എല്ലാം കോംപ്ലിമെന്റായി, എല്ലാവരും ഹാപ്പി

സമൂഹ മാധ്യമങ്ങൾ വ്യാപകമായത് ഏറെ ഗുണകരമായിട്ടുണ്ട്. വിവര വിനിമയം പെട്ടെന്നാകാൻ ഇത് വഴിയൊരുക്കുന്നു.  എന്നിരുന്നാലും ഫേസ്ബുക്കും വാട്ട്‌സപ്പും കൂടുതലായി ഉപയോഗപ്പെടുത്തുന്നത് വിദ്വേഷ പ്രചാരണത്തിനാണെന്നതാണ് യാഥാർഥ്യം. പോലീസിലെ സൈബർ സെല്ലുകൾക്ക് നിയന്ത്രിക്കാനാവുന്നതിലമപ്പുറമാണ് കാര്യങ്ങൾ. തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഇലക്്ഷൻ കാലത്ത് ആളുകളെ ഭിന്നിപ്പിക്കുന്നത് മുമ്പുമുണ്ടായിട്ടുണ്ട്.  കൂരിരുൾ വ്യാപിക്കുന്ന ഇപ്പോഴത്തെ കാലത്ത് സമൂഹ മാധ്യമങ്ങളിലൂടെ എന്തിനും വർഗീയ ചുവ പകർന്നു നൽകാൻ ഒരുമ്പെട്ടിരിക്കുന്നവരേറെയാണ്. ഇതിനിടയ്ക്കാണ് ആശ്വാസം പകരുന്ന ചില വാർത്തകൾ പുറത്ത് വരുന്നത്. കേരളത്തെ സംബന്ധിച്ച് ഇത്തരം സൗഹാർദ വൃത്താന്തങ്ങളും പുതിയ കാര്യമല്ലെന്നിരിക്കിലും മനസ്സുകൾക്ക്് ആശ്വാസം പകരുന്നതാണ് ന്യൂനപക്ഷ സമുദായം കൂടുതലുള്ള  മലപ്പുറത്തെ വിശേഷം. ഭാഷാ പിതാവ് തുഞ്ചത്തെഴുത്തഛന്റെ നാടായ തിരൂരിൽ മുസ്്‌ലിം സഹോദരന്റെ മരണത്തിൽ അനുശോചിച്ച് ക്ഷേത്ര കമ്മിറ്റി ഉത്സവം ഉപേക്ഷിച്ചു. തിരൂർ തൃപ്പങ്ങോട് പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങളാണ് ക്ഷേത്ര കമ്മിറ്റി ഒഴിവാക്കിയത്. ക്ഷേത്രത്തിനു സമീപത്തെ ചെറാട്ടിൽ ഹൈദരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഈ വിവരം അറിഞ്ഞതോടെ താലപ്പൊലിയോട് അനുബന്ധിച്ചുള്ള പരിപാടികൾ നിർത്തിവെക്കാൻ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ തീരുമാനിക്കുകയായിരുന്നു. 
മതത്തിന്റെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള നീക്കത്തെ തോൽപ്പിക്കുന്ന മാനവസൗഹാർദം പ്രകടമായ മറ്റൊരു സംഭവത്തിനും മലപ്പുറം സാക്ഷിയായി. അഞ്ചു നൂറ്റാണ്ടു പഴക്കമുള്ള കൂട്ടിലങ്ങാടി കടുങ്ങൂത്ത് മഹാദേവ ക്ഷേത്രത്തിലേക്കു ശരിയായ വഴിയുണ്ടായിരുന്നില്ല. 
ക്ഷേത്രത്തിലേക്കു റോഡ് നിർമിക്കാൻ സൗജന്യമായി സ്ഥലം വിട്ടു നൽകിയത്  മുസ്്‌ലിം  ഭൂവുടമകളാണ്. മതസൗഹാർദം നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി മഞ്ഞളാംകുഴി അലി എംഎൽഎയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും മലബാർ ദേവസ്വം ബോർഡ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ പ്രദേശവാസികളുടെ യോഗം ചേർന്നിരുന്നു. യോഗത്തിൽ വച്ച് മുസ്്‌ലിം ഭൂഉടമകൾ ക്ഷേത്രത്തിലേക്കുള്ള വഴിക്കു ഭൂമി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചു.
ചെറയകത്ത് അബൂബക്കർ ഹാജി, എം ഉസ്മാൻ എന്നിവരാണ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത്. പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ നിന്ന് ക്ഷേത്രത്തിലേക്ക് 60 മീറ്റർ നീളത്തിലും 10 അടി വീതിയിലുമാണ് റോഡ് നിർമിക്കുന്നത്. വർഷങ്ങളായി ജീർണാവസ്ഥയിലായിരുന്ന ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഒരു കോടി ചെലവിലാണ് ക്ഷേത്രത്തിൽ പുനർ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഈ കെട്ടകാലത്ത് ഇതിലും മികച്ച വാർത്തകൾ വേറെ ഏതുണ്ട്?  1992ൽ ബാബരി മസ്ജിദ് തകർത്ത വേളയിൽ കോഴിക്കോട് എഡിഷൻ ഇന്ത്യൻ എക്‌സ്പ്രസ് വലിയ പ്രാധാന്യത്തോടെ നൽകിയ ഒരു വാർത്ത കാട്ടിലപ്പീടികയിൽ മസ്്ജിദും ക്ഷേത്രവും മുട്ടിയിരുമ്മി നിൽക്കുന്നത് സംബന്ധിച്ചാണ്. അല്ലെങ്കിലും സാധാരണ മനുഷ്യർക്ക് ചിന്തിക്കാൻ അവരുടെ ജീവിതത്തെ ബാധിക്കുന്ന എന്തെന്ത്  വിഷയങ്ങളാണുള്ളത്? 
*** *** ***
പഴയ കോൺഗ്രസ് നേതാവാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജീവ് ഗാന്ധി മന്ത്രിസഭയിൽനിന്ന്് രാജിവെച്ച് പിന്നീട് ഏതൊക്കെ പാർട്ടിയിലെത്തിയെന്ന് അദ്ദേഹത്തിനേ അറിയൂ. മുമ്പൊക്കെ രാജ്ഭവൻ എന്നു പറഞ്ഞാൽ വിശ്രമ ജീവിതം നയിക്കുന്ന മുതിർന്ന പാർട്ടി നേതാവിന്റെ അഭയ കേന്ദ്രം എന്നായിരുന്നു ധാരണ. ഹൈദരാബാദിൽ ഒരു 90കാരൻ രണ്ടു വനിതകൾക്കൊപ്പം വിശ്രമിച്ച് പുലിവാല് പിടിച്ചതൊക്കെയാണ് പെട്ടെന്ന് ഓർമ വരിക. ആരിഫ്ജി എന്നാൽ അങ്ങനെയൊന്നുമല്ല. ഊർജസ്വലതയുടെ ആൾരൂപം. സർവകലാശാല നിയമന  വിവാദം മുതൽ ഇവിടെ എന്തൊക്കെയോ സംഭവിക്കുമെന്ന പ്രതീതി സൃഷ്ടിച്ചു. ലോകായുക്തയെ ഒരു വഴിക്കാക്കിയതോടെ എല്ലാം കോംപ്ലിമെന്റായി. ബജറ്റ് സമ്മളനതലേന്നാൾ രാത്രി സർക്കാരിനെ മുൾമുനയിൽ നിർത്തി വീണ്ടും മാധ്യമങ്ങളിൽ നിറഞ്ഞു. എൽ.ഡി.എഫ് സർക്കാർ അങ്ങനെ വഴങ്ങേണ്ട കാര്യമില്ലായിരുന്നുവെന്ന് സി.പി.ഐക്ക് പോലും തോന്നിയതിൽ എല്ലാം വ്യക്തം. ശനിയാഴ്ച രാവിലെ ആരിഫ്ജി തലസ്ഥാനത്ത് പത്രക്കാരെ കണ്ടു. റിപ്പബ്ലിക് ടിവി ഉൾപ്പെടെ ഇത് കവർ ചെയ്തതിലൂടെ ഗവർണറുടെ വർത്തമാനത്തിനുള്ള ദേശീയ പ്രാധാന്യം വ്യക്തമായി. ഒരു കാര്യം സമ്മതിക്കണം. മലയാളികൾ നൽകുന്ന നികുതിപ്പണം അനാവശ്യമായി ചോരുന്നതിൽ അതിയായ ആശങ്കയുള്ള ആളാണ്  ഗവർണർ. 
പേഴ്‌സനൽ സ്റ്റാഫിലെ രാഷ്ട്രീയ നിയമനത്തെച്ചൊല്ലി ഗവർണറും സർക്കാരും തമ്മിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്.പുതിയ സർക്കാർ വരുമ്പോൾ പേഴ്‌സനൽ സ്റ്റാഫിൽ ഉയർന്ന ശമ്പളത്തിൽ നിയമനങ്ങൾ നടത്തുകയാണ് തുടർന്നുവരുന്ന രീതി. 
പേഴ്‌സണൽ സ്റ്റാഫ് നിയമനം പാർട്ടി റിക്രൂട്ട്‌മെന്റാണ് നടക്കുന്നതെന്നാണ് ഗവർണർ ആരോപിക്കുന്നത്. രാജ്ഭവനെ നിയന്ത്രിക്കാൻ മറ്റാർക്കും അധികാരമില്ലെന്ന് ഗവർണർ സൂചിപ്പിച്ചു. രാജ്ഭവനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഗവർണർ ആഞ്ഞടിച്ചു. സർക്കാരിന് അതിന് യാതൊരു അവകാശവുമില്ലെന്നും തനിക്ക് ഉത്തരം പറയാനുള്ള ബാധ്യത രാഷ്ട്രപതിയോട് മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിന്റെ പേരിൽ പാർട്ടി കേഡർ വളർത്തുന്നുവെന്ന വിമർശനമാണ് ഗവർണർ ആവർത്തിച്ചത്. രണ്ട് വർഷം കൂടുമ്പോൾ സ്റ്റാഫിനെ മാറ്റുകയാണ്. ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. പൊതുജനങ്ങളുടെ പണമാണ് നഷ്ടമാകുന്നത്. 
ഇന്നലത്തെ   വാർത്താ സമ്മേളനത്തിൽ ഇംഗ്ലീഷിൽ തുടങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടക്ക് ബാലിശമെന്നൊരു മലയാളം വാക്കും പ്രയോഗിച്ചത് ശ്രദ്ധേയമായി. ദിസ് ഫോർമർ മിനിസ്റ്റർ ബാലൻ ബിഹേവ്‌സ് ബാലിശം... ഗവർണർ ബാലിശമായി പെരുമാറുന്നുവെന്ന് വിമർശനം ഉന്നയിച്ച മുൻ മന്ത്രി എ.കെ ബാലനെതിരെ അതേ നാണയത്തിൽത്തന്നെ ഗവർണർ തിരിച്ചടിച്ചു. മുൻമന്ത്രി ബാലിശമായി പെരുമാറുന്നുവെന്നാണ് ഗവർണർ പ്രതികരിച്ചത്. സ്റ്റാഫിൽ മലയാളി മാധ്യമ പ്രവർത്തകരുള്ളതിന്റെ ഗുണം. 
പ്രതിപക്ഷ നേതാവ് വി.ഡി സതീശനുനേരെയും  കടുത്ത ഭാഷയിലാണ് ഗവർണർ വിമർശനം ഉന്നയിച്ചത്. ഒരു പ്രതിപക്ഷ നേതാവ് എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് അദ്ദേഹം ഉമ്മൻചാണ്ടിജിയിൽ നിന്നും രമേശ് ചെന്നിത്തലജിയിൽ നിന്നുമെല്ലാം പഠിക്കണമെന്ന് ഗവർണർ പറഞ്ഞു. 
മുഖ്യമന്ത്രിയുടെ പെഴ്‌സനൽ സ്റ്റാഫിന്റെ ശമ്പള ഇനത്തിൽ ചെലവഴിക്കുന്ന തുകയിൽ ആറു വർഷത്തിനിടെ ഉണ്ടായ വർധന ഇരുന്നൂറു ശതമാനത്തോളമാണ്. 2013-14 മുതൽ 2019-20 വരെയുള്ള കാലയളവിലെ കണക്കാണിത്. പെൻഷനിൽ ഇരട്ടിയോളം വർധന ഉണ്ടായിട്ടുണ്ട്.
2013-14ൽ മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ശമ്പള ഇനത്തിൽ 94.15 ലക്ഷം രൂപയാണ് ചെലവഴിച്ചതെന്നാണ് റിപ്പോർട്ട്. 2019-20ൽ ഇത് 2.73 കോടിയായി. മലയാളികൾക്ക് അഭിമാനിക്കാം. ഒരു കാര്യത്തിലെങ്കിലും 200 ശതമാനം വളർച്ചയുണ്ടായല്ലോ.
*** *** ***
വിവാഹ വാർത്തയ്ക്ക് പിന്നാലെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ സൈബർ ആക്രമണം. ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവുമായി ആര്യ രാജേന്ദ്രൻ വിവാഹത്തിനൊരുങ്ങുന്നു എന്ന വാർത്ത ഫെബ്രുവരി 17 മുതൽ വാർത്ത മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർക്കെതിരെ സൈബർ ആക്രമണം ഉടലെടുത്തത്. 
മേയറുടെ പോസ്റ്റുകൾക്കും കല്യാണം സംബന്ധിച്ചുള്ള വാർത്ത പോസ്റ്റുകൾക്കുമാണ് ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റുകൾ എത്തിയിരിക്കുന്നത്. മേയറേ തേപ്പുകാരിയെന്നും മറ്റും  അധിക്ഷേപങ്ങളാണ് സോഷ്യൽ മീഡിയയിൽ ആര്യയെ ലക്ഷ്യവെച്ച് ഉയരുന്നത്. 
ഇതിന് പുറമെ 'ഇന്ത്യയിലെ പ്രായം കുറഞ്ഞ തേപ്പുകാരി', 'എന്തിന് തേച്ചു മേയറൂട്ടി?'എന്നുള്ള കമന്റുകളും മറ്റ് പോസ്റ്റുകളിലായി പ്രത്യക്ഷപ്പെടുന്നുണ്ട്. തലസ്ഥാന നഗരിയിലെ മേയർക്ക് പോലും രക്ഷയില്ല. പിന്നെ ഇവിടെ എന്തിനാണ് ഒരു സൈബർ സെൽ? 
*** *** ***
താരപുത്രനായിട്ടും യുവ നായകനായിട്ടും തിരക്കുകളിൽ നിന്നൊക്കെ ഒതുങ്ങി ജീവിക്കുന്ന പ്രകൃതമാണ് പ്രണവ് മോഹൻലാൽ. ഹൃദയം പോലെ തരംഗം സൃഷ്ടിച്ച സിനിമയിലെ നായകനായിട്ടും പ്രണവ് എന്തുകൊണ്ടാണ് ഇത്തരത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ എത്താത്തത് എന്ന കാരണം വ്യക്തമാക്കുകയാണ് മോഹൻലാൽ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. തന്റെ സിനിമയിലെ ആദ്യ നാളുകളിൽ തനിക്കും ഇത്തരത്തിലുള്ള അനുഭവമായിരുന്നെന്നും അക്കാലത്ത് താൻ വളരെ ഷൈ ആയ ആളായിരുന്നുവെന്നും മോഹൻലാൽ പറയുന്നു. എനിക്കും ആദ്യകാലങ്ങളിൽ അങ്ങനെ തന്നെയായിരുന്നു. വളരെ ഷൈ ആയിട്ടുള്ള ആളായിരുന്നു ഞാൻ. പ്രണവ് കുറച്ചുകൂടി കൂടുതലാണ്. സാധാരണജീവിതം നയിക്കാൻ അയാൾക്ക് പറ്റുന്നുണ്ട്.
അയാൾ കുറച്ചുകൂടി അകത്തേക്ക് വലിഞ്ഞിരിക്കുന്ന ആളാണ്. ഇൻട്രോവേർട്ട് എന്നൊന്നും ഞാൻ പറയില്ല. എന്തിനാണ് ഞാൻ വരുന്നതെന്ന് ചോദിക്കും, അത് വലിയൊരു ചോദ്യമാണ്- മോഹൻലാൽ പറയുന്നു. ഫെബ്രുവരി 18ന് തിയേറ്ററുകളിലെത്തിയ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് മോഹൻലാൽ ഇക്കാര്യം സൂചിപ്പിച്ചത്. 
*** *** ***
പ്രമുഖ സീരിയൽ നടി ഗൗരി കൃഷ്ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു. നടി നായികയായിരുന്ന സീരിയൽ പൗർണമി തിങ്കളിന്റെ സംവിധായകനാണ് ഗൗരിയുടെ വരൻ. വിവാഹ നിശ്ചയത്തെ കുറിച്ച് നേരത്തെ റെഡ് കാർപെറ്റ് എന്ന ഷോയിൽ വന്നപ്പോൾ ഗൗരി പറഞ്ഞിരുന്നു. എന്നാൽ ആരെയാണ് കല്യാണം കഴിക്കാൻ പോകുന്നത് എന്നത് സസ്‌പെൻസ് ആണ് എന്നാണ് നടി പറഞ്ഞത്. സീരിയൽ ലോകത്ത് തന്നെ ഉള്ള ആളാണെന്നും എന്നാൽ ക്യാമറയ്ക്ക് പിന്നിലാണ് എന്നുമാണ് ഗൗരി പറഞ്ഞത്. കഴിഞ്ഞ ദിവസം  രാവിലെയാണ് പൗർണമി തിങ്കളിന്റെ സംവിധായകനായ മനോജിനെയാണ് വിവാഹം ചെയ്യുന്നതെന്ന് നടി അറിയിച്ചത്. തന്റെ യുട്യൂബ് ചാനൽ വഴിയാണ് തന്റെ വിവാഹ നിശ്ചയ ദിവസമാണെന്ന്്  ഗൗരി കൃഷ്ണ വ്യക്തമാക്കിയത്. മനോജ് സാറിനെയാണ് താൻ വിവാഹം ചെയ്യുന്നത് എന്നാണ് ഗൗരി പറഞ്ഞത്. 'സർ'വിളി ശീലിച്ച് പോയി എന്നും ഗൗരി പറയുന്നു. ലൊക്കേഷനിൽ വച്ച് അങ്ങനെ വിളിച്ചാണ് ശീലം. പെട്ടെന്ന് ഒന്നും അത് മാറ്റാൻ കഴിയുന്നില്ല. മനോജ് സർ എന്ന് തന്നെയാണ് ഇപ്പോഴും വിളിക്കുന്നത്. ഭാവിയിൽ മാറിയേക്കാം എന്നും നടി പറയുന്നു. പൗർണമി തിങ്കൾ എന്ന സീരിയലിൽ വിഷ്ണു വി. നായർ ആണ് പ്രേംജിത്ത് ശങ്കർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. പൗർണമി ആയി എത്തുന്ന ഗൗരി നായകനെ പ്രേം സർ എന്നാണ് വിളിക്കുന്നത്. അത് തന്റെ ജീവിതത്തിലും അങ്ങനെ സംഭവിച്ചു പോയി.സീരിയൽ അറം പറ്റിയതാണോ എന്നും നടി പറയുന്നു. മുമ്പ് ഒരിക്കൽ നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങ് പലവിധ കാരണങ്ങളാൽ മുടങ്ങിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി 23ന് വിവാഹം നിശ്ചയം നടത്താനുള്ള എല്ലാ കാര്യങ്ങളും പൂർത്തിയാക്കിയിരുന്നു. എന്നാൽ തീരുമാനിച്ച തീയതിയിൽ നിശ്ചയം നടത്താൻ കഴിഞ്ഞില്ല. ചെറുക്കനും കൂട്ടർക്കും കോവിഡ് പോസിറ്റീവ് ആയതിനാലാണ് വിവാഹ നിശ്ചയം നടത്താൻ സാധിക്കാതിരുന്നത് എന്നാണ് ഗൗരി പറഞ്ഞത്. എല്ലാവരുടേയും ആരോഗ്യ പ്രശ്‌നങ്ങൾ മാറിയതോടെയാണ് ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്.
*** *** ***
സ്വപ്ന സുരേഷിന് ജോലി ലഭിച്ചു. എങ്ങനെ പണി കിട്ടാതിരിക്കും? അത്രയ്ക്കും ഗംഭീര പെർഫോമൻസായിരുന്നല്ലോ ചാനൽ അഭിമുഖങ്ങളിൽ. 
ആദിവാസി ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന ദൽഹി ആസ്ഥാനമായ ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഡയറക്ടറായിട്ടാണ് സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിനെ നിയമിച്ചത്. സ്വപ്‌ന വെളളിയാഴ്ച പുതിയ ജോലിയിൽ പ്രവേശിച്ചു.  പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് നിയമനം. പുതിയ ജോലി തന്റെ ജീവിതത്തിലെ രണ്ടാം ഭാഗമാണെന്ന് സ്വപ്ന പ്രതികരിച്ചു.  സ്വപ്നയുടെ സാമൂഹിക സേവന രംഗത്തെ താത്പര്യവും കഴിവും പരിഗണിച്ചാണ് സ്ഥാപനത്തിൽ ജോലി നൽകിയതെന്ന് എച്ച്ആർഡി എസ് ചീഫ് പ്രോജക്ട് കോഓർഡിനേറ്റർ ജോയി മാത്യുവും പ്രോജക്ട് ഡയറക്ടർ ബിജു കൃഷ്ണനും പറഞ്ഞു.
പ്രതിയായി അവതരിപ്പിച്ച മാധ്യമ പ്രവർത്തകർ മാഡം വിളികളോടെ അഭിമുഖം നടത്തിയതിലും വലിയ അംഗീകാരം വേറെ കിട്ടാനുണ്ടോ?

Latest News