1991ൽ സാമ്പത്തികരംഗത്ത് ഉദാരവത്ക്കരണവും ആഗോളവത്ക്കരണവും നടപ്പായതോടെ ടെലിവിഷനിലും വമ്പിച്ച മാറ്റങ്ങൾ നിലവിൽ വന്നു. ഇന്ത്യ ഒരു വലിയ ടെലിവിഷൻ വിപണിയാണെന്ന് കണ്ട് അതിന്റെ സാദ്ധ്യതകൾ മുതലെടുക്കാൻ വിദേശക്കമ്പനികൾ ശ്രമിച്ചുകൊണ്ടിരുന്നു. ക്രിക്കറ്റ് സംഘാടകർ സംപ്രേഷണാവകാശത്തിന് പണം നൽകണമെന്ന് ആവശ്യപ്പെടാൻ തുടങ്ങി. ഇന്ത്യയിൽനിന്ന് ഉപഗ്രഹ ട്രാൻസ്പോണ്ടറിലേക്ക് സിഗ്നൽ അപ്ലിങ്ക് ചെയ്യുന്നതിനുളള അവകാശം ദൂരദർശന് മാത്രമേ ഉണ്ടായിരുന്നുളളു: 1995ൽ ചരിത്രപ്രസിദ്ധമായ സുപ്രീം കോടതിയുടെ( ജസ്റ്റിസ് ജീവൻ റെഡ്ഡി, ജസ്റ്റിസ് മോഹൻ, ജസ്റ്റിസ് പി.ബി സാവന്ത് എന്നിവരുൾപ്പെട്ട ബെഞ്ച്) വിധി ഉണ്ടാവുന്നതുവരെ. ക്രിക്കറ്റിന് വേണ്ടി അവകാശത്തുക (Right fee) കൊടുക്കുന്നതിന് ദൂരദർശന് ഒട്ടേറെ പരിമിതികളുണ്ടായിരുന്നു, ക്രിക്കറ്റാകട്ടെ ഏറ്റവും ജനപ്രിയമായതും! അതിനാൽ പരസ്യവരുമാന സാദ്ധ്യത വമ്പിച്ചതും.

1993ൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ (CAB) അവരുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആറ് ഏകദിനമത്സരങ്ങൾ നടത്താൻ തീരുമാനിച്ചു. ദൂരദർശന്റെ ടെൻഡർ കുറഞ്ഞ തുകയായിരുന്നതിനാൽ അത് സ്വീകരിക്കപ്പെട്ടില്ല. ട്രാൻസ് വേൾഡ് ഇന്റർനാഷണൽ എന്ന വിദേശ കമ്പനിയാണ് അവകാശങ്ങൾ നേടിയത്. അക്കാലത്ത് കേബിൾ ടെലിവിഷൻ അത്രയേറെ പ്രചാരത്തിൽ വന്നിട്ടില്ല. വിദേശക്കമ്പനിയിൽ നിന്ന് സിഗ്നൽ സ്വീകരിക്കുകയില്ലെന്ന് മന്ത്രിതലത്തിൽ തീരുമാനമെടുത്തു. ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ, കൊൽക്കത്ത ഹൈക്കോടതിയിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രികാര്യാലയത്തിനും ദൂരദർശനും എതിരായി കേസ് കൊടുത്തു. മന്ത്രാലയത്തിൽ നിന്ന് സഞ്ജീവ് ദത്ത (ഡെപ്യൂട്ടി സെക്രട്ടറി)യും ദൂരദർശനിൽ നിന്ന് സ്പോർട്സ് കൺട്രോളറായിരുന്ന ഞാനും കോടതിയിലെ കേസിന്റെ ഗതിവിഗതികളെക്കുറിച്ച് അറിയിക്കാൻ നിയുക്തരായി. കൽക്കത്ത ഹൈക്കോടതിയിലെ തിരക്കും ബഹളവും ഞെട്ടിപ്പിക്കുന്നതായിരുന്നു; ഒന്നോ രണ്ടോ ദിവസം കൊണ്ട് കോടതി തീരുമാനമെടുക്കുമെന്ന് കരുതിയത് വെറുതെയായി! ദിവസങ്ങളോളം ഞങ്ങൾക്ക് നൈസാം ഹോസ്റ്റലിൽ താമസിച്ച് കോടതിയിൽ പോകേണ്ടിവന്നു. ഹൈക്കോടതിയിലെ ജഡ്ജിമാർക്കും മുഖ്യമന്ത്രിക്കും ക്രിക്കറ്റ് മാച്ചുകൾ സംപ്രേഷണം ചെയ്യണം. ഒടുവിൽ ദീപാവലിയുടെ തലേദിവസം കൽക്കത്ത ഹൈക്കോടതിയുടെ തീരുമാനം വന്നു. ക്രിക്കറ്റ് സംപ്രേഷണത്തിലൂടെ ദൂരദർശൻ പിരിച്ചെടുക്കുന്ന വരുമാനം ഒരു പ്രത്യേക എക്കൗണ്ടിൽ നിക്ഷേപിക്കണം; അതെങ്ങനെ വിഭജിക്കണമെന്ന് കോടതി നിർദ്ദേശം നൽകും. അതൊരു ഭാഗിക വിജയമായിരുന്നു. വിധി പകർപ്പുമായി ഞങ്ങൾ നേരെ പോയത് അന്നത്തെ ഡയറക്ടർ ജനറൽ ആർ. ബാസുവിന്റെ തിലക് മാർഗിലെ വീട്ടിലേക്കായിരുന്നു. അദ്ദേഹം മന്ത്രിയെ വിവരമറിയിച്ചു. ഉപഗ്രഹത്തിലേക്ക് അപ് ലിങ്ക് ചെയ്യുന്ന കാര്യം അക്കാലത്തെ ടെലികോം സെക്രട്ടറിക്ക് തീരുമാനിക്കാം. 1885ലെ ഇന്ത്യൻ ടെലിഗ്രാഫ് നിയമം അനുസരിച്ച് (അതിനെക്കുറിച്ച് കോടതിയിൽ വാദഗതികൾ നടന്നിരുന്നു) അക്കാലത്തെ ടെലികോം സെക്രട്ടറി എൻ.വിറ്റൽ തീരുമാനമെടുത്തു: ഇന്ത്യയിൽ നിന്ന് ഇന്ത്യൻ ഉപഗ്രഹത്തിലേക്ക് മാത്രമേ അപ് ലിങ്ക് ചെയ്യാനാവൂ. ഹൈക്കോടതി വിധിക്കെതിരെ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയും 1995 ഫെബ്രുവരിയിൽ വായൂരംഗങ്ങൾ സ്വതന്ത്രമാണെന്ന ചരിത്രപ്രസിദ്ധമായ വിധിയുണ്ടാവുകയും ചെയ്തു.
1993ലെ ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയുടെ അവകാശങ്ങളും ബിസിസിഐ ടിഡബ്ല്യുഐക്ക് കൂടുതൽ തുകയ്ക്ക് വിൽക്കുകയാണ് ചെയ്തത്. അക്കാലത്തെ ബിസിസിഐ പ്രസിഡന്റായിരുന്ന കേന്ദ്രമന്ത്രി അദ്ദേഹത്തിന്റെ വസതിയിലാണ് അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുത്തത്. 1966 മുതൽ ദൂരദർശൻ ക്രിക്കറ്റ് മാച്ചുകൾ സംപ്രേഷണം ചെയ്യാൻ തുടങ്ങിയതാണ്. മൂന്ന് ക്യാമറകളായിരുന്നു സംപ്രേഷണത്തിന് ആദ്യം ഉപയോഗിച്ചിരുന്നത്. പിന്നീട് സൗകര്യങ്ങൾ കൂടിയതോടെ മെച്ചപ്പെട്ട സംപ്രേഷണം നടന്നിരുന്നു.
ക്രിക്കറ്റ് ഇന്ത്യയിൽ ഇത്രയും ജനപ്രീതി നേടിയതിൽ ടെലിവിഷൻ വഹിച്ച പങ്ക് നിസ്തുലമാണ്. അതിന്റെ വ്യാപാര സാദ്ധ്യതകൾ തിരിച്ചറിഞ്ഞതോടെ ക്രിക്കറ്റ് സംഘാടകർ ദൂരദർശനെ ഒഴിവാക്കാനുളള ശ്രമം തുടങ്ങി. അവർ ക്രിക്കറ്റ് സംപ്രേഷണാവകാശങ്ങൾക്ക് കനത്ത തുക ആവശ്യപ്പെടുകയും ടെൻഡർ വിളിക്കുകയും ചെയ്തു തുടങ്ങി. സർക്കാർ നിയമങ്ങളുടെ നൂലാമാലകളിൽ കുടുങ്ങിയും ടെൻഡറിൽ പങ്കെടുക്കുമ്പോൾ സംഖ്യ നിശ്ചയിക്കുന്നതും എളുപ്പമായിരുന്നില്ല. അതിനാൽ ഇടനിലക്കാരിൽനിന്ന് സംപ്രേഷണാവകാശം വാങ്ങേണ്ട ഗതികേടായിരുന്നു അഭിമുഖീകരിച്ചിരുന്നത്. നാല് ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകൾക്കും സംപ്രേഷണാവകാശത്തിന് മുൻകൂറായി വിദേശ നാണയം കൊടുക്കേണ്ടതുണ്ടായിരുന്നു. വിദേശനാണയത്തിൽ പണമടക്കുന്നതിന് വാർത്താവിതരണ പ്രക്ഷേപണമന്ത്രി കാര്യാലയത്തിന്റെ അനുമതി വേണം. അതുമായി റിസർവ് ബാങ്കിൽ അപേക്ഷിക്കണം. അടയ്ക്കാനുളള വിദേശനാണയത്തിന്റെ കടമ്പകൾ കടക്കാൻ വൈതരണികളേറെ! അക്കാലത്ത് രണ്ടോ മൂന്നോ തവണ ഡൽഹിയിൽ റിസർവ്വ ബാങ്ക് ഓഫീസിലെ ഗ്രെയ്സ് കോശി എന്ന മലയാളി ഡെപ്യൂട്ടി ജനറൽ മാനേജർ കാര്യങ്ങൾ ത്വരിതപ്പെടുത്താൻ സഹായിച്ചിരുന്നു.

ക്രിക്കറ്റ് സംഘാടകർ വളരെ മുൻകൂട്ടിത്തന്നെ അവയുടെ നടത്തിപ്പിന്റെ കാര്യങ്ങൾ പ്രസിദ്ധീകരിക്കും. മംഗലാപുരത്തുകാരനായ മാർക് മസ്കെറീനാസ് എന്ന വ്യക്തി അമേരിക്കയിൽ വേൾഡ് ടെൽ എന്ന കമ്പനി സ്ഥാപിച്ചിരുന്നു. നല്ല വ്യാപാര, വിപണനബോധമുളള മാർക്ക് ഇന്ത്യയിലെ ക്രിക്കറ്റിന്റെ വരുമാന സാദ്ധ്യതകൾ പൂർണ്ണമായി മനസ്സിലാക്കി അവയുടെയെല്ലാം സംപ്രേഷണാവകാശം മുൻകൂട്ടി നേടിയിരുന്നു.സച്ചിൻ ടെൻഡുൽക്കർക്ക് പരസ്യങ്ങളിൽ അംബാസഡറായി പ്രത്യക്ഷപ്പെടുന്നതിനുളള അവകാശവും കനത്ത തുക നൽകി അദ്ദേഹം കൈക്കലാക്കിയിരുന്നു. 1996ലെ ലോകകപ്പ് ക്രിക്കറ്റിന്റെ അവകാശങ്ങൾ നേടിയ അദ്ദേഹം ഡൽഹിയിലെത്തുന്നതിന് മുമ്പുതന്നെ ഡയറക്ടർ ജനറൽ ബാസുവുമായി സംസാരിച്ചിരുന്നു. മാർക്കിനെ അദ്ദേഹം താമസിച്ചിരുന്ന താജ് മാൻസിംഗ് ഹോട്ടലിൽ ചെന്നു കണ്ട് കാര്യങ്ങൾ ഗ്രഹിച്ച് വിവരമറിയിക്കാൻ ബാസു എന്നോടാവശ്യപ്പെട്ടു. കുറെ നേരം ഞങ്ങൾ സംസാരിക്കുകയും അദ്ദേഹം എങ്ങിനെ ടെലിവിഷനിൽ ക്രിക്കറ്റ് പ്രൊഡ്യൂസ് ചെയ്യുമെന്നും വിശദീകരിച്ചു: 18 ക്യാമറകളും റെക്കോർഡറുകളും ഉപയോഗിച്ച് അത്യാധുനികമായ നിർമാണം. ഇയാൻ ചാപ്പൽ, ടോണി ഗ്രെയ്ഗ് തുടങ്ങിയവരുടെ കമന്ററി; താൻ ചെയ്യാൻ പോകുന്നതിനെക്കുറിച്ച് മാർക്കിന് നല്ലപോലെ അറിയാമായിരുന്നു. മൂന്ന തവണകളായി പണമടച്ച് ഇന്ത്യയിലെ സംപ്രേഷണാവകാശം ദൂരദർശൻ വാങ്ങുമെന്ന് ഡയറക്ടർ ജനറൽ അദ്ദേഹവുമായി കരാറിലേർപ്പെട്ടു. ചുവപ്പ്നാടയിൽ കുടുങ്ങി പണമടയക്കുന്നത് വൈകുമ്പോൾ അദ്ദേഹം എന്നെ വിളിച്ച് കരാർ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
1977 നവംബറിൽ പ്രസാർ ഭാരതി കോർപറേഷൻ നിലവിൽ വന്നു കഴിഞ്ഞപ്പോൾ, ആദ്യത്തെ ചീഫ് എക്സിക്യൂട്ടീവായിരുന്ന എസ്.എസ്.ഗിൽ, ദൂരദർശന് സ്പോർട്സിന്റെ പ്രത്യേകിച്ച് ക്രിക്കറ്റിന്റെ സംപ്രേഷണാവകാശങ്ങൾ നേടിയെടുക്കുന്നതിനുളള വൈതരണികളെക്കുറിച്ച് ബോദ്ധ്യമുണ്ടായിരുന്നതിനാൽ അക്കാലത്ത് മാർക്കറ്റിംഗിലേർപ്പെട്ടിരുന്നവരുടെ ഒടു കൂട്ടായ്മ ഉണ്ടാക്കാൻ തീരുമാനിച്ചു: ഈ കൂട്ടായ്മ സംപ്രേഷണാവകാശങ്ങൾ ദൂരദർശന് വേണ്ടി മുൻകൂറായി വാങ്ങുകയും അവയുടെ വിപണനം നടത്തുകയും ദൂരദർശന് ഒരു സംഖ്യ ഉറപ്പായി നല്കുകയും ഇടപാടുകൾ സുതാര്യമായിരിക്കുകയും ചെയ്യും. അദ്ദേഹം ഏതാനും കമ്പനികളെ ക്ഷണിച്ചിരുന്നുവെങ്കിലും നാലെണ്ണമാണ് അന്തിമമായി ദൂരദർശൻ സ്പോർട്സ് മാർക്കറ്റിംഗ് കൺസോർഷ്യത്തിൽ പങ്കാളികളായത്; അവയിൽ മൂന്നെണ്ണം ബോംബെയിൽ; ഒന്ന് ഡൽഹിയിലും. വരാൻ പോകുന്ന ആഗോളപ്രാധാന്യമുളള ക്രിക്കറ്റ് മാച്ചുകളുടെ സംപ്രേഷണാവകാശങ്ങൾ സംബന്ധിച്ച് ഐസിസി ഭാരവാഹികളുമായി ചർച്ച നടത്തുന്നതിന് അവരുടെ പ്രതിനിധികളും ദൂരദർശനിലെ മുതിർന്ന ഒരു ഉദ്യോഗസ്ഥനും അടങ്ങുന്ന സംഘത്തെ സിഇഒ പാരീസിലേക്കയച്ചു. ഷാർജ കപ്പ് (1998) ഡാക്കയിൽ നടന്ന ഐസിസി നോക്ക്ഔട്ട് , ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ് എന്നിവ ഓർമ്മയിലുണ്ട്.
പക്ഷേ ഈ കൺസോർഷ്യത്തിലെ അംഗങ്ങൾ തമ്മിൽ പരസ്പരസഹകരണമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല പോരാട്ടങ്ങളും നടന്നു. 1997 മെയ് മാസത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് ഒരു ക്രിക്കറ്റ് മത്സരം നടത്താൻ തീരുമാനിച്ചു. ആറ് ഏകദിന മാച്ചുകളായിരുന്നു, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക ടീമുകൾ തമ്മിൽ. അവർ ടെൻഡറുകൾ ക്ഷണിച്ചു. ദൂരദർശൻ അഞ്ച് കോടി രൂപയുടെ ടെൻഡറാണ് സമർപ്പിച്ചത്. പക്ഷെ, ആറ് കോടി രൂപയുടെ ടെൻഡർ നൽകിയ മാർക്ക് മസ്കറിനാസിന്റെ വേൾഡ് ടെൽ കമ്പനിക്ക് അവകാശങ്ങൾ കിട്ടി. അദ്ദേഹം ദൂരദർശന് വേണ്ടി പിൻവാങ്ങി. ദൂരദർശനുമായി കൂടിച്ചേർന്ന് പ്രൊഡക്ഷൻ നടത്താമെന്നും സമ്മതിച്ചു. ക്രിക്കറ്റ് മാച്ചുകൾ വിപണനം ചെയ്യാനായി റോണി സ്ക്രൂവാലയുടെ (ന്യൂസ് വീക്ക് വാരിക മുഖചിത്രമായി പ്രസിദ്ധീകരിച്ചിരുന്നു) നേതൃത്വത്തിലുളള യുടിവി എന്ന കമ്പനി തയ്യാറായി. ക്രിക്കറ്റ് മാച്ചുകളുടെ സംപ്രേഷണത്തിന് പകരം ദൂരദർശൻ സ്വന്തം പരിപാടികളാണ് സംപ്രേഷണം ചെയ്തിരുന്നതെങ്കിൽ ലഭിക്കുമായിരുന്ന വരുമാനം -അവസരമൂല്യം അഥവാ opportuntiy cost- എന്ന പുതിയൊരു വരുമാനമാർഗ്ഗം കൂടി ക്രിക്കറ്റ് സംപ്രേഷണത്തിനായി ദൂരദർശന് നൽകണമെന്ന നിബന്ധന ബാസുവിന് ശേഷം ഡയറക്ടർ ജനറലായ കെ.എസ്.ശർമ പുതുതായി കരാറിൽ ഉൾപ്പെടുത്തി. അത് പുതിയൊരു വ്യവസ്ഥയായിരുന്നു. അതുവരെ ഇത്തരം സംപ്രേഷണങ്ങൾ നടക്കുമ്പോൾ സാധാരണ പരിപാടികൾ ഒഴിവാക്കുമ്പോൾ ഇങ്ങനെയൊരു നിബന്ധന ഇല്ലായിരുന്നു.
ഓർഡിനൻസ് മുഖേന ശ്രീ ഗില്ലിനെ പുറത്താക്കിയതിന് ശേഷം പ്രസാർ ഭാരതിയുടെ ചീഫ് എക്സിക്യൂട്ടീവായി താൽക്കാലികസ്ഥാനത്തേക്ക് വന്ന ഉദ്യോഗസ്ഥന് തന്റെ മുൻഗാമിയുമായി അസ്വാരസ്യമുണ്ടായിരുന്നു. മാത്രമല്ല മുൻ ഡയറക്ടർ ജനറൽ ചെയ്ത തെറ്റുകളെന്ന് ഇദ്ദേഹം കരുതിയവ കണ്ടുപിടിച്ച് മുൻവിധിയോടെ കരിതേയ്ക്കാനുളള ശ്രമങ്ങൾ നടന്നു. അതിനായി ഉപയോഗപ്പെടുത്തിയത് സ്വന്തക്കാരനായ, കൂടെത്തന്നെ താമസിക്കുന്ന, യോഗ്യതകളൊന്നുമില്ലാത്ത ഒരാളെയും അയാൾക്ക് സത്യത്തിൽ ഏത് വിഷയത്തിലായിരുന്നു വൈദഗ്ദ്ധ്യമെന്ന് അറിയില്ല. സിഎ ആണെന്ന് അവകാശപ്പെട്ടിരുന്നു. പക്ഷേ, അത് ശരിയായിരുന്നില്ല.ദൂരദർശൻ സംപ്രേഷണം ചെയ്ത കുറെ സ്പോർട്സ് ഇനങ്ങളുടെ ഫയലുകൾ ഒരു റിപ്പോർട്ട് തയ്യാറാക്കാൻ ഉടനെതന്നെ ഈ വ്യക്തിക്ക് നല്കണമെന്ന് എനിക്ക് നിർദ്ദേശം ലഭിച്ചു. സഹപ്രവർത്തകരിൽ ഒരാളായ എറെക്കാലം സ്പോർട്സിൽ ജോലി ചെയ്തിരുന്ന സഹപ്രവർത്തകൻ മുഹമ്മദ് ഷഫീക്ക് ഫോട്ടോകോപ്പികൾ പോരേ എന്ന് ചോദിച്ചു. അതല്ല ശരിയായ ഫയലുകൾ തന്നെ വേണമെന്ന് ശഠിച്ചു. ഫയലുകളിലെ നോട്ടുകളും കത്തിടപാടുകളും വേറെ വേറെ പേജുകളിൽ അക്കമിടണമെന്നാണ് നിബന്ധന. ഏതായാലും അതൊന്നും നോക്കാതെ താമസിപ്പിക്കരുതെന്ന് കരുതി ഉടനെ തന്നെ അവ നൽകി- ഒരു തുണ്ട് കടലാസിൽ കൈപ്പറ്റിയെന്ന രസീത് മാത്രം ബാക്കി!
സ്പോർട്സ് മാർക്കറ്റിംഗ് കൺസോർഷ്യത്തിലെ രണ്ട് കമ്പനികൾ ഡൽഹി ഹൈക്കോടതിയിൽ 1999ലെ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ വിപണനത്തെച്ചൊല്ലി കേസ് നടത്തുകയായിരുന്നു. അഭിഷേക് മനു സിംഗ്വിയായിരുന്നു ദൂരദർശന്റെ വക്കീൽ. എതിർകക്ഷിയുടെ വക്കീൽ പിന്നീട് വാർത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രിയായിരുന്ന (എന്റെ ദൂരദർശൻ ജോലിക്കാലത്തെ ഏറ്റവും നല്ല മന്ത്രി) അരുൺ ജെയ്റ്റ്ലിയായിരുന്നു. ഹൈക്കോടതിയിലെ വാദം കഴിഞ്ഞ് പുറത്തിറങ്ങിയ ജെയ്റ്റ്ലിയോട് ദൂരദർശൻ സ്പോർട്സിലെ തകരാറുകൾ കണ്ടുപിടിക്കാൻ നിയുക്തനായ വ്യക്തി രോഷാകുലനായി തട്ടിക്കയറി; അലറി വിളിക്കാൻ തുടങ്ങി. ശ്രീ.ജയ്റ്റ്ലി അക്ഷോഭ്യനായി തിരികെ കോടതിയിലെത്തി ജഡ്ജിയോട് കാര്യം ധരിപ്പിച്ചു. ജഡ്ജി ഈ വ്യക്തിയെ വിളിപ്പിച്ച് താക്കീത് ചെയ്യുകയും മേലാൽ കോടതിയിൽ പ്രവേശിക്കരുതെന്നും താക്കീത് നൽകി. ഞങ്ങൾ ഏതാനും ദൂരദർശൻ ഉദ്യോഗസ്ഥന്മാർ ഇതിന് സാക്ഷികളായിരുന്നു! കോടതിയിൽ ജഡ്ജിയോട് അയാൾ മാപ്പുപറഞ്ഞു. പക്ഷേ തന്റെ ആവനാഴിയിലെ അസ്ത്രങ്ങളെല്ലാമെടുത്ത് അബദ്ധജടിലമായ ഒരു റിപ്പോർട്ട് തയ്യാറാക്കി അയാൾ പത്രസമ്മേളനം നടത്തി. പരിണതഫലങ്ങൾ വരാനിരിക്കുന്നതേയുളളു എന്നും അത് മഹാദുരന്തമാകുമെന്നും സ്വപ്നത്തിൽ പോലും കരുതിയില്ല.






