സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്, കേന്ദ്ര വിദേശകാര്യവകുപ്പിൽ കോൺസുലർ, പാസ്പോർട്ട്, വിസ, ഓവർസീസ് ഇന്ത്യൻ അഫയേഴ്സ് എന്നീ ചുമതലകൾ വഹിക്കുന്ന സെക്രട്ടറിയായി സ്ഥാനക്കയറ്റത്തോടെ ദൽഹിയിലേക്ക് മടങ്ങുന്നു. നേരത്തെ ജിദ്ദയിൽ കോൺസൽ ജനറലായും പിന്നീട് റിയാദിൽ അംബാസഡറായും അനുഷ്ഠിച്ച നിസ്തുല സേവനത്തിനിടെ, സൗദിയിലെ ഇന്ത്യക്കാർക്കിടയിൽ ഏറെ സ്വീകാര്യത നേടിയ ഔസാഫ് സഈദിന്റെ ഔന്നത്യത്തിലേക്കുള്ള ഔദ്യോഗികാരോഹണം നയതന്ത്രത്തിലെ നന്മയുടേയും വിശുദ്ധിയുടേയും വിസ്മയകരമായ വിജയഗാഥ കൂടിയാണ്.
യെമനിലെ ഹദ്റമി പൈതൃക പരമ്പരയിലെ അൽ മുസല്ലി ഗോത്രത്തിലുൾപ്പെട്ട പൂർവപിതാക്കളുടെ ഇങ്ങേയറ്റത്തെ കണ്ണികളിലൊരാൾ, നിരവധി ആണ്ടുകൾക്ക് ശേഷം 2010 ൽ അതേ യെമന്റെ തലസ്ഥാനമായ സൻആയിൽ സുഹൃദ്രാജ്യമായ ഇന്ത്യയുടെ സ്ഥാനപതിയായി അധികാരമേൽക്കുന്നത് അദ്ഭുതകരമായ ചരിത്രമായിരുന്നു. പ്രാക്തനസംസ്കൃതിയുടെ സമ്പന്നപാരമ്പര്യം പേറുന്ന മണ്ണിൽ, തന്റെ മുൻഗാമികളുടെ കാലടിപ്പാടുകൾ പതിഞ്ഞ പ്രാചീന യെമന്റെ ധമനികൾ കെട്ടുപിണഞ്ഞ രാജ്യത്ത് ഇന്ത്യയുടെ പ്രതിപുരുഷനായി ചെന്നപ്പോൾ, ഹൈദരാബാദിലേക്ക് കുടിയേറിയ കുലീന കുടുംബത്തിലെ ഔസാഫ് സഈദിനെ ചില അറബ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്, ഈ നിയമനം യെമന്റെ അഭിമാനമെന്നും ഇസ്ലാമിക രാജ്യത്തിലേക്കുള്ള ഇന്ത്യൻ അംബാസഡറായി അറബ് പൈതൃകം നെഞ്ചേറ്റുന്ന ഒരാളെത്തിയത് അക്ഷരാർഥത്തിൽ നയതന്ത്രശോഭ പകരുന്നതാണെന്നുമായിരുന്നു.

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് ഡോ. ഔസാഫ് സഈദ് ക്രെഡൻഷ്യൽ (അധികാരപത്രം) സമർപ്പിക്കുന്നു (ഫയൽ) (മുകളിൽ), ഇന്ത്യാ സന്ദർശനവേളയിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്, പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യൻ സംഘത്തെ പരിചയപ്പെടുത്തുന്നതിനിടെ ഡോ. ഔസാഫ് സഈദിനെ കിരീടാവകാശി ഹസ്തദാനം ചെയ്യുന്നു.
അറബ് മണ്ണിനോടുള്ള ജൻമാന്തരബന്ധം തന്റെ പിൽക്കാല ഡിപ്ലോമാറ്റിക് കരിയറിൽ വൻ സ്വാധീനം ചെലുത്തിയതായി അടുത്ത് തന്നെ ദൽഹിയിൽ കേന്ദ്രവിദേശകാര്യമന്ത്രാലയ ആസ്ഥാനത്തേക്ക് മടങ്ങുന്ന സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് മലയാളം ന്യൂസിനോട് പറഞ്ഞു. 2011 ലെ യെമനിലെ ആഭ്യന്തര പ്രതിസന്ധിക്കിടെ, സംഘർഷമേഖലയിൽ കുടുങ്ങിയ മലയാളി നഴ്സുമാരുൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാരുടെ ഒഴിച്ചുപോക്കിനാവശ്യമായ പ്രവർത്തനങ്ങൾക്ക് ഔസാഫ് സഈദ് നേതൃത്വം നൽകി.

സൗദി വിദേശമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനൊപ്പം അംബാസഡർ.
അറബിയിൽ മാത്രമല്ല, ഉർദുവിലും പ്രാവീണ്യമുള്ള നയതന്ത്രവിദഗ്ധനാണ് ഔസാഫ് സഈദ്. പിതാവ് ആവാസ് സഈദ്, പ്രമുഖ ഉർദു കവിയും എഴുത്തുകാരനുമാണ്. അദ്ദേഹത്തിന്റെ കാവ്യങ്ങൾ പിന്നീട് സമാഹരിച്ച് പുസ്തകമാക്കിയത് ഉർദു കവിതകളും കഥകളും ഏറെ ഇഷ്ടപ്പെടുന്ന മകൻ തന്നെയാണ്. ജോലി ചെയ്ത എല്ലാ വിദേശരാജ്യങ്ങളിലേയും ഇന്ത്യൻ എഴുത്തുകാരേയും കവികളേയും ഡോ. ഔസാഫ് സഈദ് പ്രോൽസാഹിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ഐ.സി.സി.ആർ) സഹകരണത്തോടെ ഇന്ത്യയിൽ നിന്നുള്ള നിരവധി കവികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മുശായിറകൾ നടത്തുന്നതിനും ഇദ്ദേഹം മുൻകൈയെടുത്തു.

മലയാളം ന്യൂസ് എഡിറ്റർ ഇൻ ചീഫ് താരീഖ് മിശ്ഖസിന് അംബാസഡർ, ഇന്ത്യാ ഹൺഡ്രഡ് ഡെസ്റ്റിനേഷൻസ് ഗ്രന്ഥം കൈമാറുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റിയാദ് സന്ദർശനവും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ദൽഹി സന്ദർശനവും ഇരുരാജ്യങ്ങൾക്കുമിടയ്ക്കുള്ള വാണിജ്യ - വ്യാവസായിക- സാംസ്കാരിക - നയതന്ത്രബന്ധങ്ങൾ സുദൃഢമാകുന്നതിന് ഏറെ സഹായകമാവുകയും ഉഭയകക്ഷിബന്ധത്തിന്റെ പുതിയ അധ്യായം എഴുതിച്ചേർക്കുകയും ചെയ്തു. സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശനം, ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുടെ സൗദി സന്ദർശനം എന്നീ ഘട്ടങ്ങളിലും അംബാസഡർ എന്ന നിലയിൽ ഇന്ത്യ - സൗദി സൗഹൃദത്തിലെ മുഖ്യകണ്ണികളിലൊരാളാകാനുള്ള അപൂർവാവസരവും ഈ കാലയളവിൽ ഔസാഫ് സഈദിന് ലഭിച്ചു. ഇന്ത്യയിൽ നിന്നെത്തിയ ഹജ് തീർഥാടകർക്കാവശ്യമായ സേവനങ്ങൾ ചെയ്യുന്നതിനും ആധുനിക രീതിയിലുള്ള ഹജ് മാനേജ്മെന്റ് യാഥാർഥ്യമാക്കുന്നതിനും ഡോ. ഔസാഫ് സഈദ്, ജിദ്ദയിൽ കോൺസൽ ജനറലായി പ്രവർത്തിക്കുമ്പോൾ മുൻകൈയെടുത്തു. ഇന്ത്യ- ഗൾഫ് വാണിജ്യബന്ധങ്ങളുടെ വിനിമയത്തിനും വിപുലീകരണത്തിനും നയതന്ത്രാടിസ്ഥാനത്തിൽ ശിലയിട്ട 1999 - 2000 വർഷങ്ങളിൽ ഔസാഫ് സഈദ് ഈ മേഖലയിൽ നൽകിയ സംഭാവനകളും അമൂല്യമാണ്. ജിദ്ദയിലും റിയാദിലും പ്രവർത്തിക്കുന്ന സൗദി ഇന്ത്യാ ബിസിനസ് നെറ്റ് വർക്ക്, ഉന്നത വിദ്യാഭ്യാസ വിനിമയത്തിനായി സൗദി സഹകരണം ഉറപ്പുവരുത്തുന്ന ഇന്ത്യൻ എജുക്കേഷൻ കൗൺസിൽ എന്നിവയുടെ രൂപീകരണത്തിലും അംബാസഡറുടെ പങ്ക് വലുതാണ്.

ജിദ്ദയിൽ നിന്ന് സ്ഥലം മാറിപ്പോയ ശേഷം ചിക്കാഗോയിൽ ഇല്ലിനോയ്സ്- ചിക്കാഗോ ബിസിനസ് പാർട്ണർഷിപ്പിലൂടെ ഇന്ത്യൻ വ്യവസായികളുടെ ഉഭയതലത്തിലുള്ള പങ്കാളിത്തം ഉറപ്പ് വരുത്താനുള്ള പദ്ധതിയും ആവിഷ്കരിച്ചു. 2008 - 2010 കാലത്ത് കേന്ദ്ര വിദേശകാര്യവകുപ്പ് ജോയന്റ് സെക്രട്ടറിയായ ഔസാഫ് സഈദിന് വെസ്റ്റ് ആഫ്രിക്കയുടെ ചുമതലയായിരുന്നു. 25 വെസ്റ്റ് - സെൻട്രൽ ആഫ്രിക്കൻ രാജ്യങ്ങളുമായി ഇന്ത്യൻ ബന്ധം അരക്കിട്ടുറപ്പിക്കാൻ ഇത് സഹായകമായി. പാൻ ആഫ്രിക്കൻ ഇ-നെറ്റ് വർക്ക് പ്രൊജക്ട് അത്തരത്തിലൊരു ആശയമായിരുന്നു.
ഈജിപ്ഷ്യൻ തലസ്ഥാനമായ കയ്റോയിൽ മൗലാനാ ആസാദ് കൾച്ചറൽ സെന്റർ സ്ഥാപിച്ചതും 1997 ൽ ഖത്തറിൽ ഒമ്പത് നാൾ നീണ്ടുനിന്ന ഇന്ത്യാ വീക് സംഘടിപ്പിച്ചതും എടുത്ത് പറയാവുന്ന നേട്ടങ്ങളാണ്. ഈ രണ്ടു രാജ്യങ്ങളിലേയും ഇന്ത്യൻ സ്ഥാനപതിയായ കാലത്താണ് ഇന്ത്യൻ കലാകാരന്മാരേയും ചിത്രകാരന്മാരേയും പങ്കെടുപ്പിച്ച് രണ്ടിടങ്ങളിലും പെയിന്റിംഗ് എക്സിബിഷനുകൾ സംഘടിപ്പിച്ചത്.

ഡോ. ഔസാഫ് സഈദ്, കുടുംബത്തോടൊപ്പം
റിയാദിലെത്തിയ ശേഷം സത്യജിത്റേ ഫിലിം ഫെസ്റ്റിവൽ നടത്താനും ചിത്രപ്രദർശനം സംഘടിപ്പിക്കാനും അംബാസഡർ ഔസാഫ് സഈദാണ് മുൻകൈയെടുത്തത്. ഡെൻമാർക്കിൽ ഇന്ത്യൻ അംബാസഡറായപ്പോൾ ഇന്ത്യ- ഡാനിഷ് പെയിന്റർമാരുടെ ചിത്രപ്രദർശനവും അരങ്ങേറി. സൗദിയിലെ ദാറുൽഹിക്മ സ്കൂളിലെ തെരഞ്ഞെടുത്ത വിദ്യാർഥിനികളെ ഇന്ത്യയിലേക്ക് കൊണ്ടുപോയി അവിടെയുള്ള കലാലായാന്തരീക്ഷം കാണിക്കുന്നതിനും പഠനരീതികൾ പരിചയപ്പെടുത്തുന്നതിന് മുൻകൈയെടുത്തതും അധ്യയനരംഗത്തെ പരസ്പര വിനിമയപരിപാടിയിലെ പ്രധാനപ്പെട്ട അധ്യായമായിരുന്നു. കോവിഡ് കാലത്ത് സൗദി ആരോഗ്യ - വ്യോമയാനമന്ത്രാലയങ്ങളുമായി സഹകരിച്ച് ഇന്ത്യക്കും സൗദിക്കുമിടയിൽ വന്ദേഭാരത് മിഷനിലൂടെ നിരവധി വിമാനസർവീസുകൾ ഏർപ്പെടുത്തുന്നതിനും ആയിരക്കണക്കിനാളുകളെ പലപ്പോഴായി നാട്ടിലെത്തിക്കുന്നതിനുമുള്ള അതിവിപുലമായ സൗകര്യങ്ങളേർപ്പെടുത്തുന്നതിന് ഇന്ത്യൻ എംബസിയുടേയും അംബാസഡറുടേയും സേവനങ്ങൾ വിലപ്പെട്ടതായിരുന്നു.

ജിദ്ദയിൽ കോൺസൽ ജനറലായ കാലത്ത് ഔസാഫ് സഈദ് മുൻകൈയടുത്ത് സ്ഥാപിച്ച ഏഷ്യൻ കോൺസൽസ് ജനറൽ ക്ലബ് (എ.സി.ജി.സി) എല്ലാ വർഷവും ഫിലിം പ്രദർശനങ്ങൾ നടത്തുന്നു. ഇന്തോ - സൗദി മെഡിക്കൽ ഫോറം, സൗദി ഇന്ത്യാ ഹെൽത്ത് കെയർ ഫോറം എന്നിവയാണ് വ്യക്തിപരമായി അദ്ദേഹത്തിന്റെ മറ്റു രണ്ടു പ്രധാനസംഭവങ്ങൾ. ഇന്ത്യയ്ക്കും സൗദിക്കുമിടയിലുള്ള ആരോഗ്യ സുരക്ഷാ- മരുന്ന് ഇറക്കുമതി മേഖലയിലുള്ള സഹകരണം ശക്തമായത് ഇക്കാലത്താണ്. പ്രത്യേകിച്ചും കോവിഡ് പ്രതിസന്ധി കാലത്ത് ഇന്ത്യൻ ആരോഗ്യ പ്രവർത്തകരുടെ സേവനവും ഇന്ത്യൻ മരുന്നുകളും സൗദി അറേബ്യയ്ക്ക് ഫലപ്രദമായ രീതിയിൽ ലഭ്യമാക്കുന്നതിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റേയും സൗദി ആരോഗ്യമന്ത്രാലയത്തിന്റേയും സംയുക്ത സഹകരണത്തോടെ വലിയ പദ്ധതികൾ ആവിഷ്കരിക്കുകയും അത് വിജയം കാണുകയും ചെയ്തു. വൻകിട ഇന്ത്യൻ ബിസിനസുകാരെ റിയാദിലേക്ക് ആകർഷിക്കുകയും ഫ്യൂച്ചർ ജനറേഷൻ സംരംഭങ്ങളിൽ പങ്കാളികളാക്കുകയും ചെയ്യാനായതും പോയ വർഷത്തിലാണ്. ഇരു രാജ്യങ്ങളുടേയും വ്യാവസായിക പങ്കാളിത്തം കൂടി വിവരിക്കുന്ന ഹിസ്റ്റോറിക് ഇന്തോ അറബ് ടൈസ് എന്ന ഗ്രന്ഥം, ഡോ. ഔസാഫ് സഈദിന്റെ രചനയാണ്. 'ഇന്ത്യൻ ആർട്ട് ആന്റ് കൾച്ചർ' ഇദ്ദേഹത്തിന്റെ മറ്റൊരു പുസ്തകമാണ്. ഉർദുവിലും ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. കവിയായ തന്റെ പിതാവിന്റെ സംഭാവനകളെക്കുറിച്ചാണ് ഈ പുസ്തകം.

ഡോ. ഔസാഫ് സഈദ്
യോഗാഭ്യാസത്തിന് സൗദിയിൽ അവസരമുണ്ടാക്കുകയും ഇത് സംബന്ധിച്ച് ധാരണാപത്രം ഒപ്പിടുകയും ചെയ്തതും ഡോ. ഔസാഫിന്റെ ഔദ്യോഗികവേളയിലാണ്. ഈ സേവനം മാനിച്ച് ഇദ്ദേഹത്തിന് ദൽഹിയിൽ 'യോഗമിത്ര' അവാർഡും സമ്മാനിക്കുകയുണ്ടായി. ജിയോളജിയിൽ എം.എസ്സി ബിരുദമുള്ള ഡോ. ഔസാഫ് സഈദ് അറബിക് ഭാഷയിൽ അഡ്വാൻസ്ഡ് ഡിപ്ലോമാ കോഴ്സ് കരസ്ഥമാക്കിയിട്ടുണ്ട്. ഒസ്മാനിയാ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വർണമെഡൽ നേടിയിട്ടുണ്ട്. ടോസ്റ്റ് മാസ്റ്റേഴ്സ് രംഗത്തും ഏറെ തിളങ്ങിയിട്ടുണ്ട്, ഡോ. ഔസാഫ് സഈദ്. പത്നി ഫർഹാ സഈദ് പ്രമുഖ 'എഗ് പെയിന്ററും' ചിത്രകാരിയുമാണ്. പക്ഷിമുട്ടത്തോടുകളിൽ ചിത്രപ്പണി ചെയ്യുന്ന ഈ കലയിൽ ഇവരുടെ പേര് അദ്വിതീയസ്ഥാനത്താണ്. നിരവധി രാജ്യങ്ങളിൽ ഇവരുടെ എഗ് പെയിന്റിംഗ് എക്സിബിഷനുകൾ അരങ്ങേറിയിട്ടുണ്ട്. ഡോ. ഔസാഫ് - ഫർഹാ ദമ്പതികൾക്ക് മൂന്ന് ആൺമക്കൾ: ഫാത്തിഹ്, ഫാലിഹ്, അസ്ഹാൻ.
രണ്ടു ടേമുകളിലായി സൗദിയുടെ വിശുദ്ധഭൂമിയിലെ തന്റെ കരിയറിൽ അല്ലാഹു അനുഗ്രഹിച്ചേകിയ അവിസ്മരണീയവും ചൈതന്യധന്യവുമായ നിരവധി ഓർമകളുമായാണ് പുതിയ സ്ഥാനമേറ്റെടുക്കാനുള്ള യാത്രയെന്ന് ഡോ. ഔസാഫ് സഈദ് പറഞ്ഞു.






