Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഹാമില്‍ടണ്‍, കിരീടധാരണം അബുദാബിയില്‍

ജിദ്ദ -ആവേശം വാരിവിതറിയ പ്രഥമ സൗദി അറേബ്യന്‍ ഫോര്‍മുല വണ്‍ ഗ്രാന്റ്പ്രി നിശാ മത്സരത്തില്‍ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ടണ്‍ ഒന്നാമതെത്തി. മൂന്നാം സ്ഥാനത്ത് നിന്ന് കുതിച്ച റെഡ് ബുളിന്റെ മാക്‌സ് വെര്‍സ്റ്റാപ്പനായിരുന്നു 50 ലാപ്പുകളില്‍ നാല്‍പത് പിന്നിടുമ്പോഴും മുന്നില്‍. എന്നാല്‍ പോള്‍ പൊസിഷനില്‍ നിന്ന് കുതിച്ച ഹാമില്‍ടണ്‍ പിന്നീട് മുന്നില്‍ കയറി. വെര്‍സ്റ്റാപ്പന്‍ രണ്ടാം സ്ഥാനവും മെഴ്സിഡസിൻ്റെ തന്നെ വാൾടേരി ബോട്ടാസ് മൂന്നാം സ്ഥാനവും നേടി. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ വെര്‍സ്റ്റാപ്പനെ ഹാമില്‍ടന്‍ മറികടക്കുന്നതിനിടെ ഇരുകാറുകള്‍ കൂട്ടിയിടിച്ചു. വെര്‍സ്റ്റാപ്പന് അഞ്ച് സെക്കന്റ് പെനാല്‍ട്ടി ലഭിച്ചു.
തുടര്‍ച്ചയായ മൂന്നാമത്തെ ഗ്രാന്റ്പ്രിയിലാണ് ഹാമില്‍ടണ്‍ ഒന്നാം സ്ഥാനം നേടുന്നത്. സാവൊപൗളൊ ഗ്രാന്റ്പ്രിയിലും ഖത്തര്‍ ഗ്രാന്റ്പ്രിയിലും ഒന്നാമനായ ഹാമില്‍ടണ്‍ ഹാട്രിക് തികച്ചു. ഫാസ്റ്റസ്റ്റ് ലാപിന്റെ ബോണസ് പോയന്റും കിട്ടിയതോടെ ഹാമില്‍ടന്‍ എതിരാളിയുടെ പോയന്റിനൊപ്പമെത്തി.
അബുദാബിയിലെ അവസാന ഗ്രാന്റ്പ്രി വിജയിക്കുന്നയാള്‍ ഈ സീസണിലെ ചാമ്പ്യനാവും. 12 നാണ് അബുദാബി ഗ്രാന്റ്പ്രി. 
ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിലെ സൗദി അറേബ്യയുടെ അരങ്ങേറ്റം ആവേശമാക്കി ജിദ്ദ നഗരം. നിശാ റെയ്‌സിന്റെ ഫൈനലിന് മുമ്പ്  വിമാനങ്ങളുടെ പ്രകടനം നഗരത്തെ  ആവേശക്കൊടുമുടി കയറ്റി. 
ഇതുപോലൊരു പോരാട്ടം ഫോര്‍മുല വണ്‍ കാത്തിരിക്കുകയായിരുന്നുവെന്ന് മുന്‍ എഫ്1 മേധാവി ബേണി എക്കല്‍സ്റ്റന്‍ പറഞ്ഞു. അലയ്ന്‍ പ്രോസ്റ്റും അയേടണ്‍ സെന്നയും തമ്മിലുള്ള പോരാട്ടത്തെ ഓര്‍മിപ്പിക്കുന്നതാണ് ഇത്. 1989 ലും 1990 ലും ഇരുവരും തമ്മിലുള്ള വാശിയേറിയ പോരാട്ടം ജപ്പാന്‍ ഗ്രാന്റ്പ്രിയില്‍ അപകടങ്ങള്‍ക്ക് കാരണമായിരുന്നു. പലപ്പോഴും ഓവര്‍ടെയ്ക്കിംഗ് അപകടമാണെങ്കിലും ആ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കില്‍ വിജയം തോല്‍വിയായി മാറുമെന്ന് പ്രോസ്റ്റ് ചൂണ്ടിക്കാട്ടി. അതിനാല്‍ സര്‍ക്യൂട്ടില്‍ കൂട്ടിമുട്ടലുകള്‍ക്ക് സാധ്യതയേറെയാണെന്ന് പ്രോസ്റ്റ് പറയുന്നു.
യോഗ്യതാ റൗണ്ടില്‍ ഹാമില്‍ടണ്‍ ഓരോ ലാപും ശരാശരി 253.984 കിലോമീറ്റര്‍ വേഗത്തിലാണ് മറികടന്നത്. 6.2 കിലോമീറ്റര്‍ നീളമുള്ള ജിദ്ദ സര്‍ക്യൂട്ടില്‍ 27 വളവുകളുണ്ട്. അതില്‍ പലതും കൊടുംവളവുകളാണ്. അതിനാല്‍ അപകടങ്ങള്‍ക്കും കൂട്ടിയിടികള്‍ക്കും സാധ്യതയേറെയാണ്. അതിര്‍ത്തിവേലികളും ട്രാക്കിന് അടുത്താണെന്ന് ഡ്രൈവര്‍ സെര്‍ജിയൊ പെരസ് ചൂണ്ടിക്കാട്ടി. കാറുകള്‍ ഇഞ്ചോടിഞ്ച് പൊരുതുമ്പോള്‍ ഇതെല്ലാം അപകടസാധ്യത വര്‍ധിപ്പിക്കുന്നു. 
ജിദ്ദ സര്‍ക്യൂട്ട് മനോഹരമാണെങ്കിലും അപകടസാധ്യത കൂടുതലാണെന്ന് മറ്റു ഡ്രൈവര്‍മാരും പറയുന്നു. യോഗ്യതാ റൗണ്ടില്‍ കാറുകള്‍ തൊട്ടുതൊട്ടില്ലെന്ന മട്ടിലാണ് കുതിച്ചതെന്നും കാറില്‍ നിന്നുള്ള കാഴ്ച പേടിപ്പെടുത്തുന്നതാണെന്നും പെരസ് പറഞ്ഞു. ട്രാക്ക് ഡിസൈനുകളെക്കുറിച്ച് ഡ്രൈവര്‍മാര്‍ ആശങ്ക പ്രകടിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് പെരസ് അഭിപ്രായപ്പെട്ടു.

Latest News