1989 ലെ തെരഞ്ഞെടുപ്പ് സംപ്രേഷണം

ദൂരദർശന്റെ അധീനതയിലുളള എല്ലാ സോഫ്ട്‌വെയർ, ഹാർഡ് വെയർ, സംവിധാനങ്ങളും തെരഞ്ഞെടുപ്പ് സംപ്രേഷണത്തിന് സജ്ജമാക്കി; മാത്രവുമല്ല ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെൻറിന്റെ സഹായത്തോടെ അവരുടെ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി. ഹോട്ട് സ്വിച്ചിങ്, ഹോട്ട്‌ലൈൻ, സ്‌പെഷ്യൽ ഇഫക്ട്‌സ്, ക്രോമ കീയിങ്ങ് എന്നൊക്കെ ഇക്കാലത്ത് ഒരു പുതുമയുമില്ലാത്തതാണ്. നൂറോളം ഹോട്ട്‌ലൈനുകളാണ് സംപ്രേഷണത്തിന് വേണ്ടി സംസ്ഥാന തലസ്ഥാനങ്ങളിൽ ബുക്ക് ചെയ്തത്: ചീഫ് ഇലക്ട്രൊറൽ ഓഫീസർമാരുടെ ഓഫീസുകളിലേക്കും പ്രധാനപ്പെട്ട സ്ഥാനാർത്ഥികൾ മത്സരിക്കുന്ന വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കും ഹോട്ട് സ്വിച്ചിങ്ങ് നടത്താൻ (ദൃശ്യങ്ങൾ തത്സമയം പ്രധാനസ്ഥലങ്ങളിൽനിന്ന് ഡൽഹി സ്റ്റുഡിയോവിലേക്കെത്തിക്കാൻ കഴിയുന്നത്) സൗകര്യങ്ങളൊരുക്കി. പ്രമുഖ സ്ഥാനാർത്ഥികളുടെയും പാർട്ടിനേതാക്കന്മാരുടെയും പ്രതികരണങ്ങൾ, ദൂരദർശൻ സ്റ്റുഡിയോകളിലും മറ്റ് സ്ഥലങ്ങളിൽ നിന്നോ റെക്കോർഡ് ചെയ്‌തോ തത്സമയം ഹോട്ട് സ്വിച്ചിങ്ങ് നടത്തിയോ സംപ്രേഷണം ചെയ്തു. ഒട്ടേറെ ടെലിപ്രിന്റർ സർവ്വീസും പുതുതായി സേവനത്തിനുപയോഗിച്ചു. ദൂരദർശനിൽ അക്കാലത്തുണ്ടായിരുന്ന എല്ലാ ഓബി (ഔട്ട്‌സൈഡ് ബ്രോഡ്കാസ്റ്റിംഗ്) വാനുകളും സർവ്വസന്നാഹങ്ങളോടും റിപ്പോർട്ടർമാരോടും സാങ്കേതികവിദഗ്ദ്ധരോടും കൂടി 24 മണിക്കൂറും പ്രവർത്തിച്ചു. ഏറ്റവും നൂതനമായ രീതിയിൽ മൂന്ന് അടരുകളിലായി ആനിമേഷൻ അടക്കമുളള സ്‌പെഷ്യൽ ഇഫക്ടുകളാണ് ഗ്രാഫ്ക്‌സിൽ ഉപയോഗിച്ചത്. സംപ്രേഷണം ഡൽഹിയിലെ പ്രൊഡക്ഷൻ കൺട്രോൾ പാനലിലിരുന്ന് സംവിധാനം ചെയ്യുന്നതിന് ദൂരദർശനിലെ അക്കാലത്തെ ഏറ്റവും മികച്ച പ്രൊഡ്യൂസറായിരുന്ന അഭിജിത്ത് ദാസ് ഗുപ്തയെ  കൽക്കത്തയിൽനിന്ന് വിളിപ്പിച്ചു. അത്രയും മികച്ചൊരു പ്രൊഡ്യൂസറെ ആഗോളനിലവാരത്തിൽ ഉളള സൗകര്യങ്ങൾ വെച്ച് പ്രക്ഷേപണം ചെയ്യാൻ കിട്ടുമായിരുന്നില്ല. ടെലിവിഷനിൽ അത്രയും വൈദഗ്ദ്ധ്യമുണ്ടായിരുന്ന അഭിജിത്ത് പിന്നീട് ജോലിയുപേക്ഷിച്ച് പല അന്താരാഷ്ട്രമേളകളും പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. മാരത്തൺ പ്രക്ഷേപണമായിരുന്നു അത്. മൂവായിരത്തിലധികം ടെലിവിഷൻ പ്രൊഫഷനലുകളാണ് 1989ലെ തെരഞ്ഞെടുപ്പ് പ്രക്ഷേപണത്തിൽ വ്യാപൃതരായിരുന്നത്. ഏകദേശം രണ്ടരയിലധികം രൂപയായിരുന്നു ചെലവായതെന്നാണ് ഓർമ്മ. ദൂരദർശൻ കറസ്‌പോൺഡന്റുകളിലും റിപ്പോർട്ടർമാരിലും പല കേന്ദ്രങ്ങളിൽ നിന്നുളളവരിൽ  അസാമാന്യമായ മികവ് പുലർത്തിയ ചിലരുടെ പേരുകൾ ഇപ്പോഴും ഓർമ്മയിലുണ്ട്: ഹൈദരാബാദിൽ നിന്നുളള മലയാളിയായ പരേതനായ സഞ്ജീവ് തോമസ്, ബാംഗ്ലൂരിൽ നിന്ന് മായ ജയദീപ്, ബോംബെയിൽ നിന്ന് ലക്ഷ്മി വെങ്കട്ട്, ശോഭ രാജഗോപാൽ, സീമ ഡൽഹിയിൽ നിന്ന് പ്രഭാത് ദബ്രാൽ, ഹേമന്ത് കുമാർ, ശുഭ്ര കൃഷ്ണൻ, മാളവിക, ശശി മേത്ത, വിനീത ദീപക് ചന്ദ്രലേഖ വർമ്മ ,തിരുവനന്തപുരത്തുനിന്ന് ജോൺ ഉലഹന്നാൻ, ഗുവാഹതിയിൽ നിന്ന് ഭാനു ഹറാലു, കൽക്കത്തയിൽ നിന്ന് രുദ്രാനാഥ് സന്യാൽ എന്നിങ്ങനെ പലരും. അഭിജിത്ത് ദാസ്ഗുപ്തയെ കൂടാതെ മറ്റൊരു മികച്ച പ്രൊഡ്യൂസറായിരുന്ന പരേതനായ മദിരാശിയിലെ ബി.മണിയേയും പ്രൊഡക്ഷൻ കൺട്രോൾ പാനലിലേക്ക് നിയോഗിച്ചിരുന്നെങ്കിലും മണി അവസാന നിമിഷം കുറച്ചുകൂടി എളുപ്പമായിരുന്ന ജോലിയിലേക്ക് മാറിയിരുന്നു. ദൂരദർശന്റെ മൊത്തം ഭരണസംവിധാനം തെരഞ്ഞെടുപ്പ്  പ്രക്ഷേപണത്തിൽ ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പ് സംപ്രേഷണത്തിന് ഓജസ്സ് നൽകിയത് പ്രണോയ് റോയിയും വിനോദ് ദുവെയുമായിരുന്നു. അവരായിരുന്നു സംപ്രേഷണത്തിന്റെ മുഖങ്ങൾ പ്രണോയ് റോയ്  ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ടെലിവിഷൻ പെഴ്‌സണാലിറ്റിയായത് മികച്ച ശൈലിയിലുളള പ്രേക്ഷകർക്ക് പ്രിയംകരമായ രീതിയിലുളള അവതരണശൈലി നിമിത്തമായിരുന്നു; വിനോദ് ദുവ ഹിന്ദി പരിഭാഷക്കപ്പുറം തികഞ്ഞ സംയമനത്തോടെ ഒട്ടേറെ വസ്തുതകൾ കൂട്ടിച്ചേർത്ത് ലളിതമായ ഭാഷയിൽ അവതരിപ്പിച്ചു. ദൂരദർശന് രാജ്യത്താകമാനമുളള മികച്ച സൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. അനിതരസാധാരണമായ പ്രേക്ഷകപ്രീതിയും നേടി.
തെരഞ്ഞെടുപ്പ് പ്രക്ഷേപണത്തിൽ വേണ്ട ബജറ്റ് തയ്യാറാക്കുമ്പോൾ ഒരു കീറാമുട്ടിയായി അവസാന നിമിഷം വരെ ഉണ്ടായിരുന്ന പ്രണോയ് റോയ് ആവശ്യപ്പെട്ടത് അക്കാലത്തെ വലിയ തുകയായിരുന്നു: നിയമപ്രകാരമുളള പ്രതിഫലനിരക്കുകളേക്കാൾ എത്രയോ ഇരട്ടി. ഒടുവിൽ ഡയറക്ടർ ജനറൽ ശിവ്ശർമ്മയോട് കൂടിയാലോചിച്ച് നിശ്ചയിച്ച ഒരു തുകയാണ് അദ്ദേഹത്തിന് നൽകിയത്. മൂന്ന് ദിവസവും രാവിലെ സുസ്‌മേരവദനനായി ക്യാമറകൾക്ക് മുന്നിലെത്തിയിരുന്ന അദ്ദേഹത്തോട് ഞാൻ അതിന്റെ രഹസ്യം ചോദിച്ചു: അദ്ദേഹം അപ്പോഴാണ് പറയുന്നത് ഭാര്യ രാധികയുടെ സഹോദരിയായ ബൃന്ദാ കാരാട്ടിന്റെ ഭർത്താവായ പാർലമെന്റംഗം പ്രകാശ് കാരാട്ടിന്റെ വിത്തൽഭായ് പട്ടേൽ ഹൗസിലെ ഫ്ലാറ്റിൽ പോയി അല്പനേരം കണ്ണടയ്ക്കാൻ സമയം കണ്ടെത്താറുണ്ടെന്ന്! മാത്രവുമല്ല, മലയാളിബന്ധം കൊണ്ടാണ് ഞാനുമായി പൊരുത്തപ്പെട്ടു ഇത്ര നല്ല രീതിയിൽ കാര്യങ്ങൾ നടക്കുന്നതെന്നും! പ്രണോയ് റോയിക്കും വിനോദ് ദുവെക്കും കനത്ത സംഖ്യ തന്നെ പ്രതിഫലമായി നല്കിയിരുന്നു. അവർ അത് അർഹിച്ചിരുന്നു. പക്ഷേ, അവരെപ്പോലെയോ അതിലേറെയോ അത്യദ്ധ്വാനം ചെയ്തിരുന്ന ദൂരദർശനിലെ ഉദ്യോഗസ്ഥന്മാർക്ക് നല്ല വാക്കുകളിലൂടെയുളള അഭിനന്ദനമല്ലാതെ മറ്റൊന്നും ലഭിച്ചില്ല.
അക്കാലത്ത് ദൂരദർശനിലെ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിന്റെ തലവൻ, പില്ക്കാലത്ത് സെബിയുടെ ചെയർമാനായ എം. ദാമോദരൻ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം വളരെയടുത്ത കുടുംബസുഹൃത്തായിരുന്നതിനാൽ ദൂരദർശൻ ഭരണവിഭാഗത്തിൽ നിന്ന് തെരഞ്ഞെടുപ്പ് സംപ്രേഷണത്തിന് അളവറ്റ പിന്തുണ നല്കി. പലപ്പോഴും വിനയ് മാർഗ്ഗിലുളള അദ്ദേഹത്തിന്റെ വീട്ടിൽ ഞാൻ പോകുമായിരുന്നു; ഒരു ദിവസം അദ്ദേഹത്തിന്റെ സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന മകൻ ആദിത്യ അവന്റെ സ്‌കൂൾ നോട്ട്ബുക്കിൽ കുറിച്ചിട്ട കവിതകൾ എന്നെ കാണിച്ചു. ആ പ്രായത്തിൽ എഴുതിയ കവിതകൾ ഒന്നാന്തരമായിരുന്നു. 
ഒരു ബാലകവിയെ കണ്ടെത്തിയ ചാരിതാർത്ഥ്യം. അവനെ കാണുമ്പോഴൊക്കെ കവിതകൾ പിന്നെയുമെഴുതാൻ ഞാൻ പ്രോത്സാഹിപ്പിച്ചു. കുറെയെണ്ണമായപ്പോൾ സമാഹരിച്ച് ഒരു പുസ്തകമാക്കാൻ ശ്രമം തുടങ്ങി. അതിന് എം.ടി.വാസുദേവൻ നായരെയും അയ്യപ്പപ്പണിക്കരെയും കൊണ്ട് അവതാരികയും ആമുഖവുമെഴുതിപ്പിച്ചത് ഞാൻ തന്നെയാണ്. ദാമോദരൻ കൊണാർക്ക് പബ്ലിക്കേഷൻസിന്റെ ഉടമ സുഹൃത്തായ കെ.പി.ആർ നായരെക്കൊണ്ട് റിഫ്ലക്ഷൻസ് എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഒരു കുട്ടിയുടെ കവിതയ്ക്ക് പ്രോത്സാഹനമെന്ന നിലയിലാണത് ചെയ്തിരുന്നതെന്നാണ് എന്റെ പേരക്കിടാവായ തമാരയുടെ കവിതാസമാഹാരം പ്രസിദ്ധീകരിക്കാൻ അഭ്യർത്ഥിച്ചപ്പോൾ അദ്ദേഹം പഴയ സംഭവം ഓർത്തുപറഞ്ഞത്.
തെരഞ്ഞെടുപ്പ് സംപ്രേഷണത്തിന്റെ ആസൂത്രണം കഠിനമായ ജോലിയായിരുന്നു. രാത്രി എട്ടരമണിവരെയും ഓഫീസിൽ തന്നെ കഴിയണം. താമസിച്ചിരുന്നത് ലോധി റോഡിലെ ഗവണ്മെന്റ് ഹോസ്റ്റൽ സമുച്ചയത്തിലും. അടുത്തുളള ദക്ഷിണേന്ത്യൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കൊണ്ടുവരും. ഞാനില്ലെങ്കിൽ തൂക്കുപാത്രം സുഹൃത്ത് ഉണ്ണിക്കൃഷ്ണൻ തിരുവാഴിയോടിന്റെ ഫ്ലാറ്റിലേൽപിക്കും. അവരില്ലാതിരുന്നാൽ ഭക്ഷണമില്ല! എനിക്ക് സ്‌പോർട്‌സിന്റെ കൺട്രോളർ ചുമതലയുമുണ്ടായിരുന്നു. ഒരു ദിവസം ഹിന്ദു പത്രത്തിലെ പരിചയക്കാരായ കസ്തൂരി വേണുഗോപാലും രമേശ് രങ്കരാജനും ടെലിവിഷൻ വിപണനരംഗത്തിറങ്ങാൻ തയ്യാറായി, ഒരു ക്രിക്കറ്റ് മാച്ച് (ഇന്ത്യ-ശ്രീലങ്ക ആണെന്ന് ഓർമ്മ) സ്‌പോൺസർ ചെയ്യാനുള്ള അനുവാദത്തിനായി വന്നു. പ്രണോയ് റോയ് അടക്കമുളളവരുടെ മീറ്റിംഗ് നടക്കുകയായിരുന്നു. അത് തീരുന്നതുവരെ അവർ കാത്തുനിന്നു. അവർക്ക് വേണ്ട കടലാസുകൾ ശരിയാക്കി കഴിഞ്ഞപ്പോൾ സമയം ഒമ്പതര. അവർ പ്രഗതി വിഹാർ ഹോസ്റ്റലിലെ ഫ്ലാറ്റിൽ കൊണ്ടുവിട്ടപ്പോൾ ഭക്ഷണത്തിന്റെ കാര്യം അന്വേഷിച്ചു. പിന്നീടവരുടെ ഗസ്റ്റ് ഹൗസിൽനിന്ന് ഇതേപോലെ ഭക്ഷണമെത്തിച്ചു. പ്രണോയ് റോയ് ഹിന്ദുവിനു വേണ്ടി മദിരാശിയിൽ നിന്ന് ടെലിവിഷൻ ചാനൽ ആരംഭിക്കാനുളള ചർച്ചകൾക്കായി പോയപ്പോൾ എന്റെ ഓഫീസിൽ കണ്ടുമുട്ടിയ കാര്യം പറഞ്ഞിരുന്നതായി വേണുഗോപാൽ അറിയിച്ചിരുന്നു. എന്തായാലും ഹിന്ദുവിന്റെ ചാനൽ നഷ്ടത്തിലായതിനാൽ വേറൊരു പത്രത്തിന് വിൽക്കേണ്ടി വന്നു.
തെരഞ്ഞെടുപ്പ് സംപ്രേഷണം കൊണ്ട് സ്വന്തമായി എൻഡിടിവി ചാനൽ തുടങ്ങിയപ്പോൾ പ്രണോയ് റോയ് ദൂരദർശനിലെ മികച്ച വാർത്താവതാരകരെയും കൂടെ കൊണ്ടുപോയി. അവരുടെ വിദഗ്ദ്ധ പരിശീലനത്തിന് ഗവണ്മെന്റ് ചെലവഴിച്ച തുക ഒരു സ്വകാര്യവ്യക്തിക്ക് നേട്ടമായി. ഒരു പക്ഷേ കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യവും മെച്ചപ്പെട്ട ശമ്പളവും ഉണ്ടായിരുന്നെങ്കിൽ അത്ര എളുപ്പത്തിൽ അവർ പ്രലോഭനങ്ങൾക്ക് വഴങ്ങുമായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രക്ഷേപണത്തിന്റെ ഏകോപനം എനിക്ക് ഏറ്റവുമധികം അഭിനന്ദനം നേടിത്തന്ന ഒന്നായിരുന്നു-മേലധികാരികളിൽ നിന്നും സഹപ്രവർത്തകരിൽനിന്നും ഏതാനും മാധ്യമങ്ങളിൽ നിന്നും! സംപ്രേഷണം കഴിഞ്ഞ് പിറ്റേയാഴ്ച ബുധനാഴ്ചകളിൽ പതിവായി നടക്കുന്ന മീറ്റിംഗിൽ എനിക്ക് മനോഹരമായ പൂക്കളുടെ ബൊക്കെ നൽകിയപ്പോൾ തോന്നിയ ആഹ്ലാദം മറക്കില്ല.

Latest News