കാരണഭൂതം അശ്വത്ഥാമാവ്

കോഴിക്കോട് കല്ലായിയിലെ എം.എസ് ബാബുരാജ് റോഡിൽ നടക്കാനിറങ്ങുന്നത് രസമുള്ള കാര്യമാണ്. പഴയകാല സുഹൃത്തുക്കളെ കണ്ട് ക്ഷേമാന്വേഷണം നടത്താം. റിപ്പബ്ലിക് ഹോട്ടൽ വിസ്മൃതിയിലായെങ്കിലും പേരില്ലാത്ത പുതിയ ഷോപ്പിൽ നിന്ന് ഒരുമിച്ച് ചായ കുടിച്ച് പിരിയാം. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം അതുവഴി നടന്നപ്പോൾ അതാ പ്രസ് ഫോട്ടോഗ്രാഫർമാരും ക്യാമറാമാൻമാരും കൂട്ടത്തോടെ വരുന്നു. ആരുടേയും മുഖത്ത് തൃപ്്തിയില്ല. എന്താണ് വിശേഷമെന്ന് തിരക്കിയപ്പോൾ ഒരു ഫോട്ടോഗ്രാഫർ കാര്യം പറഞ്ഞു. കല്ലായി കേന്ദ്രീയ ഭവനിലായിരുന്നു ഇന്ന് മുഴുവൻ. ഓള് പറ്റിച്ച് പിന്നിലൂടെ പോയ്ക്കളഞ്ഞു. മെനക്കെട്ടത് വെറുതെയായി. ഇഡി ഓഫീസിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് എത്തിയ കന്നഡ-തമിഴ് താരവും മോഡലുമായ അക്ഷര റെഡ്ഡിയാണ് കടന്നു കളഞ്ഞത്.  2013ലെ നെടുമ്പാശേരി സ്വർണ കള്ളക്കടത്ത് പ്രതി ഫയാസിന്റെ കൂട്ടുകാരിയാണ് താരം. ഈ സംഭവത്തിനു ശേഷമാണ് ഇവർ  അക്ഷര റെഡ്ഡിയെന്ന പേര് സ്വീകരിച്ചതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. എന്തെന്ത് മറിമായങ്ങൾ? 
പാർട്ടിഗേറ്റ് ആരോപണങ്ങളുടെ പേരിൽ നാട്ടിലെ വിമർശനവും പരിഹാസം ഏറ്റുവാങ്ങിയ  പ്രധാനമന്ത്രി ബോറിസ് ജോൺസന് ലോക രാജ്യങ്ങളുടെയും കൂരമ്പ്. നമ്പർ 10ൽ നടന്ന ബർത്ത്‌ഡേ പാർട്ടിയിൽ 'കേക്കുമായി ഇടിച്ചുകയറിയ' സംഭവത്തെ കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വക്താവ് പരിഹാസം ഉന്നയിച്ചു. പ്രസിഡന്റ് ബൈഡന് ഇതുപോലൊരു 'കേക്ക് അക്രമം' നേരിടേണ്ടി വന്നിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പ്രതികരിച്ചത്. ബോറിസ് സ്ഥാനം തെറിക്കുമെന്ന ഭീതിയിൽ നിലനിൽക്കുമ്പോൾ റഷ്യൻ ടെലിവിഷനും പരിഹാസം ചൊരിഞ്ഞു. ബ്രിട്ടനിൽ ഏറ്റവും കൂടുതൽ ജനം വെറുക്കുന്ന, ബഹുമാനിക്കാത്ത വ്യക്തിയെന്നാണ് ഒരു ചാനൽ ബോറിസിനെ വിമർശിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി പൂർണ്ണമായും ഭാര്യ കാരിയുടെ നിയന്ത്രണത്തിലും, കാൽചുവട്ടിലുമാണെന്നും പരിഹാസം ഉയർന്നു. ഇവിടെ ചിലരൊക്കെ സ്വകാര്യമായി ആളൊരു ബി.ജെ.പി(ഭാര്യയെ ജാസ്തി പേടിയുള്ളവൻ)ക്കാരനാണെന്ന്് പറയാറുള്ളത് പോലെ പാർട്ടിഗേറ്റ് റിപ്പോർട്ട് പ്രധാനമന്ത്രിയുടെ കൈയിൽ കിട്ടിയാൽ ലണ്ടനിലെ സ്യൂവേജിൽ കാണുമെന്നും ഇവർ പരിഹസിച്ചു.ബോറിസ് ജോൺസന്റെ നയതന്ത്രരീതികളെ അന്താരാഷ്ട്ര മാധ്യമങ്ങൾ ചോദ്യം ചെയ്യുകയാണ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനുമായി നേരത്തെ നിശ്ചയിച്ചിരുന്ന ഫോൺ കോൾ സ്വന്തം എംപിമാരുടെ ചോദ്യം ചെയ്യൽ നേരിടുന്നതിനെ തുടർന്ന് ബോറിസ് റദ്ദാക്കിയിരുന്നു.ഉക്രെയിൻ വിഷയത്തിൽ പുട്ടിനിൽ സമ്മർദം ചെലുത്താനുള്ള ബോറിസിന്റെ ശേഷിയെയാണ് യുഎസിൽ ഒരു റിപ്പോർട്ടർ ചോദ്യം ചെയ്തത്. 
ഉക്രെയിനിൽ റഷ്യൻ സേന കടന്നുകയറുമെന്ന ഭീഷണി നിലനിൽക്കുന്ന സുപ്രധാന ഘട്ടത്തിൽ ബോറിസ് നേരിടുന്ന പരിഹാസങ്ങൾ രാജ്യത്തിന് തന്നെ നാണക്കേടായി മാറുന്ന അവസ്ഥയാണ്. എത്ര നാണക്കേട് വന്നാലും രാജിവെയ്ക്കില്ലെന്ന നിലപാടിലാണ് ബോറിസ്.
*** *** ***
അമേരിക്കൻ നടനും സംവിധായകനുമായ മോർഗൻ ഫ്രീമാന്റെ മുഖവുമായി വടകര സഹകരണ ആശുപത്രിയിലെ ചർമ്മരോഗ വിഭാഗത്തിന്റെ പരസ്യം. അരിമ്പാറയും പാലുണ്ണിയും നീക്കം ചെയ്യാനുള്ള പരസ്യത്തിലാണ് ഗോൾഡൻ ഗ്ലോബ് അടക്കമുള്ള നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ വിഖ്യാത നടന്റെ ചിത്രം ഉപയോഗിച്ചത്. പരസ്യ ബോർഡ് സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾക്ക് വഴിവെച്ചതിനു പിന്നാലെ ആശുപത്രി അധികൃതർ ബോർഡ് നീക്കി.  അരിമ്പാറ, ഉണ്ണി, പാലുണ്ണി, സ്‌കിൻ ടാഗ് എന്നിവ ഒ.പിയിൽ വെച്ച് തന്നെ നീക്കം ചെയ്യുന്നു എന്നാണ് പരസ്യ ബോർഡിൽ എഴുതിയിരുന്നത്.  ആശുപത്രിയ്ക്ക് മുന്നിൽ സ്ഥാപിച്ച ബോർഡിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ മാത്രമാണ് ആശുപത്രി അധികൃതർക്ക് തെറ്റ് മനസിലായത്. വംശീയപരമായ അധിക്ഷേപ സ്വഭാവുമള്ളതാണ് ബോർഡ് എന്നാണ് ആശുപത്രിക്ക് നേരെ ഉയരുന്ന വിമർശനം. അറിയാതെ പറ്റിയ തെറ്റാണ് എന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം. പരസ്യം തയ്യാറാക്കിയത് പുറത്തുനിന്നുള്ള ഒരു പരസ്യ ഏജൻസിയാണെന്നും അവർക്ക് ചിത്രത്തിലുള്ളത് ആരാണെന്നു അറിയാതെ പോയതാണ് ഇത്തരമൊരു ഗുരുതര വീഴ്ച സംഭവിച്ചതിന് പിന്നിലെന്നും ആശുപത്രിയുടെ മാർക്കറ്റിംഗ് വിഭാഗം വ്യക്തമാക്കി. പണ്ടൊരു കോട്ടയം മാഗസിൻ ഈ ദിവസങ്ങൾ നിങ്ങളെ അലട്ടാറുണ്ടോ എന്ന ലേഖനത്തിന് അകമ്പടിയായി അക്കാലത്തെ യുവനടിയുടെ ചിത്രം കൊടുക്കാറുള്ളത് പോലൊരു അതിക്രമം. 
*** *** ***
പാർട്ടി സെക്രട്ടറിയുടെ മകൻ മീൻ കച്ചവടം തുടങ്ങി. ബിനോയ് കോടിയേരി തുടങ്ങിയ  കടയുടെ പേര് മീൻസ് എന്നാണ്.   തിരുവനന്തപുരം കുറവംകോണത്താണ് ബിനോയിയുടെ മീൻ കട. പിതാവ് കോടിയേരി ബാലകൃഷ്ണന്റെയും മാതാവ് വിനോദിനി ബാലകൃഷ്ണന്റെയും സാന്നിധ്യത്തിലാണ് കട തുറന്നത്. വിനോദിനി ബാലകൃഷ്ണനാണ് കട ഉദ്ഘാടനം ചെയ്തത്. സമൂഹത്തിൽ മീനിന് എന്നും ആവശ്യക്കാരുണ്ടെന്നും അതുകൊണ്ടാണ് മീൻ കട ആരംഭിച്ചതെന്നും ബിനോയ് ബാലകൃഷ്ണൻ പറഞ്ഞു. നീണ്ടകരയിലും തിരുവനന്തപുരത്തും വള്ളത്തിൽ പോയി മീൻപിടിക്കുന്നവരിൽ നിന്നും നേരിട്ടുവാങ്ങുന്ന മീനാണ് ഇവിടെ വിൽക്കുന്നത്. കൂടാതെ ഹോം ഡെലിവറിയും ഉണ്ടെന്നും ബിനോയ് പറഞ്ഞു.
*** *** ***
തെന്നിന്ത്യൻ താരമായ മലയാളിയായ പ്രിയാമണി  'ഫാമിലിമാൻ' സീരിസിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അനുപമ എന്ന വീട്ടമ്മയായാണ് താരം സീരിസിലെത്തിയത്. എന്നാൽ ഈ വീട്ടമ്മയുമായി തനിക്ക് ഒരു സാദൃശ്യവുമില്ലെന്നും പാചകം അറിയാത്ത വ്യക്തിയാണ് താനെന്നും പറയുകയാണ് പ്രിയാമണി. ഒരഭിമുഖത്തിലാണ് പ്രിയാമണിയുടെ വെളിപ്പെടുത്തൽ. 'അനുപമയെ പോലെയല്ല ഞാൻ. എനിക്ക് പാചകം അറിയില്ല. എൻ ഭർത്താവ് പാചകം ചെയ്യുകയും ഞാൻ കഴിക്കുകയും ചെയ്യും. എന്റെ ജീവിതത്തോട് ചേർന്നിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ ഞാനായിരിക്കാൻ ആഗ്രഹിക്കുന്നു. വീടിനോട് ചേർന്നിരിക്കാനാണ് ഇഷ്ടം. ആവശ്യമുള്ളപ്പോൾ മാത്രമാണ് പുറത്ത് പോവുന്നത്. അനുപമയെപ്പോലെയാകാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല,' പ്രിയാമണി പറഞ്ഞു.
*** *** ***
പത്രങ്ങളിലും ചാനലുകളിലും സോഷ്യൽ മീഡിയകളിലും നിറഞ്ഞുനിന്ന രണ്ട് വ്യക്തികളാണ്  മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും യുഎഇ കോൺസുലേറ്റ് ജീവനക്കാരിയായിരുന്ന സ്വപ്‌ന സുരേഷും. 
വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തിൽ തുടങ്ങി സെക്രട്ടേറിയറ്റും മന്ത്രിമാരും സ്പീക്കറും അവരുടെ ഔദ്യോഗികം മാത്രമല്ല വ്യക്തിജീവിതം വരെ ഉൾപ്പെട്ട ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു ഓരോ ദിവസത്തെയും വാർത്തകൾ. ആഴ്ചകൾ പിന്നിട്ടതോടെ ആ വാർത്തകൾക്ക് പ്രാധാന്യം കുറഞ്ഞുവന്നു. 
കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന പ്രതികൾ ഓരോരുത്തരായി ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതോടെ വാർത്തയുടെ പ്രാധാന്യം കുറഞ്ഞു ഉൾപേജുകളിലേക്കും ഒറ്റക്കോളത്തിലേക്കും ക്രമേണ  വിസ്മൃതിയിലേക്കും നീങ്ങി.
വീണ്ടുമിതാ ശാന്തമായി നിന്ന അഗ്‌നിപർവ്വതം പൊടുന്നനെ പൊട്ടി ലാവ പുറത്തുവരും പോലെ സ്വപ്‌നയും ശിവശങ്കറുമെല്ലാം വാർത്താതാരമായിരിക്കുന്നു. ഇതിനെല്ലാം കാരണമായത് വെറുമൊരു  ആന ആണ്. 
എം. ശിവശങ്കർ സ്വന്തം ഭാഗം ന്യായീകരിക്കാൻ എഴുതിയ പുസ്തകത്തിലെ വരികൾ പുറത്തുവന്നതോടെ കഥാപാത്രങ്ങൾ പഴയതെങ്കിലും കഥാസന്ദർഭങ്ങളും സാരാംശവും മാറിമറിയുന്ന ട്വിസ്റ്റിലൂടെയാണ് വാർത്തകൾ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. സ്വയം മാന്യനാകാൻ കൂട്ടാളിയെ ചവിട്ടിത്താഴ്ത്തുന്ന അടവുനയം പ്രയോഗിച്ച ശിവശങ്കറിനെ, ഒഴിഞ്ഞുമാറി വെട്ടിവീഴ്ത്തിയിരിക്കുകയാണ് സ്വപ്‌ന സുരേഷ്. എല്ലാക്കുറ്റവും സ്വപ്‌നയ്ക്കു നൽകാൻ ശ്രമിച്ചെങ്കിലും അവർ താനുൾപ്പെട്ട കേസിൽ ശിവശങ്കറിനുള്ള പങ്ക് ലോകത്തോട് വിളിച്ചു പറഞ്ഞ് കൂടുതൽ ചേർത്തു പിടിച്ചിരിക്കുന്നു. ആരും ശ്രദ്ധിക്കാതെ പോയിരുന്ന ന്യൂസ് 18 ചാനലിലാണ് വിസ്തരിച്ച അഭിമുഖം ആദ്യം കണ്ടത്. വിളിച്ചുപറയാൻ അവസരം കാത്തിരുന്ന സ്വപ്‌ന ചാനലായ ചാനലുകളിലൂടെയെല്ലാം സ്വയം ഒരു ഇരയുടെ പരിവേഷം നൽകി നിറഞ്ഞുനിൽക്കുന്നു.  
ഈ വനിതാരത്‌നം വാസ്തവത്തിൽ കേരളത്തിന്റെ ഭരണസാരഥ്യം വഹിക്കേണ്ടതാണ്. പ്രതിഭയല്ല, സക്ഷാൽ പ്രതിഭാസം. ഒളിജീവിത കാലത്ത് 24 ന്യൂസിൽ മാത്രം രഹസ്യ അഭിമുഖം വന്നതും ആളുകൾ വീണ്ടും ചർച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്. 
*** *** ***
മെഡിക്കൽ പ്രവേശനത്തിന് പ്രീഡിഗ്രി മാർക്കുകൾ മാത്രം ആധാരമാക്കിയ ഒരു കാലമുണ്ടായിരുന്നു. പൂജ്യം പ്ലസ് പൂജ്യം പ്ലസ്, പൂജ്യം പ്ലസ്് റ്റു ഈസ് ഈക്വൽ റ്റു 408 എന്ന മാർക്ക് ലിസ്റ്റ് പുറത്തു വന്നതിൽ പിന്നെയാണ് പ്രവേശന പരീക്ഷയിലൂടെ അഡ്്മിഷൻ തുടങ്ങിയത്. 
കേരള സർവകലാശാലയിലെ മാർക്ക്് ദാന തട്ടിപ്പ് നിയന്ത്രിക്കാൻ കോട്ടയം ആസ്ഥാനമായി പുതിയ സർവകലാശാലയും വന്നു. അതിന് ആദ്യം പേരിടാനുദ്ദേശിച്ചത് ഗാന്ധിജി സർവകലാശാല എന്നായിരുന്നു. അത്  ചെയ്യാതിരുന്നത് ഭാഗ്യം. അങ്ങിനെയാണ് മഹാത്മാഗാന്ധിയുടെ ചുരുക്കപ്പേരിൽ എം.ജി എന്നായത്. ഒന്നേകാൽ ലക്ഷം രൂപ കൊടുത്താൽ എം.ബി.എ സർട്ടിഫിക്കറ്റ് തരുന്ന ചേച്ചിയുണ്ടവിടെ. ക്രമേണ ഇതും വിസ്മൃതിയിലാവും. 
ഏതായാലും കേരളത്തിലെ പ്രവാസി കുടുംബങ്ങൾ അത്യാഹ്ലാദത്തിലാണ്. ഗൾഫിൽ നിന്ന് ചെറിയ അവധിയ്‌ക്കെത്തുന്നവർ ഒരാഴ്ച ക്വാറന്റൈനിൽ കഴിയേണ്ടതില്ലെന്നാണ് തീരുമാനം. കാരണഭൂതന് നന്ദി.

Latest News