Sorry, you need to enable JavaScript to visit this website.

അജീഷിന്റെ ഫ്രെയിമിൽ നഗരത്തിന്റെ മിടിപ്പുകൾ

സ്ട്രീറ്റ് ഫോട്ടോഗ്രഫിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന മലയാളി കലാകാരനാണ് അജീഷ് പുതിയടത്ത്. ഐ.ടി. എഞ്ചിനീയറായി ജോലി ചെയ്യുമ്പോഴും ഈ ചെറുപ്പക്കാരന്റെ മനസ്സിൽ കലയുടേയും സംസ്‌കാരത്തിന്റേയും നൈസർഗിക ഭാവങ്ങൾ ഒപ്പിയെടുക്കുവാനുള്ള വ്യഗ്രതയാണ്.
ചെറുപ്പത്തിലേ ഫോട്ടോഗ്രഫി അജീഷിന് പാഷനാണ് . വീട്ടിൽ ഒരു പഴയ കാമറയുണ്ടായിരുന്നത് ഉപയോഗിച്ചാണ് ബാലപാഠങ്ങൾ പഠിച്ചെടുത്തത്. കൂട്ടുകാരിൽ പലരും വെഡ്ഡിംഗ് ഫോട്ടോഗ്രാഫേർസും മറ്റുമായി വളർന്നപ്പോൾ അവരുടെ കാമറകളും ഇടക്കൊക്കെ ഉപയോഗിക്കുമായിരുന്നു. എന്നാൽ പ്ളാൻ ചെയ്തെടുക്കുന്ന ഫോട്ടോകളോട് അജീഷിന് താൽപര്യമില്ല. തികച്ചും യാദൃഛികമായ ദൃശ്യങ്ങളും പോസുകളുമാണ് അജീഷ് എന്നും ഇഷ്ടപ്പെടുന്നത്.ജീവിതത്തിലെ അമൂല്യ മുഹൂർത്തങ്ങളും കാഴ്ചകളും ഒപ്പിയെടുത്താണ് അജീഷ് തന്റെ ഈ പാഷൻ മുന്നോട്ടുകൊണ്ടുപോകുന്നത്. കോളേജ് ജീവിതത്തിന്റെ അവിസ്മരണീയമായ പല മുഹൂർത്തങ്ങളും തന്റെ ശേഖരത്തിൽ ഭദ്രമാണെന്നത് ഏറ്റവും വലിയ നേട്ടമായാണ് അജീഷ് കരുതുന്നത്. ഓർമകളെ താലോലിക്കുന്ന ഫോട്ടോകൾ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ് നൽകുക. പല കൂട്ടുകാരും ഈ ഫോട്ടോകൾ കാണാനായി മാത്രം തന്നെ സന്ദർശിക്കാറുണ്ട്. തന്റെ ഫോട്ടോകൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതും താൻ തന്നെയാണെന്നാണ് അജീഷിന്റെ അഭിപ്രായം.പച്ചയായ ജീവിത യാഥാർഥ്യങ്ങളെ തനതായ രൂപത്തിൽ പകർത്തുന്നുവെന്നതിനാൽ സ്ടീറ്റ് ഫോട്ടോഗ്രഫിക്ക് മനുഷ്യ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. സാംസ്‌കാരിക ജീവിതത്തിന്റെ നിദർശനങ്ങളായും പുരോഗതിയുടെ അടയാളങ്ങളായും മാറുന്ന പല ചിത്രങ്ങളും സ്ട്രീറ്റ് ഫോട്ടോഗ്രഫിയെ സവിശേഷമാക്കും.


നഗരം ചുമലുകളിൽ എന്ന അടിക്കുറിപ്പോടെ ഖത്തറിന്റെ വികസന പദ്ധതികളും ലോക കപ്പ് ഒരുക്കങ്ങളും ഒപ്പിയെടുത്ത അജീഷിന്റെ ഫോട്ടോക്ക് 2021 ൽ പാരിസ് ഇന്റർനാഷനൽ സ്ട്രീറ്റ് ഫോട്ടോ അവാർഡ്‌സിൽ സ്ട്രീറ്റ് ആന്റ് ആർക്കിടെക്ചർ വിഭാഗത്തിൽ ഗ്രാൻഡ് വിന്നർ പുരസ്‌കാരം ലഭിച്ചിരുന്നു. ഇതേ മൽസരത്തിൽ കഴിഞ്ഞ വർഷം സിൽവർ, ബ്രോൺസ് പുരസ്‌കാരങ്ങളും അജീഷിനായിരുന്നു.
ഒരു ദിവസം കോർണിഷിലൂടെ യാത്ര ചെയ്യുമ്പോൾ രണ്ട് തൊഴിലാളികൾ മാർബിൾ ചുമന്ന് പോകുന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടനെ വണ്ടി ഒരു സൈഡിൽ പാർക്ക് ചെയ്ത് കോർണിഷിലെ പടുകൂറ്റൻ ബിൽഡിംഗുകളുടെ പശ്ചാത്തലത്തിൽ ക്ളിക്ക് ചെയ്തു. വിശാലമായ മാനങ്ങളുള്ള ഫോട്ടോയായി മാറുകയും അന്താരാഷ്ട്ര പുരസ്‌കാരം നേടുകയും ചെയ്തു.


കോർണിഷിലെ വലിയ ബ്വിൽഡിംഗുകൾ രണ്ട് തൊഴിലാളികൾ തങ്ങളുടെ ചുമലിലേറ്റി നിൽക്കുന്ന പോലെയാണ് ചിത്രം വിലയിരുത്തപ്പെട്ടത്. ഏറെ തൻമയത്വത്തോടെയാണ് അജീഷ് ആ മുഹൂർത്തം ഒപ്പിയെടുത്തത്. തൊഴിലാളികളുടെ വിയർപ്പൊഴുക്കാതെ ഒരു കെട്ടിടവും കെട്ടിപ്പൊക്കാനാവില്ലെന്നതാണ് തന്റെ ഫോട്ടോ അടിവരയിടുന്നതെന്ന് അജീഷ് പറഞ്ഞു. എല്ലാ വികസനത്തിന്റേയും പുരോഗതിയുടേയും കാരണക്കാരായും കാവൽക്കാരായും സാധാരണ തൊഴിലാളികളുമുണ്ടാകുമെന്ന യാഥാർഥ്യമാണ് അജീഷിന്റെ ചിത്രത്തെ ലോകോത്തര പുരസ്‌കാരത്തിന് അർഹമാക്കിയത്.കഴിഞ്ഞ 7 വർഷത്തോളമായി ഫോട്ടോഗ്രഫിയിൽ സജീവമായ അജീഷിന് 2019 ലെ ഖത്തർ മ്യൂസിയത്തിന്റെ ഇയർ ഓഫ് കൾച്ചർ പുരസ്‌കാരം, ഇന്റർനാഷണൽ ഫോട്ടോഗ്രഫി അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.കതാറയിൽ പ്രദർശിപ്പിച്ച അജീഷ് പുതിയടത്തിന്റെ ഫോട്ടോകൾ ഖത്തർ മ്യൂസിയംസ് സ്പോൺസർ ചെയ്ത് ഡൽഹിയിലും പ്രദർശിപ്പിച്ചിട്ടുണ്ട്.

ന്യൂയോർക്ക് , വാഷിംഗ്ടൺ, മിനപോളിസ്, റോം എന്നിവിടങ്ങളിലും വിവിധ എക്സിബിഷനുകളിൽ അജീഷ് പുതിയടത്തിന്റെ ഫോട്ടോകൾ സ്ഥാനം പിടിച്ചിരുന്നു.തലശ്ശേരിയിൽ അധ്യാപകനായിരുന്ന പരേതനായ അച്യുതന്റേയും ഡോ. വിമലയുടേയും ഏക മകനായ അജീഷ് ചെന്നൈ ആശാൻ മെമ്മോറിയൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്ത് ബാംഗളൂർ, തിരുവനന്തുപുരം, മുംബൈ എന്നിവിടങ്ങളിൽ കുറഞ്ഞ കാലം ജോലി ചെയ്ത അനുഭവ സമ്പത്തുമായാണ് 2016 ൽ ദോഹയിലെത്തിയത്. 
ഖത്തറിലെ പ്രമുഖ ഐ.ടി. കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന അജീഷ് ഖത്തറിലെത്തിയ ശേഷമാണ് ഫോട്ടോഗ്രഫിയിൽ കൂടുതൽ സജീവമായത്.

ഖത്തറിലെത്തിയ ഉടനെ പരിചയപ്പെട്ട കൊല്ലം സ്വദേശിയായ സുഹൃത്ത് സതീഷാണ് അജീഷിന് ഫോട്ടോഗ്രഫിയിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തതും മാർഗനിർദേശങ്ങൾ നൽകിയതും. ഖത്തറിലെ മലയാളി ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ഫോട്ടോഗ്രഫി മലയാളം ഖത്തറുമായി ബന്ധപ്പെടുത്തിയതും ആശാൻ എന്നു വിളിക്കുന്ന സതീഷായിരുന്നു.


 

Latest News