Sorry, you need to enable JavaScript to visit this website.

വനിതാ ഫുട്‌ബോളില്‍ സെമി ചിത്രം തെളിഞ്ഞു

കോഴിക്കോട്- ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ സെമിയില്‍ മിസോറാമിനെ റെയില്‍വെയും ഒഡിഷയെ മണിപ്പൂരും നേരിടും. തിങ്കളാഴ്ചയാണ് സെമി ഫൈനല്‍. 
 ക്വാര്‍ട്ടര്‍ ഫൈനലില്‍ അസമിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് നിലവിലെ ചാമ്പ്യന്‍മാരായ മണിപ്പൂര്‍ സെമിയില്‍ കടന്നത്. സീനിയര്‍ വനിതാ കാല്‍പന്തിന്റെ ചരിത്രത്തില്‍ ഏഴു തവണ ചാമ്പ്യന്‍സായ മണിപ്പൂര്‍ രണ്ടു തവണ മാത്രം ഫൈനലില്‍ തോറ്റു. ഒരിക്കലാണ് മണിപ്പൂരില്ലാത്ത ഫൈനല്‍ ഉണ്ടായത്. 
ഒമ്പതാം മിനുട്ടില്‍ യംഗാജം കിരണ്‍ബാല ചനുവും 65ാം മിനുട്ടില്‍ തിംഗ്‌ബൈജു ബേബിസന ദേവിയും ഗോള്‍ നേടി. 
പൊരുതിയ ഗോവയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് കീഴ്‌പ്പെടുത്തിയാണ് റെയില്‍വെ സെമി കാണുന്നത്. 33ാം മിനുട്ടില്‍ സുഷ്മിതാ ജാദവിലൂടെ ഗോവ മുന്നിലെത്തിയെങ്കിലും ആദ്യ പകുതിയുടെ പരുക്ക് വേളയില്‍ സുപ്രിയ റൂട്രേ റെയില്‍വെക്ക് സമനില നേടിക്കൊടുത്തു. തുടര്‍ന്ന് 56, 58 മിനുട്ടുകളില്‍ സുപ്രിയ തന്നെയും 69ല്‍ മംതയും റെയില്‍വെക്ക് വേണ്ടി വല ചലിപ്പിച്ചപ്പോള്‍ രണ്ടാം പകുതിയുടെ പരുക്കുവേളയില്‍ വീണ്ടും സുഷ്മിത ഗോവക്ക് ആശ്വാസം പകര്‍ന്നു. 2015-16ലെ ചാമ്പ്യന്‍മാരും 2016-17ലെ റണ്ണര്‍ അപ്പുമാണ് റെയില്‍വെ. 
മിസോറാമിന്റെ സെമി പ്രവേശം മഹാരാഷ്ട്രക്ക് മേല്‍ ഒന്നിനെതിരെ നാല് ഗോള്‍ വര്‍ഷിച്ചുകൊണ്ടാണ്. പത്താം മിനുട്ടില്‍ തന്നെ എലിസബത്ത് വന്‍ലാല്‍മാവിയുടെ ഗോളില്‍ മിസോറാം മേധാവിത്വം കാട്ടി. 24,86 മിനുട്ടുകളില്‍ ലാല്‍നുസ്യമിയും 87ല്‍ എലിസബത്തും ലക്ഷ്യം കണ്ടു. 47ല്‍ കരണ്‍പയസിന്റെതാണ് മഹാരാഷ്ട്രയുടെ ആശ്വാസം. 
നിലവിലെ റണ്ണര്‍ അപ്പായ ഒഡിഷക്ക് മുമ്പില്‍ അടിയറവ് പറഞ്ഞത് തമിഴ്‌നാടാണ്(2-0). കരിഷ്മ ഒറം (27മിനുട്ട്), സത്യാബ്ധി കദിയ (37) ഗോളുകള്‍ നേടി. നാലു തവണ റണ്ണര്‍ അപ്പായ ഒഡിഷ ഒരിക്കല്‍ മാത്രമാണ് കിരീടം ചൂടിയത്. 
 

Latest News