പ്രവാസ ലോകത്ത് ഒരു പുരുഷായുസ്സ് മുഴുവൻ വെള്ളിവെളിച്ചത്തിൽ നിറഞ്ഞുനിൽക്കാൻ കഴിയുകയെന്നത് വലിയ ഭാഗ്യമാണ് . ദൈവാനുഗ്രഹത്താൽ വിരളമായ ആ മഹാഭാഗ്യത്തിനുടമയാണ് ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലും കലാകായിക സേവന പ്രവർത്തനങ്ങളിലും നിറ സാന്നിധ്യമായ എ.കെ. ഉസ്മാൻ എന്ന ഉസ്മാൻക്ക. റെന്റ് എ കാർ ഉസ്മാൻക്കയായും എം. ഇ. എസ്. ഉസ്മാൻക്കയായുമൊക്കെ ഇന്ത്യൻ സമൂഹത്തിൽ പ്രിയങ്കരനായ ഈ പ്രവാസി മലയാളിയുടെ ജീവിത കഥ തികച്ചും പ്രചോദനാത്മകമാണ് .
1961 ൽ ഖത്തറിലെത്തിയതു മുതൽ ഇപ്പോഴും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളിലും വ്യാപാര സംരംഭങ്ങളിലും സജീവമാകുന്ന അദ്ദേഹത്തിന്റെ ജീവിതം പുതിയ തലമുറക്കും പഴയ തലമുറക്കും ഒരു പോലെ മാതൃകയാണ്. ആറ് പതിറ്റാണ്ടിന്റെ സംതൃപ്തമായ പ്രവാസ ജീവിതത്തിനിടയിൽ മാനുഷികവും സാമൂഹികവും സാംസ്‌കാരികവുമായ അവിസ്മരണീയമായ ഒട്ടേറെ മുഹൂർത്തങ്ങളിൽ തന്റെ കയ്യൊപ്പുചാർത്തിയ ഈ ചാവക്കാട്ടുകാരൻ മനുഷ്യ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റേയും ഉജ്വല മാതൃകയാണ്.
കൃത്യമായ ജീവിത ചിട്ടകൾ പുലർത്തുന്ന ഉസ്മാൻക്കയുടെ ദീർഘവീക്ഷണം ഖത്തർ എം.ഇ.എസ് സ്‌കൂളിന്റെ വളർച്ചക്കും സഹായകമായി. ഖത്തറിന്റെ ആധുനിക ചരിത്രത്തിനൊപ്പം ജീവിച്ച് വളർന്ന് വന്ന എ.കെ. ഉസ്മാന്റെ വ്യക്തിത്വം സർവ്വരാലും അംഗീകരിക്കപ്പെട്ട ഒന്നാണ്. ജീവിത വിശുദ്ധി കാത്ത് സൂക്ഷിക്കുന്ന എ.കെ. ഉസ്മാനിൽ നിന്നും ഖത്തർ വിപണിക്കും ഇന്നത്തെ തലമുറക്കും ഒരുപാട് കാര്യങ്ങൾ പഠിക്കാനും ജീവിതത്തിൽ പകർത്താനുമുണ്ട്.
സംതൃപ്തിയുടെ അറുപതാണ്ട് പിന്നിട്ട അദ്ദേഹത്തെ ഈയിടെ എം.എസ്. എസ്. ഖത്തർ ഘടകം ആദരിച്ചു. അറുപത് വർഷങ്ങൾക്ക് മുൻപ് അധികമാരും ഗൾഫ് രാജ്യങ്ങളിലേക്ക് വരാതിരുന്ന കാലത്ത് മൂന്ന് രാപ്പകലുകൾ കരിവണ്ടിയിൽ ബോംബെക്കും അവിടെനിന്ന് എട്ട് ദിവസമെടുത്ത് കപ്പലിൽ മിസൈദ് കടപ്പുറത്ത് വന്നിറങ്ങി ചെറിയ ബോട്ടിൽ കരയണഞ്ഞ കഥ ഇന്ന് നടന്നതുപോലെ ആണ് എ കെ ഉസ്മാൻ സദസ്സിനോട് വിവരിച്ചത്. ചെറിയ ചെറിയ പല ജോലികൾ ചെയ്ത് ഇന്ന് കാണുന്ന അൽ മുഫ്താ റെന്റ് എ കാറും മറ്റ് സ്ഥാപനങ്ങളും കെട്ടിപ്പടുത്തതും അക്കാലങ്ങളിൽ അനുഭവിച്ച ദുരിതങ്ങളും സാഹചര്യങ്ങളും ദോഹയിലെ പഴയ തലമുറയിലെയും പുതുതലമുറയിലെയും വ്യവസായികളും അല്ലാത്തവരുമായവരോട് അദ്ദേഹം പങ്കുവെച്ചത് സദസിന് അവിസ്മരണീയമായ അനുഭവമായി.
തൃശൂർ പാവറട്ടി എരവളപ്പിൽ പി.എ.കുഞ്ഞുമുഹമ്മദിന്റെയും അമ്പലത്തുവീട്ടിൽ തൈവളപ്പിൽ ഇയ്യാത്തുമ്മയുടെയും മകനായി 1942 ഒക്ടോബർ പതിമൂന്നിനാണ് ഉസ്മാന്റെ ജനനം.
അഞ്ചാമത്തെ വയസ്സിൽ പിതാവ് മരണപ്പെട്ടതോടെ തങ്ങളെ പഠിപ്പിച്ച് വലുതാക്കിയ ഉമ്മയാണ് തന്റെ റോൾ മോഡലെന്ന് പറയുന്ന ഉസ്മാൻ കോയമ്പത്തൂർ ആർട്സ് കോളജിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിതാവിന്റെ തണലില്ലാതിരുന്നിട്ടും മക്കളെ വഴിതെറ്റിപ്പോവാതെ പഠിപ്പിക്കാൻ അമ്പതുകളിൽ ഉമ്മ കാട്ടിയ ധൈര്യമാണ് എന്റെ ജീവിതത്തിലെ സകല പുരോഗതിക്കും കാരണമെന്നാണ് ഉസ് മാന്റെ പക്ഷം. കോപം വരുമ്പോൾ ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിച്ച് കണ്ണടച്ചിരിക്കാനും അല്ലെങ്കിൽ നമസ്‌ക്കരിക്കാനും പഠിപ്പിച്ച മാതാവിന്റെ ശിക്ഷണം ഇന്നും ജീവിതത്തിൽ മങ്ങാതെ സൂക്ഷിക്കുന്നതിനാലാവണം പുഞ്ചിരിച്ച മുഖവുമായല്ലാതെ നമുക്ക് ഉസ്മാൻ എന്ന വ്യാപാരിയേയും ജനസേവകനെയും കാണാൻ കഴിയില്ല.
ചെറുപ്പത്തിലെ കുടുംബഭാരം ചുമലിൽ വീണതിനാലാണ് പതിനെട്ടാമത്തെ വയസ്സിൽ ഭാഗ്യ പരീക്ഷണത്തിന്നായി ബോംബെയിലേക്ക് വണ്ടി കയറിയത്. ബ്രിട്ടീഷ് കോൺസുലേറ്റാണ് അക്കാലത്ത് ഖത്തറിലേക്കുള്ള വിസ അടിച്ചിരുന്നത്. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ ബലത്തിൽ പത്ത് ദിവസത്തിനുള്ളിൽ വിസ ലഭിച്ചെങ്കിലും കപ്പൽ കിട്ടാൻ അൽപ്പം കാത്തുനിൽക്കേണ്ടി വന്നു.
ഒരു രൂപയാണ് അക്കാലത്ത് ബോംബെയിൽ താമസിക്കാനുള്ള റൂമിന്ന് വാടക. പേർഷ്യൻ സ്വപ്നവും പേറി കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നെത്തിയ കുറേ ആളുകളാണ് അന്നത്തെ ബോംബെ മലയാളികൾ. ഇവർക്ക് താമസിക്കാനുള്ള സ്ഥലവും ഭക്ഷണവും ഒരുക്കിക്കൊടുക്കുന്നവരും മലയാളികളായിരുന്നു. വിസ ലഭിക്കാൻ കാലതാമസം നേരിടുമ്പോൾ പലരും നിത്യവൃത്തിക്കുള്ള പണത്തിനായി ജോലിക്ക് പോവും. പലകാരണങ്ങളാൽ യാത്ര സാധ്യമാവാതെ വരുന്നവർ ചെറിയ കച്ചവടം തുടങ്ങും. ഇങ്ങിനെ ബോംബെയിൽ തന്നെ തങ്ങിയവർ നിരവധിയായിരുന്നു.
1961 ൽ എസ്.എസ്.ദ്വാരകയെന്ന കപ്പലിലാണ് ഉസ്മാൻക്ക കടൽ മുറിച്ച് കടന്നത്. 115 രൂപയാണ് ഖത്തറിലേക്ക് ഏഴ് ദിവസത്തെ കപ്പൽ യാത്രക്ക് കൂലി. ഖത്തറിലെ ഇന്നത്തെ ഉംസൈദിലാണ് കപ്പൽ കരക്കടുത്തിരുന്നത്. ഖത്തർ നാവിഗേഷൻ പോലീസ് വന്ന് യാത്രാരേഖ പരിശോധിച്ചാണ് ഓരോരുത്തരേയും പുറത്തിറക്കുക. അമ്മാവന്റെ മകൻ കലന്തൻ ആ യാത്രയിൽ ഉണ്ടായിരുന്നു.
ബെൻസ് കാറുകളാണ് അന്ന് ടാക്സിയായി ഓടിയിരുന്നവയിൽ ഏറെയും. നമ്പർ പ്ലേറ്റ് ഒന്നും ഖത്തറിൽ അക്കാലത്ത് നിലവിൽ വന്നിട്ടില്ലായിരുന്നു. അധികവും വന്നിരുന്നത് ഹെലികോപ്റ്ററുകളാണ്. റോഡ്, വൈദ്യുതി, വെള്ളം എന്നിവയൊന്നും ഖത്തറിൽ സുലഭമായിരുന്നില്ല. സ്വദേശികളും വിദേശികളുമായി കഷ്ടി ഒരു ലക്ഷത്തോളം ജനങ്ങളുള്ള അവികസിത രാജ്യമായിരുന്ന ഖത്തറിൽ എങ്ങിനെ ജീവിത മാർഗം കണ്ടെത്തുമെന്ന ചിന്തയാണ് മനസ്സിനെ മദിച്ചത്. റസ്റ്റോറന്റുകളും ചെറിയ സൂഖുകളിൽ സ്റ്റാളും നടത്തുന്ന കുറച്ച് മലയാളികളാണ് ആകെ ഉണ്ടായിരുന്നത്.
വ്യാഴം, വെള്ളി ദിവസങ്ങളിൽ എല്ലാവരും ഒരുമിച്ച് നാട്ടിൽ നിന്നും പുതിയതായി വന്നവരെ സൽക്കരിച്ച് നാട്ടിലെ കഥകേൾക്കും.

പത്രം, ടെലിവിഷൻ, ഫോൺ, തപാൽ എന്നിവയൊന്നും ഇല്ലാതിരുന്ന ഗൾഫിന്റെ പഴയ ജീവിതം അനുഭവിച്ചറിഞ്ഞവർക്കേ അന്നത്തെ ദുഃഖം ബോധ്യമാവുകയുള്ളു എന്നാണ് ലോകം വിരൽതുമ്പിൽ നിർത്തുന്ന ആധുനിക പ്രവാസി സമൂഹത്തോട് ഉസ്മാൻക്കാക്ക് പറയാനുള്ളത്.
ബ്രിട്ടീഷ് ബാങ്കിൽ എ.കെ. മുഹമ്മദ് കുട്ടിക്കും ഖത്തർ നാഷണൽ ട്രാവൽസിൽ കുഞ്ഞുമോനുമടക്കം രണ്ട് മലയാളികൾക്കാണ് അന്ന് നല്ലതെന്ന് പറയാവുന്ന ജോലിയുണ്ടായിരുന്നത്്.
അറേബ്യൻ ഇൻഷൂറൻസ് കമ്പനിയിലാണ് എ.കെ. ഉസ്മാന് ആദ്യ ജോലി ലഭിക്കുന്നത്. നിയമനം ലഭിച്ച അന്ന് അപകടം സംഭവിച്ച ഒരു വാഹനത്തിന്റെ എസ്റ്റിമേറ്റും സ്റ്റേറ്റ്മെന്റും ഉണ്ടാക്കാനാണ് കമ്പനി ചുമതലപ്പെടുത്തിയത്. നാട്ടിൽ നിന്ന് തന്നെ വാഹനത്തെക്കുറിച്ച് നല്ല ബോധ്യമുള്ളതിനാൽ കേടുപറ്റിയ ഓരോ ഭാഗത്തെക്കുറിച്ചും വിശദമായി പ്രതിപാദിച്ച് കമ്പനിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഈ പ്രവൃത്തി ബോധ്യപ്പെട്ട കമ്പനി ഉടൻ തന്നെ ടെക്നിക്കൽ ക്ലാർക്കാക്കി സ്ഥാനം നൽകി.
ജോർജ് ഹെഡ്വേർഡ് ബ്രൗൺ എന്ന ഇംഗ്ലീഷുകാരൻ ദർവീഷ് ഓട്ടോമൊബൈൽസിലേക്ക് ഇന്റർവ്യൂ ചെയ്യുമ്പോൾ ടൈപ്പ് ചെയ്യാൻ ടെസ്റ്റ് തന്നു. അയാൾ തന്ന കത്തിലെ വാചകം അക്ഷര തെറ്റുകൾ തിരുത്തി ടൈപ്പ് ചെയ്ത് പേപ്പർ തിരികെ നൽകിയപ്പോൾ അയാൾ ഞെട്ടിയെന്നു മാത്രമല്ല, വർക്ക്ഷോപ്പ് ടെക്നിക്കൽ ജീവനക്കാരനായി നിയമിക്കുകയും ചെയ്തു. 1968
ൽ ജോർജ് എഡ്വേർഡ് ബ്രൗൺ ഖത്തറിലെ പ്രമുഖ വാഹന വിതരണസ്ഥാപനമായ ജൈദ മോട്ടോഴ്സിൽ ചേർന്നു. അയാൾക്കൊപ്പം ഉസ്മാൻക്കയും ജൈദയിൽ ചേർന്നു. വർക്ക് ഷോപ്പ് ടെക്നിക്കൽ ക്ലർക്കായിച്ചേർന്ന ഉസ്മാൻക്കയാണ് ജൈദയിലെ ആദ്യത്തെ വർക്ക് ഷോപ്പ് കാർഡ് എഴുതിയത്. ഈ ഇംഗ്ലീഷുകാരന്റെ ഭാര്യ ഫലസ്തീനിയായിരുന്നു. നന്നായി അറബി സംസാരിച്ചിരുന്ന അദ്ദേഹത്തിന് പട്ടാളത്തിൽ ലെഫ്റ്റനന്റ് കേണലായി ജോലി ലഭിച്ചപ്പോൾ ഉസ്മാൻക്കയേയും ക്ഷണിച്ചെങ്കിലും അപ്പോഴേക്കും സഹോദരീഭർത്താവ് ഹമീദ്ക്കയുമായി ചേർന്ന് കാർ റെന്റൽ തുടങ്ങാൻ ധാരണയായിരുന്നു.
ഇന്ന് ഖത്തറിലെ നമ്പർ വൺ സ്ഥാപനമായി വളർന്ന അൽ മുഫ്ത റെന്റ് എ കാറിന് ഈ മേഖലയിൽ നിന്ന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉടമകളായ ഹമീദ്ക്കയും എ.കെ. ഉസ്മാനും ഒരു മാതാപിതാക്കൾക്ക് പിറക്കാതെ പോയ സഹോദരന്മാരായാണ് ജീവിച്ചത്.
മലപ്പുറം എരമംഗലം സ്വദേശി എം.ടി. ഖദീജയാണ് ഭാര്യ. ആസ്റ്റർ ഹെൽത്ത് കെയർ ഡെർമറ്റോളജി വിഭാഗം ഡോക്ടർ ഫുവാദ് ഉസ്മാൻ, അൽ മുഫ്ത റെന്റ് എ കാർ ജനറൽ മാനേജർ സിയാദ് ഉസ്മാൻ, ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ ഡോ കെ.പി നജീബിന്റെ ഭാര്യ ഫൗസിയ ഉസ്മാൻ എന്നിവരാണ് മക്കൾ.






