ലാബുകളിലെ മറിമായം; പ്രവാസികളെ പിഴിയുന്നത് നിര്‍ത്താമോ?

ദിനേന പത്തും ഇരുപതും ആളുകള്‍ കരിപ്പൂര്‍ വിമാന താവളത്തില്‍ നിന്ന് മടങ്ങുകയാണ്.  കോവിഡ് പോസിറ്റീവ് ആണ് മടക്കത്തിന്റ കാരണമെന്ന് കേള്‍ക്കുമ്പോള്‍ കോവിഡ് ഉള്ളവരെ പിന്നെ യാത്ര ചെയ്യാന്‍ അനുവദിക്കണോ എന്ന് തോന്നിയേക്കാം. അങ്ങനെ ഉള്ളില്‍ തോന്നുന്നത് ചോദിക്കുകയും പറയുകയും ചെയ്യുന്നതിന് മുന്‍പ് ചുറ്റിലും നടക്കുന്ന പച്ചയായ കൊള്ളയെ കുറിച്ച് അറിയുന്നത് നല്ലതാണ്.നാളെ സ്വന്തമായി ഒരനുഭവം വരുമ്പോള്‍ മാത്രം മനസ്സിലാക്കാന്‍ നില്‍ക്കരുത്.

വിമാനയാത്രക്ക് നിര്‍ബന്ധമാക്കിയ സകല നിബന്ധനകളും പൂര്‍ത്തീകരിച്ചാണ് ഓരോരുത്തരും എയര്‍ പോര്‍ട്ടില്‍ എത്തുന്നത്. പക്ഷേ അനുഭവിക്കേണ്ടി വരുന്നത് അധികൃതരില്‍ നിന്നുള്ള നെറികേടാണ്.
ദുബായിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന ഒരാളുടെ കോവിഡ് ടെസ്റ്റിന്റെ റിസള്‍ട്ടുകള്‍ ഇതിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ വ്യക്തമാക്കുന്നു.
നാലാം തിയ്യതി 500 രൂപ കൊടുത്ത് ടെസ്റ്റ് ചെയ്യുന്നു. റിസള്‍ട്ട് നഗറ്റീവ്. (വിമാനം പുറപ്പെടുന്നതിന്റെ ആറ് മണിക്കൂര്‍ മുന്‍പ് എയര്‍പോട്ടില്‍ എത്താനാണ് നിര്‍ദേശം. റാപിഡ് ടെസ്റ്റ് നാടകം നടത്താനുള്ള സമയമാണ് ഇതെന്നാണ് അനുഭവത്തിലൂടെയും വാര്‍ത്തകളിലൂടെയും മനസ്സിലാക്കാന്‍ സാധിക്കുന്നത്.
അഞ്ചാം തിയ്യതി എയര്‍പോട്ടിലെ ഇതേ ലബോറട്ടറി തന്നെ 1580 രൂപ ഈടാക്കി റാപിഡ് ടെസ്റ്റ് നടത്തുന്നു. റിസള്‍ട്ട് കോവിഡ് പോസിറ്റീവ്!
ഇരുപതിനാല് മണിക്കൂര്‍ പിന്നിടും മുമ്പാണ് ഈ മലക്കം മറച്ചില്‍. അതെന്താ, ആദ്യ റിസള്‍ട്ടിനു ശേഷമാണെങ്കിലോ കോവിഡ് പിടികൂടിയതെന്ന് ന്യായമായും സംശയിക്കാം. പക്ഷെ  അങ്ങനെ നിഷ്‌കളങ്കമായി മാത്രം ചിന്തിക്കേണ്ടുന്ന കാര്യങ്ങളല്ലല്ലോ നാട്ടില്‍ നടക്കുന്നത്.
അതുകൊണ്ടാണ്, ആറാം തിയതി മറ്റൊരു ലാബില്‍ വീണ്ടും 500 രൂപ കൊടുത്ത് ടെസ്റ്റ് ചെയ്തു. റിസള്‍ട്ട് വന്നു. കോവിഡ് നഗറ്റീവ്!

എയര്‍പോട്ടിലെ മാത്രം വിഷയമല്ല ഇത്.സൗദിയിലേക്ക് വരുന്ന ഒരു സുഹൃത്ത് ആദ്യം ഒരു ലാബില്‍ നിന്ന് ടെസ്റ്റ് ചെയ്തു. റിസള്‍ട്ട് വന്നപ്പോള്‍ പോസിറ്റീവ്. നേരെ മറ്റൊരു ലാബില്‍ പോയി ടെസ്റ്റ് ചെയ്തു. റിസള്‍ട്ട് വന്നപ്പോള്‍ നഗറ്റീവ്. ആ റിസള്‍ട്ടും കൊണ്ട് അവര്‍ സൗദിയിലെത്തി. പക്ഷെ രണ്ട് തവണയായി ടെസ്റ്റ് ചെയ്യാനുള്ള പണം പോക്കറ്റില്‍ നിന്ന് തന്നെ കൊടുക്കണമല്ലോ.
വിമാന ടിക്കറ്റും ഹോട്ടല്‍ ക്വാറന്റൈനും സാധാരണക്കാരന് താങ്ങാന്‍ കഴിയാത്തത് തന്നെയാണ്. പല വിമാനകമ്പനികളും ടിക്കറ്റ് തിരിച്ചു കൊടുക്കുന്നുമില്ല.അതിന്റെ കൂടെ ലാബുകളുടെ തട്ടിപ്പും.

ഇങ്ങനെ പോസറ്റീവും നഗറ്റീവും അനുസരിച്ച് എയര്‍ പോര്‍ട്ടിലേക്ക് വരാനുള്ള വണ്ടിയുടെ ചാര്‍ജും ഒന്നില്‍ കൂടുതല്‍ തവണ കൊടുക്കേണ്ടി വരുന്നു. ശക്തമായി ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പിഴവുകള്‍ കണ്ടെത്തിയാല്‍ ഇരട്ടി നഷ്ടപരിഹാരം ഇരകള്‍ക്ക് വാങ്ങി കൊടുക്കണം. അത്തരം ലാബുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യണം. ഉള്ളവനും ഇല്ലാത്തവനും നീതി കിട്ടണം.
 ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുകയെങ്കിലും വേണം.

 

Latest News