Sorry, you need to enable JavaScript to visit this website.

വിവാദങ്ങളുടെ പെരുമഴ, ബ്രസീലിനെ ഇക്വഡോര്‍ തളച്ചു

ക്വിറ്റൊ - റഫറിയിംഗ് വിവാദങ്ങള്‍ കൊണ്ട് നിറംകെട്ട ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെ ഇക്വഡോര്‍ 1-1 ന് തളച്ചു. ബ്രസീല്‍ ഗോള്‍കീപ്പര്‍ അലിസന്‍ ബെക്കര്‍ക്ക് രണ്ടു തവണ ചുവപ്പ് കാര്‍ഡ് ലഭിച്ചെങ്കിലും രണ്ടും വീഡിയൊ റിവ്യൂയിലൂടെ അസാധുവാക്കി. ആറാം മിനിറ്റില്‍ ബ്രസീലിന്റെ കസിമീരോയും എഴുപത്തഞ്ചാം മിനിറ്റില്‍ ഇക്വഡോറിന്റെ ഫെലിക്‌സ് ടോറസും സ്‌കോര്‍ ചെയ്തു. ഇരു ടീമുകളും പത്തു പേരുമായാണ് കളിയവസാനിപ്പിച്ചത്. നേരത്തെ ബ്രസീല്‍ ഫൈനല്‍ റൗണ്ടിലെത്തിയിട്ടുണ്ട്. 14 യോഗ്യതാ മത്സരങ്ങളില്‍ പതിനൊന്നും ജയിച്ച ബ്രസീല്‍ അജയ്യരായി മുന്നേറുകയാണ്. ഇക്വഡോര്‍ മൂന്നാം സ്ഥാനത്തുണ്ട്. ചൊവ്വാഴ്ച പെറുവിനെ തോല്‍പിച്ചാല്‍ ഫൈനല്‍ റൗണ്ടിലെത്താം. പരിക്കേറ്റ നെയ്മാര്‍ ഇല്ലാതെയാണ് ബ്രസീല്‍ കളിച്ചത്. 
കൊളംബിയക്കാരനായ റഫറി വില്‍മര്‍ റോള്‍ഡന്റെ നിരവധി വിധികള്‍ വീഡിയൊ റിവ്യൂയിലൂടെ തിരുത്തപ്പെട്ടു. റോള്‍ഡന്‍ ഫൗള്‍ പോലും വിളിക്കാത്ത അവസരത്തിലാണ് വീഡിയോ റിവ്യൂയിലൂടെ ഇക്വഡോര്‍ ഗോളിക്ക് നേരിട്ട് ചുവപ്പ് കാര്‍ഡ് കിട്ടിയത്. പതിനാറാം മിനിറ്റില്‍ ബോക്‌സിന് മുന്നില്‍ ഇക്വഡോര്‍ ഗോളി അലക്‌സാണ്ടര്‍ ഡോമിംഗസ് ബ്രസീല്‍ സ്‌ട്രൈക്കര്‍ മാത്യൂസ് കുഞ്ഞയുടെ കഴുത്തിനു നേരെ കാലുയര്‍ത്തുകയായിരുന്നു. ഇരുപതാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടി ബ്രസീല്‍ ഡിഫന്റര്‍ എമേഴ്‌സന്‍ പുറത്തായി. 
പത്തു മിനിറ്റിനു ശേഷമാണ് ആലിസന് ചുവപ്പ് കാര്‍ഡ് കാണിച്ചത്. ഒരു ക്ലിയറന്‍സിനിടെ എതിരാളിയുടെ തലക്കു ചവിട്ടിയതിനാണ് ഇത്. എന്നാല്‍ വീഡിയൊ ഇടപെടലിനെത്തുടര്‍ന്ന് അത് മഞ്ഞക്കാര്‍ഡായി ചുരുക്കി. 
രണ്ടാം പകുതിയില്‍ ഇക്വഡോറിന് രണ്ട് തവണ പെനാല്‍ട്ടി അനുവദിച്ചെങ്കിലും രണ്ടും വീഡിയൊ റിവ്യൂയിലൂടെ റഫറി അസാധുവാക്കി. രണ്ടാമത്തെ പെനാല്‍ട്ടി ഇഞ്ചുറി ടൈമിലായിരുന്നു. ഇത്തവണ വീണ്ടും അലിസന് മഞ്ഞക്കാര്‍ഡ് കാണിച്ചു. രണ്ടാം മഞ്ഞക്കാര്‍ഡോടെ ഗോളി പുറത്താവേണ്ടതായിരുന്നു. എന്നാല്‍ റിവ്യൂയില്‍ ആ മഞ്ഞക്കാര്‍ഡ് അസാധുവാക്കി. 

Latest News