അട്ടപ്പാടി ആദിവാസി ഊരിലെ ഗുഹാവാസിയായിരുന്ന മധു എന്ന യുവാവ് കൊല്ലപ്പെട്ടു. കേവലം നൂറ് രൂപയ്ക്ക് താഴെ വില വരുന്ന ഭക്ഷ്യ വസ്തുക്കൾ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം മധുവിനെ പരസ്യ വിചാരണ നടത്തി തല്ലിക്കൊന്നത്. ആൾക്കൂട്ടത്തിന്റെ മർദനമേറ്റ് എല്ല് നുറുങ്ങിയ ശരീരവുമായി 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന മട്ടിൽ മലപ്പുറം-പൊന്നാനി താലൂക്ക് ആശുപത്രിയിൽ ആന്ധ്ര സ്വദേശിയായ ദേവനാരായണൻ (72) എന്ന വൃദ്ധൻ ആഴ്ചകളായി നരകിച്ച് കഴിയുന്നുണ്ട്. ആരോഗ്യനില ഏറെ മോശം. കിടപ്പിൽ നിന്നെണീറ്റ് മൂത്രമൊഴിക്കാൻ പോലും ഇയാൾക്കാകുന്നില്ല. എല്ലാം കിടപ്പിൽ തന്നെ. നിലവിലെ അവസ്ഥയിൽ ഇയാളുടെ ദുരിതം കണ്ടാൽ ഇതിനേക്കാൾ ആശ്വാസം മരണമാണെന്ന് തോന്നിപ്പോകും. സംഘടിത മർദനത്തിനിടെ ഈ വൃദ്ധനെ രക്ഷിയ്ക്കാൻ ചെന്ന പോലീസ് സംഘത്തിനും ആൾക്കൂട്ടത്തിന്റെ മർദനമേറ്റിരുന്നു. വൃദ്ധനേയും പോലീസിനേയും തല്ലിയവരും ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാക്കിയവരും ഇപ്പോഴും സുരക്ഷിതരാണ്. ദേവനാരായണനു വേണ്ടി പരാതി ബോധിപ്പിക്കാൻ ആരുമില്ല എന്നത് തന്നെ കാരണം. സംഭവ സ്ഥലത്ത് നിന്ന് 15 ബൈക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസും രജിസ്റ്റർ ചെയ്തു. ആദ്യ ദിവസങ്ങളിൽ കേസിന്റെ പിറകെ പിടിച്ച പോലീസ് അതിന്റെ ഓളം തീർന്നതോടെ നിശ്ശബ്ദരായി.
ചോദിക്കാനും പറയാനും ആളില്ലാത്തവർക്ക് നേരെയുള്ള ആൾക്കൂട്ട ആക്രമണം പെരുകി വരികയാണിന്ന്. രാജ്യത്തെ നിയമവാഴ്ചക്ക് പുല്ലു വില നൽകാത്ത നടപ്പ് രീതിയാണ് കേരളീയ യുവതയിൽ പ്രകടമായി കൊണ്ടിരിക്കുന്നത്. വിശന്ന് പൊരിയുമ്പോൾ അന്നം മോഷ്ടിച്ച് വിശപ്പടക്കേണ്ടി വരുന്ന ആദിവാസിയായ മധുവും, അന്യരോട് യാചന നടത്തി ഒരു ചാൺ വയർ നിറയ്ക്കാൻ തെരുവിൽ അലയുന്ന ആന്ധ്ര സ്വദേശിയായ ദേവനാരായണനും ഒരു സമൂഹത്തിന്റെ പ്രതീകങ്ങളാണ്. വിശപ്പിൽ കവിഞ്ഞ് മറ്റൊരാവശ്യവും ഇവർക്കില്ല. ആദിവാസിയുടെ ചാക്കിൽ അരി കണ്ടാൽ, കറുത്ത നാടോടിപ്പെണ്ണിന്റെ ഒക്കത്ത് വെളുത്ത കുട്ടിയെ കണ്ടാൽ തിളച്ച് പൊങ്ങുന്ന മലയാളിയുടെ കപട പൗരബോധത്തിലാകട്ടെ മിനിമം അളവിലുള്ളത്ര പോലും മനുഷ്യത്വമില്ല. നിയമ പ്രബുദ്ധതയുമില്ല. നിയമം കയ്യിലെടുത്തു അനീതി നടപ്പാക്കുന്ന ഇത്തരം ആൾക്കൂട്ടങ്ങൾ മലയാളിയുടെ പാരമ്പര്യത്തിനും, അഭിമാനത്തിനും ഏൽപ്പിക്കുന്ന ക്ഷതം ചെറുതല്ല. തെരുവിൽ അവനവന്റെ നിയമം നടപ്പാക്കുന്ന ഗുണ്ടാ വിളയാട്ടമാണ് ഇയ്യിടെ പലയിടത്തായും അരങ്ങേറി കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ആൺ-പെൺ വ്യത്യാസം പോലും ഇല്ലാതായിരിക്കുന്നു. ആഴ്ചകൾക്ക് മുമ്പാണ് കൊച്ചിയിൽ ഒരു യുവതിയെ 'സ്ത്രീക്കൂട്ടം' പെരുവഴിയിലിട്ട് തല്ലിച്ചതച്ചത്. യുവതിയുടെ കാൽ വെള്ളയിൽ പഴുപ്പിച്ച ചട്ടകം വെച്ച് പൊള്ളിച്ചതും സ്ത്രീകൾ തന്നെ.
മലപ്പുറത്ത് ദേവനാരായണനെ ആൾക്കൂട്ടം ഉടുമുണ്ടഴിച്ച് നിലത്തിട്ട് തൊഴിക്കുകയും, എല്ല് നുറുങ്ങുവോളം മർദിച്ചവശനാക്കുകയും ചെയ്ത അതേ ദിവസം തന്നെ കടൽ കാണാനെത്തിയ പിതാവിനേയും, മകനേയും, ഭിക്ഷ യാചിച്ച് കൊണ്ടിരുന്ന ഒരു സ്ത്രീയേയും ഇതേ ആൾക്കൂട്ടം മാരകമായി ആക്രമിച്ചു. സാക്ഷര-പ്രബുദ്ധ കേരളത്തിന്റെ ഈ പോക്ക് എങ്ങോട്ടാണ്.? തീവണ്ടി യാത്രക്കിടെ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ നേരിട്ട സിനിമാനടിയെ വിളിച്ച് വരുത്തി സ്റ്റേജിലിരുത്തി പ്രകീർത്തിച്ച സംസ്ഥാന പോലീസ് മേധാവിക്ക് ഇന്ന് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന ആൾക്കൂട്ട സംഘടിത ആക്രമണത്തെക്കുറിച്ച് എന്ത് ന്യായമാണ് പറയാനുണ്ടാവുക. പോലീസ് കർക്കശമായ നിലപാട് കൈ കൊണ്ടാൽ പ്രതികൾക്ക് വക്കാലത്തുമായി രാഷ്ട്രീയക്കാർ ആദ്യമെത്തും. അഴിമതിക്കാരായ പോലീസ് ഉദ്യോഗസ്ഥർ ആവുന്നത്ര പണം പിടുങ്ങി പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടാക്കുന്ന രീതി വേറെയും.

സെൽഫി ജനറേഷൻ
പട്ടിണിയും പരിവട്ടമൊന്നും ശീലമില്ലാത്തവരാണ് ഇന്നത്തെ സെൽഫി ജനറേഷൻ. മൂന്നു നേരത്തെ മൃഷ്ടാന്ന ഭോജനം മതിയാകാതെ ഇട നേരങ്ങളിൽ ബർഗ്ഗറും പിസ്സയുമെല്ലാം കഴിച്ച് ബാക്കിയായത് തീൻ മേശയിൽ തന്നെയിട്ട് ടിപ്പും നൽകി പൊങ്ങച്ചം കാണിച്ചിറങ്ങുന്ന ഇന്നിന്റെ സെൽഫി ജനറേഷന്, ജീവൻ നില നിർത്താൻ അലയുന്ന ദരിദ്രനാരായണൻമാരെക്കുറിച്ചറിയില്ല. കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ വന്നവനെന്ന് ആരോപിച്ച് സംസ്ഥാനത്ത് പലയിടത്തും ജനക്കൂട്ടം നിരപരാധികളെ സംഘടിതമായി ആക്രമിക്കുന്നു. സെൽഫിയെടുത്ത് സമൂഹ മാധ്യമത്തിലിടുന്നു. അരുതെന്ന് പറയാൻ ആരുമില്ല. വിശപ്പ് സഹിക്കാനാകാതെ ചെയ്യുന്നതെന്തും നീതിയാണ്.
വിശപ്പിനപ്പുറം മറ്റെന്തുണ്ട്. വിശപ്പിന്റെ ദൈന്യതയാണ് അട്ടപ്പാടിയിലെ ആദിവാസി മധുവിന്റെ മുഖത്തുണ്ടായിരുന്നത്. ഈ ആദിവാസി യുവാവിന്റെ ദൈന്യതയാർന്ന നോട്ടത്തിൽ ആൾക്കൂട്ടത്തിൽ ഒരുത്തന്റേയും മനസ്സലിഞ്ഞില്ല. ക്രൂരമായ വിചാരണ നടന്ന് കൊണ്ടിരിക്കെ പിറകിലൂടെയെത്തിയ ചുവപ്പ് ഷർട്ടുകാരനായ ചെറുപ്പക്കാരൻ ആ യുവാവിനെ പിന്നിൽ നിന്ന് തൊഴിക്കുന്നതും പുറത്ത് വന്ന വീഡിയോ ദൃശ്യത്തിലുണ്ട്. ഇയാളുടെ പക്കലുള്ള മുഷിഞ്ഞ പ്ലാസ്റ്റിക് കവറിനുള്ളിൽ നിന്ന് കണ്ടെടുത്തത് അരിയും മുളകുമാണ്. അതിൽ നിന്ന് തന്നെ വ്യക്തമാണ് ആ യുവാവ് അനുഭവിച്ച് കൊണ്ടിരിക്കുന്ന പട്ടിണിയുടെ ആഴവും, തീവ്രതയും. വനവിഭവങ്ങൾ കിട്ടാതാവുമ്പോഴാണ് മധു മോഷ്ടിക്കാനിറങ്ങുന്നത്. ആ മോഷണത്തിന്റെ പേരിലാണ് മധുവിന്റെ വാരിയെല്ല് തകർത്ത് നമ്മുടെ ചെറുപ്പക്കാർ നീതി നടപ്പാക്കിയതും.
ആരാണ് കാരണക്കാർ?
സ്വാതന്ത്ര്യത്തിന്റെ ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും എണ്ണത്തിൽ ശുഷ്‌കമായ ആദിവാസികൾ ഇന്നും പട്ടിണിയിലാകുന്നതിന്റെ കാരണമെന്താണ്? കേരളത്തിലെ മറ്റെല്ലാ ജനവിഭാഗങ്ങളിലും ജനസംഖ്യ കൂടിക്കൊണ്ടിരിക്കുമ്പോൾ, ആദിവാസികളുടെ എണ്ണം നാൾക്കുനാൾ കുറയുകയാണ്. മധുവിനെ പരസ്യ വിചാരണ നടത്തി മർദ്ദിച്ച് കൊലപ്പെടുത്തിയത് ജനക്കൂട്ടമാണെങ്കിലും, അത്തരമൊരു സാഹചര്യം വന്ന് ഭവിച്ചതെങ്ങനെയെന്നും പരിശോധിക്കേണ്ടതുണ്ട്.
അട്ടപ്പാടി ആദിവാസി മേഖലയിൽ മൂന്ന് ഗ്രാമ പഞ്ചായത്തുകളിലായി 60,000 ആദിവാസികളുണ്ടെന്നായിരുന്നു കണക്ക്. ഇന്നാകട്ടെ ഇവരുടെ അംഗസംഖ്യ 27,000 ആയി ചുരുങ്ങിയിട്ടുണ്ട്. ഇത് യാദൃഛികമല്ല. മാറി മാറി വരുന്ന സർക്കാരുകളുടേയും ഉദ്യോഗസ്ഥരുടേയും കൃത്യമായ ആസൂത്രണങ്ങളിലൂടെ തന്നെയാണ്. ഈ ചെറിയ ജന വിഭാഗത്തിന് വേണ്ടി എഴുതപ്പെട്ട നിയമങ്ങളും, നീക്കി വയ്ക്കുന്ന പണത്തിന്റെ അളവും നമ്മെ അതിശയപ്പെടുത്തുന്നു.
ഈ തുക കേരളത്തിലെ ആദിവാസികളിൽ ഓരോരുത്തർക്കുമായി വീതിച്ച് നൽകുകയാണെങ്കിൽ ഓരോ ആദിവാസിയുടെ പോക്കറ്റിലും ലക്ഷങ്ങൾ വീഴും. വനം കയ്യേറ്റക്കാരും, രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രഭൃതികളും ചേർന്ന് ആദിവാസി ഫണ്ട് കയ്യിട്ട് വാരുന്നു. അഞ്ച് വിഭാഗങ്ങളിലായി പ്രാക്തന ഗോത്ര വിഭാഗത്തിൽ പെടുന്ന എണ്ണായിരത്തോളം ആദിവാസികൾ കേരളത്തിലുണ്ടെന്നാണ് ഇപ്പോഴത്തെ കണക്ക്. ഇവരുടെ ഭക്ഷണം, ആരോഗ്യം, പാർപ്പിടം എന്നിവയ്ക്കായി 13-ാം ധനകാര്യ കമ്മീഷൻ 140 കോടി രൂപ അനുവദിച്ചിരുന്നു. ആ തുക എന്ത് ചെയ്തു എന്ന ചോദ്യത്തിന് ഒരു ഉത്തരവുമില്ല. ആദിവാസി ക്ഷേമത്തിന് വേണ്ടി കോടികൾ ചിലവിടുമ്പോൾ ആദിവാസികളുടെ എണ്ണം ചുരുങ്ങുകയാണ്. ഇതിന് സർക്കാർ കണ്ടെത്തുന്ന ന്യായമാകട്ടെ ആദിവാസി ഊരുകളിൽ പോഷകാഹാരക്കുറവാണെന്നാണ്. യഥാർത്ഥത്തിൽ 'പോഷക'ത്തിന്റെ കുറവല്ല. ഒരു നേരത്തിന് പോലും ആഹാരമില്ലാതെ പട്ടിണി കിടന്ന് മരണം പുൽകുകയാണ് ആദിവാസി ഊരിലുള്ള കൗമാരക്കാർ ഉൾപ്പടെയുള്ള മനുഷ്യ ജന്മങ്ങൾ.
അട്ടപ്പാടി ആദിവാസി മേഖലയിൽ 13,000 ഏക്കർ വന ഭൂമി കയ്യേറിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കയ്യേറ്റക്കാരിൽ നിന്ന് ഇത് തിരിച്ച് പിടിക്കാൻ 2012-ൽ ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ട് പോലും ഒരു സെന്റ് ഭൂമി പോലും സർക്കാർ ഒഴിപ്പിച്ചെടുത്തില്ല. പണിഷ്‌മെന്റ് കിട്ടുന്ന ഉദ്യോഗസ്ഥരാണ് ആദിവാസി ക്ഷേമ കാര്യ വകുപ്പിൽ അട്ടപ്പാടി മേഖലയിലേക്കെത്തുന്നത്. അവരാകട്ടെ പോലീസ്-രാഷ്ട്രീയ- വനം കയ്യേറ്റ മാഫിയയോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. വിവിധ പാക്കേജുകളും ഫണ്ടുകളുമായി ആദിവാസികൾക്ക് അനുവദിക്കുന്ന തുക അവരിലേക്കെത്തിയാൽ ആദിവാസികൾക്ക് അരി മോഷ്ടിക്കേണ്ടി വരില്ല. ആരും അവരെ തല്ലിക്കൊല്ലുകയുമില്ല. ട്രൈബൽ ഡിപ്പാർട്ട്‌മെന്റാണ് ഇതിനെല്ലാം മറുപടി നൽകേണ്ടത്.
മുതലക്കണ്ണീർ
മധുവിനെ ആരും അറിഞ്ഞിരുന്നില്ല. കാട്ടിൽ നിന്ന് കിട്ടുന്നത് ഭക്ഷിച്ച് ഗുഹക്കുള്ളിൽ കഴിഞ്ഞിരുന്ന മധു വിശപ്പകറ്റാൻ ഒന്നും കിട്ടാതാകുമ്പോഴാണ് നാട്ടിലിറങ്ങിയിരുന്നത്. അവനാവശ്യമുള്ള ഭക്ഷണ വസ്തുക്കൾ കിട്ടുന്നിടത്തുനിന്ന് എടുത്ത് കൊണ്ട് പോവുകയും ചെയ്യും. ഇങ്ങനെയാണ് മധു മോഷ്ടാവായി മാറിയത്. മധുവിന്റെ വാരിയെല്ല് പൊട്ടുകയും ആന്തരിക രക്തസ്രാവമുണ്ടാവുകയും തലക്ക് ക്ഷതമേറ്റതായും പോസ്റ്റുമോർട്ടം റിപ്പാർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
ആൾക്കൂട്ടം തല്ലിക്കൊന്നപ്പോൾ ജഡം പോസ്റ്റ്‌മോർട്ടം ചെയ്യുന്ന മോർച്ചറിക്ക് മുന്നിൽ മുതലക്കണ്ണീരൊഴുക്കുന്ന വി.ഐ.പികളുടെ തിരക്കായിരുന്നു. മധു 'തന്റെ അനിയനാണെന്ന്' ട്വിറ്ററിലൂടെ വിളംബരം നടത്തിയ പ്രമുഖരാരും ആദിവാസി വിഭാഗം അനുഭവിക്കുന്ന ജീവിത ക്ലേശങ്ങളെക്കുറിച്ച് ഇന്നോളം ഒട്ടും കുണ്ഠിതപ്പെട്ടിരുന്നില്ല.
മധുവിന്റെ കൊലയും, മതേതര പ്രതികളും
അട്ടപ്പാടി ആദിവാസി ഊരിലെ മധു കള്ളനായിരുന്നു. തൊഴിലും കൂലിയുമില്ലാത്ത മധു മോഷ്ടിച്ചിരുന്നത് പശിയടക്കാനുള്ള ഭക്ഷണ വസ്തുക്കളായിരുന്നു. അതിനപ്പുറമുള്ള ആവശ്യങ്ങളൊന്നും മധുവിന് ഇല്ലായിരുന്നു താനും. മധുവിനെ വിചാരണ ചെയ്ത ജനക്കൂട്ടം അയാളിൽനിന്ന് പിടിച്ചെടുത്ത 'തൊണ്ടി മുതലുകൾ' കേവലം 100 രൂപയ്ക്കും താഴെ വില മതിക്കുന്നതാണ്. എന്ന് വെച്ചാൽ അൽപ്പം അരി, മുളക്-മല്ലിപ്പൊടി പായ്ക്കറ്റുകൾ, അൽപ്പം തക്കാളി, ഒരു കെട്ട് ബീഡി എന്നിവ.
രാജ്യത്തെ എല്ലാ ഇലക്‌ട്രോണിക്-പ്രിന്റ് മീഡിയക്കും മധുവിനെ വിചാരണ ചെയ്യുന്ന ദൃശ്യം സമ്മാനിച്ചത് തൊടിയിൽ ഉബൈദ് എന്ന ചെറുപ്പക്കാരനാണ്. കൂട്ടത്തിൽ ഈ സാഹസിക കൃത്യത്തിനോടൊപ്പം ടിയാൻ ഒരു 'സെൽഫി'യുമെടുത്ത് രാജ്യത്തിന് സമർപ്പിച്ചു.
ആ സെൽഫി നമുക്ക് വേണ്ടിയായിരുന്നു. മധു മരിച്ചില്ലായിരുന്നുവെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നു. 'മണ്ടൻ കള്ളനെ' സാഹസികമായി പിടികൂടിയ യുവാക്കളെ കണ്ട് നമ്മുടെ യുവത ഹരം കൊള്ളുമായിരുന്നു. നമ്മെ ഹരം കൊള്ളിക്കാൻ മാത്രമായിരുന്നു ആ സെൽഫി. മധു കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കിൽ വാട്‌സാപ്പ് ഫോർവേഡുകൾ കൊണ്ട് പലരും അർമ്മാദിക്കുമായിരുന്നു. ലൈക്കും ഷെയറും കൊണ്ട് തിമർത്തേനെ. മധുവെന്ന കോമാളിക്കള്ളന്റെ മുഖത്തെ ദൈന്യഭാവത്തിന് രസകരമായ കമന്റുകളും വന്നേനെ. പക്ഷേ ഒരു കാര്യം പ്രസക്തമാണ്. ഈ സെൽഫി ഇല്ലായിരുന്നുവെങ്കിൽ മധുവിന്റെ മരണം പോലീസ് ആദ്യം പറഞ്ഞ പോലെ കേവലം 'ദേഹാസ്വാസ്ഥ്യം' ആകുമായിരുന്നു. ഗുഹയിൽ ചെന്ന് വന്യമൃഗങ്ങളെ പിടികൂടുന്ന നായാട്ടിന് തുല്യമാണ് മധുവിനെ കൊലപ്പെടുത്തിയ നരവേട്ട. സംഭവത്തെ തുടർന്ന് സമരം നടത്തിയ ആദിവാസികളുടെ മുഖ്യ ചോദ്യങ്ങളിലൊന്ന് സെൽഫിയെടുത്ത ഉബൈദിനെ പിടികൂടിയോ എന്നായിരുന്നു.
മധുവിനെ വിചാരണ ചെയ്യുന്ന ആൾക്കൂട്ടത്തിൽ എല്ലാ വിഭാഗവും ഉൾപ്പെടുന്നു എന്ന പ്രത്യേകതയുമുണ്ട്. താടിയും തലപ്പാവുമണിഞ്ഞ മുസ്ലിയാർ മുതൽ കാവി മുണ്ട് ഉടുത്തവർ വരെ. മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ 16 പേർ വിവിധ കക്ഷികളിൽ ഉൾപ്പെട്ടവരാണ്. സെൽഫി പിടിച്ച തൊടിയിൽ വീട്ടിൽ ഉബൈദ് മുസ്‌ലിം ലീഗിന്റെ സജീവ പ്രവർത്തകനും, മണ്ണാർക്കാട് എം.എൽ.എ എൻ. ഷംസുദ്ധീന്റെ പി.എയുമാണ്. എന്നാൽ എം.എൽ.എ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. മറ്റൊരു പ്രതി കുന്നുംപുറത്ത് അനീഷ് ബി.ജെ.പിയുടെ സജീവ പ്രവർത്തകനാണ്. പൊതുവച്ചോലയിൽ ഷംസുദ്ധീൻ എന്ന പ്രതി ഓട്ടോറിക്ഷാ തൊഴിലാളി യൂനിയൻ-സി.ഐ.ടി.യു പ്രാദേശിക ഭാരവാഹിയാണ്.
മണ്ണംപറ്റ ജെയ്ജു മോൻ (തൊഴിൽരഹിതൻ), മരക്കാർ, അബൂബക്കർ, അബ്ദുൽ കരീം, ഹുസൈൻ (വ്യാപാരി സംഘടനാ പ്രവർത്തകർ), നജീബ്, സജീവ് (ചുമട്ട് തൊഴിലാളികൾ), രാധാകൃഷ്ണൻ (ആശാരിപ്പണി) ഇവരാണ് അറസ്റ്റിലായത്. സംഭവുമായി ബന്ധപ്പെട്ട് പ്രചരിച്ച വീഡിയോ ദൃശ്യങ്ങളിൽ പ്രതികളെ കാണുന്നുണ്ട്.
കേരളത്തിൽ വർദ്ധിച്ച് കൊണ്ടിരിക്കുന്ന സദാചാര പോലീസിനേയും, ആൾക്കൂട്ട ആക്രമണകാരികളേയും, സെൽഫി ജനറേഷനേയും കർക്കശമായി അമർച്ച ചെയ്തില്ലെങ്കിൽ ഇനിയും കുറേ മധുമാരും ദേവനാരായണൻമാരും ഉണ്ടായിക്കൊണ്ടിരിക്കും. അതാണ് അട്ടപ്പാടിയിലെ മധുവിന്റെ ജീവത്യാഗം പ്രബുദ്ധ കേരളത്തിന് നൽകുന്ന സന്ദേശവും.






