Sorry, you need to enable JavaScript to visit this website.

കനൽക്കൂമ്പാരം

ഖബറടക്കം കഴിഞ്ഞു വിങ്ങിപ്പൊട്ടിയ  മനസ്സുമായി നേരെ വീട്ടിലെത്തി, ചുമർക്കൊളുത്തിൽ തൂങ്ങിക്കിടക്കുന്ന   ഉപ്പയുടെ പാന്റ്‌സിൽ കോർത്ത പിന്നിയ റെക്‌സൻ ബെൽറ്റിലെ  മങ്ങിയ ബക്ക്ൾസ്.. അവന്റെ  മനസ്സിലെ തീ ഒന്നു കൂടി ജ്വലിച്ചു. വിതുമ്പലോടെ അനിയന്ത്രിതമായി ചുമരിലൂർന്ന് തറയിലിരുന്നു..
 
പെങ്ങന്മാരുടെ ഏങ്ങലും  ഉമ്മയുടെ നിലവിളിയും കെട്ടടങ്ങിയിരുന്നില്ല.. ഓർമ്മ വെച്ച നാൾ മുതൽ ഉപ്പ പ്രവാസിയാണ്...  കൂട്ടുകാരുമായി അടിച്ചുപൊളിക്കാൻ ചോദിച്ച കാശു കിട്ടാത്തപ്പോൾ  പരിഹാസച്ചുവയോടെ നോവിച്ചിട്ടുണ്ട്.... അപ്പോഴെല്ലാം മ്ലാനതയിൽ ഒന്ന് മന്ദഹസിക്കും...  ഉമ്മ രൂക്ഷതയുടെ കണ്ണെറിഞ്ഞു ഉപ്പയെ നിർനിമേഷനായി നോക്കി നിൽക്കും. വിധേയത്വത്തിൻറെ അങ്ങേയറ്റം ആ കണ്ണുകളിൽ വായിച്ചെടുക്കാം.
 
എനിക്ക് ഉപ്പയെ മനസ്സിലാക്കാൻ കഴിഞ്ഞില്ല.. പഠിപ്പിച്ചു വല്യ ആളാക്കാൻ  ഹോസ്റ്റലിൽ ചേർത്തു.. സഹപാഠികളോടു മത്സരിക്കാൻ ബ്രാൻഡഡ്്് മൊബൈലും ഉടുപ്പുകളും നിരന്തരം ഉപ്പയെ ശല്യംചെയ്തു കവർന്നെടുത്തു..  ഇന്നലെയും സ്‌നേഹത്തോടെ ഫോണിൽ സംസാരിച്ചിരുന്നു... വാട്‌സ്ആപ്പിൽ വൈറലായ ഒരു ക്ലിപ്പ് നോക്കുന്ന തിരക്കിൽ ഉപ്പയോട് ഒന്നും രണ്ടും മൂളി ഒഴിവാക്കി..... ഇനിയില്ലല്ലോ..... ഇന്ന് പുലർച്ചക്കാ........ പുറപ്പെടാൻ സന്ദേശം... എല്ലാം കഴിഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ഷോപ്പിംഗ് മാളിലെ വിലകൂടിയ ബ്രാന്റഡ്്് ലെതർ ബെൽറ്റ് ഉപ്പ തിരിച്ചും മറിച്ചും നോക്കുമ്പോൾ എന്റെ ഉള്ളിലെ പുച്ഛം തികട്ടി വന്നു.
 
''നിങ്ങൾ അത് വാങ്ങില്ല, വെറുതെ എന്തിനാ.?''
 
അപ്പോഴും ഉമ്മ നിസ്സഹായയായി എന്നെ തുറിച്ചുനോക്കി... അന്നും ഞങ്ങൾക്കിഷ്ടപ്പെട്ട ഉടുപ്പ് വാങ്ങിത്തന്നിരുന്നു.. മന്ദഹാസത്തിലും അയാൾ മനസ്സിൽ പറഞ്ഞു.. ''നിനക്ക് എന്നെ അറിയുന്നതിന് മുമ്പ് ഇതിലും വിലകൂടിയതാ ഞാൻ ഉപയോഗിക്കാറ്... ഇപ്പോൾ.... നീയും അതിന്റെ
താഴെ രണ്ടും... വീതിച്ചപ്പോ ഞാൻ സ്വയം...''
 
നിറമിഴികളിൽ ചുടുകണ്ണുനീർ വാർന്നൊഴുകി... ഇനിയെന്നാ ആ കാലിൽ വീണു മാപ്പിരക്കാനൊരവസരം കിട്ടുക.... അടങ്ങുന്നില്ല, അവന്റെയുള്ളിലെ കനൽക്കൂമ്പാരം.

Latest News