സെഞ്ചൂറിയൻ - രണ്ടാമത്തെ രാജ്യാന്തര ട്വന്റി20 കളിക്കുന്ന വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ ഹെയ്ൻറിഷ് ക്ലാസന്റെ വെടിക്കെട്ട് ബാറ്റിംഗിൽ രണ്ടാം ട്വന്റി20 ജയിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരായ പരമ്പരയിൽ പ്രതീക്ഷ നിലനിർത്തി.
ആറ് പന്ത് ശേഷിക്കെ ആറ് വിക്കറ്റിനാണ് ആതിഥേയർ ജയിച്ചത്. മനീഷ് പാണ്ഡെയുടെയും മഹേന്ദ്ര ധോണിയുടെയും അർധ ശതകങ്ങളിൽ നാലിന് 188 റൺസെടുത്ത ഇന്ത്യക്കെതിരെ ക്ലാസനും (30 പന്തിൽ 69) ക്യാപ്റ്റൻ ഡുമിനിയുമാണ് (40 പന്തിൽ 64 നോട്ടൗട്ട്) ആതിഥേയരെ വിജയത്തിലേക്ക് നയിച്ചത്. ക്ലാസൻ 21 പന്തിൽ അർധ ശതകം പിന്നിട്ടു. സ്പിന്നർ യുസ്വേന്ദ്ര ചഹൽ ട്വന്റി20 ചരിത്രത്തിൽ ഏറ്റവുമധികം റൺസ് വഴങ്ങിയ ഇന്ത്യക്കാരനെന്ന വേണ്ടാത്ത റെക്കോർഡിന് ഉടമയായി. നാലോവറിൽ ചഹൽ വഴങ്ങിയത് 64 റൺസായിരുന്നു. 2007 ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ജോഗീന്ദർ ശർമയാണ് ഇതുവരെ കൂടുതൽ റൺസ് വഴങ്ങിയിരുന്നത്. മൂന്നു മത്സര പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-1 ന് ഒപ്പമെത്തി.
ഒമ്പതോവർ ശേഷിക്കെ നാലിന് 90 ലേക്ക് തകർന്ന ഇന്ത്യയെ മനീഷ് പാണ്ഡെയും (48 പന്തിൽ 79 നോട്ടൗട്ട്) മഹേന്ദ്ര സിംഗ് ധോണിയുമാണ് (28 പന്തിൽ 52 നോട്ടൗട്ട്) മികച്ച സ്കോറിലേക്ക് നയിച്ചത്. ഏതു സമയവും മഴ പെയ്തേക്കാമെന്ന ധാരണയിൽ വൻ സ്കോർ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങിയത്. എന്നാൽ ക്രിസ് മോറിസ് ആദ്യ ഓവർ മെയ്ഡനാക്കി. രണ്ടാമത്തെ ഓവറിലെ ആദ്യ പന്തിൽ രോഹിത് ശർമയെ (0) ജൂനിയർ ഡാല പുറത്താക്കി. എന്നാൽ രണ്ട് സിക്സറുകളുമായി ശിഖർ ധവാൻ സ്കോറിംഗ് വേഗം നിലനിർത്തി. ക്യാപ്റ്റൻ ജെ.പി ഡുമിനിയെ അടിച്ചുയർത്താനുള്ള ശ്രമത്തിലാണ് ശിഖർ (14 പന്തിൽ 24) പിടികൊടുത്തത്.
ഉജ്വല ഫോമിലുള്ള ക്യാപ്റ്റൻ വിരാട് കോഹ്ലിയെ (1) ഡാലയുടെ ബൗളിംഗിൽ വിക്കറ്റ്കീപ്പർ പിടിച്ചതോടെ മൂന്നിന് 45 ൽ ഇന്ത്യ പരുങ്ങി. അഞ്ച് ബൗണ്ടറികളുമായി മുന്നേറിയ സുരേഷ് റയ്നയെ (24 പന്തിൽ 31) ആൻഡിലെ ഫെഹ്ലുക്വായൊ വിക്കറ്റിനു മുന്നിൽ കുടുക്കി.
എന്നാൽ മനീഷും ധോണിയും സാവധാനം സ്കോറുയർത്തി. മനീഷിന്റെ കരിയറിലെ ബെസ്റ്റ് സ്കോറാണ് ഇത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ധോണി 28 പന്തിൽ അർധ ശതകം തികച്ചു. 56 പന്തിൽ ഇരുവരും 98 റൺസ് ചേർത്തു. ആദ്യ മത്സരത്തിൽ മനീഷ് 28 റൺസുമായി പുറത്താവാതെ നിന്നിരുന്നു. സാംബിയൻ വംശജനായ ഡാലയായിരുന്നു ദക്ഷിണാഫ്രിക്കയുടെ മികച്ച ബൗളർ.