Sorry, you need to enable JavaScript to visit this website.

കുത്തിത്തറച്ച മുള്ളുകൾ

അശോക് ഓഗ്ര
രാജീവ് രത്‌ന ഷാ
രതികാന്ത് ബസു

1993 ജനുവരിയിലാണ് ഡൽഹി ദൂരദർശൻ കേന്ദ്രം ഡയറക്ടർ സ്ഥാനത്തു നിന്ന് മാറ്റി കൺട്രോളർ ഓഫ് സെയിൽസ് ആയി എന്നെ നിയമിക്കുന്നത്. ആസ്ഥാനം മണ്ഡിഹൗസിൽ തന്നെയാണെങ്കിലും അതൊരു സ്വതന്ത്ര ഓഫീസാണ്. പരസ്യങ്ങളുടെ സ്റ്റോറി ബോർഡുകൾ അംഗീകരിക്കുന്നതു തൊട്ട് അവയുടെ ബുക്കിംഗ് സ്വീകരിക്കുകയും ഷെഡ്യൂൾ ചെയ്ത് പരസ്യഏജൻസികൾക്ക് കമ്മീഷൻ നൽകുന്നതുമെല്ലാം ആ ഓഫീസിന്റെ ചുമതലയിലാണ്. പക്ഷേ, പുതിയ ജോലിയിൽ എന്നെ സഹായിക്കാൻ പ്രഗത്ഭരും സമർത്ഥന്മാരുമായ രണ്ട് സഹപ്രവർത്തകരുണ്ടായിരുന്നു: പിന്നീട് ഡിസ്‌കവറി ചാനൽ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയപ്പോൾ അതിന്റെ ആദ്യത്തെ സി.ഇ.ഒ ആയി ദൂരദർശൻ വിട്ട അശോക് ഓഗ്ര, എക്കൗണ്ട്‌സ് ഓഫീസർ ജെ.എസ്.ഭാഡോരിയ എന്നിവരും അസിസ്റ്റന്റ് കൺട്രോളർ ശശാങ്ക് നാരായണും പുതിയ ജോലി എന്നെ പഠിപ്പിച്ചു. 1994 മെയ് മാസത്തിൽ പ്രൊമോഷൻ കിട്ടുന്നതുവരെ ഞാൻ ആ ജോലിയിൽ തുടർന്നു. എന്റെ മറ്റ് രണ്ട് പ്രധാനചുമതലകളായിരുന്ന സ്‌പോർട്‌സ്, ന്യൂസ് ആൻഡ് കറന്റ് അഫയേഴ്‌സിലും  മിടുക്കൻമാരായ ഡെപ്യൂട്ടി കൺട്രോളർമാരും അസിസ്റ്റന്റ് കൺേട്രാളർമാരുമുണ്ടായിരുന്നു. ലോക്‌സേവാസഞ്ചാർ പരിഷത്ത് എന്ന പൊതുതാൽപര്യസന്ദേശങ്ങൾ നിർമ്മിക്കുന്നതിനുളള, പരേതനായ ശങ്കർേഘാഷിന്റെ അധ്യക്ഷതയിലുളള പ്രഗത്ഭമതികളുടെ സെക്രട്ടറി എന്ന ചുമതലയും കൂട്ടത്തിലുണ്ടായിരുന്നു. സഹായിക്കാൻ ദൂരദർശന്റെ പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്ന കഠിനാധ്വാനിയും പ്രസന്നവതിയുമായ ശ്രീമതി സൂരത് മിശ്രയായിരുന്നു.

    ദൂരദർശന്റെ കുത്തക അവസാനിക്കുമ്പോഴാണ് വിപണനവിഭാഗത്തിന്റെ ചുമതല. പരസ്യ ഏജൻസികളും അവരുടെ സംഘടനയായ എഎഎഐ, പരസ്യങ്ങളെക്കുറിച്ചുളള പരാതികൾ കൈകാര്യം ചെയ്യുന്ന അഡ്വർട്ടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ, പരസ്യദാതാക്കളുടെ സംഘടനയായ ഇന്ത്യൻ സൊസൈറ്റി ഓഫ് അഡ്വർട്ടൈസേഴ്‌സ് എന്നിവയുമായി നല്ല ബന്ധങ്ങൾ അത്യാവശ്യമായിരുന്നു. ഏറ്റവും വലിയ പരസ്യദാതാക്കളായിരുന്ന ഹിന്ദുസ്ഥാൻ ലീവർ ലിമിറ്റഡ്, പ്രൊക്ടർ ആൻഡ് ഗാംബിൾ,കോൾഗേറ്റ്, പാമോലിവ് തുടങ്ങിയ വലിയ പരസ്യദാതാക്കളുടെ മാർക്കറ്റിംഗ് വിഭാഗവുമായും ലിൻടാസ്, എച്ച്ടിഎ, ഒഗിൾ വി ആൻഡ് മേത്തർ (ഒ &എം) മാഡിസൺ തുടങ്ങിയ വലിയ പരസ്യ ഏജൻസികളുടെ പ്രതിനിധികളും ദൂരദർശന്റെ സെയിൽസ് വിഭാഗവുമായി നിരന്തരബന്ധം പുലർത്തിയിരുന്നു. പലപ്പോഴും പരസ്യങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങളിൽ കൂടക്കൂടെ ബോംബെയിലേക്ക് യാത്ര പോകേണ്ടതുമുണ്ടായിരുന്നു. ജോലി  ധാരാളമുണ്ടായിരുന്നെങ്കിലും അതിനെക്കുറിച്ച് പ്രായോഗികമായ കാര്യങ്ങൾ അനുഭവത്തിൽ നിന്ന് പഠിക്കാനും പരസ്യങ്ങളെക്കുറിച്ചുളള മാർഗ്ഗരേഖയായ 'കോഡ്' ഗ്രഹിക്കാനും കഴിഞ്ഞു. സാമാന്യം വൈദഗ്ധ്യം തന്നെ നേടി. 

     ആ വിഭാഗത്തിലെ ഏറ്റവും വലിയ തലവേദനയായിരുന്നു ദൂരദർശനിലെ പരസ്യങ്ങളുടെ സംപ്രേഷണത്തിന്റെ വകയിൽ പിരിഞ്ഞുകിട്ടാനുളള തുക കിട്ടുന്നതിലുളള ബുദ്ധിമുട്ട്. പരസ്യങ്ങൾ നൽകുന്ന ഏജൻസികൾ ആദ്യം രജിസ്റ്റർ ചെയ്യണം; പരസ്യത്തിനുളള തുക മുൻകൂറായി നൽകണം. അതുകഴിഞ്ഞ് ഒരു നിശ്ചിതതുകയ്ക്കുള്ള വ്യാപാരം നടത്തിയാൽ ഏജൻസികൾക്ക് അക്രഡിറ്റേഷൻ ലഭിക്കും; അപ്പോൾ ഒരു നിയമപ്രകാരമുളള തുക ബാങ്ക് ഗാരന്റി നൽകിയാൽ പരസ്യങ്ങൾ സംപ്രേഷണം ചെയ്തുകഴിഞ്ഞാൽ പണം അടയ്ക്കുന്നത് 90 ദിവസങ്ങൾക്കുളളിൽ മതി. അത് പിന്നീട് 120 ദിവസം വരെ നീട്ടി. എന്നിട്ടും ചിലർ ആ കടം വീട്ടാതെ വരുമ്പോൾ അത് കിട്ടാക്കടമായി വളരുന്നു. അവർ പിന്നെയും പരസ്യങ്ങൾ തന്നില്ലെങ്കിൽ തുക ബാക്കിയാണ്. ഗവണ്മെന്റിന്റെ കരിമ്പട്ടിക ഒരു ഭീഷണിയായിട്ടും, കിട്ടാക്കടം എഴുതിത്തളളാൻ വകുപ്പില്ലാതിരുന്നാലും പലപ്പോഴും പാർലമെന്റിന്റെ കമ്മിറ്റികളിൽ വിശദീകരിക്കാൻ  വളരെ ബുദ്ധിമുട്ടായിരുന്നു. ദൂരദർശനിൽ പരമ്പരകളുടെ വർദ്ധനവോടെ പരസ്യ ഏജൻസികൾക്ക് പുറമെ പരമ്പര നിർമാതാക്കളുടെ സ്വന്തമായ മാർക്കറ്റിംഗ് ഏജൻസികൾ കൂടി വന്നതോടെ കിട്ടാക്കടം കൂടുകയും വിമർശനങ്ങൾ വർദ്ധിക്കുകയും ചെയ്തു. ഇലയ്ക്കും മുളളിനും കേടില്ലാതെ നീതിയുക്തമായി,മുഖം നോക്കാതെ പൊതുതാൽപര്യം(സർക്കാർ) സംരക്ഷിക്കേണ്ടിയിരുന്നു. പ്രലോഭനങ്ങൾക്കോ ഭീഷണികൾക്കോ വശംവദനായിട്ടില്ല! കടുത്ത മത്സരമുളള ടെലിവിഷൻ വിപണിയിൽ, സ്വകാര്യമേഖലയുമായി തുലനം പോയിട്ട് ചിന്തിച്ചുനോക്കാൻ പോലും പറ്റാത്ത രീതിയിൽ, സർക്കാർ നിയമങ്ങളുടെ ചങ്ങലക്കെട്ടുകളുണ്ടായിരുന്നു. അവ പാലിക്കപ്പെടുക തന്നെ ചെയ്തു.

    ദേശീയപരിപാടികളിൽ പരമ്പരകൾ നിർമ്മിക്കുന്നവരിൽ ചിലരിൽ നിന്ന് കനത്ത തുക കിട്ടാക്കടമായി ഉണ്ടായിരുന്നു. ഇക്കൂട്ടർ സാധാരണ ചെയ്യുന്നത് പരമ്പരകളുടെ എപ്പിസോഡുകളുടെ എണ്ണം കൂട്ടാൻ അപേക്ഷ നൽകും. പരമ്പര നിർത്തിക്കഴിഞ്ഞാൽ പിന്നെ വിപണനം മുടങ്ങും എന്നതായിരുന്നു ന്യായം. അതിൽ കഴമ്പുണ്ടെന്ന് അംഗീകരിച്ചുകൊണ്ട് തുടരണമെങ്കിൽ കിട്ടാനുളള തുക തവണകളായി അടയ്ക്കാനുളള പഴുത് അവർക്ക് നൽകിയിരുന്നു.

    മിക്കവരും ഈ പഴുതുപയോഗപ്പെടുത്തി, പരമ്പരകൾ തുടർന്നു. കൂട്ടത്തിൽ ഒരു വിവാദചരിത്രപുരുഷനെക്കുറിച്ചുളള പരമ്പരയെടുത്തിരുന്ന വ്യക്തി കനത്ത സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. കടംവീട്ടൽ പരിപാടി നടപ്പിലാക്കുമ്പോൾ തവണകളായടക്കുക എന്നത് എല്ലാവർക്കും ബാധകമായതിനാൽ, ഒരു തവണയെങ്കിലും അതടയ്ക്കാതെ പരമ്പര നീട്ടുന്നത് ചോദ്യം ചെയ്യപ്പെടുമെന്നും അത് പൻഡോറയുടെ പെട്ടി തുറക്കുന്നത് പോലെയാവുമെന്ന സഹപ്രവർത്തകരുടെ വാദത്തോട് പൂർണ്ണമായി യോജിക്കുകയും ഫയലിൽ വിശദമായി എഴുതിവയ്ക്കുകയും ചെയ്തു. ഇത് എന്റെ മേലധികാരികളെ തൃപ്തരാക്കിയില്ല. അതവർ പകയോടെ മനസ്സിൽവെച്ചു.

    മറ്റൊരായുധം എനിക്കെതിരായി പ്രയോഗിച്ചത് തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ഒരു നീണ്ട പരമ്പരയായിരുന്നു , വിഖ്യാതമായ നോവലിന്റെ കഥയുടെ നിർമ്മാതാവ് ഒരു സർദാർജിയായിരുന്നു. ആദ്യ 52 എപ്പിസോഡുകൾക്കായിരുന്നു അനുമതി തേടിയിരുന്നത്; സംവിധായകൻ, പൂനാ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ പഠിച്ചിരുന്ന ആർട്ട് സിനിമയെടുത്ത് അവാർഡ് നേടിയ വ്യക്തിയും. എപ്പിസോഡുകളുടെ എണ്ണം 104 ആയി. പിന്നെയും കൂട്ടി. പക്ഷേ ദൂരദർശൻ കേന്ദ്രത്തിന് അടക്കേണ്ട പണം കൂടിക്കൊണ്ടേയിരുന്നു. പരമ്പരയിലെ എപ്പിസോഡുകൾ കൂട്ടുന്നതിനെക്കുറിച്ച് ബന്ധപ്പെട്ട വിഭാഗത്തിൽനിന്ന് ഫയലിൽ, കുടിശ്ശിക കീറാമുട്ടിയായതിനാൽ തീരുമാനമെടുക്കുന്നതിനായി വരുന്നുണ്ടെന്ന് നിർമാതാവ് കണ്ടുപിടിച്ചു, ഓഫീസിൽ മുൻകൂട്ടി നിശ്ചയിച്ചോ അല്ലാതെയോ വരുന്ന ആരെയും, മറ്റ് തിരക്കുകളില്ലെങ്കിൽ കാണാറുണ്ടായിരുന്നു. പക്ഷേ, ഈ നിർമ്മാതാവ്, ഡൽഹി ദൂരദർശൻ കേന്ദ്രത്തിലെ, മദിരാശിയിലെ എന്റെ സഹപ്രവർത്തകനായിരുന്ന ഒരാളെയാണ് സമീപിച്ചത്; അയാൾ എന്നെ വിളിച്ചുപറഞ്ഞപ്പോൾ ഞാൻ വരാനും പറഞ്ഞു. വരുന്നതിന് മുമ്പ് വിവരങ്ങൾ തിരക്കിയപ്പോഴാണ് വസ്തുതകൾ മനസ്സിലായത്. കാര്യങ്ങൾ വിശദീകരിച്ചു കഴിഞ്ഞ് ഏതാനും നിമിഷങ്ങൾക്കകം കൂടിക്കാഴ്ച അവസാനിക്കുകയും ചെയ്തു. ഫയൽ വന്നപ്പോൾ കുടിശ്ശികയെ സംബന്ധിച്ച് ഒരുറപ്പുമില്ലാത്തതിനാൽ നീട്ടരുതെന്ന ശുപാർശ ഞാൻ അംഗീകരിക്കുകയും ചെയ്തു. പക്ഷേ, ഈ നിർമാതാവ് എനിക്കെതിരായ ഗുരുതരമായ ആരോപണങ്ങളാണ് മറ്റുളളവരോട് ഉന്നയിച്ചത്. അദ്ദേഹം പഞ്ചാബിലെ മന്ത്രിയുടെ അടുത്ത ആളാണെന്നും ഒരിക്കലും അസത്യം പറയാത്ത വ്യക്തിയാണെന്നും, അതിനാൽ എനിക്കെതിരായി ഒരു അന്വേഷണം നടത്തണമെന്നുമൊക്കെ പറയപ്പെട്ടു. ഏതായാലും വിനോദവ്യവസായരംഗത്തിന്റെ നിയമവശങ്ങൾ കൂലങ്കഷമായി പഠിക്കാൻ അത് സഹായകമായി. 

Latest News