Sorry, you need to enable JavaScript to visit this website.

ബെട്ടിയിട്ട ബായത്തണ്ട്  പോലെ ആയല്ലോ...  


ദക്ഷിണ കേരളത്തിലെ കുറെ ആളുകൾ ധരിച്ചു വെച്ചിരിക്കുന്നത് നാദാപുരം എന്ന പ്രദേശം മലപ്പുറം ജില്ലയിലാണെന്നാണ്. പോട്ടെ. സാധാരണക്കാരോട് ക്ഷമിക്കാം. ഓൺലൈനിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ കോട്ടയത്തിരുന്ന് ലൈവിടുമ്പോഴും നാദാപുരം കാസർകോട് ജില്ലയിലാണെന്ന് തട്ടിവിടും. അതും സഹിക്കാം. നൂറ് കോടി മുടക്കി ചരിത്ര സിനിമ നിർമിക്കുന്നത് കുട്ടിക്കളിയല്ലല്ലോ. സംവിധായകനും ധാരാളം സഹ സംവിധായകരും തിരക്കഥ എഴുതുന്നവരും കാണും. എല്ലാം വീഡിയോ കാസറ്റ് വാങ്ങി കോപ്പിയടിക്കുന്നതൊന്നുമാവില്ലല്ലോ. പോരാത്തതിന് മൂന്ന്്  വർഷത്തിലേറെ സമയവും ലഭിച്ചു. ഓരോ 25 കലോ മീറ്ററിലും കേരളത്തിലെ സംസാര ഭാഷ മാറുന്നുണ്ട്. മഞ്ചേരിയിലേതല്ല കൊണ്ടോട്ടിയിൽ. അതിൽ നിന്നും ഭിന്നമാണ് കോഴിക്കോട് ഭാഷ. കൊയിലാണ്ടിയിൽ പിന്നെയും മാറി. വടകരയിലെ ഞാള് തലശ്ശേരിയിലെത്തുമ്പോൾ ഞമ്മളായി. കണ്ണൂരിലേത് അമ്മോ അപ്പോ പ്രയോഗത്തോട് കൂടിയ വേറെ ഭാഷ. വടകരയ്ക്കടുത്തുള്ള  ഇരിങ്ങൽ കോട്ടക്കലാണ് കുഞ്ഞാലിമരക്കാരുടെ സ്വദേശം. ടൂറിസ്റ്റ് കേന്ദ്രമായ സർഗാലയയിൽ നിന്ന് രണ്ടു ഫർലോംഗ് അകലെ. കുഞ്ഞാലി മരക്കർ പോർച്ചുഗീസ് കപ്പലുകളെ നിരീക്ഷിച്ച പാറ നിന്നിടത്താണ് സർഗാലയ ക്രാഫ്റ്റ്  വില്ലേജ്. 90 കളുടെ തുടക്കത്തിൽ നാവിക സേനയുടെ മേധാവികൾ കോട്ടക്കലെത്തി ആദ്യ നാവിക സേനാധിപനെ ആദരിച്ചതൊക്കെ ചരിത്രം. മരക്കാർമാരുടെ സംസാര രീതി അറിയാൻ വടകര-കൊയിലാണ്ടി താലൂക്കുകളിലെ സംസാര രീതി കുറച്ചു കാലം നിരീക്ഷിച്ചാൽ മതിയാവുമായിരുന്നു. മരക്കാർ കുടുംബാംഗങ്ങൾ ഈ പ്രദേശത്ത് ഇപ്പോഴുമുണ്ട്. വടകരയിലെ പ്രതാപികളായ തച്ചോളി കുടുംബങ്ങളുമായുള്ള  ഇവരുടെ സൗഹൃദം മതസൗഹാർദത്തിന്റേതാണ്. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പദവിയിൽ നിനന്ന് വിരമിച്ച ചരിത്ര പണ്ഡിതന്മാരോട് ചോദിച്ചെങ്കിലും കാര്യങ്ങൾ മനസ്സിലാക്കാമായിരുന്നു. 


മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന 'ചരിത്ര' സിനിമയിലെ ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും മിക്ക കഥാപാത്രങ്ങളും മറ്റേതോ പ്രിയദർശൻ സിനിമയിൽ നിന്നും ഇറങ്ങിവന്നത് പോലെയാണ് അനുഭവപ്പെടുന്നത്. മാമുക്കോയയുടേയും ഇന്നസെന്റിന്റേയും മുകേഷിന്റേയുമൊക്കെ കഥാപാത്രങ്ങളുടെ സംസാര രീതിയും ശരീര ഭാഷയും അത്തരത്തിലൊരു പ്രതീതിയുണ്ടാക്കുന്നതാണ്. മുഖ്യ കഥാപാത്രമായ കുഞ്ഞാലിയടക്കമുള്ള കഥാപാത്രങ്ങൾക്ക് വ്യക്തിത്വം നൽകുവാനോ കാരക്ടർ ആർക്ക് സൃഷ്ടിക്കുവാനോ സാധിച്ചിട്ടില്ല. കഥാപാത്രങ്ങളുടെ പെരുമാറ്റങ്ങളിൽ കൺസിസ്റ്റൻസി കൊണ്ടുവരാൻ പോലും ശ്രമിക്കുന്നതായി കാണുന്നില്ല. 
ദുർബലമായ തിരക്കഥയെ കൂടുതൽ ദുർബലപ്പെടുത്തുന്നതാണ് ചിത്രത്തിലെ സംഭാഷണങ്ങൾ. ഒരു ചരിത്ര സിനിമ എന്നതിനോട് കാണിക്കേണ്ടിയിരുന്ന ഉത്തരവാദിത്തമോ ആത്മാർത്ഥതയോ ചിത്രത്തിലെ സംഭാഷണങ്ങളുടെ രചനയിൽ കാണാൻ സാധിക്കുന്നില്ല. സിനിമയിലെ ചരിത്ര പുരുഷന്റെ ഏറ്റവും വലിയ മാസ് ഡയലോഗ് 'നീ ചെരയ്ക്കും' എന്നാകുന്നത് തീർത്തും അത്ഭുതപ്പെടുത്തുന്നതാണ്. ബെട്ടിയിട്ട ബായത്തണ്ട് പോലെ ആയല്ലോ എളാപ്പാ എന്നു നമുക്ക് സങ്കടത്തോടെ പറയാം. 

                            ****                   ****               ****

ഇന്ത്യയിലെ അതിവേഗ വികസന പ്രവർത്തനങ്ങളെന്ന തരത്തിൽ ബി.ജെ.പി മന്ത്രിമാരും നേതാക്കളും ബീജിങ് എയർപോർട്ടിന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചത് കൈയോടെ പൊക്കി ചൈനീസ് മാധ്യമ പ്രവർത്തകൻ. നോയ്്്ഡയിൽ വരുന്ന അത്യാധുനിക എയർപോർട്ടിന്റെ മോഡൽ എന്ന പേരിലാണ് ചിത്രങ്ങൾ പ്രചരിച്ചത്. നോയ്ഡ എയർപോർട്ട് എന്ന പേരിൽ ബി.ജെ.പി നേതാക്കൾ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ ചിത്രം പ്രചരിപ്പിച്ചതിന് പിന്നാലെയാണിത്. ചൈനീസ് ദേശീയ മാധ്യമമായ സിജിടിഎന്നിലെ ജീവനക്കാരൻ ഷെൻ ഷെയ് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലെ വികസന നേട്ടങ്ങൾ എന്ന പേരിൽ രാജ്യത്തെ സർക്കാർ അധികൃതർ ബീജിങ് എയർപോർട്ടിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് ഞെട്ടലുണ്ടാക്കുന്നു എന്നാണ് ഇദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. കഷ്ടം എന്ന അർത്ഥത്തിൽ തലയ്ക്ക് കൈവെക്കുന്ന ഇമോജികളും ഇദ്ദേഹത്തിന്റെ ട്വീറ്റിലുണ്ട്. കേന്ദ്ര മന്ത്രിമാരായ അനുരാഗ് ഠാക്കൂർ, പ്രഹ്ലാദ് സിംഗ് പട്ടേൽ, അർജുൻ രാം മേഖ്വാൾ, യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരുടെ ട്വീറ്റുകളും ഇദ്ദേഹം സ്‌ക്രീൻ ഷോട്ട് സഹിതം പങ്കുവെച്ചു.

                           ****                   ****               ****

വനിതാ എം.പിമാർക്കൊപ്പം നിൽക്കുന്ന സെൽഫി എടുത്ത്്  ശശി തരൂർ എംപി വിവാദത്തിലായി. സെൽഫി ചിത്രത്തിനൊപ്പം തരൂർ നൽകിയ കാപ്ഷനാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. പിന്നാലെ നിരവധി പേർ തരൂരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. 
ബിജെപി എംഎൽഎ രാജേഷ് നഗറിന്റെ ട്വീറ്റിന് മറുപടി നൽകി.  ലോക്‌സഭ നിയമ നിർമാണത്തിനുള്ള വേദിയാണ്. സ്ത്രീകൾക്കൊപ്പം സെൽഫിയെടുക്കാനും അവരെ ആകർഷകം എന്നു വിളിക്കാനും ഉള്ളതല്ല. ഭാവി എംപിമാർക്ക് തെറ്റായ കീഴ്്്‌വഴക്കം പകരുകയാണ് തരൂർ എന്നും അദ്ദേഹം കുറിച്ചിരുന്നു. ഇതിനു മറുപടിയായാണ് മിമി ചക്രബർത്തി ട്വീറ്റ് ചെയ്തത്. 
സെൽഫി എടുത്തത് അദ്ദേഹം അല്ല സർ, ഞാനാണ്' എന്നായിരുന്നു. ആര് പറഞ്ഞു ലോക്‌സഭ ജോലി ചെയ്യാൻ ആകർഷകമായ സ്ഥലമല്ലെന്ന് എന്ന കുറിപ്പോടെയാണ് ലോക്‌സഭയിലെ ആറ് വനിതാ എംപിമാർക്കൊപ്പമുള്ള സെൽഫി ശശി തരൂർ പങ്കുവെച്ചത്. നിമിഷങ്ങൾക്കകം ട്വീറ്റ് വൈറലായി.  
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിന് എത്തിയപ്പോഴായിരുന്നു എംപിമാരുടെ സെൽഫി. പാർലമെന്റിലെ സ്ത്രീകൾ താങ്കളുടെ ജോലി സ്ഥലം ആകർഷകമാക്കാനുള്ള  സാധനങ്ങളല്ലെന്ന് ചിലർ കുറ്റപ്പെടുത്തി. വോട്ടു ചെയ്ത ജനങ്ങൾക്കായി ജോലി സ്ഥലത്ത് എന്തൊക്കെ ആകർഷണങ്ങളാണ് താങ്കൾക്ക് വേണ്ടതെന്നായി മറ്റു ചിലർ. സിനിമാതാരം കൂടിയായ എം.പി നുസ്രത്ത് ജഹാനുൾപ്പെടെയുള്ളവർ ചിത്രത്തിലുണ്ടെങ്കിലും കേരളത്തിൽ നിന്നുള്ള കോൺഗ്രസ് വനിതാ എം.പിയെ കണ്ടില്ല. 


                          ****                 ****               ****

കേരളത്തിലെ അനുപമ എന്ന യുവതി, തന്റെ പിതാവും കൂട്ടരും തട്ടിയെടുത്ത് നിയമവിരുദ്ധമായി ദത്തു നൽകിയ കുഞ്ഞിന് വേണ്ടി നടത്തിയ പോരാട്ടം വിവരിച്ചു ബിബിസി. കുഞ്ഞിന് വേണ്ടി ഒരു വർഷം നീണ്ട അനുപമയുടെ പോരാട്ടം വിശദമാക്കിയാണ് ബിബിസിയുടെ വാർത്ത തുടങ്ങുന്നത്. ബിബിസി ദൽഹി പ്രതിനിധി സൗത്തിക് ബിശ്വാസും കേരള പ്രതിനിധി അഷ്‌റഫ് പടന്നയും ചേർന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. രണ്ടാഴ്ചയോളം കോരിച്ചൊരിയുന്ന മഴയത്തു പകൽ നിന്നും രാത്രി സമീപം പാർക്ക് ചെയ്തിരുന്ന ഓമ്‌നി വാനിലേക്ക് എത്തിയുമാണ് രാപ്പകൽ സമരം അനുപമ വിജയിപ്പിച്ചെടുത്തത് എന്നും ബിബിസി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബർ 19 നു കുഞ്ഞിന് ജന്മം നൽകിയ അനുപമ ഒരു വർഷവും ഒരു മാസവും പിന്നിട്ട ശേഷമാണു തന്റെ കുട്ടിയ ആദ്യമായി കാണുന്നത്. അനുപമയുടെ കുഞ്ഞിന്റെ അച്ഛനായ അജിത് ദളിതനായതാണ് അധഃസ്ഥിതരുടെ പാർട്ടിയെന്ന് പറയുന്ന സിപിഎം നേതാവ് കൂടിയായ അനുപമയുടെ അച്ഛൻ ജയചന്ദ്രനെ വിറളി പിടിപ്പിച്ചത് എന്നും ബിബിസി തുറന്നു കാട്ടുന്നു.  ജാതിയല്ലാതെ മറ്റൊരു കാരണവും ഈ സംഭവത്തിനു പിന്നിലില്ലെന്നാണ് ബിബിസി നിരീക്ഷണം. അനുപമയുടെ അച്ഛൻ ബാങ്ക് മാനേജരും പാർട്ടി പ്രാദേശിക നേതാവും മുത്തച്ഛനും മുത്തശ്ശിയും ജനപ്രതിനിധികളും ആയിരുന്നു എന്നും ബിബിസി വ്യക്തമാക്കുന്നുണ്ട്. അജിത്തും അനുപമയും സിപിഎം അനുഭാവികൾ ആയിട്ടും ഇങ്ങനെയൊക്കെ സംഭവിച്ചതിൽ ബിബിസി അത്ഭുതം പ്രകടിപ്പിക്കുന്നു. പഠിച്ച കോളേജിൽ പാർട്ടി വിദ്യാർത്ഥി യൂനിയൻ സാരഥി ആയി അനുപമ എത്തിയതും അജിത് യുവജന പ്രസ്ഥാനത്തിൽ നേതൃനിരയിൽ പ്രവർത്തിച്ചതും ബിബിസി പറയുന്നു. ഒടുവിൽ കുഞ്ഞുമായി കാറിൽ കയറി പോകുന്ന അനുപമയുടെ ചിത്രവും ബിബിസി നൽകിയിട്ടുണ്ട്. ജാതിവിവേചനത്തിനെതിരെ നവോത്ഥാന സമരം നടത്തിയ ഇടതു സർക്കാർ തന്നെ അധികാരത്തിൽ ഇരിക്കുമ്പോഴാണ് ഒരമ്മക്ക് മഴയത്തു രാപ്പകൽ സമരം നടത്തേണ്ടി വന്നത് എന്നാണ് ബിബിസിയുടെ നിരീക്ഷണം. കേരളത്തെ ബ്രിട്ടീഷ് സായിപ്പിനും നന്നായി മനസ്സിലാക്കാനായി. 

                     ****                   ****               ****

ഇറ്റലിയിൽ ഫുട്‌ബോൾ സ്‌റ്റേഡിയത്തിന് പുറത്ത് ലൈവ് റിപ്പോർട്ടിംഗ് നടത്തുന്നതിനിടെ വനിതാ റിപ്പോർട്ടറെ കയറിപ്പിടിച്ച യുവാവിനെതിരെ നടപടി. പ്രതിയെ മൂന്ന് വർഷത്തേക്ക് സ്‌റ്റേഡിയങ്ങളിൽ പ്രവേശിക്കുന്നത് വിലക്കി ഇറ്റാലിയൻ പോലീസ് ഉത്തരവിറക്കി. കാർലൊ കസ്‌റ്റെലനി സ്‌റ്റേഡിയത്തിലാണ് സംഭവം.  ഗ്രേറ്റ ബെകക്ലിയ എന്ന മാധ്യമ പ്രവർത്തകയ്ക്കാണ് ദുരനുഭവമുണ്ടായത്.ശനിയാഴ്ച എംപോളിയയോട് ഫിയോറന്റീന 21 ന് തോറ്റ മത്സരത്തിനു ശേഷം കാണികൾ സ്‌റ്റേഡിയത്തിനു പുറത്തേക്ക് വരുന്ന വേളയിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു ഗ്രേറ്റ. ഇതിനിടയിൽ അരികിലൂടെ പോയ യുവാവ് ഗ്രേറ്റയുടെ പിൻഭാഗത്ത് തട്ടി നടന്നു പോയി. 
ലൈവായി സംപ്രേഷണം ചെയ്യപ്പെട്ട ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമുയർന്നു. ഇതിനു പിന്നാലെയാണ് റിപ്പോർട്ടറോട് അപമര്യാദയായി പെരുമാറിയ യുവാവിനെതിരെ പോലീസ് നടപടിയെടുത്തത്. പ്രതിയായ ആൻഡ്രിയ സെരനി എന്ന യുവാവ് സംഭവത്തിൽ മാപ്പ് പറഞ്ഞു. ഇറ്റലിയിലെ സംഭവത്തിൽ പോലീസ് നടപടി പിന്നീടാണെങ്കിൽ കോഴിക്കോട്ടെ കരാട്ടെ ഗേൾ മന്ത്രിയുടെ പ്രശംസ പിടിച്ചു പറ്റിയത് തൽക്ഷണ നടപടിയിലൂടെയാണ്. 
മാനാഞ്ചിറയിൽ വെച്ച് രാവിലെ ബസ് കാത്തു നിൽക്കുമ്പോൾ തന്റെ ദേഹത്ത്് സ്പർശിച്ച ആളെ പതിനാറുകാരിയായ മിടുക്കി ഉടൻ തന്നെ കൈകാര്യം ചെയ്തു. തൊട്ടപ്പുറത്ത് ക്യാമ്പ് ചെയ്തിരുന്ന പിങ്ക് പോലീസിൽ ഏൽപിക്കുകയും ചെയ്തു. കോഴിക്കോട് റഹ്്മാനിയ സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനി ലക്ഷ്്മിയുടെ ധീരമായ ഇടപെടൽ മാതൃഭൂമി ന്യൂസ് റിപ്പോർട്ട്് ചെയ്തിരുന്നു.

Latest News