ആത്മാവിന്റെ നോവിന് കഥാലേപനങ്ങൾ

സാമ്പ്രദായികമായ നാട്ടുചന്തങ്ങളാൽ സമ്പന്നമാണ് ഇതിലെ മിക്കവാറും കഥകളും. സ്‌നേഹിക്കുക, സ്‌നേഹിക്കപ്പെടുക എന്ന ഓരോ മനുഷ്യന്റെ ഉള്ളിലേയും ജൈവിക ചോദനകളെ വരികളിലൂടെ ഉദ്ദീപിപ്പിക്കുകയെന്ന ദൗത്യം കൂടി വെള്ളിയോടൻ തന്റെ എഴുത്തുകളിലൂടെ സാധ്യമാക്കുന്നുണ്ട്. 

ചെറുകഥകളെപ്പറ്റി പലർക്കും പല നിർവചനങ്ങളുണ്ടാകാം. പക്ഷേ അത്തരം നിർവചനങ്ങൾക്കൊക്കെ അതീതമാണ് യഥാർത്ഥ ചെറുകഥയുടെ സംക്ഷിപ്തത. അതിനെ ഒരു പ്രത്യേക ചട്ടക്കൂടിൽ തളച്ചിടുകയെന്നത് അപ്രായോഗികമാണ്. ജീവിതത്തിന്റെ സങ്കീർണതകളെ സ്ഫടികം പോലെ സുതാര്യമായി ആവിഷ്‌കരിക്കുന്ന കഥകളോടാണ് സാധാരണ വായനക്കാർക്ക് പ്രിയം. അത്തരത്തിലൊരു വായനാനുഭവമാണ് വെള്ളിയോടന്റെ 'ആയ' എന്ന കൃതി.
പ്രമേയ വൈവിധ്യവും ലാളിത്യവുമാണ് വെള്ളിയോടൻ കഥകളുടെ മുഖമുദ്ര. സ്വന്തം തൂലികത്തുമ്പിലൂടെ, സ്വകാര്യ ദുഃഖങ്ങളെപ്പോലും കഥയീഭവിക്കുമ്പോൾ, ബൃഹത്തായ അനുഭവ ലോകങ്ങളുടെ അടരുകളാണ് വായനക്കാർക്കു മുന്നിൽ തുറക്കപ്പെടുന്നത്. ആരാലും ശ്രദ്ധിക്കപ്പെടാതെ, സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട പരമുവെന്ന തെങ്ങു കയറ്റത്തൊഴിലാളിയിലൂടെ കഥ പറയുമ്പോൾ, പരമുവിനൊപ്പം മാതുവും ചീരുവും കൊറുമ്പിയുമൊക്കെ, ഒരു കാലത്തിന്റെയോ സമൂഹത്തിന്റെയോ ഒക്കെ പരിഛേദമായി മാറുകയാണ്. ഒരു വശത്ത് അവർ നീതി നിഷേധത്തിന്റെ ഇരകളാകുമ്പോൾ തന്നെ, മറുവശത്ത്, രാഷ്ട്രീയ ലാഭത്തിനു വേണ്ടി  അത്തരക്കാരെ വെറും ഉപകരണമായി മാത്രം കാണുന്ന രാഷ്ട്രീയ പേക്കൂത്തുകളും കഥയുടെ മർമ്മമാകുന്നു.
 സാമ്പ്രദായികമായ നാട്ടു ചന്തങ്ങളാൽ സമ്പന്നമാണ് ഇതിലെ മിക്കവാറും കഥകളും. സ്‌നേഹിക്കുക, സ്‌നേഹിക്കപ്പെടുക എന്ന ഓരോ മനുഷ്യന്റെ ഉള്ളിലേയും ജൈവിക ചോദനകളെ വരികളിലൂടെ ഉദ്ദീപിപ്പിക്കുകയെന്ന ദൗത്യം കൂടി വെള്ളിയോടൻ തന്റെ എഴുത്തുകളിലൂടെ സാധ്യമാക്കുന്നുണ്ട്. ബുദ്ധിജീവി ജാഢകളില്ലാതെ, നേർക്കു നേരെയുള്ള ലളിതമായ എഴുത്ത് ശൈലി ഏതു വായനക്കാരന്റെയുള്ളിലും കഥാകാരനോട് പരോക്ഷമായ ഒരു ആത്മബന്ധം സ്ഥാപിക്കുന്നുണ്ട് എന്നു വേണമെങ്കിൽ പറയാം. കഥകളുടെ സാരള്യം കൊണ്ട് സാഹിത്യ പടുക്കളായ ബുദ്ധിജീവികൾ നെറ്റി ചുളിച്ചാലും ഒരു ഘട്ടത്തിൽ ഈ കഥകൾ അവരുടെ തന്നെ ആത്മാവിന്റെ മുറിവുകളിൽ ലേപനമാകുന്നത് അവർ തിരിച്ചറിയുക തന്നെ ചെയ്യും. ആഖ്യാന ശൈലിയിലെ അഹങ്കാരം നിമിത്തം കഥയിലെ ദുർഗ്രാഹ്യത അലങ്കാരമായിക്കാണുന്ന ഇക്കാലത്ത്, ഇത്തരം സരള കഥകൾ പ്രോൽസാഹിക്കപ്പെടേണ്ടതു തന്നെയാണ്.
ആയ എന്ന ശീർഷക കഥ വ്യക്തി വ്യഥയാണ് പ്രതിപാദിക്കുന്നതെങ്കിൽ, ചെറുകഥകൾ ജീവിതം കാണിച്ചു തരണം എന്ന ആന്റൺ ചെക്കോവ് സിദ്ധാന്തത്തിലൂടെ, ഓരോ ജീവിതം വരച്ചു കാണിക്കുന്നതാണ് മറ്റു കഥകൾ. സ്‌നേഹം, വിശപ്പ് കാമം തുടങ്ങിയ ചില ബിംബ കൽപനകളിലൂടെ, ജീവിതത്തിന്റെ ചില ഇരുൾ മൂടിയ വശങ്ങളെയും പരിചയപ്പെടുത്താനാവുമെന്നറിയുമ്പോൾ കഥയെഴുത്തിന്റെ ആർദ്ര ലാവണ്യങ്ങളാണ്, പ്രസരിക്കപ്പെടുന്നത്. വഴിക്കാഴ്ചകൾ എന്ന കഥയിൽ മൊട്ടാപ്പി എന്ന മോഷ്ടാവിലൂടെ ഹാസ്യത്തിന്റെ ആവരണമണിയുന്ന കഥാവിന്യാസമാണ് കാഴ്ച വെക്കുന്നത്. നാട്ടു വിഷയങ്ങൾക്കൊപ്പം പ്രവാസത്തിന്റെ ജീവിത വ്യഥകളും കെട്ടുകളും കടപ്പാടുകളും അതിലുണ്ടാകുന്ന സങ്കീർണവും അഗാധവുമായ സമസ്യകളും കൂടി ഒരു മനുഷ്യ സ്‌നേഹിയുടെ കണ്ണിലൂടെ വരച്ചിടുന്നുമുണ്ട്. ജീവിതത്തെ തന്നെ അതേ പടി പരാവർത്തനം ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ പോസ്റ്റ് മോഡേണിസം നിഷ്‌കർഷിക്കുന്ന ഭാഷാപ്രയോഗത്തിന്റെ പുതിയ ട്രെന്റുകൾ പരീക്ഷിക്കാൻ വെള്ളിയോടൻ ശ്രമിച്ചിട്ടില്ല എന്നതും ഈ കഥകൾ വായിക്കുമ്പോൾ ശ്രദ്ധയിൽ പെടുന്നു.  സ്‌നേഹ ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും അർഥവും ആഴവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, മനുഷ്യ ബന്ധങ്ങളുടെ സത്ത ഉൾക്കൊണ്ടുകൊണ്ട്, വിഷയ സ്വീകരണത്തിൽ, അത് അവതരിപ്പിക്കുന്ന ശൈലിയിൽ ഒക്കെ വ്യത്യസ്തത പുലർത്തുന്ന ഈ കഥകളുടെ വായന കാലത്തിന്റെ അനിവാര്യതയാകുന്നു. സൈകതം ബുക്‌സാണ് ആയ എന്ന കൃതിയുടെ പ്രസാധകർ. വില 75 രൂപ.

Latest News