Sorry, you need to enable JavaScript to visit this website.

തക്കാളിപ്പെട്ടിക്ക് ഗോദ്‌റെജിന്റെ പൂട്ട്

ഇന്ത്യയുടെയോ മറ്റേതെങ്കിലും സൗഹൃദ രാജ്യങ്ങളുടെയോ വിശേഷ ദിവസം വന്നാൽ അറിയാൻ ദുബായിലെ ബുർജ് ഖലീഫയിൽ നോക്കിയാൽ മതി. അംബരചുംബിയായ മന്ദിരം വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ചാവും ഇത് ആഘോഷിക്കുക. പ്രധാനമന്ത്രി മോഡിയുടെ സന്ദർശന വേളയിൽ പുതിയ അമ്പലം പണിയാൻ ഭൂമി സമ്മാനിച്ച രാജ്യമാണ് യു.എ.ഇ. എന്നാൽ ദൃശ്യ മാധ്യമത്തിലൂടെ സദാ വിഷം ചീറ്റുന്നവരോട് ഒട്ടും വിട്ടുവീഴ്ചയില്ലെന്നും തെളിയിച്ചിരിക്കുകയാണ്. മനുഷ്യരെ തമ്മിലടുപ്പിക്കുകയാണല്ലോ മാധ്യമങ്ങളുടെ ദൗത്യം. അടിസ്ഥാന തത്വങ്ങൾ കാറ്റിൽ പറത്തിയാൽ ഇതായിരിക്കും അനുഭവം. അടുത്തിടെ ഇന്ത്യൻ മാധ്യമ പ്രവർത്തകൻ സുധീർ ചൗധരിയെ അബുദാബിയിലെ ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് കൂട്ടായ്മയിലേക്ക് ക്ഷണിച്ചതിൽ യു.എ.ഇ രാജകുമാരി ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിം അതൃപ്തി പ്രകടിപ്പിച്ചു. 
അബുദാബിയിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ(ഐസിഎഐ)ക്ക് ട്വിറ്ററിലൂടെ അയച്ച കത്തിലാണ് സീ ന്യൂസ് എഡിറ്റർ ഇൻ ചീഫായ സുധീർ ചൗധരിയെ ചടങ്ങിൽനിന്ന് ബഹിഷ്‌കരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടത്.  ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ള സ്വർണ ഓഹരി വ്യാപാര പങ്കാളിയായി യു.എ.ഇ ചാർട്ടേഡ് അക്കൗണ്ട്‌സ് കൂട്ടായ്മയിലേക്ക് സുധീർ ചൗധരിയെ ക്ഷണിച്ചത് ഉപേക്ഷിക്കണം. ചൗധരി ജനപ്രിയ മാധ്യമ പ്രവർത്തകനായിരിക്കാം. പക്ഷെ ഇന്ത്യയിൽ വ്യാജ വാർത്തകൾ പടച്ചുവിട്ടതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. ഇസ്‌ലാം ഫോബിയ വളർത്തുന്ന വാർത്തകളും, വർഗീയ വിദ്വേഷം, വ്യാജരേഖ നിർമാണം എന്നീ കാര്യങ്ങളിൽ ചൗധരി ആരോപണവിധേയനാണ്. സഹിഷ്ണുതയുടെ പേരിലാണ് നമ്മുടെ രാജ്യം അറിയപ്പെടുന്നത്. വിവിധ സംസ്‌കാരങ്ങളേയും വിശ്വാസങ്ങളേയും നമ്മൾ സ്വീകരിക്കുന്നുമുണ്ട്. എന്നാൽ അസഹിഷ്ണുവായ ഒരാളെ എന്തിനാണ് നമ്മുടെ രാജ്യത്തേക്ക് ക്ഷണിക്കുന്നത്- രാജകുമാരി ട്വീറ്റിൽ ചോദിച്ചു. 
സുധീർ ചൗധരി ഹിന്ദു വലത്പക്ഷ മാധ്യമപ്രവർത്തകനാണ്. അദ്ദേഹത്തിന്റെ ഇസ്‌ലാം ഫോബിയ വളർത്തുന്ന രീതിയിലുളള ഷോകൾ 200 മില്ല്യൺ ഇന്ത്യൻ മുസ്‌ലിംകളെ ലക്ഷ്യം വെച്ചുകൊണ്ടുളളതായിരുന്നു. പ്രൈം ടൈം ഷോയിലൂടെ സുധീർ ചൗധരി രാജ്യത്തെ മുസ്‌ലിംകൾക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തി എന്നും ട്വീറ്റിലൂടെ ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിം പറഞ്ഞു. രാജകുമാരിയുടെ ഇടപെടലിനെ തുടർന്ന് സംഘാടക സമിതി സുധീർ ചൗധരിയെ ചടങ്ങിൽനിന്ന്  ഒഴിവാക്കുകയായിരുന്നു. 

***  ***  ***

റിപബ്ലിക് ചാനൽ അവതാരികയോട് പ്രതികരിക്കാതെ കർഷക സമര നേതാവ് രാകേഷ് ടികായത്. മറ്റു മാധ്യമങ്ങളോട് പ്രതികരിച്ചെങ്കിലും റിപബ്ലിക് ലേഖികയോട് സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല. മൈക്കുമായി സമീപിച്ചെങ്കിലും നിങ്ങളോട് സംസാരിക്കില്ലെന്ന് അദ്ദേഹം തീർത്തു പറഞ്ഞു. ക്യാമറ ഓഫ് ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. തീവ്ര വലതുപക്ഷ നിലപാട് സൂക്ഷിക്കുന്ന അർണാബ് ഗോസ്വാമിയാണ് റിപബ്ലിക് ടിവിയിലെ അവതാരകരിൽ പ്രധാനി. 
അർണാബിന്റെ ബിജെപി അനുകൂല നിലപാടുകൾ നേരത്തെ കർഷകരെ പ്രകോപിപ്പിച്ചിരുന്നു. കർഷകരെയും സമരത്തെയും അപമാനിക്കുന്ന തരത്തിലുള്ള നിരവധി വാർത്തകൾ റിപബ്ലിക് ടിവി സംപ്രേഷണം ചെയ്‌തെന്നും  ആരോപണമുണ്ട്. ഇതാണ് ടികായത്തിന്റെ  രൂക്ഷ പ്രതികരണത്തിന് കാരണമെന്നാണ് സൂചന.

***  ***  ***

പാക്കിസ്ഥാനിലെ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായ  ഫവാദ് ചൗധരി ഒരിക്കൽ കൂടി  വിഡ്ഢിത്തം മൂലം വാർത്തകളിൽ നിറയുകയാണ്.  വാർത്താ സമ്മേളനത്തിനിടെ അദ്ദേഹം നടത്തിയ പ്രസ്താവന മനുഷ്യരെ ചിരിപ്പിക്കുന്നതാണ്.  മാധ്യമപ്രവർത്തക നൈല ഇനായത്  ആണ്  മന്ത്രിയുടെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പാക്കിസ്ഥാനിലെ വിലക്കയറ്റം സംബന്ധിച്ചായിരുന്നു മന്ത്രിയുടെ വാർത്താ സമ്മേളനം. വാർത്താ സമ്മേളനത്തിൽ രാജ്യത്ത് വിലക്കയറ്റം വളരെ കുറഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു. 
മന്ത്രി ചൗധരി രാജ്യത്ത്  സവാളയുടെയും വെളുത്തുള്ളിയുടെയും  വില കുറഞ്ഞതായി പറയാനാണ് ശ്രമിച്ചത്.  എന്നാൽ, ആശയക്കുഴപ്പം അതിരുകടന്ന സാഹചര്യത്തിൽ മന്ത്രിക്ക് 'ജിഞ്ചർ' എന്നത്  വെളുത്തുള്ളിയാണോ അതോ ഇഞ്ചിയാണോ എന്ന് ബലമായ സംശയമായി.  അടുത്ത് നിന്നവരോട് ചോദിക്കുകയും ചെയ്തു. ആദ്യം വെളുത്തുള്ളി എന്ന് പറഞ്ഞുകൊടുത്തവർ പിന്നീട് അത്  ഇഞ്ചിയാക്കി മാറ്റി. മന്ത്രി അത് വിശ്വസിക്കുകയും ചെയ്തു.   'ഇഞ്ചി'യുടെ വിലയും രാജ്യത്ത് കുറഞ്ഞതായി മന്ത്രി പറഞ്ഞൊപ്പിച്ചു. 

***  ***  ***

സമീപകാലത്തായി വിവാദങ്ങളിലാണ് നടി ഗായത്രി സുരേഷിന്റെ സ്ഥാനം. നടിയുടെ കാർ ഇടിച്ചിട്ടു നിർത്താതെ പോയതും അതിന്റെ പേരിലുണ്ടായ വിവാദങ്ങളും നടിയുടെ ന്യായീകരണവുമൊക്കെ ട്രോളർമാർ ഏറ്റെടുത്തിരുന്നു. ഗായത്രി സുരേഷിന്റെ പുതിയ സോഷ്യൽ മീഡിയ ലൈവ് ആണ് ഇപ്പോൾ ചർച്ചയായി മാറുന്നത്. സോഷ്യൽ മീഡിയയിലെ ട്രോളുകൾക്കും മോശം കമന്റുകൾക്കുമെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ് ഗായത്രി വീഡിയോയിൽ. ഗായത്രി സുരേഷിന്റെ വാക്കുകൾ:
അന്നത്തെ പ്രശ്‌നങ്ങൾക്ക് ശേഷം ഇപ്പോഴാണ് ലൈവിൽ വരുന്നത്. ഒരു മാസത്തോളമായി ഞാൻ കടന്നുപോയിക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. എപ്പോൾ ഇന്റർനെറ്റ് തുറന്നാലും ഇന്നെന്താണ് ഇന്നെന്താണ് എന്നാണ്. നിങ്ങൾ പറയുന്നതൊക്കെ ഞാൻ സമ്മതിക്കുന്നു. ഞാൻ മണ്ടിയാണ്, പൊട്ടിയാണ്, കളളിയാണ്, ഉഡായിപ്പാണ് നിങ്ങൾ പറയുന്നതെന്തും ഞാൻ അംഗീകരിക്കുന്നു. സോഷ്യൽ മീഡിയയിൽ വൃത്തികേടായി കമന്റ് ചെയ്യുന്ന കേരളത്തിലെ ഒന്നോ രണ്ടോ ലക്ഷം പേരെയുള്ളൂ. ബാക്കിയുള്ളവർ ഇതിലേക്കൊന്നും വരുന്നില്ല. സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുന്നതല്ല കേരളം.
കേരളത്തിലുള്ളവർ ബുദ്ധിയും വിവേകവുമുള്ളവരാണ്. അവർക്ക് പണിക്ക് പോകണം, ജീവിക്കണം, നന്നായി ജീവിക്കണം. കേരളത്തിലെ ആളുകളെ തരം താഴ്ത്തരുത്. മിണ്ടാതെയിരിക്കുമ്പോൾ വെറുതെ കുറേ ആരോപണങ്ങളുമായി വരികയാണ്. കഴിഞ്ഞ ദിവസം ഗായത്രി സുരേഷ് എന്ന് അടിച്ച് നോക്കിയപ്പോൾ കണ്ട, രണ്ട് യൂട്യൂബ് ചാനൽ എന്നെക്കുറിച്ച് ഇട്ടത് റിപ്പോർട്ട് ചെയ്യാനാണ് ഇപ്പോൾ വന്നിരിക്കുന്നത്.
യുവ നടന്മാർക്കിടയിൽ വലവീശുന്നതിനിടെ ഇതാ ഒരു പരൽമീൻ കൂടെ എന്നാണ്  വീഡിയോയിൽ പറയുന്നത്. 
എന്തൊക്കെ പറഞ്ഞാലും ട്രോൾസും കമന്റ്‌സും അത്ര അടിപൊളിയാണെന്ന് തോന്നുന്നില്ല. ട്രോൾസിന്റെ ഉദ്ദേശ്യം ആളുകളെ കളിയാക്കുക എന്നാണ്. സോഷ്യൽ മീഡിയ തുറന്നാൽ വൃത്തികെട്ട ട്രോൾസും കമന്റ്‌സുമാണ് കാണാനുള്ളത്. ഒരു തരത്തിലുള്ള അടിച്ചമർത്തലാണ് ഇവിടെ നടക്കുന്നത്. വളർന്നു വരുന്നൊരു തലമുറയുണ്ട്. അവർ കണ്ട് വളരുന്നത് ഇതാണ്.
അടിച്ചമർത്തുന്ന തലമുറയല്ല നമുക്ക് വേണ്ടത്. പരസ്പരം പ്രചോദനമാകുന്ന പിന്തുണയ്ക്കുന്ന സമൂഹമാണ് നമുക്ക് വേണ്ടത്. ഞാൻ ഈ പറയാൻ പോകുന്നത് എവിടെ എത്തും, എന്താകും എന്നറിയില്ല. എന്തായാലും എനിക്ക് പ്രശ്‌നമില്ല. 
കാരണം എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. അത്രയും അടിച്ചമർത്തപ്പെട്ട അവസ്ഥയിലാണ് ഞാനിപ്പോൾ. ഇത് പറഞ്ഞത് കൊണ്ട് എനിക്ക് സിനിമകൾ ഇല്ലാതാകുമെന്നോ ആളുകൾ എന്നെ വെറുക്കുമോ എന്നൊന്നും ഞാൻ ചിന്തിക്കുന്നില്ല. എനിക്ക് പറയാനുള്ളത് പിണറായി വിജയൻ സാറിനോടാണ്, മുഖ്യമന്ത്രിയോട്. സാറിനെ ഞാൻ ഒരുപാട് ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. സാർ ഇത് കേൾക്കുമെന്ന് കരുതുന്നു.
ഇത് നടക്കുമോ എന്നറിയില്ല. എന്നാലും എനിക്കിത് പറയാൻ തോന്നി. എന്തെങ്കിലും ഒരു നടപടിയെടുക്കണം. ഇങ്ങനെയുള്ളവർ വളരാൻ പാടില്ല. അവർക്ക് കേരളത്തെ തന്നെ നശിപ്പിക്കാൻ ശക്തിയുണ്ട്. ഞാൻ പറയുന്നതിൽ കാര്യമുണ്ടെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ എന്നെ പിന്തുണയ്ക്കുകയാണെങ്കിൽ നമുക്ക് സമൂഹത്തിൽ വലിയൊരു മാറ്റം കൊണ്ടു വരാനാകും. ട്രോൾസ് നിരോധിക്കുകയോ വൃത്തികെട്ട കമന്റ്‌സ് ഇടുന്നവർക്കെതിരെ കേസ് എടുക്കുകയോ അങ്ങനെ എന്തെങ്കിലും ചെയ്യണം. ആളുകൾക്ക് മനസ്സറിഞ്ഞ് ചിരിക്കാനുള്ള വകയും ഇല്ലാതാവുമോ? 

***  ***  ***

പെട്രോളിനെയും ഡീസലിനെയും ഏറെ പിന്നിലാക്കി കേരളത്തിൽ തക്കാളി വില കുതിക്കുകയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ തുടർന്നാൽ സംസ്ഥാനത്ത് വില റോക്കറ്റ് പോലെ കുതിക്കാനാണ് സാധ്യത. വെറും ഇരുപത് ദിവസം കൊണ്ട് വീട്ടുവളപ്പിൽ വിളയിച്ചെടുക്കാവുന്ന തക്കാളിയാണ് കേരളത്തിൽ കിട്ടാക്കനിയായത്. കിലോഗ്രാമിന് നൂറ്റി ഇരുപത് വരെയായി. 
സർക്കാർ സംവിധാനങ്ങൾ മുമ്പത്തെ പോലെ ഇടപെടുന്നുമില്ല. അവർക്ക് നോക്കാൻ വേറെ എന്തൊക്കെ കാര്യങ്ങളിരിക്കുന്നു? കണ്ണൂരിൽ തക്കാളി പെട്ടിയ്ക്ക് ഗോദ്‌റെജ് പൂട്ടിട്ട സമരം കൗതുകകരമായി.
 

Latest News