ജനാദ്രിയയുടെ തങ്കത്തിളക്കം 

സൗദി അറേബ്യയുടെ സ്വത്വവും സംസ്‌കാരവും വിളംബരം ചെയ്ത ജനാദ്രിയ പൈതൃകോത്സവം അവിസ്മരണീയ അനുഭവമായി. ഒട്ടകത്തെ മേച്ചും, കൃഷി ചെയ്തും, മൽസ്യബന്ധനത്തിലേർപ്പെട്ടും കഴിഞ്ഞ ജനത വളർച്ചയുടെ ഉയരങ്ങൾ കീഴടക്കിയതിന്റെ നേർ ചിത്രമായി റിയാദിൽ സംഘടിപ്പിച്ച പൈതൃകോത്സവം. മുപ്പത്തി രണ്ടാമത് ജനാദ്രിയ മഹോത്സവത്തിൽ ഇന്ത്യയെ അതിഥി രാജ്യമായി ആദരിച്ചത് ഉത്സവത്തിന്റെ തിളക്കം കൂട്ടി. 
സുഹൃത്തിന്റെ കുടുംബത്തിനൊപ്പം ജുബൈലിൽ നിന്നും റിയാദിലേക്ക് വെള്ളിയാഴ്ച രാവിലെ പുറപ്പെട്ടു. യാത്ര ആരംഭിച്ചപ്പോൾ വാനം മുഖം കനപ്പിച്ച് നിൽക്കുന്നു. പിണക്കം ആരോടെന്നറിയില്ല, എന്താണ് നിന്റെ സങ്കടം എന്ന് ഞാൻ മനസ്സിൽ മന്ത്രിച്ചതും അവൾ കണ്ണുനീർ പൊഴിച്ചു, ആനന്ദക്കണ്ണീർ. ചെറിയൊരു ചാറ്റൽ മഴ അൽപ്പനേരം, മാനം തെളിഞ്ഞു ഭൂമി നനഞ്ഞു, യാത്ര വളരെ സുഖമായി. കുറച്ച് നാളുകളായി ഇതു പോലൊരു  ദൂരയാത്ര.  പിന്നിലേക്ക് ഓടി മറയുന്ന  മരുഭൂമിയിലേക്ക് കണ്ണും നട്ടിരുന്നു. എത്രയെത്ര കഥകൾ ഈ മരുഭുമികൾക്ക് പറയാനുണ്ടാവും. ഒട്ടകങ്ങളെ മേയ്ക്കുന്ന ഇടയന്മാരെ കണ്ടപ്പോൾ  ആടുജീവിതത്തിലെ നജീബിനെയാണ് ഓർത്തത്. കറുപ്പും വെളുപ്പുമുള്ള ഒട്ടകങ്ങളെ മുമ്പും കണ്ടിട്ടുണ്ട്. നീല നിറത്തിലുള്ള ഒട്ടകങ്ങളെ കണ്ടത് അതിശയമായി. മരുഭൂമിക്ക് പല മുഖങ്ങളാണ്. ഉയർന്നും താഴ്ന്നും നിൽക്കുന്ന മണൽ കൂനയോടൊപ്പം തന്നെ വലിയ മുട്ടൻകല്ലുകളും ചെറു പാറകളുമുള്ള പരന്ന സ്ഥലങ്ങൾ.  ചെറുമുൾച്ചെടികൾ നിറഞ്ഞ  പരവതാനികൾ. മണൽക്കാടുകളിൽ ഒറ്റപ്പെട്ടു നിൽക്കുന്നതും കൂട്ടം ചേർന്നതുമായ വൃക്ഷങ്ങൾ. മിന്നി മറയുന്ന ദൃശ്യഭംഗി ആസ്വദിച്ച്  റിയാദ് എത്തിയത് അറിഞ്ഞില്ല.
ഉച്ചഭക്ഷണം കഴിച്ച് ഞങ്ങൾ ഉത്സവ നഗരിയിൽ എത്തി. നല്ല തിരക്കുണ്ട് എന്നാലും അസഹനീയമല്ല. നാലാം കവാടത്തിലൂടെ അകത്ത് കയറി. ആദ്യം കണ്ടത് ഇമാറാത്തിന്റെ പവലിയൻ ആയിരുന്നു. അവിടെ സ്‌റ്റേജിൽ പരിപാടി തകർക്കുകയാണ്.  തോളോട് തോൾ ചേർന്ന്, കൈകോർത്ത് പിടിച്ച് ഒരേ താളത്തിൽ തലയനക്കി എല്ലാവരുടെയും മുഖത്ത് ആഹ്ലാദച്ചിരി സമ്മാനിച്ച് അവർ താളം പിടിക്കുന്നു. പൗരാണിക ജീവിതരീതികൾ, ഭക്ഷണങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, സൗദി ഇമാറത്ത് ബന്ധങ്ങളുടെയും, സാംസ്‌കാരിക വിനിമയത്തിന്റേയും   ഫോട്ടോ പ്രദർശനങ്ങളുമാണ് ആണ് അവിടെ ഉള്ളത്. മത്സ്യ ബന്ധനത്തിനുള്ള ബോട്ടുകളുടെ മാതൃകകൾ, വല നെയ്തിരിക്കുന്ന ഒരു മൽസ്യതൊഴിലാളി, അരികെ ഒരു പാത്രത്തിൽ കുറച്ച് ഫല വർഗങ്ങൾ. ചിലർ അദ്ദേഹത്തിനൊപ്പം ഇരുന്ന് ഫോട്ടോ എടുക്കുന്നു. സംസാരിച്ചപ്പോൾ അദ്ദേഹം ഒരു കോളേജ് പ്രൊഫസറാണെന്നും, ഹസൻ അലി എന്നാണ് പേര് എന്നും അറിയാനായി. 

ഞാൻ ഇന്ത്യക്കാരിയാണ് എന്നും കേരളത്തിലാണ് വീടെന്നും  പറഞ്ഞപ്പോൾ കേരളത്തിൽ എവിടെ എന്നായി ചോദ്യം. കണ്ണൂർ എന്ന് മറുപടി പറഞ്ഞപ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ കണ്ണൂർ അറിയാമെന്നും, അതെ പോലെ ചില സ്ഥലങ്ങൾ അറിയാമെന്നും അറിയിച്ചു. നല്ല അഭിമാനം തോന്നി എങ്കിലും ഇപ്പോഴത്തെ സംഭവ വികാസങ്ങൾ ഇവരറിയാതിരുന്നെങ്കിൽ എന്ന് മനസ്സിൽ പറഞ്ഞു. അൽപ്പം അകലെ ചെറിയ ഒരു ചെറിയ ആൾക്കൂട്ടം. യു.എ.ഇയുടെ ദേശീയപക്ഷിയായ  ഫാൽക്കണിനെ കയ്യിലെടുത്ത് ഫോട്ടോ എടുക്കാനുള്ള തിരക്കാണ്. 
സൗദിയുടെ ചരിത്രത്തിലുടനീളം എണ്ണമറ്റ  കടൽയാത്രകളുടെ എഴുതിയതും എഴുതപെടാത്തതുമായ അനേകം കഥകളുണ്ട്. എല്ലാ വികസിത രാജ്യങ്ങളിലുമെന്നപോലെ  സൗദിയുടെ വികസന പാതയിലെ നാഴികക്കല്ലായതും ഇവിടത്തെ തുറമുഖങ്ങളാണ്. മത്സ്യ ബന്ധനവും ചരക്കുകളുടെ കയറ്റിറക്കും വഴി സാമ്പത്തിക വികസനം മാത്രമല്ല നേടിയത്. ക്രയവിക്രയങ്ങളിലൂടെ   സംസ്‌കാരങ്ങളുടെ കൈമാറ്റവും സംഭവിച്ചു. ജനാദ്രിയ ഉത്സവത്തിൽ ശ്രദ്ധേയമായ സ്ഥാനം കപ്പലുകളുടെ ചിത്രങ്ങൾക്കും മാതൃകകൾക്കുമുണ്ട്. പവലിയനുകൾ  കണ്ടയ്‌നറുകളുടെ രൂപഘടനയിൽ ഒരുക്കിയെന്നതും ശ്രദ്ധേയമാണ്.
മദീന പള്ളിയുടെ മാതൃകയിൽ നിർമ്മിച്ച പവലിയനിൽ ഇരുഹറമുകളുടെ പഴമയും പുതുമയും പരിചയപ്പെടുത്തുന്നു. നടക്കാൻ കഴിയാത്തവർ പഴയ കാലങ്ങളിൽ  ഉപയോഗിച്ചിരുന്ന മഞ്ചവും അതിൽ നിന്ന് മറ്റൊരാളുടെ സഹായത്താൽ ഉപയോഗിക്കുന്ന വീൽചെയറിലേക്കും പിന്നീട് സ്വയം നിയന്ത്രിക്കുന്ന വീൽചെയറിലേക്കും ഉള്ള മാറ്റം ശാസത്ര സാങ്കേതിക വളർച്ചയെ ഓർമ്മിപ്പിക്കുന്നു. 
സംസം കിണറിന്റെ മാതൃക, മദീന പള്ളിയിലെ കാർപ്പറ്റ്, കഅബയെ പുതുക്കുന്ന കിസ്‌വ നെയ്ത്ത്, അതിന് ഉപയോഗിക്കുന്ന സ്വർണ്ണം, വെള്ളി  വർണങ്ങളിലെ നൂലുകൾ എന്നിവയെല്ലാം കാണാം. മറ്റൊരു പവലിയനിൽ സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ്  നാഷണൽ ഹെറിറ്റേജിന്റെ അവതരണം കാണാനായി.  സുരക്ഷ സേനയുടെ പവലിയനിൽ സൈനിക വാഹനങ്ങളും, പുത്തൻ സൈനിക ഉപകരണങ്ങളും സ്ഥാനം പിടിച്ചു.  ദൂരെ നിന്ന് കണ്ട ഹെലികോപ്റ്റർ താഴെ ലാന്റ് ചെയ്തത് കുട്ടികൾക്ക് കൗതുകം പകർന്നു. 
അസീർ പ്രവിശ്യയുടെ ഹെറിറ്റേജ് വില്ലേജ് അത്യാകർഷകമായി. പ്രവിശ്യയുടെ പാരമ്പര്യ വാസ്തുവിദ്യ വിളിച്ചോതുന്ന മൂന്ന്  വലിയ കൊട്ടാര മാതൃകകൾ കാണാനായി. പന്ത്രണ്ടാം നൂറ്റാണ്ടിൽ മണ്ണും വൈക്കോലും കൂട്ടിക്കുഴച്ച് നിർമ്മിച്ചതാണ് ഷനാന പാലസ്. പത്ത് നിലകളാണ് ഈ ടവറിന്.  ഓരോ നിലകളിലും വായു സഞ്ചാരത്തിനായി ഓരോ ഓപണിങ്ങ് കാണാം. ഇതിന്റെ മച്ചുകൾ മരവും പനയോലകളും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. 
ഇന്ത്യ എന്ന സുഹൃത്ത്  
 മുപ്പത്തിരണ്ടാമത് ജനാദ്രിയോൽസവത്തിൽ അതിഥി  രാജ്യമായ ഇന്ത്യയുടെ പവലിയൻ കാണുക എന്നതായിരുന്നു  ഒരിന്ത്യക്കാരി എന്ന നിലയിൽ എന്റെ ഏറ്റവും വലിയ ആഗ്രഹം. ഇന്ത്യൻ പവലിയൻ എവിടെ എന്ന ആകാംക്ഷയോടെയായിരുന്നു ഓരോ ചുവടുവെപ്പും. അവസാനം മുന്നിൽ കണ്ടു 'ഇന്ത്യ പവലിയൻ'  എന്നെഴുതിയ കവാടം. കവാടത്തിൽ വലിയ അക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്നു 'സൗദി കാ ദോസ്ത് ഭാരത്'. അതിനെ അന്വർത്ഥമാക്കും വിധത്തിൽ ഇടതു വശം സൗദി പതാകയാലും വലതുവശം ഇന്ത്യൻ പതാകയാലുമാണ് കവാടം സജ്ജീകരിച്ചിട്ടുള്ളത്. ഇരു രാജ്യങ്ങളുടെയും ബന്ധത്തിന്റെ ഊഷ്മളത ആ കാഴ്ചയിലും എഴുത്തിലും പ്രതിഫലിച്ചു. ഇന്ത്യൻ പവലിയൻ കാണാൻ അൽപ്പം തിരക്കുണ്ട്. കുറച്ചാളുകൾ കയറി കണ്ട് ഇറങ്ങിയ ശേഷമേ അടുത്ത സംഘത്തെ  കയറ്റുന്നുള്ളു. അൽപ്പം കാത്തു നിന്ന ശേഷം കവാടം തുറന്നു. നീലാകാശത്ത് പച്ച തെങ്ങോലകൾ വിരിഞ്ഞ വലിയ പോസ്റ്റർ കേരളത്തെ ഓർമ്മിപ്പിച്ചു. പ്രവേശന കവാടത്തിൽ തന്നെ ഏകപദ പ്രാണാസനത്തിലുള്ള മെറ്റൽ റോഡ് കൊണ്ട് നിർമ്മിച്ച പുരുഷ രുപം കാണാം. വളരെ അതിശയത്തോടെ സൗദികൾ അത് വീക്ഷിച്ചു.  ആ നിൽപ്പ് നിൽക്കാൻ ശ്രമിക്കുന്നതും കണ്ടു. ഇന്ത്യ സൗദി ബന്ധം ഓർമ്മിപ്പിച്ചുള്ള ഫോട്ടോകൾ, ഗാന്ധിജിയെ ഓർമ്മപ്പെടുത്തി ചർക്ക, ഇന്ത്യൻ സ്‌പൈസസ്, ടാറ്റയുടെ വാഹനങ്ങൾ, ഓട്ടോറിക്ഷയുടെയും ടാക്‌സി കാറിന്റെയും മാതൃകകൾ, സൽമാൻ ഖാനും ഷാറുഖ് ഖാന്റെയും മാതൃകകൾ, ഇന്ത്യൻ മധുര വിഭവങ്ങൾ, ഉപ്പിലിട്ടത്, ബാന്ദ്ര വോർളി സീ ലിങ്ക് ബ്രിഡ്ജ്, ഛത്രപതി ശിവാജി റെയിൽവെ സ്‌റ്റേഷൻ, ഗേറ്റ് വേ ഓഫ് ഇന്ത്യ, നെഹ്‌റു പാലസ്, കേരളത്തിന്റെ വെളിച്ചെണ്ണയും, ആയുർവേദ ചികിത്സാരീതികളും, ചുണ്ടൻ വള്ളവും, ആനയും തുടങ്ങി ഇന്ത്യയുടെ വൈവിധ്യങ്ങൾ നിറഞ്ഞു. 
ശ്രദ്ധേയമായ ഒന്നായിരുന്നു കാലിഗ്രാഫി പ്രദർശനം.  14 നൂറ്റാണ്ട് പഴക്കമുള്ള നാലാം ഖലീഫ അലിയുടെ കാലത്തെ അറബി കയ്യെഴുത്ത്, ഇസ്‌ലാമിക് കാലിഗ്രഫി, അറബി പേർഷ്യൻ ഭാഷകളിലുള്ള രേഖാ ചിത്രങ്ങൾ ഏഴാം നൂറ്റാണ്ട് മുതലുള്ള അറബിക് കയ്യെഴുത്തുകൾ, ചരിത്ര പുരുഷൻമാരുടെ ഛായാചിത്രങ്ങൾ, ഇങ്ങനെ പലതും ദൃശ്യ വിരുന്നായി.  റാംപൂർ റാസ ലൈബ്രറി യാണ് ഇതൊരുക്കിയത്. പ്രശസ്തനായ അറബി കാലിഗ്രഫി എഴുത്തുകാരൻ ജി.എസ് ഖാജ സന്ദർശകരുടെ പേരുകൾ തത്സമയം എഴുതി നൽകി.  മോഹൻലാൽ ശർമ എന്ന കരകൗശല വിദഗ്ദൻ നിർമ്മിച്ച പല സൈസിലുള്ള ആഭരണപ്പെട്ടികൾ  സന്ദർശകരെ ആകർഷിച്ചു. 


മുൻ വശത്ത് ഒരുക്കിയ വേദിയിൽ യോഗ പ്രദർശനവും, ഭാംഗ്ര, ഡാൻഡിയ എന്നീ കലാപരിപാടികളും അരങ്ങേറി.  ഇന്ത്യ, സൗദി സൗഹൃദം പൂത്തുലഞ്ഞ ഈ ഉത്സവം  കാണാൻ മൂന്നോ നാലോ ദിവസം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞു. ഞങ്ങൾക്ക് അന്ന് തന്നെ തിരിച്ചെത്തേണ്ടതിനാൽ സന്ധ്യയോടെപുറപ്പെട്ടു. കൺകുളിർന്ന കാഴ്ചകൾ കണ്ടും, കുറേ അറിഞ്ഞും മടക്ക യാത്ര. കണ്ടതിനേക്കാൾ മനോഹര കാഴ്ചകൾ ബാക്കിവെച്ച് കൊണ്ട് അടുത്ത വർഷത്തിലെ ജനാദ്രിയ ഉൽസവത്തിന്റെ കാത്തിരിപ്പിലേക്ക് ഞങ്ങൾ മടങ്ങി.


 

Latest News