പിയർ ക്യുമനറിനെ വക വരുത്തിയത് ഗില്ലാമെ സെസ്‌നെകാണെന്നാണ് എല്ലാവരും കരുതിയിരുന്നത്. സെസ്‌നെകിന്റെ അനന്തര തലമുറകൾക്ക് ഇതുണ്ടാക്കിയ നാണക്കേട് കുറച്ചൊന്നുമല്ല.
ഏകദേശം നൂറ് വർഷങ്ങളായി ആലോചിച്ച് തല പുണ്ണാക്കിയ കേസിന് തുമ്പ് ലഭിച്ച ആഹ്ലാദത്തിലാണ് ഫ്രഞ്ച് ജനത. പിന്നിട്ട വാരത്തിൽ ലഭിച്ച പഴക്കമേറിയ തുടയെല്ലാണ് പുരാതനമായ ഒരു കേസ് തെളിയുമെന്ന സാധ്യത തുറന്നത്. ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ കേസ് അന്വേഷണം പരിസമാപ്തിയിലെത്തുമെന്ന ആശ്വാസത്തിലാണ് എല്ലാവരും. വ്യാപാര പങ്കാളിയായ
പിയർ ക്യുമനറിനെ വക വരുത്തിയത് ഗില്ലാമെ സെസ്‌നെകാണെന്നാണ് എല്ലാവരും കരുതിയിരുന്നത്. സെസ്‌നെകിന്റെ അനന്തര തലമുറകൾക്ക് ഇതുണ്ടാക്കിയ നാണക്കേട് കുറച്ചൊന്നുമല്ല. അതേസമയം, കുറ്റാരോപണമുന്നയിക്കുക എന്നതിനപ്പുറം ഈ കേസിൽ സെസ്‌നെകിനെതിരെ ഒരു തെളിവുമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. മൃതദേഹമോ, കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങളോ കണ്ടെത്താൻ ആർക്കും കഴിഞ്ഞതുമില്ല. ഏറ്റവുമൊടുവിൽ സെസ്‌നെകിന്റെ പഴയ വീട്ടിനടുത്ത് നിന്ന് മനുഷ്യന്റെ എല്ല് കണ്ടെത്തി. ബ്രിട്ടനി നഗരത്തിലാണ് സംഭവം. സെസ്‌നെകിന്റെ നിരപരാധിത്വം ഇതോടെ തെളിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ അനന്തരാവകാശികൾ. ഇതിന് അഭിനന്ദിക്കേണ്ടത് എഴുത്തുകാരൻ കൂടിയായ സെസ്‌നെകിന്റെ മുൻ അഭിഭാഷകൻ ഡെനിസിനെയാണ്. ആൾ താമസമില്ലാത്ത വീട്ടിലെ നിലവറ പരിശോധിക്കാമെന്ന അദ്ദേഹത്തിന്റെ നിഗമനം തെറ്റിയില്ല. സെസ്‌നെകിന്റെ ഭാര്യയെ പീഡിപ്പിക്കാൻ വ്യാപാര പങ്കാളി ശ്രമിച്ചു കാണും. ഇത് ചെറുക്കാനുള്ള ശ്രമത്തിനിടെ അപ്രതീക്ഷിതമായി കൊല്ലപ്പെട്ടതായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. മാനഭംഗ ശ്രമം പ്രതിരോധിക്കാനുള്ള ശ്രമം കൊലപാതകത്തിൽ കലാശിച്ചതായിരിക്കാം. 1923 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. മര വ്യാപാരിയായ സെസ്‌നെക് പടിഞ്ഞാറൻ പ്രവിശ്യയിലെ പട്ടണമായ റെന്നെസിൽ നിന്ന് പാരീസിലേക്ക് യാത്ര ചെയ്തു. കൂട്ടിന് പിയർ ക്യുമനറുമുണ്ടായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ഫ്രാൻസ് വിട്ടു പോയ അമേരിക്കൻ പട്ടാളക്കാർ ഉപേക്ഷിച്ചു പോയ കാറുകൾ വാങ്ങിക്കൂട്ടുകയായിരുന്നു പിയറിന്റെ ലക്ഷ്യം. മൂന്ന് ദിവസം കഴിഞ്ഞ് സെസ്‌നെക് തിരിച്ചെത്തിയത് തനിച്ചും. തലസ്ഥാനത്തേക്ക് ഒരുമിച്ച് വരുമ്പോൾ കാർ ബ്രേക്ക് ഡൗൺ ആയതിനെ തുടർന്ന് ക്യുമനർ ട്രെയിനിൽ വരാനാണ് താൽപര്യം പ്രകടിപ്പിച്ചതെന്ന് സെസ്‌നെക് പറഞ്ഞു. 
ലെ ഹാവ്‌റെയിലെത്തിയ ക്യുമനർ ഒരു കമ്പി സന്ദേശം അയക്കുകയും ചെയ്തു. താൻ സുഖമായിരിക്കുന്നു, ഏതാനും ദിവസങ്ങൾക്കകം വീട്ടിൽ തിരിച്ചെത്തുമെന്നുമായിരുന്നു ടെലിഗ്രാമിൽ. എന്നാൽ അദ്ദേഹം ഒരിക്കലും തിരിച്ചെത്തിയില്ല. സുഹൃത്തിനെ വക വരുത്തിയ ശേഷം സെസ്‌നെക് ഒപ്പിച്ച വേലയായിരുന്നു ഈ ടെലിഗ്രാമെന്ന് പോലീസ് വിശ്വസിച്ചു. താൻ നിരപരാധിയാണെന്ന് സെസ്‌നെക് ആവർത്തിച്ചുവെങ്കിലും അതൊന്നും വിലപ്പോയില്ല. കോടതി സെസ്‌നെകിനെ കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തു. 1946ലാണ് വർഷങ്ങൾ നീണ്ട കാരാഗൃഹ വാസത്തിന് ശേഷം മോചിതനായത്. തടവറ ജീവിതത്തിനിടയ്ക്ക് സെസ്‌നെകിന്റെ ജീവിതം മാറി മറിഞ്ഞു. അദ്ദേഹം മാനസികമായി തളർന്നിരുന്നു. ഭാര്യയും മൂത്ത മകളും ഈ കാലയളവിനിടയിൽ മരിക്കുകയും ചെയ്തു. സെസ്‌നെക് പാരീസ് നഗര വീഥിയിൽ വാഹനാപകടത്തിൽ മരിക്കുകയും ചെയ്തു. 69 വയസ്സായിരുന്നു സെസ്‌നെകിന്. ഒരു ട്രക്ക് ഇടിച്ചായിരുന്നു അന്ത്യം. അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ കടന്നു പോവുകയും ചെയ്തു. ഗസ്റ്റപ്പോയുമായി സഹകരിച്ചതിന്റെ പേരിൽ തട്ടിക്കളഞ്ഞതാണെന്നും സംശയമുയർന്നിരുന്നു.
നിരപരാധിത്വം തെളിയിക്കണമെന്നാവശ്യപ്പെട്ട് ഉയർന്ന പ്രക്ഷോഭത്തിന് സെസ്‌നെകിന്റെ മരണ ശേഷവും കരുത്തേറി. ഇതിൽ കുടുംബാംഗങ്ങളും ജഡ്ജിമാരും മാധ്യമ പ്രവർത്തകരും പാർലമെന്റംഗങ്ങളും അണി നിരന്നു. ഈ സംഭവം നിരവധി ടെലിവിഷൻ പരമ്പരകൾക്കും സിനിമയ്ക്കും നാടകങ്ങൾക്കും പ്രചോദനമായി. 2010ൽ ഇതു സംബന്ധിച്ച് അവതരിപ്പിച്ച സ്റ്റേജ് ഷോക്ക് ഒടുവിൽ സംഘാടകർ പ്രേക്ഷകരോട് വിധി എഴുതാൻ നിർദേശിച്ചു.
90 ശതമാനം കാണികളും സെസ്‌നെക് നിരപരാധിയാണെന്നാണ് വിധിച്ചത്. എന്നാൽ കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യം പ്രോസിക്യൂഷൻ 1924 മുതൽ പല തവണ നിഷേധിച്ചു. ഏറ്റവുമൊടുവിൽ 2006ലും ഇതായിരുന്നു അനുഭവം. സെസ്‌നെക് കുടുംബം താമസിച്ചിടത്ത് നിന്ന് ലഭിച്ച എല്ല് നിർണായക തെളിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ ആഴത്തിൽ കുഴിച്ച് നോക്കാനും തീരുമാനമായി.






