Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ടെ സ്‌ഫോടനവും ബൈഡന്റെ കടക്കൂ പുറത്തും 


2006 മാർച്ച് മൂന്നിനാണ് കോഴിക്കോട്ടെ  മൊഫ്യൂസൽ ബസ് സ്റ്റാൻഡിലും കെഎസ്ആർടിസി സ്റ്റാൻഡിലും സ്‌ഫോടനം നടന്നത്.  2009ൽ കേസ് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.  തടിയന്റവിട നസീർ മറ്റുള്ളവരുമായി ഗൂഢാലോചന നടത്തിയാണ് ഇരട്ട സ്‌ഫോടനം നടത്തിയതെന്നാണ് എൻ.ഐ.എ കുറ്റപത്രം. ഇക്കഴിഞ്ഞ വ്യാഴാഴ്ച  കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിൽ പ്രതികളായ തടിയന്റവിട നസീറിനെയും ഷഫാസിനെയും ഹൈക്കോടതി വെറുതെവിട്ടു. എൻ.ഐ.എ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം റദ്ദാക്കിയാണ് ഉത്തരവ്. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി തടിയന്റവിട നസീർ, നാലം പ്രതി ഷഫാസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. കേസിലെ മൂന്നാം പ്രതി അബ്ദുൾ ഹാലിം, ഒൻപതാം പ്രതി അബൂബക്കർ യൂസഫ് എന്നിവരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്ത് ദേശീയ അന്വഷണ ഏജൻസിയും (എൻ. ഐ. എ) ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ടു ഹരജികളും പരിഗണിച്ചാണ് ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, സിയാദ് റഹ്മാൻ എന്നിവരുടെ വിധി. ഈ വിധി പുറത്തു വന്നത് വ്യാഴാഴ്ച ഉച്ചയോടെയും. വാർത്താ ദാരിദ്ര്യമുള്ള ദിവസമായതിനാൽ പല ചാനലുകളിലും മണിക്കൂറുകളോളം ഇത് നിറഞ്ഞു നിന്നു. മാതൃഭൂമി ന്യൂസിലെ വലിയ അക്ഷരങ്ങളിലെ ശീർഷകം കോഴിക്കോട്  സ്‌ഫോടനം എന്നായിരുന്നു. പഴയ കാലമല്ല. ബാങ്കുകളടക്കം പല സ്ഥാപനങ്ങളിലും വലിയ സ്‌ക്രീനോടു കൂടിയ ടിവി സെറ്റുകളുണ്ട്. പ്രധാന ബാങ്കിന്റെ കോഴിക്കോട് നഗരത്തിലെ ഒരു ശാഖയിലെ വനിതാ മാനേജർ തിരക്കിട്ട് ജോലി ചെയ്യുന്നതിനിടെ  ഞെട്ടലോടെയായിരുന്നു ആത്മഗതം . ഏ.. കോയിക്കോട്ട് സ്‌ഫോടനമോ എന്ന അവരുടെ ആശങ്ക കലർന്ന അന്വേഷണത്തിന് ഇത് പഴയതാണെന്ന് പറഞ്ഞ്  ആശ്വസിപ്പിച്ചത് കസ്റ്റമേഴ്‌സാണ്. ഇതാണ് സെൻസേഷണൽ തലവാചകങ്ങളുടെ കുഴപ്പം. 

***         ***         ***         

മേപ്പടിയാൻ സിനിമ നെഗറ്റീവ് പബ്ലിസിറ്റി കൊണ്ടു പോലും രക്ഷപ്പെട്ടില്ലെന്നാണ് കേരളത്തിലെ തിയേറ്ററുകളിലെ അനുഭവം തെളിയിക്കുന്നത്. 
മെയിൻ സെന്ററുകളിലെ പ്രധാന തിയേറ്ററുകൾ തന്നെ ആദ്യ വാരത്തിൽ ലഭിച്ചിരുന്നു. വിനീത് ശ്രീനിവാസന്റെ ഹൃദയം ഒരു ബഹളവുമുണ്ടാക്കാതെ എത്തി പെട്ടെന്ന് മെഗാ ഹിറ്റായി. ദിവസങ്ങൾക്കകമാണ് പ്രണവ് മോഹൻലാൽ നായകനായ  സിനിമ 25 കോടി ക്ലബിൽ കടന്നത്. 
ഇതിനിടയ്ക്ക് മേപ്പടിയാൻ സിനിമയുടെ  നായകനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദന്റെ ന്യൂസ് 18 ചാനലിന്  നൽകിയ 
എക്‌സ്‌ക്ലൂസീവ് അഭിമുഖം ശ്രദ്ധേയമായി. ഒരു സമൂഹം സിനിമയുടെ ആത്മാവിനെ ചർച്ചചെയ്യുക വലിയ കാര്യമാണ്. ഹിറ്റാവുക എന്നതിലുപരി, ജനം കണ്ടെത്തുന്ന വികാരങ്ങളും കാഴ്ചപ്പാടുമാണ് ഞങ്ങൾ ആഗ്രഹിച്ചത്. മസിൽ മാൻ ഇമേജ് നിലനിൽക്കുമ്പോൾ മറ്റു റോളുകൾ ചെയ്യാൻ കഴിയില്ല എന്ന ധാരണയായിരുന്നു ഏറ്റവും വലുത്. ജയകൃഷ്ണൻ എന്ന കഥാപാത്രത്തെ സ്വീകരിച്ചതും, സിനിമ പ്രൊഡ്യൂസ് ചെയ്തതും, പ്രതിഛായ  മാറ്റിയെടുക്കാൻ വേണ്ടിയായിരുന്നു. നേരത്തെ സെയിൽസ് മേഖലയിൽ ജോലിചെയ്തിരുന്ന അനുഭവത്തിന്റെ വെളിച്ചത്തിൽ  ഒരു സിനിമ നല്ലതു മാത്രമായാൽ പോരാ. മാർക്കറ്റിംഗും പ്രധാനമാണെന്ന് തിരിച്ചറിഞ്ഞായിരുന്നു പ്രവർത്തനം.  
'മേപ്പടിയാൻ' എന്ന കുടുംബ ചിത്രം വരുന്നുണ്ടെന്നും, ഇത് കാണണമെന്നും പറഞ്ഞ് നന്നായി മാർക്കറ്റിംഗ് നടത്തി. 'മേപ്പടിയാൻ'  പ്രൊമോഷൻ വാഹനം കാസർകോട്  മുതൽ തിരുവനന്തപുരം വരെ പത്ത്  ദിവസം ഓടിച്ചു. അഭിമുഖത്തിൽ അദ്ദേഹം വിവരിച്ചു. ജനം ടിവിയുടെ ഗൾഫ് റിപ്പോർട്ടർമാരും ഈ ചിത്രത്തെ പ്രൊമോട്ട് ചെയ്യാൻ ആവത് ശ്രമിച്ചു. ബഹ്‌റൈൻ മനാമയിലെ റിപ്പോർട്ടർ മുംതാസ് മൾട്ടിപ്ലെക്‌സിൽ നിന്ന് സിനിമ കണ്ടിറങ്ങി വരുന്നവരുടെ ബൈറ്റ് കൂടി ഉൾപ്പെടുത്തിയിരുന്നു. ആകെ സിനിമ കാണാനെത്തിയവരുടെ എണ്ണം വിഷ്വലിൽ വ്യക്തമാണെന്ന് വിമർശകർക്ക് പറയാനും എളുപ്പമായി. 

***         ***         ***         

ഡിജിറ്റൽ മാധ്യമങ്ങൾ വഴി ഇന്ത്യാ വിരുദ്ധ വ്യാജവാർത്തകൾ ഏകോപിപ്പിച്ച് പ്രചരിപ്പിച്ച 35 യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തു.  രണ്ട് ട്വിറ്റർ അക്കൗണ്ടുകൾ, രണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ട് എന്നിവയും സർക്കാർ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ബ്ലോക്ക് ചെയ്ത യൂട്യൂബ് അക്കൗണ്ടുകൾക്ക് ഒരു കോടി  20 ലക്ഷത്തിലധികം വരിക്കാരുണ്ട്. ഈ വീഡിയോകൾ 130 കോടിയിലധികം തവണ വീക്ഷിക്കപ്പെട്ടിട്ടുണ്ട്- സർക്കാർ വ്യക്തമാക്കി.  2021ലെ ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾ 16 പ്രകാരം പുറപ്പെടുവിച്ച അഞ്ച് വ്യത്യസ്ത ഉത്തരവുകൾ പ്രകാരമാണ് നടപടി. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഈ സോഷ്യൽ മീഡിയ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും സൂക്ഷ്മമായി നിരീക്ഷിച്ച് വരികയായിരുന്നു. മന്ത്രാലയം ബ്ലോക്ക് ചെയ്ത 35 യൂട്യൂബ് അക്കൗണ്ടുകളും പാക്കിസ്ഥാനിൽ നിന്നാണ് പ്രവർത്തിപ്പിക്കുന്നത്. 14 യൂട്യൂബ് ചാനലുകൾ പ്രവർത്തിപ്പിക്കുന്ന അപ്‌നി ദുനിയ നെറ്റ്‌വർക്ക്, 13 യൂട്യൂബ് ചാനലുകൾ പ്രവർത്തിപ്പിക്കുന്ന തൽഹ ഫിലിംസ് നെറ്റ്‌വർക്ക് എന്നിവയും ബ്ലോക്ക് ചെയ്തവയിൽ ഉൾപ്പെടുന്നു.  ഈ ശൃംഖലകളെല്ലാം ഇന്ത്യയെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഒരേ വ്യക്തികൾ കൈകാര്യം ചെയ്യുന്ന ഈ ചാനലുകൾ പരസ്പരം ഉള്ളടക്കം പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പാക്കിസ്ഥാൻ ടിവി വാർത്താ ചാനലുകളുടെ അവതാരകരാണ് ചില യൂട്യൂബ് ചാനലുകൾ നടത്തിയിരുന്നത്.
വാർത്ത അന്തരീക്ഷം സുരക്ഷിതമാക്കുന്നതിന് രഹസ്യാന്വേഷണ ഏജൻസികളും മന്ത്രാലയവും ഏകോപിച്ചു പ്രവർത്തിച്ച് വരികയാണെന്നും സർക്കാർ അറിയിച്ചു.

***         ***         ***         

അമേരിക്കയിൽ കോവിഡ് പടരുകയും സമ്പദ് രംഗം മോശമായി തുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം തീപ്പൊരി ചോദ്യങ്ങളാണ് പ്രസിഡന്റ് ബൈഡൻ നേരിട്ടത്. ബൈഡന്റെ തത്സമയ വാർത്താസമ്മേളനത്തിനിടെ മൈക്രോഫോണിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ പതിഞ്ഞതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. സ്റ്റുപ്പിഡ് സൺ ഓഫ് എ ബിച്ച് എന്ന വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. 
എന്തൊരു വൊക്കാബുലറി. ഇത്രയ്ക്ക് പണ്ഡിതനാണെന്ന് കണ്ടാൽ പറയുകയേ ഇല്ല. 
ഫോക്‌സ് ന്യൂസിന്റെ മാധ്യമപ്രവർത്തകർ പീറ്റർ ഡൂസിയോടാണ് ബൈഡൻ ഇത്തരമൊരു പരാമർശം നടത്തിയത്. മാധ്യമപ്രവർത്തകർ വാർത്താസമ്മേളനത്തിന് ശേഷം മുറിയിൽനിന്ന് പുറത്തേക്ക് പോകുന്നതിനിടെയായിരുന്നു മൈക്ക് ഓൺ ചെയ്ത് വെച്ചത് ഓർക്കാതെയുള്ള ബൈഡന്റെ അസഭ്യം പറച്ചിൽ. വിലക്കയറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് ബൈഡനെ ചൊടിപ്പിച്ചത്. ഫോക്‌സ് ടിവി ഡോണൾഡ് ട്രംപിനെയും വലതുപക്ഷ പാർട്ടിയെയും ശക്തമായി പിന്തുണയ്ക്കുന്നവരാണ്. ഇത്തരമൊരു പെരുമാറ്റം ബൈഡനിൽ നിന്നുണ്ടായത് എല്ലാവരെയും ഞെട്ടിച്ചു.  വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമിൽ ഇരുന്നായിരുന്നു പ്രസിഡന്റ് വാർത്താസമ്മേളനത്തെ നേരിട്ടത്. കോമ്പറ്റീഷൻ കൗൺസിലിന്റെ യോഗമായിരുന്നു ഇവിടെ ചേർന്നത്. ഉയർന്ന വിലയെ ഉപഭോക്താക്കൾക്ക് വേണ്ടി നിയന്ത്രിക്കുന്നത് അടക്കമുള്ള നിയമങ്ങളെ കുറിച്ചായിരുന്നു ഇതിൽ സംസാരിച്ചിരുന്നത്. ബൈഡന് റിപ്പോർട്ടർമാരിൽ നിന്ന് തീപ്പൊരി ചോദ്യങ്ങളാണ് നേരിടേണ്ടി വന്നത്. അതിൽ അദ്ദേഹം അതൃപ്തനായിരുന്നു.  പീറ്റർ ഡൂസിയാണ് വിലക്കയറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ബൈഡനോട് ചോദിച്ചത്. നാൽപ്പത് വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിലാണ് വിലക്കയറ്റമുള്ളത്. പ്രസിഡന്റ് എന്ന നിലയിൽ ബൈഡന്റെ ജനപ്രീതി വരെ ഇതിലൂടെ ഇടിഞ്ഞിരിക്കുകയാണ്. ഫോക്‌സ് ടിവിയും ഡൂസിയും തുടർച്ചയായി ബൈഡനെ വിമർശിക്കുന്നുണ്ട്.  വിലക്കയറ്റം രാഷ്ട്രീയ ബാധ്യതയായി തോന്നുന്നുണ്ടോ എന്നായിരുന്നു ഡൂസിയുടെ ചോദ്യം. ഇതിന് പരിഹാസത്തോടെയായിരുന്നു ബൈഡന്റെ മറുപടി. വിലക്കയറ്റം എന്നത് വലിയ സമ്പത്താണ്. കൂടുതൽ പണപ്പെരുപ്പം വരട്ടെ എന്നായിരുന്നു പരിഹാസം. ഇതിന് പിന്നാലെയാണ് സ്റ്റുപ്പിഡ് സൺ ഓഫ് എ ബിച്ച് പ്രയോഗം ബൈഡൻ നടത്തിയത്. ഇത് വീഡിയോയിൽ കുടുങ്ങുകയും ചെയ്തു. ഡൂസി ഇത് ചിരിച്ച് തള്ളുകയാണ് ചെയ്തത്. ഇതിന്റെ നിജസ്ഥിതി ആരും പരിശോധിച്ചിട്ടില്ലെന്നും ഡൂസി പറഞ്ഞു. വൈറ്റ് ഹൗസ് ഇതിൽ പ്രതികരിച്ചിട്ടില്ല. അല്ലേലും അമേരിക്കയിലെ പത്രക്കാർക്ക് ഇതൊന്നും പുതിയ കാര്യമല്ലല്ലോ. മുമ്പ് ട്രംപ് വിജയിച്ച് അധികാരമേറ്റെടുത്തപ്പോൾ എല്ലാ മാധ്യമ പ്രവർത്തകർക്കും മൂക്കറ്റം മിണുങ്ങാൻ ഡിന്നർ നൽകിയിരുന്നു. എല്ലാവരും വാരിവലിച്ച് ഭുജിക്കുന്നതിനിടെയായിരുന്നു മൈ ബ്രണ്ട് ട്രംപണ്ണന്റെ ചോദ്യം. നീയൊക്കെ എഴുതി എഴുതി എന്നെ ഒലത്തും.. എന്നിട്ടിപ്പോ എന്തായി എന്നാണ് മൂപ്പർ ക്ഷേമാന്വേഷണം നടത്തിയത്. 

***         ***         ***         

മഞ്ജു വാര്യർ കേരളീയ വനിതകൾക്ക് മികച്ച മാതൃകയാണെന്നതിൽ സംശയമില്ല. എന്തു മാത്രം പോസിറ്റീവ് എനർജി പ്രസരിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് അവരുടേത്? ഇപ്പോഴിതാ മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും തയാറാക്കുന്ന സിനിമയിൽ അഭിനയിക്കുന്നു. 
കേന്ദ്ര കഥാപാത്രത്തെ മഞ്ജു  അവതരിപ്പിക്കുന്ന ഇന്തോ അറബിക് ചിത്രം 'ആയിഷ'യുടെ ചിത്രീകരണം യു.എ.ഇയിലെ  റാസൽ ഖൈമയിൽ തുടങ്ങി. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും പുറത്തിറങ്ങുന്ന ചിത്രം , തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഇന്ത്യൻ ഭാഷാ പതിപ്പുകളിലും എത്തുന്നു. മഞ്ജു വാര്യർക്കു പുറമെ രാധിക, സജ്‌ന, പൂർണിമ , ലത്തീഫ(ടുണീഷ്യ), സലാമ(യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ) സുമയ്യ (യമൻ), ഇസ്‌ലാം  (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു. വെൽ ഡൺ ലേഡി സൂപ്പർ സ്റ്റാർ. 

***         ***         ***         
സാമന്തയാണ് ആദ്യം വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടത് എന്ന് താൻ പറഞ്ഞതായി പ്രചരിക്കുന്ന വാർത്തയ്‌ക്കെതിരെ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന. ഈ വാർത്തകൾ വ്യാജമാണെന്ന് നാഗാർജുന പറയുന്നു. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചന വാർത്ത എത്തിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും, ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചുടൂള്ള ചർച്ചയാണ് ഈ വിഷയം. ഇതിനിടെയാണ് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ നാഗാർജുന സാമന്ത കാരണമാണ് വിവാഹമോചനം നടന്നത് എന്ന് പറഞ്ഞതായുള്ള റിപ്പോർട്ടുകൾ വന്നത്.
സാമന്തയെയും നാഗചൈതന്യയെയും കുറിച്ചുള്ള എന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കി സോഷ്യൽ മീഡിയയിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ തീർത്തും വ്യാജവും വിവരക്കേടുമാണ്. കിംവദന്തികൾ വാർത്തയെന്ന പേരിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പിൻവലിയണമെന്ന് മാധ്യമ സുഹൃത്തുക്കളോട് ഞാൻ അഭ്യർത്ഥിക്കുകയാണ്' എന്നാണ് നാഗാർജുനയുടെ ട്വീറ്റ്. 'അഭ്യൂഹങ്ങളല്ല വാർത്ത കൊടുക്കൂ' എന്ന ഹാഷ്ടാഗും താരം പങ്കുവച്ചിട്ടുണ്ട്. ഷെയിം...ഷെയിം 

Latest News