഴുതിക്കൊടുത്തയയ്ക്കാമെന്ന് അദ്ദേഹം ഉറപ്പുതന്നു. എഴുതിയ റിപ്പോർട്ട് ശർമ്മ എന്നെ രഹസ്യമായി വായിച്ചുകേൾപ്പിച്ചു: ഔദ്യോഗികജീവിതത്തിൽ അത്രയും നല്ല റിപ്പോർട്ട് ഒരു പക്ഷേ വേറെ ഒരു മേലുദ്യോഗസ്ഥനും എഴുതിയിരിക്കില്ല. റിപ്പോർട്ട് മന്ത്രി കാര്യാലയത്തിലെ ജോയിന്റ് സെക്രട്ടറിക്ക് അയച്ചുകൊടുത്ത കാര്യം എന്നെ അറിയിച്ചു. പക്ഷേ, ഇന്റർവ്യൂ നടക്കുന്നതിന്റെ (അതൊരു തിങ്കളാഴ്ചയായിരുന്നു) തലേ ബുധനാഴ്ച പ്രസാർ ഭാരതി ഉദ്യോഗസ്ഥൻ റിപ്പോർട്ട് കിട്ടിയില്ലെന്ന് വീണ്ടും അറിയിച്ചു! ഞാൻ ഞെട്ടിപ്പോയി. ജോയിന്റ് സെക്രട്ടറിയുടെ ഓഫീസിൽ വിളിച്ചപ്പോൾ അദ്ദേഹം ലീവിൽ പോയിരിക്കുകയാണെന്നും ഇന്റർവ്യൂ നടക്കുന്ന ദിവസം കഴിഞ്ഞേ തിരിച്ചുവരൂ എന്നും, എന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് അദ്ദേഹം അലമാരയിൽവെച്ച് പൂട്ടി താക്കോൽ കൊണ്ടുപോയിരിക്കുകയാണെന്നും അറിയിച്ചു. ഒന്നും ചെയ്യാൻ നിവൃത്തിയുണ്ടായിരുന്നില്ല, സങ്കടപ്പെടുകയല്ലാതെ.
പ്രസാർ ഭാരതിയുടെ ചെയർമാനും അംഗങ്ങളും അടങ്ങുന്ന ബോർഡ് തന്നെയായിരുന്നു സെലക്ഷൻ കമ്മറ്റി. ഇംഗ്ലീഷിലും മലയാളത്തിലും പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ ആയിരത്തഞ്ഞൂറിലധികം വരുന്ന ലേഖനങ്ങളും ഉപന്യാസങ്ങളുമെല്ലാം ഭംഗിയായി കട്ട് ചെയ്ത് രാഗിണി ഒരു സുഹൃത്തിന്റെ സഹായത്തോടെ രണ്ട് മൂന്ന് ആൽബങ്ങളിലാക്കിയിരുന്നു! അവയെല്ലാം ഞാൻ ബോർഡംഗങ്ങൾക്ക് നൽകി. അവർ അവ മറിച്ചുനോക്കുകയും ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. പന്ത്രണ്ട് പേരെയാണ് ഇന്റർവ്യൂവിന് വിളിച്ചിരുന്നത്. മറ്റുളളവരുടെ അഭിമുഖങ്ങളെല്ലാം പതിനഞ്ച് മിനുട്ടിൽ അവസാനിച്ചപ്പോൾ എന്റേത് 45 മിനുട്ടിലധികം നീണ്ടു.
സൗഹൃദത്തോടെ നടന്ന കൂടിക്കാഴ്ച വളരെ തൃപ്തികരമായിരുന്നു. ശുഭപ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് എനിക്ക് തോന്നി. പക്ഷേ, കോൺഫിഡൻഷ്യൻ റിപ്പോർട്ടിന്റെ കാര്യം മനസ്സിനെ മഥിക്കുന്നുണ്ടായിരുന്നു. വൈകുന്നേരം ഓഫീസ് വിട്ടുവന്ന ഉടനെ ഞാൻ ചെയർമാൻ യു.ആർ.റാവുവിനെ ഫോണിൽ വിളിച്ച് അടിയന്തരമായി കാണാൻ സമയം തരണമെന്ന് അപേക്ഷിച്ചു. പിറ്റേന്ന് രാവിലെ ഒൻപതരയ്ക്ക്, താമസിക്കുന്ന അശോക ഹോട്ടലിൽ കാണാമെന്ന് അദ്ദേഹം സമ്മതിച്ചു. ആ കൂടിക്കാഴ്ച ഒരിക്കലും മറക്കാനാവില്ല. (തുടരും)






