ഒരുമയുടെ ഓമനക്കാഴ്ച

ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങൾ പരസ്പരം പോരടിക്കുന്ന വർത്തമാനകാലത്ത് ഒരു നാടിന്റെ ജനകീയ ഐക്യത്തിന്റെ ചിഹ്്‌നങ്ങളായി മാറുകയാണ് ഈ വാഴക്കുലകൾ. കണ്ണൂർ ജില്ലയിലെ പയ്യാവൂർ ഊട്ട് ഉൽസവത്തിന്റെ ഭാഗമായി നടക്കുന്ന 'ഓമനക്കാഴ്ച' ഇനിയും കൈമോശം വന്നിട്ടില്ലാത്ത കാർഷിക സംസ്‌കാരത്തിന്റെ ഗ്രാമീണകാഴ്ച കൂടിയാകുന്നു.
ആചാര അനുഷ്ഠാനങ്ങളിൽ തീർത്തും വ്യത്യസ്തത പുലർത്തുന്ന പയ്യാവൂർ ഊട്ട് ഉത്സവത്തിൽ ജാതിമത ഭേദമന്യേ നാടൊന്നാകെ കൈകോർക്കുകയാണ്. കർണാടകത്തിലെ കുടക് ജില്ലയിലെ സാധാരണക്കാർ മുതൽ സർക്കാർ അധികൃതർ വരെ പങ്കു ചേരുന്ന ഈ ഉത്സവം,സോദരത്വേന വാഴുന്ന ഒരു നാടിന്റെ ആഘോഷമായി മാറുകയാണ്. വ്യത്യസ്ത ദേശങ്ങളുടെയും ഭാഷയുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയായി പയ്യാവൂരിന്റെ മണ്ണ് മാറുന്നു.
പയ്യാവൂർ ഊട്ടുത്സവത്തിന്റെ പ്രധാന ആകർഷണമാണ് ഓമന കാഴ്ച. കാർഷിക സംസ്‌ക്കാരത്തിന്റെ പൊലിമ വിളിച്ചോതി ചൂളിയാട്ടു ഗ്രാമക്കാരാണ് ഇതിന് നേതൃത്വം നൽകുന്നത്. ചൂളിയാടുള്ള തീയ്യ സമുദായത്തിൽപെട്ടവർ ഒരു വീട്ടിൽനിന്ന് ഒരു പുരുഷൻ രണ്ടു വാഴക്കുല വീതം ഉൽസവത്തിനായി ഒരുക്കുന്നവെന്നതാണ് വേറിട്ട കാഴ്ച.നൂറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങിവെച്ചതാണീ ആചാരം. കുടക് മുതലുള്ള വിവിധ ദേശക്കാരുടെ കാഴ്ചകളിൽ ചുളിയാട്ടുകാരുടെ ഓമനക്കാഴ്ച ഒന്നാമതാണ്. കുംഭ മാസം പിറന്നാൽ വ്രതാനുഷ്ഠാനങ്ങൾ ആരംഭിക്കും.അടുത്ത പ്രദേശങ്ങളായ കാഞ്ഞിലേരി,മയ്യിൽ,കുറ്റിയാട്ടൂർ,ബ്ലാത്തൂർ,ചേടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വാഴക്കുലകൾ ശേഖരിക്കും.തുടർന്ന് തൈവളപ്പ്,നല്ലൂർ, തടത്തിൽകാവ്, ചമ്പോച്ചേരി, മഠപ്പുരക്കിൽ എന്നീ അഞ്ചു പ്രദേശങ്ങളിലെ കുഴികളിലായി കുലകൾ പഴുക്കാൻ വെക്കും. 
മൂന്നു ദിവസത്തിന് ശേഷം പുറത്തെടുക്കുന്ന കുലകൾ കുഴികൾക്ക് സമീപം പന്തലുകൾ കെട്ടി തൂക്കിയിടും.തുടർന്ന് ഓമനക്കാഴ്ചയുടെ പ്രയാണമാണ്. വാദ്യമേളങ്ങൾ,മുത്തുക്കുട,ആലവട്ടം,വെഞ്ചാമരം എന്നിവയുടെ അകമ്പടിയോടെ ശുഭ്രവസ്ത്രധാരികളായി നഗ്‌നപാദരായി മൂവായിരത്തോളം വാഴക്കുലകളുമായി നൂറ് കണക്കിന് ആളുകൾ 15 കിലോമീറ്റർ അകലെയുള്ള പയ്യാവൂർ ശിവക്ഷേത്രത്തിലേക്ക് പുറപ്പെടും.ഓമനക്കാഴ്ചയിൽ അവസാനം കണ്ണി ചേരുന്ന അടുവാപ്പുറം തൈവളപ്പിൽ എത്തുമ്പോഴേക്കും യാത്ര അയപ്പിന് വിവിധ ദേശങ്ങളിൽ നിന്ന് ആളുകൾ എത്തും. ചുളിയാട്ടെ ആബാലവൃദ്ധം ജനങ്ങളും കൂടിയാവുമ്പോൾ ഗ്രാമം നിറയും.
ഓമനക്കാഴ്ച ആതിഥ്യ മര്യാദയുടെ ഒരു ഉത്സവം കൂടിയാണ്. ഈ ദിവസം ഗ്രാമത്തിലെത്തുന്ന അപരിചിതരെക്കൂടി വിശിഷ്ട അതിഥികളായി സ്വികരിക്കും.ലോകത്തെവിടെയായാലും ചുളിയാട്ടുകാർ ഉൽസവത്തിന് നാട്ടിലെത്തും.എല്ലാ വീടുകളിലും അപ്പവും പഴവും നൽകിയുള്ള സൽക്കാരം നടക്കും.എല്ലാ മതവിഭാഗക്കാരും രുചിയോടെ അത് കഴിക്കും.കാഴ്ചക്കുലകൾ ക്ഷേത്രത്തിൽ സമർപ്പിക്കുന്നതാണ് പ്രധാന ചടങ്ങ്. ജാതിഭേദമില്ലാതെ ഒരുമയുടെയും സാഹോദര്യത്തിന്റെയും നാടിന്റെ കൂട്ടായ്മയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങൾ ഒരു പ്രദേശമാകെ ഉയർത്തുന്ന പാരമ്പര്യ,കാർഷിക,സാംസ്‌ക്കാരിക ഉൽസവമായി മാറുകയാണ് പയ്യാവൂരിലെ ഊട്ട് ഉൽസവവും ഓമനക്കാഴ്ചയും.
 

Latest News