അനിയൻ ബാവ,  ചേട്ടൻ ബാവ

എൺപതുകളുടെ പാതിയിലാണ് വടകരയിൽ വിപുലമായ തോതിൽ വികലാംഗ പുനരധിവാസ ക്യാമ്പ് സംഘടിപ്പിച്ചത്. മലബാർ മേഖലയിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ളവരെ ഉദ്ദേശിച്ചായിരുന്നു ക്യാമ്പ്. അസോസിയേഷൻ ഫോർ വെൽഫയർ ഓഫ് ഹാന്റിക്യാപ്ഡ് കോഴിക്കോട്, ജേസീസ് ചാപ്റ്റർ, ഐ.എം.എ, ലയൺസ് ക്ലബ്, ടാസ് എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന താഴെ അങ്ങാടി സർവീസ് സൊസൈറ്റി, ഇന്ത്യൻ യൂത്ത് അസോസിയേഷൻ വടകര ഘടകം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ക്യാമ്പ്. കോഴിക്കോട് ജില്ലയുടെ ലീഡ് ബാങ്ക് എന്ന നിലയിൽ കാനറ ബാങ്കും പദ്ധതിയുമായി സഹകരിച്ചു. 
അവശരായ അഞ്ഞൂറോളം വികലാംഗർ ക്യാമ്പ് ദിവസം ഒഴുകിയെത്തി. എല്ലാവരുടേയും എംപ്ലോയ്‌മെന്റ്  രജിസ്‌ട്രേഷൻ പൂർത്തിയാക്കി. സൗജന്യമായി ഉപകരണങ്ങൾ വിതരണം ചെയ്തു. കൂടുതൽ സഹായം ആവശ്യമുള്ളവരെ കോഴിക്കോട് വികലാംഗ പുനരധിവാസ കേന്ദ്രത്തിലേക്ക് റഫർ ചെയ്തു. ആശംസാ പ്രസംഗങ്ങളിൽ ശ്രദ്ധേയമായ ഒരെണ്ണം ബാങ്ക് മാനേജറുടേത്. അദ്ദേഹം പറഞ്ഞു: ഞങ്ങളുടെ ബാങ്ക് സമൂഹ നന്മയ്ക്കായി പ്രവർത്തിക്കുന്നു. ഈ ക്യാമ്പിൽ പങ്കെടുക്കുന്ന വികലാംഗർ ശാഖയെ സമീപിച്ചാൽ ആവശ്യാനുസരണം വായ്പ അനുവദിക്കും. എന്തെങ്കിലും സ്വയം തൊഴിൽ ചെയ്ത് അവരും രക്ഷപ്പെടണമെന്നാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. 
ഈ പ്രസംഗം ശ്രവിച്ച ഒരു സാധു മീൻ കച്ചവടക്കാരൻ അടുത്ത ദിവസം ബാങ്ക് മാനേജറെ കാണാൻ ചെന്നു. കാലിന് അൽപം സ്വാധീനക്കുറവുള്ള യുവാവാണ് അപേക്ഷകൻ. മാർക്കറ്റിൽ മറ്റൊരാൾക്ക് കീഴിൽ മത്സ്യ കച്ചവടം ചെയ്യുന്നതിന് പകരം സ്വന്തമായി ഒരു ഷോപ്പ് തുടങ്ങണം. അതിന് അമ്പതിനായിരം രൂപ ബാങ്ക് വായ്പ വേണം. പദ്ധതിയുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ മാനേജറോട് നഗരസഭയുടെ കെട്ടിടത്തിലെ ചുരുങ്ങിയ നിരക്ക് വാടകയുള്ള മുറിയിലാണ് പുതിയ കട തുടങ്ങാൻ ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞു.  
മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനമൊരുക്കാനും കച്ചവടം വിപുലീകരിക്കാനുമാണ് വായ്പ. ഈ തുക ആദ്യ ആറ് മാസത്തിനകം തിരിച്ചു നൽകാൻ കഴിയും. ഉടൻ വന്നു, ബാങ്ക് മാനേജറുടെ പ്രതികരണം. ശരി, വായ്പ നൽകുന്ന കാര്യം ആലോചിക്കാം. പക്ഷേ, ഇതിന് ഗ്യാരന്റി നിൽക്കാൻ സർക്കാർ ഉദ്യോഗസ്ഥരുണ്ടോ? ലോൺ അനുവദിച്ചു തരുമ്പോൾ ബാങ്കിൽ സൂക്ഷിക്കാൻ വസ്തുവിന്റെ രേഖ ഹാജരാക്കണം. 
ഇതിനൊന്നും സാധ്യതയില്ലാത്ത യുവാവ് താങ്ക്‌സ് പറഞ്ഞ് ഇറങ്ങി. ഈ കഥ ആലോചിച്ചു പോകാൻ കാര്യം പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ തട്ടിയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോഡിയുടെ സാഹസിക കഥകൾ മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോഴാണ്. പഞ്ചാബ് നാഷണൽ ബാങ്കിലെ 11,346 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് രത്‌നവ്യാപാരിയായ നീരവ് മോഡിയുടെ വീടുകളിലും ഓഫീസുകളിലും ജൂവലറി ഷോപ്പുകളിലും എൻഫോഴ്‌സ്‌മെന്റ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഡൽഹി, മുംബൈ, സൂറത്ത്, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് ആദ്യം കണ്ടുപിടിച്ചത് ഉദ്യോഗസ്ഥർ തന്നെയാണെന്ന്  പഞ്ചാബ് നാഷണൽ ബാങ്ക് എം.ഡി സുനിൽ മേത്ത പറയുന്നു. 
പാവം പിഎൻബി. നെടുങ്ങാടി ബാങ്ക് കഷ്ടത്തിലായപ്പോഴാണ് അതിനെ പഞ്ചാബ് നാഷണൽ ബാങ്ക് എന്ന വലിയ ബാങ്കിൽ ലയിപ്പിച്ചത്.  ലിക്വിഡേറ്റ് ചെയ്യുന്ന ഘട്ടത്തിലെത്തിയപ്പോഴായിരുന്നു റിസർവ് ബാങ്ക് ഇടപെട്ട് വലിയ ബാങ്കിനെ കൊണ്ട് ഏറ്റെടുപ്പിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ 8670 ബാങ്ക് വായ്പാ തട്ടിപ്പുകൾ അരങ്ങേറിയെന്നാണ് ആർബിഐയുടെ കണക്ക്. ഇതിൽ നഷ്ടം 61,000 കോടി രൂപയാണ്. 
നീരവ് എപ്പിസോഡിൽ ഏറ്റവും ബുദ്ധിമുട്ടിയത് വിമാനത്താവളങ്ങളിലെ  എമിഗ്രേഷൻ ഉദ്യോഗസ്ഥരും  എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് എന്നീ കേന്ദ്ര ഏജൻസികളുമാാണ്. മുംബൈ വിമാനത്താവളം വഴിയായിരിക്കണം വജ്ര വ്യാപാരി കടന്നു കളഞ്ഞത്. പാസ്‌പോർട്ട് വെച്ചു നീട്ടിയ ആളിന്റെ പേരിലും മോഡി, ഇങ്ങിനെ യൊരാളെ തടഞ്ഞു വെച്ച് പുലിവാല് പിടിച്ചാൽ സഹായിക്കാൻ ഇപ്പോൾ കിടന്ന് വാചകമടിക്കുന്ന ആരുമുണ്ടാവില്ല. പണ്ടൊരു മോഡി ലണ്ടനിൽ ചികിത്സയ്ക്ക് പോകുമ്പോൾ സഹായിച്ചതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. പണം പറ്റിച്ച് മുങ്ങിയ മോഡി മൂപ്പരും കുടുംബവും അമേരിക്കയിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ സുഖിച്ച്  കഴിയുകയാണ്. 
ഇത് പോലെ ഗതികെട്ടപ്പോഴാണ് ഉടുതുണിയ്ക്ക് മറുതുണിയില്ലാത്ത അവസ്ഥയിൽ നാല് വനിതാ രത്‌നങ്ങളേയും കൂട്ടി വിജയ് മല്യ ലണ്ടനിലേക്ക് ചേക്കേറിയത്.  പ്രധാനമന്ത്രിയ്‌ക്കെതിരെ സി.പി.എം ദേശീയ സെക്രട്ടരി സീതാറാം യെച്ചൂരി നീരവ് ഇഷ്യു  ആയുധമാക്കി. പിഎൻബി തട്ടിപ്പ് ആരോപണം ഉയർന്നു വന്നതിന് ശേഷമാണ് നരേന്ദ്രമോഡി നീരിവിനൊപ്പം സ്വിറ്റ്‌സർലന്റിലെ ദാവോസിലെ ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുത്തതെന്നാണ് ആരോപണം. ഇരുവരും ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങളും യെച്ചൂരി പുറത്തു വിട്ടു. രാഹുൽ ഗാന്ധിയും മോഡിയെ പരിഹസിച്ചു. ഹാർദിക് പട്ടേലിന്റെ വിമർശനത്തിനാണ് കടുപ്പം കൂടുതൽ. പണം ബാങ്കിലിട്ടാൽ നീരവിനെ പേടിക്കണം, വീട്ടിൽ വെച്ചാൽ മോഡിയെയും. എന്നാൽ ബി.ജെ.പി പറയുന്നത് ഇയാളുടെ തട്ടിപ്പ് തുടങ്ങിയത് കോൺഗ്രസ് ഭരണ കാലത്തെന്നാണ്. ശരിയായിരിക്കാം, എന്നാലും ഒരു സംശയം ഈ നീരവിന്റെ അക്കൗണ്ടുകൾ ആധാർ, പാൻ എന്നിവ വഴി ബന്ധിപ്പിച്ചിട്ടുണ്ടാവില്ലേ? ഇദ്ദേഹത്തിന്റെ മൊബൈൽ നമ്പറും ഇങ്ങിനെയൊക്കെ ചെയ്തു കാണുമല്ലോ. കാലിഫോർണിയയിലേക്ക് പോകുന്ന ഗഫൂർക്കാ ദോസ്തിന്റെ ഉരുവിൽ കയറിയായിരിക്കുമോ അദ്ദേഹം അമേരിക്കയിലെത്തിയത്? 
*** *** ***
പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞ വാരത്തിൽ മിഡിൽ ഈസ്റ്റ് സന്ദർശനത്തിനെത്തി. ജോർദാൻ വഴി പലസ്തീനിലെത്തിയ മോഡി യു.എ.ഇ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങൾ കൂടി സന്ദർശിച്ചാണ് തിരിച്ചു പോയത്. ഇന്ത്യയുടെ ചിരകാല സുഹൃദ് രാഷ്ട്രമായ പലസ്തീൻ പ്രധാനമന്ത്രിയെ പരമോന്നത ബഹുമതി നൽകി ആദരിക്കുകയുണ്ടായി. എൻ.ഡി.എ സർക്കാരിന് എന്തൊക്കെ പോരായ്മയുണ്ടെങ്കിലും വിദേശ ബന്ധത്തിന്റെ കാര്യത്തിലും പ്രവാസി ക്ഷേമ വിഷയത്തിലും മികവ് പുലർത്തി വരുന്നു. തുടക്കത്തിൽ മാധ്യമ പ്രവർത്തകരെ കൂട്ടാതെയാണ് മോഡി വിദേശ യാത്രകൾ നടത്തിയിരുന്നത്. 
സർക്കാർ ഏജൻസികളായ ദൂരദർശന്റേയും ആകാശവാണിയുടേയും പി.ഐ.ബിയുടേയും പ്രതിനിധികൾ തന്നെ ധാരാളമെന്നതായിരുന്നു കാഴ്ചപ്പാട്. ഏതായാലും ഇത്തവണ ദൽഹിയിൽ നിന്നെത്തിയ ലേഖകൻ പ്രധാനമന്ത്രിയുടെ അബുദാബി സന്ദർശനം വിവരിച്ചത് ശ്രദ്ധേയമായി. അബുദാബിയിലെ എമിറേറ്റ്‌സ് പാലസ് ഹോട്ടലിലെ പ്രധാനമന്ത്രി താമസിക്കുന്ന മുറിയുടെ സവിശേഷതകൾ വിവരിച്ചായിരുന്നു തുടക്കം. കുവൈത്ത് ഭരണാധികാരിയ്ക്ക് കഴിയാനുള്ള മുറി അനുവദിച്ച് കിട്ടിയത് ഇന്ത്യയ്ക്ക് ലഭിച്ച അംഗീകാരമാണെന്ന പരാമർശവും ഒ.കെ. അത് കഴിഞ്ഞതാ വരുന്നു തള്ളൽ. മോഡി നിത്യേന പതിനഞ്ച് ടെലിവിഷൻ ചാനലുകളാണ് കാണാറുള്ളത്. അതിൽ ഒമ്പതും ഗുജറാത്തി ഭാഷയിൽ. ഹിന്ദിയും ഇംഗ്‌ളീഷും ഉൾപ്പെടെയുള്ള ദേശീയ ചാനലുകൾ കഴിഞ്ഞാൽ പിന്നെ ദക്ഷിണേന്ത്യൻ ഭാഷയിലെ ഏക ചാനലേ കാണുകയുള്ളു. അത് ഞങ്ങളുടെ സ്വന്തം ചാനലാണ്. റിപ്പബ്ലിക് ചാനലുമായി ബന്ധമുള്ള മലയാളം ചാനൽ ഇങ്ങിനെ പറയുമ്പോൾ വിശ്വസിക്കുകയേ നിവൃത്തിയുള്ളു. 
*** *** ***
വിവാദമുണ്ടാക്കി പ്രേക്ഷകരെ തിയറ്ററുകളിലെത്തിക്കാൻ എന്തും ചെയ്യാൻ മടിക്കാത്തവരായി ഒരു വിഭാഗം സിനിമാക്കാർ ഇപ്പോൾ മാറി കഴിഞ്ഞു.  യുവ സംവിധായകൻ ഒമർ ലുലുവും സമാന പാതയിൽ. 
കഴിഞ്ഞ വർഷത്തെ ഏറ്റവും മോശം സിനിമയായ ചങ്ക്‌സിന്റെ സംവിധായകനാണ് ഒമർ ലുലു. ഒരു പാട്ട് വിവാദമാക്കി അതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന് മുൻ കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്ന് കരുതാവുന്നതാണ്. പ്രമേയം നല്ലതല്ലെങ്കിൽ ഈ സിനിമയും ചവറ്റുകൊട്ടയിലേക്ക് എറിയപ്പെടും എന്നതും വ്യക്തമാണ്.
അഡാർ ലൗവിലൂടെ തരംഗമായ പ്രിയ പ്രകാശ് വാര്യർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. മൂന്നാം നാൾ ഒരു കോടിയിലേറെ അനുയായികളെന്ന് ടൈംസ് നൗ ചാനൽ. ഇൻർനെറ്റിൽ സണ്ണി ലിയോണിനെക്കാളും ബോളിവുഡ് താരം ദീപിക യെക്കാളും ആളുകൾ തെരയുന്നത് പ്രിയയെയാണ്.
ബോളിവുഡിലേയും  ടോളിവുഡിലേയും വമ്പൻ താരങ്ങൾ പ്രിയയുടെ ചിരിയിൽ വീണു കഴിഞ്ഞു. ബോളിവുഡിലെ സുന്ദരൻ അർജുൻ കപൂറും മലയാളത്തിന്റെ യുവതാരം നീരജ് മാധവും പ്രിയയുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് ആണ് ഉണ്ട്. ഒപ്പം, അല്ലു അർജുന്റെ വക പാട്ടിനെ പ്രശംസിച്ചു ഒരു ട്വീറ്റ് കൂടെയുണ്ട്- അടുത്തിടെ കണ്ടതിൽ ഏറ്റവും ക്യൂട്ട് വീഡിയോ ഇതാണ് എന്ന് പറഞ്ഞാണ് അല്ലു അർജുൻ ട്വീറ്റ് ചെയ്തത്. ബി.കോമിന് പഠിക്കുന്ന മലയാളി പെൺകുട്ടി പാട്ടിറങ്ങിയ ഒറ്റ നാൾ കൊണ്ടാണ് പ്രശസ്തിയുടെ കൊടുമുടി കയറിയത്. 25 സെക്കന്റുള്ള കണ്ണിറുക്കൽ രംഗത്തിലെ പയ്യനെ ആരും ഗൗനിക്കാതിരുന്നത് കഷ്ടമായി. മനോരമ ചാനലിലെ ഡി ഫോർ ഡാൻസിലൂടെ കടന്നു വന്ന തൃശൂർ ഗുരുവായൂർ സ്വദേശി   രോഷൻ അബ്ദുൽ റഊഫാണ്. റിപ്പോർട്ടർ ചാനലിലെ മീറ്റ് ദ  എഡിറ്റേഴ്‌സിൽ അതിഥിയായെത്തിയപ്പോഴാണ് തനിക്ക് സ്വന്തമായി സ്മാർട്ട് ഫോൺ ഫോൺ പോലും ഇല്ലെന്ന് പ്രിയ വ്യക്തമാക്കിയത്. എല്ലാ ഓപ്പേഷൻസും അമ്മയുടെ ഫോണിൽ നിന്ന്. ഇന്ത്യയിലും വിദേശത്തുമുള്ള മാധ്യമങ്ങളിലും 25 സെക്കന്റ് വൈറൽ ദൃശ്യം നിറഞ്ഞു നിന്നു. ഹിന്ദി, പഞ്ചാബി. ആസാമീസ് ഭാഷകളിലെ പത്രങ്ങളിലും റിപ്പോർട്ട് വന്നു. കേരളത്തോട് എന്നും വിരോധം പുലർത്തിയിരുന്ന ദേശീയ മാധ്യമങ്ങൾ  പോ ലും പ്രിയ വാര്യരോട് സൗമ്യമായാണ് പെരുമാറിയത്. എൻഡിടിവി, ഇന്ത്യാ ടിവി, എബിപി, ന്യൂസ് 18, ടൈംസ് നൗ എന്നീ പ്രമുഖ ദൃശ്യ മാധ്യമങ്ങൾ യഥേഷ്ടം സമയം അനുവദിച്ചു. രാഷ്ട്രീയ വിഷയങ്ങൾക്ക് പ്രാമുഖ്യം നൽകാറുള്ള എൻഡിടിവി ദിശ മാറി വൈറൽ സോംഗ് വിഷയമാക്കിയത് കാണികളിൽ ചിലർക്ക് അത്ര തന്നെ രസിച്ചില്ലെന്ന് കമന്റുകളിൽ വ്യക്തം. അൽപം മുമ്പ് പത്മാവത് സിനിമയുടെ വിവാദം കത്തി നിന്ന വേളയിൽ റിപ്പബ്ലിക് ചാനലിലെ നാഷൻ വാണ്ട് ടു നോ ഷോയിൽ അർണബ് ഗോസാമി. പ്രതിഷേധക്കാർ ബറോഡയിലെ മൾട്ടിപ്ലക്‌സിന് മുമ്പിലെ വാഹനങ്ങൾ കത്തിച്ച ദൃശ്യങ്ങളും കൂട്ടിനുണ്ട്. അക്രമം കണ്ട് അടങ്ങാത്ത രോഷത്തോടെ അർണബ് പാനലിസ്റ്റിനോട് ഹൈ വോൾട്ടേജിലാണ് ആക്രോശിച്ചത്. സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങി വന്ന് ആ സാധുവിനെ തല്ലുമെന്ന് വരെ കാണികൾ പേടിച്ച നിമിഷങ്ങളായിരുന്നു. 
*** *** ***
ഇത് പുസ്തകോത്സവങ്ങളുടെ കാലം. കോഴിക്കോട്ടും തിരുവനന്തപുരത്തും ഗംഭീരമായ രണ്ട് ഫെസ്റ്റിവലുകൾ അരങ്ങേറി. പുസ്തക വായനയ്ക്ക് സൗകര്യമേർപ്പെടുത്തിയതിനൊപ്പം രുചികരമായ ഭക്ഷണവും സന്ദർശകർക്ക് ലഭ്യമാക്കിയിരുന്നു. കോഴിക്കോട്ട് ജാതിയും മതവും തിരിച്ച് ഭക്ഷണത്തിന് മതിൽ കെട്ടിയത് എന്തിനാണാവോ? ബോറ ഫുഡ് സ്റ്റാൾ, തലശ്ശേരി ദം ബിരിയാണി, ആംഗ്ലോ ഇന്ത്യൻ, മംഗലാപുരം കൊങ്കിണി ക്രിസ്ത്യൻസ്, ഗോവ കൊങ്കിണി, ബട്കൽസ്, തിയ്യ സമുദായത്തിന്റെ പുട്ട്, കച്ച് മേമൻ, പാർസി മുതൽ പണിയ വിഭാഗത്തിന് വരെ ഭോജന ശാലകൾ. സമൂഹം പിറകോട്ട് നടക്കുകയാണെന്ന് ഉറപ്പു വരുത്തുകയാണോ ഇത്തരം മേളകളുടെ ലക്ഷ്യം? തിരുവനന്തപുരത്ത് മാതൃഭൂമി സംഘടിപ്പിച്ച അക്ഷരോത്സവത്തിലെ ചർച്ചകളാണ് കൂടുതൽ ശ്രദ്ധേയമായത്. താരമായത് ജോയ് മാത്യുവും.
 അദ്ദേഹം തുറന്നു പറഞ്ഞു: പരസ്പരം ചൊറിഞ്ഞ് ചൊറിഞ്ഞ് സാഹിത്യകാരന്മാരുടെ നഖം കുഴിഞ്ഞു പോയി.  അവാർഡുകളുടെ പുറകിലെ കള്ളക്കളിയുമെല്ലാം ജോയ് മാത്യു വിസ്തരിച്ചു. ഇങ്ങിനെയൊക്കെ തുറന്നു പറയാൻ ഒരെഴുത്തുകാരനെങ്കിലുമുള്ളത് ആശ്വാസം. 
 

Latest News