ദൂരദർശൻ ഡൽഹി ഡയറക്ടറേറ്റിൽ ജോലി ചെയ്തിരുന്ന വ്യാഴവട്ട കാലത്ത് ഏറ്റവും കൂടുതൽ കാലം ചുമതലയുണ്ടായിരുന്ന ഒന്നാണ് സ്‌പോർട്‌സ്.
കുട്ടിക്കാലത്ത് നാട്ടിൻപുറത്ത് ചങ്ങാതിമാരുമായി കളിച്ചിരുന്നതൊഴിച്ച് ഞാൻ കളികളിൽ ഒട്ടും തല്പരനായിരുന്നില്ല. എങ്കിലും ടെലിവിഷനിൽ അതിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്നു: ഡയറക്ടർ ജനറൽ ശിവ്ശർമ്മ പറഞ്ഞത്, താങ്കൾക്ക് ടെലിവിഷൻ അറിയാം, അത് മതി എന്നായിരുന്നു. അതുകൊണ്ട് പല നല്ലതും ഹൃദയഭേദകങ്ങളായ മറ്റനുഭവങ്ങളുമുണ്ടായി. ഒട്ടേറെ വിദേശരാജ്യങ്ങളിൽ ഔദ്യോഗികമായി യാത്ര ചെയ്യാൻ കഴിഞ്ഞു. കായികമേളകളുടെ സംപ്രേഷണാവകാശത്തിന്റെ വിലപേശലുകളും നിയമവശങ്ങളും പഠിക്കേണ്ടതായി വന്നു.
1982 നവംബർ 19 മുതൽ ഡിസംബർ 4 വരെ ഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ എനിക്ക് സംപ്രേഷണ ചുമതലയുണ്ടായിരുന്നത് ഇന്ദ്രപ്രസ്ഥത്തിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ജിംനാസ്റ്റിക്‌സ്, ബാഡ്മിന്റൺ, വോളിബോൾ എന്നിവയ്ക്കായിരുന്നു: ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം കഴിഞ്ഞാൽ ഏറ്റവും കൂടുതലായി ഏഷ്യൻ ഗെയിംസിന്റെ സംപ്രേഷണം (33 ശതമാനം) അവിടെ നിന്നായിരുന്നു. മദിരാശി ദൂരദർശൻ കേന്ദ്രത്തിൽ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുമ്പോഴായിരുന്നു ഇതിനായി ഏകദേശം മൂന്നുമാസത്തോളം ഡൽഹിയിൽ കഴിയേണ്ടിവന്നത്. മദ്രാസിൽ നിന്ന് മാത്രം എന്നെ കൂടാതെ നാല്പതിലധികം മറ്റ് സഹപ്രവർത്തകരുമുണ്ടായിരുന്നു. ഏഷ്യൻ ഗെയിംസ് കാലത്തെ ജോലി നന്നായി ചെയ്തതുകൊണ്ട് അതിന്റെ ചുമതലയുണ്ടായിരുന്ന ശിവ്ശർമ്മയ്ക്ക് എന്നെ ഇഷ്ടമായി. അതിന് ശേഷം ഡൽഹിയിൽ നടന്ന ചേരിചേരാരാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയായ നാം (NAM), തുടർന്ന് നടന്ന കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയായ ചോഗം (CHOGAM) എന്നിവയുടെ കവറേജിന് 1983ൽ അദ്ദേഹം എനിക്ക് സുപ്രധാന ചുമതലകൾ നൽകി.
തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം ഡയറക്ടറായി ജോലി ചെയ്യുമ്പോൾ രണ്ട് കായികമേളകളുടെ ദേശീയശൃംഖലയിലെ സംപ്രേഷണത്തിന്റെ ഏകോപനം ഉത്തരവാദിത്തമായി.; സാധാരണയായി ദേശീയ കായികമേള (നാഷണൽ ഗെയിംസ്)യുടെ ഏകോപനത്തിനും മേൽനോട്ടത്തിനും ഡൽഹിയിൽ നിന്ന് സ്‌പോർട്‌സിന്റെ ചാർജ്ജുളള കൺട്രോളർ എത്താറുണ്ട്. കേരളത്തിൽ 1987 ഡിസംബർ 20 മുതൽ 28 വരെ തിരുവനന്തപുരം, ആലപ്പുഴ, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലായി 4500ഓളം കളിക്കാർ / അത്‌ലറ്റുകൾ പങ്കെടുത്ത 17 ഇനങ്ങളുടെ സംപ്രേഷണവും പ്രാദേശികതലത്തിലും ദേശീയതലത്തിലും തത്സമയവും റെക്കോർഡ് ചെയ്തും നടത്തേണ്ടിയിരുന്നു. വിവിധ ദൂരദർശൻ കേന്ദ്രങ്ങളിൽനിന്ന് കവറേജിനായി വന്ന 200ഓളം സഹപ്രവർത്തകരുടെ സൗകര്യങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു. ശ്രീ.ജിജി തോംസൺ കൺവീനറായുളള ഗെയിംസ് സംഘാടകസമിതിയിൽ ഞാൻ അംഗമായിരുന്നതിനാലും ടെലിവിഷനിൽ മേള സംപ്രേഷണം ചെയ്യുന്നതിൽ എല്ലാവർക്കും താല്പര്യമായിരുന്നതിനാലും ഞങ്ങൾക്ക് എല്ലാ പിന്തുണയും ലഭിച്ചിരുന്നു. മേള നടക്കുന്ന വിവിധ സ്ഥലങ്ങളിൽ നിന്ന് മൈക്രോവെയ്‌വ് സംവിധാനം വഴി തിരുവനന്തപുരം കേന്ദ്രത്തിലെത്തിയിരുന്ന സിഗ്നലിന്റെ റെക്കോർഡിംഗോ തത്സമയ സംപ്രേഷണമോ നടത്തണം. ദേശീയപരിപാടിയിലെ സംപ്രേഷണത്തിനായിരുന്ന സിഗ്നലുകൾ ഉപഗ്രഹത്തിന്റെ ട്രാൻസ്‌പോണ്ടറിലേക്ക് എത്തിക്കുന്നതിന് (അപ് ലിങ്ക് എന്ന് സാങ്കേതികപദം) ട്രാക്ട് (TRACT) എന്ന ചുരുക്കപ്പേരിൽ വിളിക്കുന്ന (Transportable Remote Area Communication Terminal) കൂറ്റൻ വാഹനം വളരെ നാളെടുത്ത് തിരുവനന്തപുരത്തെത്തിച്ചു. അക്കാലത്ത് സൂപ്രണ്ടിംഗ് എൻജിനീയറായിരുന്ന ആർ.ആർ.ഉണ്ണിത്താൻ സ്റ്റേഷൻ എൻജിനീയർ സി.ബി.പിളള, മറ്റ് ശ്രേണികളിൽ ജോലി ചെയ്തിരുന്ന കാമത്ത്, രവീന്ദ്രൻ നായർ, മുരളീധരൻ, രവികുമാർ, പ്രഭാകരൻ നായർ, അരവിന്ദാക്ഷമേനോൻ, ബി.കെ.ജി നായർ തുടങ്ങിയവരെല്ലാം സാങ്കേതിക ജോലികളിൽ മികച്ച സേവനമാണ് നടത്തിയത്. ഗെയിംസിന്റെ സംപ്രേഷണം ഏകോപിപ്പിക്കാൻ അസി.സ്റ്റേഷൻ ഡയറക്ടർ ഉണ്ണി, പ്രൊഡ്യൂസർ ജോൺ സാമുവൽ, മദിരാശിയിൽ നിന്ന് വന്ന യമുനാ സുബ്രഹ്മണ്യം എന്നിവരുടെ ചുമതലയിൽ ഒരു സെൽ രൂപീകരിച്ചിരുന്നു. ഓരോ കായിക ഇനത്തിന്റെയും കമന്ററി നിർവ്വഹിക്കുന്നതിന്, മുൻകൂട്ടി ഓഡീഷൻ നടത്തി പരിശീലനം നൽകിയിരുന്നു. മേള നടന്ന എല്ലാ ദിവസങ്ങളിലും എല്ലാ ഇനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ദേശീയപരിപാടിയിലേക്ക് ഇംഗ്ലീഷിൽ ഒരു കാപ്‌സ്യൂൾ ഒരു മണിക്കൂർ സമയത്തേക്ക് തയ്യാറാക്കണം. അതിന്റെ അവതരണം കരുതലോടെ വേണ്ടിയിരുന്നു. പുതുമുഖങ്ങളെ അതിനായി നിയോഗിക്കുന്നതിൽ മറ്റുളളവർക്കെല്ലാം വൈമുഖ്യമുണ്ടായിരുന്നെങ്കിലും ആശാ ഫെർണാണ്ടസ് എന്ന വളരെ മിടുക്കിയായ യുവതിയെ അതിനായി നിയോഗിച്ചു. അവർ സ്തുത്യർഹമായി അതീവ വൈദഗ്ധ്യത്തോടെ ജോലി നിർവഹിച്ചു. ദേശീയ തലത്തിൽ വലിയ പ്രശംസ തേടി, സ്‌പോർട്‌സ് അവതാരകയായോ കമന്റേറ്ററായോ അവർ തുടർന്നിരുന്നുവെങ്കിൽ വലിയ ഉയരങ്ങൾ കീഴടക്കിയേനെ! അത്രയും പ്രശംസനീയമായി ജോലി ചെയ്തിരുന്നിനാൽ പേര് ഇപ്പോഴും ഓർമ്മിക്കുന്നു. ഒരു മണിക്കൂർ ക്യാപ്‌സൂൾ തയ്യാറാക്കിയിരുന്ന യമുനാ സുബ്രഹ്മണ്യവും (മദിരാശിയിൽ അവർ ശാസ്ത്ര, വിദ്യാഭ്യാസ പരിപാടികളുടെ പ്രൊഡ്യൂസറായിരുന്നു) ജോൺ സാമുവലും എക്കാലവും ഓർക്കത്തക്ക രീതിയിൽ നാഷണൽ ഗെയിംസിനു വേണ്ടി ജോലി ചെയ്തിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധി പങ്കെടുത്ത (അദ്ദേഹം ലക്ഷദ്വീപിൽ പുതുവത്സരം ആഘോഷിക്കാൻ അതുകഴിഞ്ഞാണ് പോയത്) വർണശബളമായ സമാപനചടങ്ങിന്റെ ദേശീയശൃംഖലയിലെ സംപ്രേഷണവും പ്രശംസ നേടി. അതിന് ശേഷം 1994ൽ പൂനെയിലും 1997ൽ ബാംഗ്ലൂരിലും 1999ൽ ഇംഫാലിലും വെച്ച് നടന്ന നാഷണൽ ഗെയിംസിന്റെ സംപ്രേഷണം ഡൽഹിയിൽനിന്ന് ഏകോപിപ്പിക്കാനും മേൽനോട്ടം വഹിക്കാനുമുളള ചുമതലയുണ്ടായിരുന്നു.
മുൻകാലങ്ങളിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും അതതു സംസ്ഥാനങ്ങളിലെ സംഘാടകരും ദേശീയ കായികമേളകളും മത്സരങ്ങളും സംപ്രേഷണം ചെയ്യുന്നതിന് ദൂരദർശനെ സമീപിക്കുകയായിരുന്നു പതിവ്. 1997ൽ ബാംഗ്ലൂർ നാഷണൽ ഗെയിംസിന്റെ സംഘാടകർ പക്ഷേ, സൗജന്യമായി ദൂരദർശനെ അതിനനുവദിക്കുകയില്ലെന്ന നിലപാടെടുത്തു. അത് ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല; അവർ കനത്ത സംഖ്യയായിരുന്നു അവകാശത്തുകയായി ആവശ്യപ്പെട്ടത്. സ്റ്റേഡിയങ്ങളിലെ പരസ്യബോർഡുകളിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ പ്രധാനപ്രഭവം ദൂരദർശൻ സംപ്രേഷണമാണെന്ന് എല്ലാവർക്കും അറിയാം; അതിൽ നിന്നൊരു പങ്ക് സംപ്രേഷണം നടത്തുന്ന ദൂരദർശന് അവകാശപ്പെട്ടതാണെന്ന് വാദിച്ചുനോക്കി. ദൂരദർശന് പരസ്യങ്ങളിലൂടെ കിട്ടുന്ന വരുമാനം തങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണെന്നും തങ്ങളാണ് മേളകളുടെ ടെലിവിഷൻ സിഗ്നലുകളുടെ അവകാശികളെന്നും അവർ വാദിച്ചു. ഈ ആവശ്യം പിന്നീടും ഉന്നയിക്കപ്പെട്ടിരുന്നു. ഒടുവിൽ ഫയൽ അക്കാലത്തെ മന്ത്രിയായിരുന്ന കെ.പി.സിങ് ദേവിന്റെ നയപരമായ തീരുമാനത്തിനയച്ചു. പരസ്യവരുമാനം സംഘാടകരും ദൂരദർശനും പപ്പാതിയായി പങ്കിടണമെന്നദ്ദേഹം ഫയലിൽ എഴുതി. അതൊരു നയപരമായ തീരുമാനമായി. കർണാടക ഗവണ്മെന്റിന് നൽകാനുളള ചെക്ക്, ഏതാനും മാസങ്ങൾ കഴിഞ്ഞ് പരസ്യത്തുക പിരിഞ്ഞുകിട്ടി, ജേൻസി കമ്മീഷനും കിഴിച്ച് ഒരു ചടങ്ങിൽ കൈമാറി.
1988 ൽ കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽവെച്ച് നടന്ന 41-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരത്തിന്റെ അനുഭവം കയ്‌പേറിയ ഒന്നായിരുന്നു. കേരളീയർക്ക് ഫുട്‌ബോൾ പ്രിയങ്കരമാണല്ലൊ. ഏപ്രിൽ 19ാം തീയതി സെമിഫൈനൽസും 21-ാം തീയതി ഫൈനലുമായിരുന്നു. ആയിടക്ക് ദൂരദർശൻ ഫുട്‌ബോൾ സംപ്രേഷണം ചെയ്യുമ്പോൾ പന്തിനെക്കാൾ കൂടുതൽ കാണിക്കുന്നത് സ്റ്റേഡിയത്തിലെ പരസ്യബോർഡുകളാണെന്നും അത് കർശനമായി ഒഴിവാക്കണമെന്നും അത് പാലിച്ചില്ലെങ്കിൽ വ്യക്തിപരമായ ഉത്തരവാദിത്വം ദൂരദർശൻ കേന്ദ്രങ്ങളുടെ മേധാവികൾക്കായിരിക്കുമെന്നും ഒരു ഓർഡർ വന്നിരുന്നു. കൊല്ലത്തുനിന്ന് സെമിഫൈനൽ ദേശീയ ചാനലിൽ സംപ്രേഷണം ചെയ്തുകഴിഞ്ഞയുടനെ ഡൽഹിയിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എ.എസ്.ഗ്രെവാൾ എന്നെ ഫോണിൽ വിളിച്ചു. അവർക്ക് വിശ്വസനീയമായ കേന്ദ്രത്തിൽനിന്ന് പരാതി ലഭിച്ചിരിക്കുന്നു: സന്തോഷ് ട്രോഫിയുടെ സംഘാടകരും മാച്ച് സ്‌പോൺസർ ചെയ്തവരും ദൂരദർശൻ കേന്ദ്രത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെയും സാങ്കേതികവിഭാഗക്കാരെയും 'കാണേണ്ടതുപോലെ' കണ്ടിരിക്കുന്നു, ഗണ്യമായ അഴിമതി നടന്നിരിക്കുന്നു! സംഘാടകസമിതിയുടെ പ്രമുഖൻ അക്കാലത്തെ കൊല്ലത്തെ പ്രതിനിധീകരിക്കുന്ന സഹമന്ത്രിയുമാണ്. അദ്ദേഹത്തിന്റെ ഉത്സാഹത്തിലാണ് കൊല്ലത്ത് സന്തോഷ് ട്രോഫി നടക്കുന്നതു തന്നെ. പരാതി കേട്ടപ്പോൾ ഞെട്ടുക മാത്രമല്ല, അരിശവും തോന്നി. ഫോണിൽ സംസാരിച്ചപ്പോൾ ഗ്രെവാൾ സർക്കുലറിന്റെ കാര്യവും ഉത്തരവാദിത്വവും ചൂണ്ടിക്കാട്ടി.
ഫൈനൽ മത്സരം നടക്കുന്നതിന് മുമ്പ് നേരത്തേ തന്നെ ഞാനും സൂപ്രണ്ടിംഗ് എഞ്ചിനീയറും സ്റ്റേഡിയത്തിൽ കടന്ന് ക്യാമറകളിൽ കൂടി വരുന്ന ദൃശ്യങ്ങൾ വ്യൂഫൈൻഡറിൽ കണ്ടു; പ്രത്യേക ഉയരത്തിനപ്പുറമുളള പരസ്യബോർഡുകൾ ക്യാമറകളുടെ നീക്കത്തിനനുസരിച്ച് ഒഴിവാക്കാമെന്ന് കണ്ടു. ക്യാമറകൾ ഒരു നിശ്ചിത ഉയരത്തിനപ്പുറം പോകരുതെന്നും ലോക്ക് ചെയ്യണമെന്നും നിർദ്ദേശം നൽകി. മത്സരത്തിന്റെ ആദ്യ പകുതി വരെ പരസ്യബോർഡുകൾ കുറെയധികം ഒഴിവായി. അതുകൊണ്ട് ഗുണം കിട്ടുമെന്ന് വിചാരിച്ച സ്‌പോൺസർമാർ കടുത്ത നിരാശയിലായി. അവർ മന്ത്രിയെ വിളിച്ചു; അദ്ദേഹം ക്ഷുഭിതനായി എന്നെ വിളിച്ചപ്പോൾ ഞാൻ കാര്യങ്ങൾ തുറന്നുപറഞ്ഞു. എനിക്ക് മേലധികാരികളിൽനിന്ന് നേരിട്ട് നിർദ്ദേശം കിട്ടിയാലേ ക്യാമറയുടെ ചലനങ്ങൾ ചടുലമാവൂ എന്ന് ഭവ്യതയോടെ പറഞ്ഞു. ഫൈനൽ മത്സരത്തിന്റെ ഇന്റർവെൽ തുടങ്ങുമ്പോൾ ഡൽഹിയിൽനിന്ന് ഡയറക്ടർ ജനറൽ ശിവ്ശർമ്മ ഒ.ബി വാനിലെ ഫോണിൽ വിളിച്ച് അത്രയും കണിശമായി ക്യാമറകൾ പരസ്യബോർഡുകളെ ഒഴിവാക്കേണ്ടതില്ലെന്ന് ചിരിച്ചുകൊണ്ട് നിർദ്ദേശം തന്നു. സ്‌റ്റേഡിയത്തിലെ പ്രൊഡക്ഷൻ ടീമിന് അദ്ദേഹവുമായി സംസാരിക്കുമ്പോൾ തന്നെ പൂർണ്ണസ്വാതന്ത്ര്യത്തോടെ നിയന്ത്രണങ്ങളില്ലാതെ ക്യാമറകളിലൂടെ ദൃശ്യങ്ങൾ പകർത്താമെന്ന നിർദ്ദേശം നല്കി. ശിവ് ശർമ്മ എന്നോട് പറഞ്ഞു, '' പന്തിനെ പിന്തുടരുക, കരുതിക്കൂട്ടി പരസ്യബോർഡുകൾ ഒഴിവാക്കേണ്ടതില്ല. നിങ്ങളൊരു കടുംപിടുത്തക്കാരൻ തന്നെ(stickler)! പക്ഷേ, നിലനിൽപിന് അത് പ്രയാസങ്ങളുണ്ടാക്കും!'' അത് സംഭവിക്കുക തന്നെ ചെയ്തു; അതൊരു നീണ്ട കഥ.






