ഇംഗ്ലീഷിലും മലയാളത്തിലും നല്ല പ്രാവീണ്യമുള്ള ഒരു പാട് യുവ എഴുത്തുകാർ നമ്മുടെ നാട്ടിലുണ്ട് എന്ന് ഫാത്തിമ തിരിച്ചറിയുന്നത് അക്കാലത്താണ്. അവരെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും ഇംഗ്ലീഷിൽ ഒരു മാഗസിൻ തുടങ്ങിയാലോ എന്ന ചിന്ത കലശലായി. സഹപ്രവർത്തകരായ വി.എച്ച്. നിഷാദും(കഥാകൃത്ത്) മനോജ് കൊയ്യവും ഏതാനും വിദ്യാർഥികളും സർവ സഹായവുമായി മുന്നോട്ടു വന്നപ്പോൾ ഇന്ത്യൻ ഇങ്ക് എന്ന പേരി ൽ ഒറ്റ പേജുള്ള ഒരു ഇംഗ്ലീഷ് മാഗസിൻ പുറത്തിറക്കി. ധാരാളം പുതിയ എഴുത്തുകാരെ അതിൽ അണിനിരത്തി. മൂന്നു വർഷത്തോളം അതു ഭംഗിയായി കൊണ്ടു നടന്നു. തുടർന്ന് നിലച്ചുപോയെങ്കിലും ഫാത്തിമ എന്ന പരിഭാഷകയെ അത് മലയാളത്തിന് നൽകി.
സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന കൃതി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യാൻ കൈയിലെടുക്കുമ്പോൾ ഫാത്തിമ എന്ന എഴുത്തുകാരി ചിന്തിച്ചിരിക്കുമോ ഇത് തന്റെ തലവര മാറ്റിയെഴുതുമെന്ന്? ഇനി താൻ അറിയപ്പെടാൻ പോകുന്നത് ഈ കൃതിയുടെ വിവർത്തക എന്ന നിലയിലായിരിക്കുമെന്ന്? അങ്ങനെ തന്റെ ഖ്യാതി മലയാളവും കടന്ന്, ഇന്ത്യയും കടന്ന്, ലോകമാകെ വ്യാപിക്കുമെന്ന്? ഇല്ല, അത്തരത്തിലുള്ള ചിന്തകളൊന്നും തനിക്കപ്പോൾ ഉണ്ടായിരുന്നില്ലെന്ന് മനുഷ്യന് ഒരു ആമുഖം ഇംഗ്ലീഷിൽ എ പ്രിഫേസ് ടു മാൻ എന്ന പേരിൽ വിവർത്തനം ചെയ്ത ഡോ. ഇ.വി. ഫാത്തിമ തുറ ന്നു പറയുന്നു. പക്ഷെ, 2017-ലെ പ്രസിദ്ധമായ ക്രോസ്വേഡ് പരിഭാഷ പുരസ്കാരം ആ കൃതിക്ക് ലഭിച്ചതോടെ ഫാത്തിമയുടെ ജീവിതത്തിൽ ഒരു സ്വപ്നം പോലെ സംഭവിക്കുന്നത് അതൊക്കെയാണ്.
ദിനംപ്രതി അനേകം മെയിലുകളും ഫോൺവിളികളും വാട്ട്സാപ്പ് സന്ദേശങ്ങളുമാണ് ആ നോവൽ വായിച്ചവരിൽ നിന്നും അഭിനന്ദനമായി ഫാ ത്തിമയെ തേടിയെത്തുന്നത്. ഫാത്തിമ എന്ന പരിഭാഷക ആംഗ്ലോ-ഇന്ത്യൻ നോവൽ വായനക്കാരുടെ ഇടയിൽ ഇപ്പോൾ ഏറെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. നാട്ടിൽ അറിയുന്നവരും അടുപ്പക്കാരും താനൊരു എഴുത്തുകാരിയാണ് എന്ന് തിരിച്ചറിയുന്നത് ഇപ്പോഴാണെന്ന് ഫാത്തിമ ആഹ്ലാദത്തോടെ പറയുന്നു. അതിന് തന്നെ സഹായിച്ച ക്രോസ് വേഡ് പരിഭാഷാ പുരസ്കാരത്തിന് മനസിൽ അവർക്കുള്ള നന്ദിയും ആദരവും ചെറുതല്ല.
കണ്ണൂർ കൃഷ്ണമേനോൻ ഗവ. വിമൻസ് കോളജിലെ ഇംഗ്ലീഷ് വകുപ്പു മേധാവിയാണ് ഇ.വി.ഫാത്തിമ. ഇക്കഴിഞ്ഞ ജനുവരിയിൽ 15-ാമത് ക്രോസ് വേഡ് പരിഭാഷ പുരസ്കാരം സ്വീകരിച്ച് നാട്ടിലെത്തിയതിന്റെ ആഹ്ലാദ നിറവിലാണ് അവർ മനസ്സ് തുറന്നത്. അവാർഡിനായി എ പ്രിഫേസ് ടു മാൻ ഷോർട്ട് ലിസ്റ്റ് ചെയ്ത വിവരം അറിഞ്ഞപ്പോൾ അവർക്ക് വലിയ സന്തോഷ മാണ് തോന്നിയത്. ശക്തമായ മത്സരമാണ് അവാർഡിനായി ഇക്കുറി നടക്കുന്നത് എന്ന് ലിറ്റററി ഏജന്റും പ്രസാധകരായ ഹാർപ്പർ കോളിൻസും അറിയി ച്ചപ്പോൾ തന്റെ പുസ്തകം ഒന്നാമതായി ജയിച്ചെത്തും എന്ന് ഒരിക്കലും ഫാ ത്തിമ കരുതിയിരുന്നതല്ല. പക്ഷെ, അവസാനം, അവാർഡ് തന്റെ പുസ്തകത്തിനാണ് എന്നറിഞ്ഞപ്പോൾ അക്ഷരാർഥത്തിൽ അത്ഭുതപ്പെട്ടുപോയി എന്നവർ പറയുന്നു. സംഘാടകരായ റെയ്മണ്ട്, മുംബൈയിൽ ഒരുക്കിയ സ്വീകരണത്തിലേക്ക് ചെന്ന് മഹത്തായ ക്രോസ് വേഡ് പുരസ്കാരം കൈപ്പറ്റിയത് ജീവിതത്തിലെ ഏറ്റവും ധന്യമായ ഒരു നിമിഷമായി ഫാത്തിമ മനസിൽ കരുതുന്നു. ഒപ്പം സുഭാഷ് ചന്ദ്രനുമുണ്ടായിരുന്നു.

മാതൃഭൂമി വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുമ്പോഴേ മനുഷ്യന് ഒരു ആമുഖം എന്ന നോവൽ ഫാത്തിമയുടെ ശ്രദ്ധയിൽ പെട്ടിരുന്നതാണ്.
പക്ഷെ, അക്കാലത്ത് ഷാർജയിൽ ആയിരുന്നതിനാൽ പല ലക്കങ്ങളും വായിക്കാൻ കഴിഞ്ഞില്ല. നോവൽ മുഴുവനായും വായിച്ചത് പുസ്തകമായി പുറത്തിറങ്ങി മാസങ്ങൾ കഴിഞ്ഞപ്പോഴാണ്. അപ്പോഴേക്കും മലയാളത്തിൽ ഏറെ വായിക്കപ്പെടുകയും അംഗീകാരങ്ങൾ കൊയ്തു കൂട്ടുകയും ചെയ്ത ഒ രു കൃതിയായി മനുഷ്യന് ഒരു ആമുഖം മാറിയിരുന്നു. ആദ്യവായനയിൽ തന്നെ അതൊരു ഒന്നാം തരം നോവലാണെന്ന് ബോധ്യപ്പെട്ടു. അപ്പോൾ തോന്നി, മലയാളി മാത്രം വായിച്ചാൽ പോര ഈ നോവലെന്ന്. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാലോ എന്ന ചിന്ത തലയിലുദിച്ചത് അങ്ങനെയാണ്.
ആദ്യം പരിഭാഷപ്പെടുത്താൻ ആലോചിച്ചത് എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന കൃതിയായിരുന്നു. പക്ഷെ, അതിന് നല്ലൊരു ഇംഗ്ലീഷ് വിവർത്തനം ഉണ്ടെന്നറിഞ്ഞപ്പോൾ പിൻതിരിഞ്ഞു. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും ബഷീറിന്റെ ചില കൃതികളും ചെയ്യണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. സാറാ ജോസഫിന്റെ ഒരു കൃതി കുറച്ചുഭാഗം ചെയ്തെങ്കിലും അത് മറ്റാരോ ചെയ്തു തുടങ്ങി എന്നറിഞ്ഞപ്പോൾ നിർത്തുകയായിരുന്നു. തുടർന്നാണ് മനുഷ്യന് ഒരു ആമുഖം ശ്രദ്ധയിൽ പെട്ടതും അതിൽ കൈവെക്കാൻ തീരുമാനിച്ചതും.
വിവർത്തനത്തിനുള്ള അനുവാദത്തിനായി സുഭാഷ് ചന്ദ്രനുമായി സംസാരിച്ചപ്പോൾ ആദ്യം വല്ലാതെ നിരാശയായി. ഒരുപാടുപേർ, പല കാലത്തായി ശ്രമിച്ച് പരാജയപ്പെട്ട് പേന വെച്ച് കീഴടങ്ങി പിൻതിരിഞ്ഞ ചരിത്രമാണ് നോവലിന്റെ പരിഭാഷാ യത്നത്തിനുള്ളതെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. അത് കേട്ടപ്പോൾ ഏറ്റെടുക്കാൻ പോകുന്ന പണി ബാലികേറാമലയാകുമോ എന്നൊരു സംശയമുണ്ടായി. അതെന്തായാലും നോവലിന്റെ രണ്ടാം അധ്യായം (അതാണ് പരിഭാഷകരെ വട്ടം കറക്കിയ അധ്യായം എന്ന് സുഭാഷ് വ്യക്തമാക്കിയിരുന്നു) വിവർത്തനം ചെയ്ത് അയച്ചുതരൂ, നോക്കാം എന്നദ്ദേഹം പറഞ്ഞപ്പോൾ പിന്നെ ഉത്സാഹമായി.
വളരെ പെട്ടെന്ന് ആ ഒരു അധ്യായം പരിഭാഷപ്പെടുത്തി അയച്ചു കൊടുത്തു. പറഞ്ഞതു പോലുള്ള വിഷമതകളൊന്നും ആ സമയത്ത് ഫാത്തിമയ്ക്കുണ്ടായില്ല. സത്യത്തിൽ അവരത് നന്നായി ആസ്വദിച്ച് ചെയ്യുകയായിരുന്നു. മനുഷ്യന് ഒരു ആമുഖം എഴുതിയ മൂലകഥാകാരന് ആ വിവർത്തനം നന്നായി ഇഷ്ടപ്പെട്ടു. അദ്ദേഹം പച്ചക്കൊടി വീശിയതോടെ വിവർത്തനവുമായി ഫാത്തിമ മുന്നോട്ടു പോയി. എ പ്രഫേസ് ടു മാൻ എന്ന പേരിൽ ഇന്ന് വിഖ്യാതമായ വിവർത്തന നോവലിന്റെ പിറവി അങ്ങനെയാണ്. ആദ്യം പെൻഗ്വിൻ ബുക്സിനാണ് പുസ്തകം നൽകിയത്. പിന്നെ ഹാർപ്പർ കോളിൻസിനും മറ്റു പല പ്രസാധകർക്കും നൽകി. ഒടുവിൽ ഹാർപ്പർ കോളിൻസാണ് പുസ്തകം ഭംഗിയായി ഒരുക്കിയിറക്കിയത്.
എ പ്രിഫേസ് ടു മാൻ എന്ന പരിഭാഷയ്ക്ക് പിന്നിൽ ഭർത്താവ്, ഷാർജയിൽ ബിസിനസുകാരൻ കൂടിയായ എം.കെ. റിയാസ്, ഹൈദരാബാദിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന മകൾ ഹന്നാ മെഹർ, ഒൻപതാം ക്ലാസുകാരനായ മകൻ ആമിർ എന്നിവരുടെ സഹായവും പ്രോത്സാഹനവും ചില്ലറയല്ല എന്നത് ഫാത്തിമ നന്ദിയോടെ സ്മരിക്കുന്നു. എഴുതാൻ മടിപിടിച്ചിരുന്ന സന്ദർഭങ്ങളിലെല്ലാം ഫാത്തിമയെ അതിലേക്ക് വീണ്ടും വലിച്ചിഴച്ച് കൊണ്ടുവന്നത് അവരായിരുന്നു. സുഹൃത്തായ നന്ദകുമാറും ആ ഉദ്യമത്തിൽ അവരെ ഏറെ സഹായിച്ചിട്ടുണ്ട്. അവരുടെയൊക്കെ സഹായ സഹകരണങ്ങൾ ഇല്ലായിരുന്നെങ്കിൽ എ പ്രിഫേസ് ടു മാൻ ഒരിക്കലും സംഭവിക്കില്ലായിരുന്നു എന്നും ഫാത്തിമ തുറന്നു പറയുന്നു.
സമ്പന്നമായ വായനയുള്ള ഒരു കുട്ടിക്കാലമായിരുന്നു ഫാത്തിമയുടേത്. മാഹിയോട് ചേർന്ന് കിടക്കുന്ന അഴിയൂർ എന്ന പ്രദേശത്തെ ഒരു പുരാതന മുസ്ലിം കുടുംബത്തിലാണ് അവരുടെ ജനനം. എന്നാൽ കുടുംബത്തിൽ മിക്കവരും മികച്ച വിദ്യാഭ്യാസം നേടിയവരും ഉയർന്ന സാമൂഹ്യ ബോധമുള്ളവരുമായിരുന്നു. ചെന്നൈയിൽ എൻജിനീയറായിരുന്നു പിതാവ്. അദ്ദേഹം ഇംഗ്ലീഷ് പുസ്തകങ്ങൾ ധാരാളമായി വായിക്കുമായിരുന്നു. അമ്മാവന്മാരും സഹോദരങ്ങളും നല്ല വായനക്കാരായിരുന്നു. അവരുടെ ഉത്സാഹത്തിൽ വീട്ടിൽ തന്നെ ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങളുടെ വലിയൊരു ശേഖരമുണ്ടായി. പലതരം മാസികകളും അന്ന് വീട്ടിലുണ്ടായിരുന്നു. വായനയുടെ കാര്യത്തിൽ ഉമ്മയും ഒട്ടും മോശമായിരുന്നില്ല. അവർക്ക് പക്ഷെ, മലയാളം വായനയേ വശമുണ്ടായിരുന്നുള്ളു. ഉമ്മക്ക് വേണ്ടി ബംഗാളിയിലേയും റഷ്യനിലേയും പ്രസിദ്ധമായ കൃതികളുടെ പരിഭാഷകൾ വീട്ടിൽ ധാരാളമായി ശേഖരിക്കപ്പെട്ടു. കഥകളും കവിതകളും നോവലും രാഷ്ട്രീയവും ചരിത്രവും മതഗ്രന്ഥങ്ങളും ഒക്കെയുണ്ടായിരുന്നു അക്കൂട്ടത്തിൽ. വിപുലമായ ആ പുസ്തകശേഖരമാണ് ഫാത്തിമയെ വായനയിലേക്ക് നയിച്ചത്. ഇന്നും വിശേഷാവസരങ്ങളിൽ ഫാത്തിമ, ഉമ്മയ്ക്ക് സമ്മാനിക്കുന്നത് പുസ്തകങ്ങളാണ്.
ചെന്നൈയിലും തലശ്ശേരിയിലും മാഹിയിലുമായിരുന്നു ഫാത്തിമയുടെ സ്കൂൾ ജീവിതം. അക്കാലത്ത് പഠനത്തിനൊപ്പം വായനയും ആവേശപൂർവം കൊണ്ടു നടന്നു. ഇംഗ്ലീഷും മലയാളവും വായിച്ചു. ഫാറൂഖ് കോളേജിൽ നി ന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്തു. കോഴിക്കോട് സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. 2001-ൽ അധ്യാപികയായി തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിലെത്തി. കുറച്ചുകാലം ജോലി ചെയ്തശേഷം അഞ്ചു വർഷത്തെ ലീവെടുത്ത് കുടുംബത്തോടൊപ്പം ഷാർജയിലേക്ക് പോയി. അവിടെ എത്തിയപ്പോൾ ധാരാളം ഒഴിവു സമയം കിട്ടി. നന്നായി വായിച്ചു. എഴുതാൻ തുടങ്ങിയതും അക്കാലത്താണ്. ആദ്യമെഴുതിയത് ഇംഗ്ലീഷിലായിരുന്നു-കവിതകൾ. അമേരിക്കയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഇറങ്ങുന്ന സാഹിത്യ പ്രസിദ്ധീകരണങ്ങളിലും മറ്റും ധാരാളം കവിതകൾ അച്ചടിച്ചു വന്നു.
2010-ൽ ഷാർജയിൽനിന്നും തിരിച്ചു വന്ന ഫാത്തിമ, കണ്ണൂർ കൃഷ്ണമേനോൻ ഗവ. വിമൻസ് കോളജിൽ ലക്ചററായി ചേർന്നു. അധ്യാപകവൃത്തിയുടെ തിരക്കിനിടയിൽ എഴുത്തു കുറഞ്ഞു തുടങ്ങി. അങ്ങനെയിരിക്കെയാണ് 2011-ൽ, യു എസിൽ നിന്നിറങ്ങുന്ന വൊക്കാബുല എന്ന പ്രസിദ്ധീകരണം ക്രിയേറ്റീവ് നോൺ ഫിക്ഷൻ വിഭാഗത്തിൽ ഒരു മത്സരം പ്രഖ്യാപിച്ചത് കണ്ണിൽപെട്ടത്. വലിയ തോതിൽ ക്രിയേറ്റീവ് ഗദ്യ സാഹിത്യം പ്രോത്സാഹിപ്പിക്കുന്നവരായിരുന്നു അവർ. ഫാത്തിമ ഒരു ആർട്ടിക്കിൽ അതിലേക്കയച്ചു. വൊക്കാബുല റിവ്യൂ പ്രൈസ് എന്ന പേരിൽ അവർ നൽകുന്ന സമ്മാനം അക്കുറി ഫാത്തിമ്മയ്ക്ക് കിട്ടി. 250 ഡോളറും അതിമനോഹരമായ ഒരു ശിൽപവുമായിരുന്നു സമ്മാനം. അത് തുടർന്നും എഴുതാനുള്ള വലിയ ഊർജം അവർക്ക് നൽകി.
ഇംഗ്ലീഷിലും മലയാളത്തിലും നല്ല പ്രാവീണ്യമുള്ള ഒരു പാട് യുവ എഴുത്തുകാർ നമ്മുടെ നാട്ടിലുണ്ട് എന്ന് ഫാത്തിമ തിരിച്ചറിയുന്നത് അക്കാലത്താണ്. അവരെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും ഇംഗ്ലീഷിൽ ഒരു മാഗസിൻ തുടങ്ങിയാലോ എന്ന ചിന്ത കലശലായി. സഹപ്രവർത്തകരായ വി.എച്ച്. നിഷാദും(കഥാകൃത്ത്) മനോജ് കൊയ്യവും ഏതാനും വിദ്യാർഥികളും സർവ സഹായവുമായി മുന്നോട്ടു വന്നപ്പോൾ ഇന്ത്യൻ ഇങ്ക് എന്ന പേരി ൽ ഒറ്റ പേജുള്ള ഒരു ഇംഗ്ലീഷ് മാഗസിൻ പുറത്തിറക്കി. ധാരാളം പുതിയ എഴുത്തുകാരെ അതിൽ അണിനിരത്തി. മൂന്നു വർഷത്തോളം അതു ഭംഗിയായി കൊണ്ടു നടന്നു. തുടർന്ന് നിലച്ചു പോയെങ്കിലും ഫാത്തിമ എന്ന പരിഭാഷകയെ അത് മലയാളത്തിന് നൽകി. വീരാൻകുട്ടിയുടെ ധാരാളം കവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് അവർ ഇന്ത്യൻ ഇങ്കിൽ ചേർത്തിരുന്നു. അവയുടെ എണ്ണം ഏതാണ്ട് നൂറോളം വരും. പരിഭാഷയിലേക്കുള്ള ഫാത്തിമയുടെ ആദ്യ ചുവടുവെയ്പ്പായിരുന്നു അത്.
കേരള ഫോക്ലോർ അക്കാദമിക്ക് വേണ്ടി തെയ്യങ്ങളെ കുറിച്ചുള്ള ഒരു പുസ്തകം അവർ എഡിറ്റ് ചെയ്യുകയുണ്ടായി. വാലും തുമ്പുമില്ലാതെ ചിലർ മലയാളത്തിൽ എഴുതിയ പ്രബന്ധങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യേ ണ്ടി വന്നത് ജീവിതത്തിലെ ഏറ്റവും ശ്രമകരമായ പണിയായിരുന്നു എന്ന് ഫാത്തിമ ഓർക്കുന്നു. പക്ഷെ, അതു കൊണ്ട് ഒരു ഗുണമുണ്ടായി. പരിഭാഷപ്പെടുത്തുന്ന കൃതി എത്രതവണ വേണമെങ്കിലും മാറ്റിയെഴുതാനും മിനുക്കിയെടുക്കാനുമുള്ള ശേഷിയും സഹനശക്തിയും കിട്ടി. മനുഷ്യന് ഒരു ആമുഖത്തിന്റെ വിവർത്തനം പലവിധ കാരണങ്ങളാൽ ഇടക്ക് നിലച്ചു പോയപ്പോഴും അത് തുടരാനും പൂർത്തിയാക്കാനുമുള്ള കഴിവും കരുത്തും അങ്ങനെ കിട്ടിയതാണ്. അതെന്തായാലും തെയ്യത്തെ കുറിച്ചുള്ള ആ പുസ്തകം ഇറങ്ങിയപ്പോൾ അതിൽ ഫാത്തിമയുടെ പേരുണ്ടായിരുന്നില്ല. ഒരു രൂപ പോലും പ്രതിഫലവും അവർക്ക് കിട്ടിയില്ല. എഴുത്തു ലോകത്തെ ചില കള്ളക്കളികളുമായി മുഖാമുഖം പരിചയപ്പെടുകയായിരുന്നു, ഫാത്തിമ!
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസിന് വേണ്ടി എഴുത്തുകാരി ഗ്രേസിയുടെ കഥകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയാണിപ്പോൾ ഫാത്തിമ. ഒപ്പം ഗ്രേസിയുടെ ഓർമക്കുറിപ്പുകളുടെ പരിഭാഷയും നിർവഹിക്കുന്നുണ്ട്. എ പ്രിഫേസ് ടു മാൻ എന്ന പുസ്തകത്തിന്റെ പ്രസാധകരായ ഹാർ പ്പർ കോളിൻസിന് വേണ്ടി മലയാളത്തിലെ സമകാലിക കവിതകളുടെ ഒരു ഇംഗ്ലീഷ് പരിഭാഷയും ആലോചനയിലാണ്. പ്രമുഖ സാഹിത്യ പണ്ഡിതനായ ഡോ.സ്കറിയ സക്കറിയയുടെ കൂടെ കോ-എഡിറ്ററായി നിന്നുകൊണ്ട് മലയാള വിമർശന സാഹിത്യത്തിന്റെ ചരിത്രം ഇംഗ്ലീഷിൽ തയ്യാറാക്കുന്ന ഒരു വമ്പൻ പദ്ധതിയുടെ ഭാഗമായിട്ടും അവരിപ്പോൾ പ്രവർത്തിക്കുന്നുണ്ട്.
മികച്ച ഇംഗ്ലീഷ് പരിഭാഷയ്ക്ക് മലയാളത്തിൽ നൽകുന്ന വി. അബ്ദുള്ള അവാർഡ് എ പ്രിഫേസ് ടു മാൻ എന്ന കൃതിയെ മുൻനിർത്തി കഴിഞ്ഞ വർഷം ഫാത്തിമയ്ക്ക് ലഭിച്ചിരുന്നു. ക്രോസ് വേഡ് വിവർത്തന പുരസ്കാരം ല ഭിച്ചതോടെ മലയാളത്തിൽ നിന്നും ധാരാളം എഴുത്തുകാർ തങ്ങളുടെ പുസ് തകങ്ങൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള അഭ്യർഥനയുമായി ഫാത്തിമയെ ഇപ്പോൾ സമീപിക്കുന്നുണ്ട്. മികച്ച രീതിയിൽ അവരുടെ കൃതികൾക്ക് പരിഭാഷയൊരുക്കാൻ തനിക്കാവുമെന്ന തിരിച്ചറിവാണ് എഴുത്തുകാരെ അതിന് പ്രേരിപ്പിക്കുന്നത് എന്ന് ഫാത്തിമയ്ക്കറിയാം. മൂലകൃതിയുടെ സൗന്ദര്യവും സമ്പന്നതയും സൂക്ഷ്മമായി സ്വാംശീകരിച്ചാണ് ഫാത്തിമ എ പ്രിഫേ സ് ടു മാൻ എഴുതിയത് എന്ന ക്രോസ് വേഡ് അവാർഡ് ദാന കമ്മിറ്റിയുടെ വിലയേറിയ വിലയിരുത്തൽ തന്നെ അതിന് ഉദാഹരണവുമാണ്.
അങ്ങനെയൊക്കെയാണെങ്കിലും നേർത്തൊരു വേദന അവരെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ട്. അത് വിവർത്തനത്തെയും വിവർത്തകരെയും മലയാളം വേണ്ടവിധം അംഗീകരിക്കുന്നില്ല എന്ന കാരണത്താലാണ്. അത് ത ന്റെ മാത്രം അനുഭവമല്ലെന്നും മറ്റു പല വിവർത്തകരുടേതു കൂടിയാണെന്നു മുള്ള അഭിപ്രായവും അവർക്കുണ്ട്. വിവർത്തകരെ വെറും നാലാംകിടക്കാരായി കാണുന്ന പ്രവണതയാണ് നമുക്കുള്ളത് എന്നാണ് അനുഭവത്തിന്റെ വെളിച്ചത്തിൽ അവരുടെ വിലയിരുത്തൽ.
വിവർത്തനം ഒരു സർഗാത്മക പ്രവർത്തനമാണെന്ന ഉറച്ച നിലപാടാണ് ഫാത്തിമയുടേത്. വിവർത്തനം എല്ലാ അർഥത്തിലും മൂലകൃതിയുടെ പുനഃനിർമിതിയാണ്. മികച്ച ഒരു എഴുത്തുകാരന്/കാരിക്ക് മാത്രമെ മികവുറ്റ ഒരു പരിഭാഷ ഒരുക്കാൻ കഴിയൂ. വിവർത്തകൻ ഇരു ഭാഷയിലും പ്രാവീണ്യമുള്ളവൻ ആയിരിക്കണം. പരിഭാഷകന് പ്രാഥമികമായി മൂന്ന് ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുണ്ട്-എഴുത്തുകാരനോട്, വായനക്കാരനോട്, മൂലകൃതിയോട്. അത് സമമായി സമന്വയിക്കുമ്പോഴാണ് ഉജ്വലമായ ഒരു വിവർത്തന കൃതി പിറക്കുന്നത്. അങ്ങനെ ഏറെ ശ്രമകരവും വെല്ലുവിളികൾ നേരിടേണ്ടതുമായ വിവർത്തന മേഖലയെ നിർഭാഗ്യവശാൽ മലയാളികൾ അർഹമാംവിധം പരിഗണിക്കുന്നില്ല എന്നതാണ് നേര്.പരിഭാഷകരോട് മലയാളി കാണിക്കുന്ന ഈ വൈമുഖ്യം ഫാത്തിമയെ വല്ലാതെ മടുപ്പിക്കുന്നുണ്ട്. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പരിഭാഷാ ജോലികൾ പൂർത്തിയാക്കി കഴിഞ്ഞാൽ പുതിയ പരിഭാഷകളൊന്നും ഏറ്റെടുക്കുന്നില്ല എന്നൊരു ഉറച്ച തീരുമാനത്തിലാണവർ. അതേ സമയം എഴുത്തിന്റെ മേഖലയിൽ നിന്നും പൂർണമായി വിട്ടു പോകാൻ അവർ ഒരുക്കവുമല്ല. മാഹിയും തലശ്ശേരിയുമുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഹിന്ദു-മുസ്ലിങ്ങൾ സൂക്ഷിച്ചിരുന്ന അതിഗാഢമായ മത-സാമൂഹ്യ സൗഹാർദ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ഒരു നോവൽ രചനയുടെ ഒരുക്കത്തിലാണവർ. രാജ്യം ഇന്നു നേരിടുന്ന മതപരമായ അസഹിഷ്ണുതയ്ക്ക് ഫലപ്രദമായ പകരം വെ പ്പായിരിക്കും ആ നോവൽ എന്നാണ് അവരുടെ വിലയിരുത്തൽ. അപ്പോഴും മലയാളത്തിന് മികവുറ്റ ഒരു മൊഴിമാറ്റക്കാരിയെ നഷ്ടമാകുകയാണ് എന്നുള്ളത് ആഴത്തിൽ ചിന്താർഹമായ ഒരു വിഷയമായി ബാക്കി നിൽക്കുന്നു.






