മനുഷ്യന്റെ ഉൽപത്തി മുതൽക്കേ, അവന്റെ ജീവിതക്രമം പ്രകൃതിയുമായി വിളക്കിച്ചേർത്തിരിക്കുന്നു. പ്രകൃതിയിൽ നിന്നുമാണ് അവൻ തന്റെ ജീവിത സന്ധാരണത്തിനുള്ള വിഭവങ്ങൾ കണ്ടെത്തിയിരുന്നത്. എന്നാൽ പ്രകൃതിയെ ഒട്ടും തന്നെ വേദനിപ്പിക്കാതിരിക്കാൻ അക്കാലത്തെ മനുഷ്യർ പ്രത്യേകം ശ്രദ്ധിച്ചു കൊണ്ടിരുന്നു. പക്ഷേ, കാലങ്ങൾ കഴിയുന്തോറും മനുഷ്യന്റെ ആർത്തി അധികരിച്ചു കൊണ്ടേയിരുന്നു. അവന് തന്റെ മോഹങ്ങളെ അടക്കി നിർത്താൻ കഴിയാതിരിക്കുമ്പോഴാകട്ടെ, അവൻ പ്രകൃതിയെ മുറിവേൽപിച്ച് വീണ്ടും വീണ്ടും പുതിയ കണ്ടുപിടിത്തങ്ങൾ നടത്തിക്കൊണ്ടിരുന്നു. തൽഫലമായി പ്രകൃതി പല കാലങ്ങളിലായി അതിന്റെ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. പ്രകൃതിയുടെ ഈ രോഷപ്രകടനങ്ങളിലൊക്കെ മനുഷ്യകുലത്തിന് നാശമേ സംഭവിച്ചിട്ടുണ്ടായിരുന്നുള്ളൂ. എന്നിട്ടും അവൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുന്നില്ല. പ്രകൃതിയെ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന എഴുത്തുകാരനായ പോൾസെബാസ്റ്റ്യന്റെ 'പുഴ വന്ന് വിളിച്ചപ്പോൾ' എന്ന നോവൽ പ്രകൃതിയുടെ ഇത്തരം രോഷപ്രകടനങ്ങൾ ഓർമ്മപ്പെടുത്തുന്നതാണ്. 2018 ൽ കേരളത്തിൽ വൻ നാശം വിതച്ച പ്രളയത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവലാണ് പുഴ വന്ന് വിളിച്ചപ്പോൾ.
പ്രളയത്തിൽ ഒരു നാട് എങ്ങനെയാണ് ദുരന്തങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നതെന്ന് കൃത്യമായി അടയാളപ്പെടുത്തുന്ന നോവലാണ് പുഴ വന്ന് വിളിച്ചപ്പോൾ. ചെറുമാലി എന്ന പ്രദേശം അലസമായ ഒരു പ്രഭാതത്തിലേക്കാണ് അന്ന് ഉണർന്നതെങ്കിലും പിന്നീടങ്ങോട്ട് പരിതാപകരമായ മണിക്കൂറുകളായി മാറുന്ന കാഴ്ചയെയാണ് പോൾ സെബാസ്റ്റ്യൻ ഈ നോവലിൽ അവതരിപ്പിക്കുന്നത്.
ഇത്തരം ദുരന്ത മുഖങ്ങളിൽ ജനപ്രതിനിധികൾ എങ്ങനെയായിരിക്കണമെന്ന് ബോധ്യപ്പെടുത്തി തരുന്ന കഥാപാത്രമാണ് ആൻജലീന. ആൻജലീനയുടെ നിശ്ചയ ദാർഢ്യവും കർമ്മോത്സുകതയും ഈ നോവലിൽ പലയിടങ്ങളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. ശൂന്യതയിൽ നിന്നും കഠിനാധ്വാനം കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ചില വ്യക്തികൾ നമുക്ക് ചുറ്റുമുണ്ട്. അത്തരം വ്യക്തികളുടെ പ്രതിനിധിയായ ടൈറ്റസും അമ്മ പ്ലമേനച്ചേടത്തിയും ഈ പ്രളയത്തിന്റെ രക്തസാക്ഷികളാകുന്നത് വായിക്കുമ്പോൾ വായനക്കാരന്റെ കണ്ണ് നനയുന്നു. ഗൃഹപ്രവേശനത്തിന് കാത്തിരിക്കുന്ന വീടിനെ അനാഥമാക്കിക്കൊണ്ട് , ആ അമ്മയും മകനും പ്രളയജലത്തിന്റെ കുത്തൊഴുക്കിൽ അമർന്നില്ലാതാകുമ്പോൾ , വായനക്കാരന് ചുറ്റും ശൂന്യതയനുഭവപ്പെടുന്നു.
പെട്ടെന്നൊരു നാളിൽ, എല്ലാ സുഖസൗകര്യങ്ങളുമുള്ള മനുഷ്യർ, അഭയാർത്ഥികളായി മാറുന്ന കാഴ്ച ചെറുമാലിക്കടവിൽ നിന്നും നമുക്ക് കാണാൻ കഴിയും. ക്രിസ്റ്റഫറിനേയും ഗാബിയേയും പോലുള്ള യുവാക്കളാണ് ഇത്തരം ഘട്ടത്തിൽ സമൂഹത്തിന്റെ ചാലക ശക്തികളെന്ന് വിശേഷിപ്പിക്കാനാവും. ഏതൊരു കാര്യവും നാം ഒറ്റയ്ക്കല്ല ചെയ്യുന്നതെന്നും അതൊരു സംഘശക്തിയാണെന്ന ഉറച്ച ബോധ്യം നമുക്കുണ്ടാകണമെന്ന ഗാന്ധിജിയുടെ വാക്കുകൾ നാം സ്വന്തം ജീവിതത്തിൽ പകർത്തേണ്ടതാണ്. മഹാപ്രളത്തിന്റെ കുത്തൊഴുക്കിൽ അവനവൻ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും വീട്ടിലെ പശുവിനേയും കിടാവിനേയും ഓർത്തു കരയുന്ന അമ്മയും മകളും , അതേപോലെ പ്രളയത്തിൽ തന്റെ മീനുകൾ ചത്തു പോകുമെന്ന് കരുതി , മറ്റ് മനുഷ്യർക്ക് സൗജന്യമായി നൽകുന്ന മോഹനനുമൊക്കെ , ഈ നോവലിലെ പരജീവി സ്നേഹത്തിന്റെ ഉദാഹരണങ്ങളാണ്. ചെറുമാലിപ്പുഴയുടെ തീരത്ത് നിന്നും മനുഷ്യരെ രക്ഷപ്പെടുത്തി അഭയം നൽകുന്നതിനിടയിലും ധാർഷ്ട്യം വിടാത്ത ചിലരെയും ഈ നോവലിൽ കാണാം. അത്തരക്കാരാണ്, ചാമച്ചിറ പോലെ താഴ്ന്ന പ്രദേശമല്ല ചെറുമാലിയെന്നും ഒരു പ്രളയവും ഇവിടേക്ക് കടന്നു വരില്ലെന്നും പറഞ്ഞ് , അവിടുന്ന് ഒഴിഞ്ഞു പോകാൻ വിമുഖത കാണിക്കുന്നത്. കരുണാകരൻ നായരുടെ മകൾ മീനാക്ഷിയും മകളും ഈ നോവലിലെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ്.
ജന്മം നൽകിയ പിതാവിന്റെ മൃതദേഹം പ്രളയത്തിൽ ഒഴുക്കി വിട്ട് , സ്വയം രക്ഷപ്പെടാൻ മനസ്സനുവദിക്കാത്ത ഒരു മകന്റെ ദയനീയാവസ്ഥ ഈ നോവലിൽ കാണാൻ കഴിയുന്നുണ്ട്. മറ്റ് സഹോദരങ്ങളൊക്കെ സ്വത്ത് തട്ടിയെടുത്ത് , വൃദ്ധനായ അപ്പനെ അനാഥമാക്കി കടന്ന് കളഞ്ഞപ്പോൾ , കഴിഞ്ഞ മൂന്ന് വർഷമായി ജോലിയും ഉപേക്ഷിച്ച്, അപ്പനെ ശുശ്രൂഷിക്കുകയും ഒടുക്കം പ്രളയത്തിനിടയിൽ മരിച്ചു പോയ അപ്പന്റെ മൃതദേഹവും കൊണ്ട് പോയാലേ താനും രക്ഷപ്പെടൂ എന്ന് ശാഠ്യം പിടിക്കുന്ന മകൻ വായനക്കാരന്റെ ഹൃദയത്തിൽ ചലനം സൃഷ്ടിച്ച് കൊണ്ട് മാത്രമേ കടന്ന് പോകൂ.
അണ്ണല്ലൂർ പറയം തോട് നിറഞ്ഞ് കവിഞ്ഞ് , താരതമ്യേന ഉയരമുള്ള പ്രദേശമായ ചെറുമാലി തികച്ചും ഒറ്റപ്പെട്ട് പോയ ഒരു ദ്വീപായി മാറിയ കാഴ്ച വായനക്കാരനെ അതിശയപ്പെടുത്തുന്നു. ആഗ്രാമത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പള്ളിയുടെ പിറകിലൂടെ പുഴയിൽനിന്നുള്ള വെള്ളം കയറുന്ന കാഴ്ച , ചില മനുഷ്യരുടെ അഹങ്കാരത്തിനുള്ള തിരിച്ചടിയും പ്രകൃതിയെ നമുക്ക് മുൻവിധിക്കാനാവില്ല എന്ന തിരിച്ചറിവുമാണ്.
പ്രമീള എന്നൊരു കഥാപാത്രമുണ്ട് ഈ നോവലിൽ. കിടപ്പ് രോഗിയാണ്. ജീവിതത്തിൽ പൂർണ്ണമായും ഒറ്റപ്പെട്ട് പോയ ആ കിടപ്പ് രോഗിക്ക് , സഹായിയായി വരുന്ന പെൺകുട്ടിക്ക് പേമാരിയാൽ വരാൻ കഴിയാതെ , ഉയർന്ന് പൊങ്ങുന്ന വെള്ളത്തിനിടയിൽ ഏകാകിയായിപ്പോയ പ്രമീളയ്ക്ക് , സ്വയം രക്ഷപ്പെടാതെ കാവലിരിക്കുന്ന ടൈഗർ എന്ന നായ.. സ്നേഹത്തിന്റെയും അനുകമ്പയുടേയും പ്രതീകങ്ങളായ ഒട്ടേറെ മനുഷ്യരേയും ജീവജാലങ്ങളേയും പോൾ സെബാസ്റ്റ്യൻ ഈ നോവലിൽ ചേർത്തുവെച്ചിട്ടുണ്ട്. മറ്റൊരിടത്ത് , അപ്പൻ കട്ടിലിൽ കിടന്ന് വെള്ളത്തിനടിയിലായിപ്പോകുന്നതും ലിസാമ്മയുടെ ദുരിതവുമെല്ലാം ഈ നോവലിലെ വേദനിപ്പിക്കുന്ന അനുഭവ സാക്ഷ്യങ്ങളാണ്. വ്യത്യസ്തമായ പല വഴികളിലൂടെ സഞ്ചരിച്ച്, പ്രളയത്തിൻ ഭീകരമുഖം അനാവൃതമാക്കുന്ന നോവലാണ് പുഴ വന്ന് വിളിച്ചപ്പോൾ. വായനയുടെ ഒടുവിൽ പ്രകൃതിയിലേക്ക് മടങ്ങാൻ വായനക്കാരനെ പ്രേരിപ്പിക്കുന്ന ഈ നോവൽ തൃശൂർ കറൻറ് ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.പേജ് 200, വില 225






