ജീവിത യാഥാർഥ്യങ്ങളുടെ ചലന ചിത്രങ്ങൾ

ബാല്യകാലത്തെ  ചില അനുഭവങ്ങൾ തരുന്ന മുറിവുകളാണ്  ഒരാളെ എഴുത്തുകാരനാക്കുന്നത് എന്ന് പറയാറുണ്ട്.    കുട്ടിക്കാലത്തെ കാഴ്ചകൾ, കൗതുകങ്ങൾ, വീട്ടിലെയും സ്‌കൂളിലെയും അനുഭവങ്ങൾ എന്നിങ്ങനെ  എല്ലാം   ഓർമ്മയുടെ പ്രതലത്തിൽ അള്ളിപ്പിടിച്ചിരിക്കും. നോവുന്ന ഓർമകളുടെ കനൽ എരിഞ്ഞു  കൊണ്ടിരിക്കും. കെ.എം. റഷീദിന്റെ   'നിഴലിനെ ഓടിക്കുന്ന വിദ്യ' എന്ന കവിതാ സമാഹാരത്തിൽ  ബാല്യം പടിയിറങ്ങി പോകാൻ വിസമ്മതിക്കുന്നു.
ഉമ്മയാണ് റഷീദിന്റെ  കവിതയിലെ ഏറ്റവും  സജീവമായ ജൈവ സാന്നിധ്യം.    ആനന്ദമായും  നോവായും  സാന്ത്വനമായും ഉമ്മ കവിതയിൽ നിറഞ്ഞുനിൽക്കുന്നു. 'പഴുതാരയുടെ വീട്', 'ഉമ്മവെച്ച മുറിവുകൾ', 'ഇടനേരങ്ങളിൽ ഉമ്മ', 'ദൈവത്തിനൊരു സങ്കട ഹർജി' എന്നീ  കവിതകളിൽ ഉമ്മ ദൃശ്യവും അദൃശ്യവുമായ സാന്നിധ്യമാണ്. സമാഹാരത്തിന്റെ അവസാന ഭാഗത്ത്  കവി എഴുതിയ കുറിപ്പിൽ ഉമ്മയെ ഇങ്ങനെ വരച്ചിടുന്നു. ' അക്ഷരാഭ്യാസം പോലുമില്ലാതെ ഇത്രയും കാലം ഒറ്റയ്ക്ക് ഉമ്മ അതിജീവിച്ചത് എങ്ങനെയാണ്? വലിയ പുസ്തകങ്ങളും പരീക്ഷകളുമില്ലാതെ  ലോക വീക്ഷണവും കാഴ്ചപ്പാടും രൂപപ്പെടുത്തിയത് എങ്ങനെയാണ്?  ആ ഒരു  മായാജാലം തേടി കവിതകളിലൂടെ ഞാൻ ഉമ്മയെ തൊടുന്നു. മുതിർന്നപ്പോൾ ദൂരദേശങ്ങളിൽ പഠനത്തിനും ജോലിക്കും പോയ ദിനങ്ങളിലെ ഓരോ രാവുകളും എനിക്ക് വേണ്ടി കരുതിവെച്ച അത്താഴത്തെ പറ്റി  വളരെ പിന്നീടാണ്  അറിഞ്ഞത്. എത്ര വൈകിയാലും മക്കളെല്ലാവരും വീടണഞ്ഞാലേ ഉമ്മ ഉറങ്ങൂ. ഏകാന്തതകളിൽ,  ഒറ്റപ്പെടലുകളിൽ, വേദനകളിൽ, പുസ്തകശാലയിലെ പുതുമണത്തിൽ ഞാൻ ഉമ്മയെ മണത്തു. എത്ര ക്രൂരമായ അനുഭവങ്ങളിലും  ഞാൻ ഉരച്ചു  നോക്കുന്ന  ഉരക്കല്ല് ഏകാന്തമായി ഉമ്മ പിന്നിട്ട  വർഷങ്ങളാണ്.'    
ഉമ്മയും വീടും തമ്മിലുള്ള നാഡീ ബന്ധം ജീവികളിലൂടെ അടയാളപ്പെടുത്തുകയാണ്  'പഴുതാരയുടെ  വീട്' എന്ന കവിത. 'വീടിന്റെ  ചുമതലയിൽനിന്ന്
ഉമ്മ പിൻവാങ്ങിയതിൽ  പിന്നെ കാര്യങ്ങളെല്ലാം താളം തെറ്റി.
കിടന്ന കട്ടിൽ വിടവുകളിലൂടെ ചുവന്ന രേഖകൾ വരച്ച്
ചിതലുകളാണ് തുടക്കമിട്ടത്.
മുറ്റത്തെ മാവിൻ ചോട്ടിൽ അടിച്ചു വാരാതെ കിടന്ന ഇലയ്ക്ക് കീഴിൽ വീടുണ്ടാക്കി പഴുതാര.'
നാടിന്റെ അകം കാണിക്കുന്ന  കണ്ണാടിയാണ് റഷീദിന്റെ കവിതകൾ എന്ന് നിസ്സംശയം പറയാം. നാട്ടിൽ ഉണ്ടാകുന്ന  മാറ്റങ്ങളെ  കവിത രേഖപ്പെടുത്തുന്നു. പറമ്പുകളിലും  ഇടവഴിയിലും  ചായപ്പീടികകളിലും മനുഷ്യർ തമ്മിൽ നടന്നു വരുന്ന  സൂക്ഷ്മ വിനിമയങ്ങളെ   വാങ്മയ ചിത്രങ്ങളിലൂടെ    കവി വരച്ചിടുന്നുണ്ട്.
കുട്ടികളുടെ ലോകത്ത് നടക്കുന്ന വിവിധ  മാറ്റങ്ങളെ ഈ സമാഹാരത്തിലെ  കവിതകൾ വിവരിക്കുന്നുണ്ട്. 'ഗോട്ടി' എന്ന കവിത  അവയിൽ ശ്രദ്ധേയമാണ്.
' ഇൻറ്റർ  ലോക്കിട്ട  
വീട്ടു മുറ്റത്ത്‌നിന്ന് ഒഴിവാക്കിയ
ഇടവഴിയിലെ മണ്ണിൽനിന്ന്
അസർമുല്ലയുടെയും  തുളസിയുടെയും
അടിയിൽനിന്ന് ഗോട്ടിയെ
കിളച്ചെടുത്തു.'
'കോപ്പിയടി' ആക്ഷേപം ഉന്നയിച്ച ടീച്ചർ അത് മറന്നു  കഴിഞ്ഞെങ്കിലും  കുട്ടിയുടെ മനസ്സിൽ വർഷങ്ങൾക്ക്  ശേഷവും അതൊരു വേദനയായി  കിടക്കുന്നു. 'കോപ്പിയടി' എന്ന കവിതയിൽ കവി  അതിപ്പോഴും ഓർക്കുന്നു. 'ന' 'കറുത്ത  കടലിൽ' മാറികൊണ്ടിരിക്കുന്ന ബാല്യമാണ് വിഷയം.  ഇത്തരം മാറ്റങ്ങൾ  പല കവിതകളിലും പല രൂപത്തിൽ പ്രത്യക്ഷമാവുന്നുണ്ട്.  
'ഓണത്തിന്
പൂപറിക്കാൻ പോയ കുട്ടികൾക്ക്
തെറ്റിപ്പൂ
മൂക്കുറ്റി
ചെമ്പരത്തി
ഒന്നും കിട്ടിയില്ല
പഴയ മൊബൈൽ ഫോൺ ചാർജർ
ടി.വി
കമ്പ്യൂട്ടർ മോണിറ്റർ
ഇയർ ഫോൺ കൊണ്ട്
പൂക്കളമൊരുക്കി.
മറ്റൊരു കവിതയിൽ കാപട്യമില്ലാത്ത കുഞ്ഞുങ്ങൾ മതവും ജാതിയും ചേർത്ത വേർതിരിവുകൾ ലംഘിക്കുന്നു. വിഭാഗീയത അവരെ ബാധിക്കുന്നേയില്ല.
'അമ്പിളി മാമനെയും
നക്ഷത്രങ്ങളെയും  
കൈകുമ്പിളിൽ പിടിക്കുന്നവർ
പാമ്പിലും  പൂമ്പാറ്റയിലും
കൊതുകിലും
കവിത കാണുന്നവർ
ആളുകളെ ഒരുമിപ്പിക്കുന്നവർ
അതുകൊണ്ടാവാം
അവർ
കുഞ്ഞുങ്ങളെ
കൊന്നു കളയുന്നത്.'
'ഒറ്റിപ്പ്', 'ഹേ റാം'  എന്നീ  രാഷ്ട്രീയ കവിതകളിൽ  നാട്ടിൽ നടക്കുന്ന പ്രശ്‌നങ്ങളിൽ  കവിക്കുള്ള ഉത്കണ്ഠയെ വായനക്കാരന്  പിടിച്ചെടുക്കാം.  പേരുപോലും ഇല്ലാത്ത മനുഷ്യരെ പറ്റിയുള്ള ആധി  'ചരിത്രമറ്റവരുടെ ആംബുലൻസിൽ'   കാണാം. കൊൽക്കത്തയിലെ തെരുവിൽ കണ്ട തൊഴിലാളിയുടെ മൃതദേഹത്തെ പറ്റി കവി പറയുന്നു.
'മഹസർ
കണക്കെടുപ്പ്
ജന്മാന്തര പര്യവേക്ഷണം
നാലുവരിയിൽ സംഗ്രഹിക്കാം ജീവിതം
167  സെ മി  നീളം
ഇരുണ്ട നിറം
63  ഏകദേശ പ്രായം
ഊരും പെരുമജ്ഞാതം.'  
തത്വചിന്തകളിൽ അഭിരമിക്കാതെ  മൂർത്തമായ  യാഥാർഥ്യങ്ങൾ  കൺമുമ്പിൽ ഒരു ചലന ചിത്രത്തിലെന്ന   പോലെ  കാണിപ്പിക്കുന്നതാണ്  റഷീദിന്റെ   കവിതകളുടെ   സവിശേഷത. നാട്ടിൻ പുറങ്ങളിൽനിന്ന് അന്യമായി പോകുന്ന ഊഷ്മളമായ മനുഷ്യബന്ധങ്ങളും  സമീപകാലത്ത് അവർക്കിടയിൽ കയറിക്കൂടിയ വർഗീയതയും കവിയെ ഏറെ മഥിക്കുന്നുണ്ട്. കാൽപനിക സ്വപ്നങ്ങളിൽ ഒട്ടും മുഴുകാതെ  മനുഷ്യദുഃഖങ്ങളിൽ  ഹൃദയം കൊണ്ട് ഐക്യപ്പെടുന്നുണ്ട് കവി.

നിഴലിനെ ഓടിക്കുന്ന വിദ്യ
(കവിതകൾ)
കെ.എം. റഷീദ്
നാഷനൽ ബുക്സ്റ്റാൾ
പേജ്: 136
വില: 170

Latest News