വേനൽത്തുള്ളി എന്ന നിശാന്ത് കൊടമനയുടെ കവിതാ സമാഹാരം പേര് അന്വർത്ഥമാക്കുംവിധം വരണ്ട മസ്തിഷ്ക്കത്തിന് വേനൽത്തുള്ളിയുടെ തണുപ്പ് പകരുന്നു. മണ്ണിന്റെ മണമുള്ള കവിതകൾ എന്ന് നമ്മൾ പൊതുവെ പറയാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ കവിതകൾ ആർദ്രമായ മണ്ണിന്റെ മണമുള്ള കവിതകൾ തന്നെയാണ്.
മിക്ക കവിതകളിലും പ്രകൃതിയുടെ സൗന്ദര്യവും, നെഞ്ചു പിളർക്കുന്ന വേദനകളും വിഷയമായിട്ടുണ്ട്. പ്രവാസികൾ, സ്വന്തം നാടും വീടും എത്രമാത്രം വിലമതിക്കുന്നു എന്ന് പ്രവാസികൂടിയായ നിഷാന്ത് നമുക്ക് കാണിച്ചു തരുന്നുണ്ട്.
'ഇനിയെന്റെ മനസ്സിന്റെ
ആഴങ്ങളിൽ
മഴു വെക്കരുത്
താങ്ങുവാൻ എനിക്കിനി
കരുത്തില്ല'
'പ്രകൃതി' എന്ന കവിതയിലെ വരികൾ പ്രകൃതിയുടെ തേങ്ങൽ എത്ര ദയനീയമാണ് എന്നാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.
അന്നം തരുന്ന കർഷകരോടുള്ള സ്നേഹ വായ്പ്പ് 'കവിതകളുടെ പാഠം' എന്ന കവിതയിൽ വ്യക്തമാവുന്നു. പ്രണയവും വിരഹവും നഷ്ടസ്വപ്നങ്ങളും മുകിലായ്, മഴയായ്, അരുവിയായ്, വായനക്കാരുടെ ഹൃദയം നനക്കുന്നു. ചിതറിത്തെറിച്ച നീർമുത്തുകൾ പെറുക്കി കോർത്തുണ്ടാക്കിയ കവിതകളാണ് തന്റേതെന്ന് കവി പറയുന്നുണ്ട്. അതൊരു വലിയ സത്യമാണ് എന്ന് വായനക്കാരന് അനുഭവത്തിലൂടെ മനസ്സിലാവും.
സൗമ്യനായ കവിയുടെ ഏറെ സൗമ്യമായ കവിതകൾ. അർഥം തിരയാൻ നിഘണ്ടു ആവശ്യം വരാത്തവിധം ലളിതമായ പദങ്ങൾ ചേർത്ത് എല്ലാതരത്തിലുള്ള കവിതാ ആസ്വാദകരെയും തൃപ്തിപ്പെടുത്തുന്ന വിഭവ സമൃദ്ധമായ കവിതകൾ ആണ് വേനൽതുള്ളി എന്ന സമാഹാരത്തിൽ ഉള്ളത്. തൃശൂർ ബുക്കർ മീഡിയ പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ അവതാരിക പ്രിയങ്കരനായ കവി വീരാൻകുട്ടി ആണ് എഴുതിയിരിക്കുന്നത്. ഏറെ കൃത്യമായി അദ്ദേഹം കവിതകളെ അവതരിപ്പിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. ഏറെ ആകർഷകമായ രീതിയിൽ കവർ ഡിസൈൻ ചെയ്തു എന്നത് എടുത്തു പറയേണ്ട കാര്യം ആണ്.
കവർ ചെയ്ത അനൂപ് ചാലിശ്ശേരി പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഒരുപാട് കവിതകൾ തന്റേതായ രീതിയിൽ അവതരിപ്പിക്കുന്ന നിശാന്ത് കൊടമന തന്റെ ആദ്യ സമാഹാരം സമൂഹത്തിന് കൊടുക്കുന്ന പ്രതീക്ഷ ചെറുതല്ല. അതിലൂടെ അദ്ദേഹം ഒരു വലിയ കവിയായി മാറട്ടെ എന്ന് ആശംസിക്കുന്നു.






