കാഷ്‌ലെസ് ഇന്ത്യയെന്ന സ്വപ്‌നം 

സാധാരണ ഗതിയിൽ പൂർവേന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം ഏറെയില്ല. ഇന്നലെ പുറത്തു വന്ന ത്രിപുര തെരഞ്ഞെടുപ്പ് ഫലം ദൃശ്യ മാധ്യമങ്ങൾ  വിശദമായി ചർച്ച ചെയ്തു. സി.പിഎം കോട്ടകളിലൊന്നായി ഗണിച്ചിരുന്ന ത്രിപുര കൈവിട്ട് പോയെന്ന് മാത്രമല്ല, ബി.ജെ.പി പൂജ്യത്തിൽ നിന്ന് തിളക്കമുള്ള നേട്ടവുമായി ഭരണകക്ഷിയായി. കോൺഗ്രസ് മറ്റു പലേടങ്ങളിലുമെന്ന പോലെ സംപൂജ്യരായി. ഫലപ്രഖ്യാപന വേളയിൽ മാതൃഭൂമി ന്യൂസിൽ ചർച്ച പൊടിപൊടിക്കുന്നു. മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ.പി ചെക്കുട്ടി ഉൾപ്പെടെയുള്ള പാനലിൽ കോൺഗ്രസിന്റെ വനിതാ നേതാവ് ലാലി വിൻസെന്റുമുണ്ടായിരുന്നു. മറ്റു രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തയാണ് ഈ മഹിള. കോൺഗ്രസ് നേതാക്കൾ തന്നെയല്ലേ മറുകണ്ടം ചാടി ബി.ജെ.പിക്കാരാവുന്നതെന്ന് അവതാരക ചോദിച്ചതിന് അവരുടെ നിഷ്‌കളങ്കമായ മറുപടി ശ്രദ്ധേയമായിരുന്നു-അതൊന്നും കാര്യമാക്കാനില്ല, ഇങ്ങിനെ പോകുന്നവരൊക്കെ കോൺഗ്രസിന് അധികാരം തിരികെ ലഭിക്കുമ്പോൾ ഇങ്ങോട്ട് തന്നെ പോരും. അതാണ് കോൺഗ്രസ്. 
തലേ ദിവസം രാത്രി മനോരമ ന്യൂസിൽ ഇക്കാര്യം ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസ് അവതരിപ്പിച്ചപ്പോൾ കോൺഗ്രസിന്റെ പ്രതിനിധി ഷാനി മോൾ ഉസ്മാൻ രൂക്ഷമായാണ് പ്രതികരിച്ചത്. പൊതു തെരഞ്ഞെടുപ്പ് നേരത്തേയാക്കാനുള്ള സാധ്യതയാണ് മനോരമ ചർച്ച ചെയ്തത്. ഏതാനും നിയമസഭകളിലെ ഫലം അനുകൂലമെങ്കിലും ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷി ദയനീയമായി പരാജയപ്പെടുകയാണെന്നതും വസ്തുതയാണ്. 
ഏറ്റവും ലളിത ജീവിതം നയിച്ച നേതാവായിരുന്നു ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ. ബാങ്ക് അക്കാണ്ടിൽ അയ്യായിരം രൂപ മാത്രമുള്ള അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളാരും എൻ.ആർ.ഐ കോടീശ്വരന്മാരുമല്ല. അതാണ് പറയുന്നത് ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണകൂടത്തെ മാത്രമേ ലഭിക്കൂ എന്ന്. ത്രിപുര ഫലം മാറിമറിഞ്ഞപ്പോൾ റിപ്പോർട്ടർമാരുടെ പതിവ് പ്രയോഗമായ ഉദ്യോഗജനകവും കേൾക്കാനായി. കേരളത്തെ ബാധിക്കുന്ന ഏറ്റവും വലിയ വിഷയം തുറിച്ചു നോട്ടമാണ്. ഇതിനെതിരെ പോരാടാൻ ഗൃഹലക്ഷ്മി ഇറങ്ങിയപ്പോഴേക്ക് എന്തൊരു കോലാഹലമാണ്? കവർ പേജിനെ ആധാരമാക്കി കേരള കൗമുദിയിൽ സുജിത്ത് വരച്ച കാർട്ടൂൺ ഒന്നാന്തരമായി. മുഖ്യമന്ത്രി പിണറായി വിജയൻ മാണിക്കുഞ്ഞിനെ മുലയൂട്ടുന്നതാണ് ചിത്രത്തിൽ പ്രധാനം. പ്രധാന തുറിച്ചു നോട്ടക്കാരനായി ക്യാമറയും കൈയിൽ തൂക്കി കാനം അടുത്ത് തന്നെ നിൽപ്പുണ്ട്. 
*** *** ***
മലയാളത്തിൽ ബാലതാരമായി ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ച ശിവകാശിക്കാരി ശ്രീദേവി വിടവാങ്ങി.  ഇന്ത്യൻ സിനിമാ ലോകത്തെ വിസ്മയിപ്പിച്ച ശ്രീദേവിയുടെ വിയോഗത്തിൽ ബോളിവുഡ് ഞെട്ടി. 'എന്താണെന്നറിയില്ല, വല്ലാത്തൊരു അസ്വസ്ഥത തോന്നുന്നു' എന്നാണ് അമിതാഭ്  ബച്ചൻ ട്വിറ്ററിൽ കുറിച്ചത്. യുഎഇയിലെ റാസൽഖൈമയിൽ വച്ച് കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30നായിരുന്നു ശ്രീദേവിയുടെ മരണം. ബന്ധുവായ മോഹിത് മർവയുടെ വിവാഹ വിരുന്നിൽ പങ്കെടുക്കാനാണ് ശ്രീദേവി റാസൽ ഖൈമയിലെത്തിയത്. ബോളിവുഡിലെ ലേഡി സൂപ്പർ സ്റ്റാർ  ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. തുടർന്ന് സൗന്ദര്യ വർദ്ധനവിന് വേണ്ടി എടുത്ത ഇഞ്ചക്ഷനും മറ്റുമാണ് മരണ കാരണമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഒടുവിൽ ഇതൊരു ആക്‌സിഡന്റ് ഡെത്താണെന്ന് ദുബായ് പോലീസ് വിധി എഴുതി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതിന് മുന്നേ എങ്ങിനെ മരിച്ചു എന്ന് വിധിയെഴുതിയാണ്  ഇന്ത്യൻ മാധ്യമങ്ങൾ നാണം കെട്ടത്. മാധ്യമപ്രവർത്തനത്തിന് നിരക്കാത്ത തരത്തിലാണ് പല ചാനലുകളും റിപ്പോർട്ട് ചെയ്തത്. 
മര്യാദകേട് പ്രകടിപ്പിക്കുന്ന വിഷയത്തിൽ ചാനലുകൾ മത്സരിച്ചു. ബാത്ത് ടബും മദ്യം നിറച്ചുവെച്ച ഗ്ലാസും 'ബാത്ത് റൂമിലെ ശ്രീദേവിയുടെ അവസാന 15 നിമിഷം' എന്ന ബാനറിലാണ്  എബിപി ന്യൂസ് റിപ്പോർട്ട് ചെയ്തത്. ന്യൂസ് റീഡർ ബാത്ത് റൂമിലെ ബാത്ത് ടബിന്റെ സമീപം നിൽക്കുന്നതായി സ്‌ക്രീനിൽ തെളിഞ്ഞു.  ബാത്ത് ടബിന്റെ സമീപത്ത് മദ്യം നിറച്ചു വച്ച ഒരു ഗ്ലാസും.  ഇതിലും ഭീകരമായിരുന്നു തെലുങ്കു ടിവി9 ലെ കാര്യം. ബാത്ത് ടബിൽ മരിച്ച് കിടക്കുന്ന ശ്രീദേവിയുടെ മോർഫ് ചെയ്ത ഫോട്ടോയും അതിനടുത്ത് നോക്കി നിൽക്കുന്ന ബോണി കപൂറും.  ബാത്ത് ടബിന്റെ  അടുത്ത് ആൽക്കഹോൾ കുപ്പി വച്ച് സംഭവം റിക്രിയേറ്റ് ചെയ്യാനും ചാനൽ ശ്രമിച്ചു. ബോണി കപൂറിന് പോലീസ് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും ചാനൽ അവതാരകൻ തീർത്ത് പറഞ്ഞു. ഇംഗ്ലീഷ് ചാനലുകളും ഇതിൽ നിന്നും വ്യത്യസ്തമല്ലായിരുന്നു. സിഎൻഎൻ ന്യൂസ് 18 ഒന്നാം റാങ്ക് നേടി.  ശ്രീദേവി ബാത്ത് ടബിൽ മരിച്ചു കിടക്കുന്ന മോർഫ് ചെയ്ത ഫോട്ടോ കൊടുത്ത് കൊണ്ടാണ് ന്യൂസ് 18 വാർത്തകൾ റിപ്പോർട്ട് ചെയ്തത്. ടൈംസ് നൗ അന്വേഷണാത്മകമായാണ് വാർത്ത കൈകാര്യം ചെയ്തത്. ബാത്ത് ടബിനടുത്ത് നിൽക്കുന്ന ശ്രീദേവിയുടെ ഉയരം, ഭാരം എന്നിവ മാർക്ക് ചെയ്തായിരുന്നു െ്രെപം ടൈം വാർത്തയിൽ അവതരിപ്പിച്ചത്. റിപ്പബ്ലിക് ടിവിയാണ് രാഷ്ട്രീയം കലർത്തി വഷളാക്കിയത്. കോൺഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കർ മരിച്ചതും ശ്രീദേവിയുടെ മരണവും കൂട്ടിയിണക്കാൻ ശ്രമിച്ചു.  തെലുങ്ക് ചാനലായ മഹാ ന്യൂസ് ബാത്ത് ടബ് ഇൻവെസ്റ്റിഗേഷനാണ് ഓൺ എയറിൽ നടത്തിയത്. പിങ്ക് ബാത്ത് ടബിൽ കയറി ഇരുന്നായിരുന്നു ലേഖകന്റെ വിവരണം.  ശ്രീദേവി ഒരു കാരണവശാലും ബാത്ത് ടബിൽ വീഴാൻ സാധ്യതയില്ലെന്ന നിഗമനത്തിൽ എത്തുകയായിരുന്നു.  കാഴ്ചക്കാരന്റെ എണ്ണം കൂട്ടുക എന്നതു മാത്രമാണ് ദൃശ്യ മാധ്യമങ്ങളുടെ ലക്ഷ്യം. മരിച്ച വ്യക്തിയുടെ അന്തസ്സിനെയാണ് മാധ്യമങ്ങൾ ചോദ്യം ചെയ്തത്. 
അമേരിക്കയിലെ ഇല്ലിനോയിസിൽ ഇത്തരം ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഡ്രു പാറ്റേഴ്‌സന്റെ മൂന്നാം ഭാര്യ കാത്ത്‌ലീൻ സാവിയോ ബാത്ത് ടബിൽ സ്വാഭാവികമായി മുങ്ങി മരിച്ചു എന്നായിരുന്നു ആദ്യ റിപ്പോർട്ട്. മൂന്നാം പോസ്റ്റ്‌മോർട്ടത്തിലാണ് ഇത് അപകട മരണമല്ല എന്നും കൊലപാതകമാണെന്നും കണ്ടെത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ദുബായ് പോലീസ് ഇക്കാര്യം വിശദമായി അന്വേഷിച്ചത്.  ശ്രീദേവിയുടെ ഭർത്താവും ചലച്ചിത്ര നിർമ്മാതാവുമായ ബോണികപൂറിൽ നിന്ന് ദുബായ് പൊലീസ് മൊഴിയെടുക്കുകയും ചെയ്തു. ഇതാണ് ബോണി കപൂറിനെ ചോദ്യം ചെയ്യുന്നുവെന്ന ബ്രേക്കിംഗ് ന്യൂസായി മാറിയത്.  ബോളിവുഡ് താരം ശ്രീദേവിയുടെ മരണത്തിലും പതിവ് തെറ്റിക്കാതെ ചോദ്യങ്ങളുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയിരുന്നു.ശ്രീദേവിയെ കൊലപ്പെടുത്തിയതാണെന്ന് അദ്ദേഹം ആരോപിച്ചു. ബോളിവുഡും അധോലോകവും തമ്മിലുള്ള ബന്ധമാണ് ശ്രീദേവിയുടെ കൊലപാതകത്തിന് പിന്നിലെന്ന് അദ്ദേഹം  സംശയം പ്രകടിപ്പിക്കുകയും ചെയ്തു. മാധ്യമങ്ങൾക്ക് ശ്രീദേവിയുടെ കുടുംബം കത്തെഴുതിയതിൽ നിന്ന് മാനക്കേടിന്റെ വ്യാപ്തി വ്യക്തമാവുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്. ശ്രീദേവി വളരെ അഭിമാനത്തോടെയാണ് ജീവിച്ചത്. അതേ അഭിമാനം അവർക്ക് ജീവിതശേഷവും കൊടുക്കേണ്ടതുണ്ടെന്നും കത്തിൽ പറയുന്നു. മാധ്യമങ്ങൾ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് കപൂർ, അയ്യപ്പൻ, മാർവ കുടുംബം എന്നിവരുടെ പേരിൽ പുറത്തിറക്കിയ കത്തിലുണ്ട്. 
സംഭവത്തിന്റെ തുടക്കം മുതൽ ദുബായിൽ നിന്ന് ലൈവ് കവറേജ് നൽകിയിരുന്ന മാതൃഭൂമി ന്യൂസ് മികവ് പുലർത്തി. അബദ്ധത്തിൽ ചെന്ന് ചാടാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തിയുള്ളതായിരുന്നു റിപ്പോർട്ടിംഗ്. അഡാർ ലൗവിലെ പൂവി പാട്ടിനെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന ഏറെ വിമർശന വിധേയമായിരുന്നു. കണ്ണൂർ ജില്ലയിൽ ഒരു യുവാവ് വെട്ടേറ്റ് മരിച്ച വേളയിലായിരുന്നു ആവിഷ്‌കാര സ്വാതന്ത്ര്യ പ്രഖ്യാപനം. എന്നാൽ ഇത്തവണ കേരള മുഖ്യമന്ത്രിയുടെ അനുശോചന സന്ദേശം ശ്രദ്ധേയമായി. മലയാളത്തിൽ ഹരിശ്രീ കുറിച്ച കാര്യമെല്ലാം പരാമർശിക്കുന്നതായിരുന്നു  സന്ദേശം. ഉപദേശികളിൽ കലാ, സാംസ്‌കാരിക രംഗത്തുള്ളവരും ഉൾപ്പെട്ടതിന്റെ ഗുണം. 
*** *** ***
വൈറ്റമിൻ ഡിയുടെ കുറവ് ഭയങ്കര ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്ന് ദൂരദർശൻ ജീവനക്കാർ തിരിച്ചറിഞ്ഞിരിക്കുന്നു. വെയിൽ കായുന്നത് ശരീരത്തിന് നല്ലതാണെന്ന് കേട്ടിട്ടുണ്ട്. എന്നാൽ തുണി ഉരിഞ്ഞ് വെയിൽ കായുന്നതോ, അതും പൊതുസ്ഥലത്ത് വെച്ച്. ശരീരത്തിന് നല്ലതല്ലെന്ന് മാത്രമല്ല നാട്ടുകാരെടുത്തിട്ട് പഞ്ഞിക്കിടുകയും ചെയ്യുമെന്നതിൽ യാതൊരു സംശയവുമില്ല. അത്തരത്തിൽ പൊതുസ്ഥലത്ത്  തുണി ഉരിഞ്ഞ് വെയിൽ കായാൻ കിടന്ന് പണി മേടിച്ചിരിക്കുകയാണ് ദൂരദർശൻ കേന്ദ്രത്തിലെ ജീവനക്കാരൻ. വെയിൽ കായാൻ കിടന്നത് മഹാരാഷ്ട്രയിലെ സിംഹ്ഗഡ് കോട്ടയ്ക്കുള്ളിൽ. അതും മദ്യപിച്ച് ലക്ക് കെട്ട് വിവസ്ത്രനായി കിടന്ന് സന്ദർശകരെ  ശല്യം ചെയ്തു. സംഭവത്തിൽ കോട്ടയ്ക്കുള്ളിലെ ദൂരദർശൻ കേന്ദ്രത്തിന്റെ  എൻജിനീയർക്കെതിരെ  പോലീസ് കേസെടുത്തു. കോട്ട സന്ദർശിച്ച സ്വപ്‌നിൽ ജാംബലെ എന്ന യുവാവും സംഘവുമാണ് ദൂരദർശൻ കേന്ദ്രത്തിൻെറ മുറിയിൽ എൻജിനീയർ ലത്തീഫ് വിവസ്ത്രനായി ഇരിക്കുന്നത് കണ്ടത്. അസഭ്യം പറഞ്ഞു സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം ലത്തീഫിനോട് വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അതിന് തയ്യാറായില്ല. ഇതാവശ്യപ്പെട്ടവരെ അസഭ്യം പറയുകയും ചെയ്തു. വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടപ്പോൾ താൻ ഡോക്ടർ പറഞ്ഞത് അനുസരിച്ചാണ് വസ്ത്രമിടാതെ നിൽക്കുന്നതെന്നും വസ്ത്രം അഴിച്ച് വിറ്റാമിൻ ഡി ലഭിക്കാൻ വെയിൽ കൊളളണമെന്ന് ഡോക്ടർ പറഞ്ഞെന്നുമായിരുന്നു ഇയാളുടെ പ്രതികരണം.  തുടർന്ന് സന്ദർശന സംഘം ഇയാളുടെ ചിത്രങ്ങൾ കാമറയിൽ പകർത്തി. ലൈവ് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. വീഡിയോ ചിത്രീകരിച്ച ആളുടെ പരാതി പ്രകാരം ലത്തീഫിനെതിരെ കേസെടുത്തിട്ടുണ്ട്.
*** *** ***
ചാനലിലെ അന്തിചർച്ചയിൽ അതിഥികൾ ഏറ്റുമുട്ടുന്നതും സഭ്യതയുടെ അതിർ വരമ്പ് ലംഘിക്കുന്നതുമെല്ലാം പതിവാണ്. ന്യൂസ് സ്റ്റുഡിയോയിൽ മാധ്യമ പ്രവർത്തകർ അടി കൂടുമ്പോൾ അതിനൊരു പുതുമയുണ്ട്. സഹപ്രവർത്തകർ തമ്മിൽ തർക്കങ്ങൾ സ്വാഭാവികമാണ്. എല്ലാവരുടെയും ആശയങ്ങൾ ഒരുപോലെയാവണമെന്നില്ല. സമൂഹത്തിൽ കൃത്യമായി ഇടപെടുന്ന മാധ്യമപ്രവർത്തകരുടെ കാര്യത്തിൽ പറയുകയേ വേണ്ട, നല്ല രീതിയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. 
രണ്ട് വാർത്താവായനക്കാർ ലൈവ് വാർത്താവായനയ്ക്കിടയിൽ തമ്മിൽ ജനങ്ങൾ കണ്ടിരിക്കേ തമ്മിൽ തല്ലുകയെന്നതിൽ പുതുമയുണ്ട്. അയൽരാജ്യമായ പാക്കിസ്ഥാനിലാണ് സംഭവം. വാർത്താ വായനയ്ക്കിടെ പുരുഷ വനിതാ അവതാരകർ തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ വീഡിയോ വൈറലായി. വാർത്താ അവതരണത്തിന്റെ ഇടവേളകളിൽ ഒന്നിലാണ് ഇരുവരും കൊമ്പു കോർത്തത്. ഇതിന്റെ ദൃശ്യങ്ങളാണ് ചോർന്നത്. ഇവ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ലാഹോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറ്റി 42 എന്ന വാർത്താ ചാനലിലെ അവതാരകരാണ് ഇരുവരും.  ഞാൻ എങ്ങനെയാണ് ഇവൾക്കൊപ്പം വാർത്താ ബുള്ളറ്റിൻ അവതരിപ്പിക്കുന്നതെന്ന വാർത്താ അവതാരകന്റെ പരാതിയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇരുവരും പരസ്പരം പഴിചാരുന്നതും  പ്രൊഡക്ഷൻ ക്രൂവിനോട് പരാതിപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. വിവരമില്ലാത്തവൻ എന്ന് അവതാരകനെ അവതാരിക വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ബഹുമാനത്തോടെ വേണം തന്നോട് സംസാരിക്കാൻ എന്നും അവതാരക പറയുന്നുണ്ട്. ദയവായി ശാന്തരാകൂ എന്ന് പ്രൊഡക്ഷൻ അംഗങ്ങൾ പറയുന്നതും  കേൾക്കാം. 
*** *** ***
ഇന്ത്യയിൽ പ്രചാരത്തിലുള്ള നോട്ടുകളിൽ 85 ശതമാനവും ഒറ്റ രാത്രിയിലെ പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രിജി റദ്ദാക്കിയ കാലം മറക്കുന്നതെങ്ങിനെ? അന്ന് പതിവായി കേട്ട ഡയലോഗാണ് രാജ്യം കാഷ്‌ലെസ് സിസ്റ്റത്തിലേക്ക് നീങ്ങുകയാണെന്ന്. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുകയെന്നതാണ് സർക്കാർ നയം. പേ ടിഎം പരസ്യങ്ങൾ പത്രത്താളുകളിൽ നിറഞ്ഞു. ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് ആയിരക്കണക്കിന് കോടികളുടെ കറൻസി നോട്ടുകളുമായാണ് വിജയ് മല്യ, നീരവ് മോഡി തുടങ്ങിയ പ്രമാണിമാർ അടിച്ചു മാറ്റിയത്. ഇതേ പ്രക്രിയ തുടർന്നാൽ അതിവേഗം രാജ്യം കാഷ്‌ലെസായി മാറും. ബാങ്ക് കുംഭകോണ പട്ടികയിലേക്ക് കൂടുതൽ ദേശസാൽകൃത ബാങ്കുകൾ അണി ചേരുന്നുണ്ട്. ഇതോടെ നിക്ഷേപകർക്ക് നിദ്രാവിഹീന രാവുകൾ എളുപ്പം ലഭിക്കും. ഇനി കോൺഗ്രസിനെ കൊണ്ട് കാര്യമായ ശല്യമുണ്ടാവില്ല. 
ഐഎൻഎക്‌സ് മീഡിയാ കേസിൽ കാർത്തി ചിദംബരം സിബിഐ കസ്റ്റഡിയിലായതോടെ കാര്യങ്ങൾക്ക് തുല്യനീതി  കൈവരിച്ചിട്ടുണ്ട്. സിബിഐയുടെ അന്വേഷണ സംഘമാണ് ലണ്ടനിൽനിന്ന് ചെന്നൈയിൽ തിരിച്ചെത്തിയ കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്.  
 

Latest News